ജയ ജയ ജയ ജയഹേ ഉയർത്തുന്ന ആശങ്കകൾ

Date:

spot_img

സമ്മതിച്ചു.  നല്ല പടമാണ് ജയ ജയജയ ജയ ഹേ. ഒരു മധ്യവർത്തികുടുംബത്തിലെ സാധാരണക്കാരുടെ മകളായി ജനിച്ചുവളരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെയും പുരുഷകേന്ദ്രീകൃതമായ സമൂഹം അവളിൽ അടിച്ചേല്പിക്കുന്ന അനിഷ്ടങ്ങളുടെയും അവൾ അനുഭവിക്കുന്ന പലതരത്തിലുള്ള വ്യക്തിസ്വാതന്ത്ര്യങ്ങളുടെ അഭാവങ്ങളെയുമെല്ലാം വാസ്തിവകതാബോധത്തോടെ ചിത്രീകരിച്ചിരിക്കുന്ന സിനിമ തന്നെയാണ് ഇത്.  രണ്ടുവർഷം മുമ്പ് പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യൻകിച്ചൺ സിനിമയെക്കാൾ സ്വഭാവികമായ ജീവിതപരിസരം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ സ്വീകാര്യതയ്ക്ക്കാരണമായതും. (അസ്വസ്ഥകരമായ ദാമ്പത്യത്തിൽ നിന്ന് ഭർത്താവിന്റെ തലയിൽ അഴുക്കുവെള്ളം കോരിയൊഴിച്ച് ഓടി രക്ഷപ്പെടുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ പേരില്ലാത്ത നായികയെക്കാൾ എത്രയോ ഉയരത്തിലാണ് പേരുള്ള ജയഭാരതി). ഇങ്ങനെ ജയഹേയെക്കുറിച്ച് എണ്ണി പറയാൻ പലതുമുണ്ട്.

എന്നാൽ വളരെ ടോക്സിക്ക് ആയ ഒരു ബന്ധത്തിൽ നിന്ന് രക്ഷപ്പെടാനും അല്ലെങ്കിൽ അതിനെ നേരിടാനും  ഒരു പെൺകുട്ടി/ ഭാര്യ വിവാഹത്തിന് മുമ്പോ അതിന് ശേഷമോ കരാട്ടെ പഠിക്കുകയാണ് എന്ന മട്ടിലുള്ള വിലയിരുത്തലിൽ പെൺകുട്ടികളും ഭാര്യമാരും എത്തിച്ചേരുന്നിടത്താണ് ജയ ഹേ ആശങ്കയുണർത്തുന്നത്. ആക്രമണവും പ്രത്യാക്രമണങ്ങളുമാണോ ദാമ്പത്യത്തിലെ പ്രശ്നങ്ങൾക്കുള്ള  പോംവഴി?
ഭർത്താവിന് ഭാര്യയെയോ ഭാര്യയ്ക്ക് ഭർത്താവിനെയോ  കായികമോ മാനസികമോ ആയി വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ അവകാശമില്ല. എന്തിന് പരസ്പരം ബന്ധപ്പെട്ടുപോകുന്ന സാമൂഹിക ജീവിതത്തിൽ പോലും മറ്റൊരൊളെ വേദനിപ്പിക്കാൻ ഒരു വ്യക്തിക്കും അവകാശമില്ല. താലി കെട്ടിയതിന്റെ ഉടമസ്ഥതാബോധത്തിൽ പങ്കാളിയെ അടിമയെപോലെ സമീപിക്കുന്നവരും അടിച്ചമർത്തി മുന്നോട്ടുകൊണ്ടുപോകുന്നവരും കുറവൊന്നുമല്ല. ഒരുമിച്ചു മുന്നോട്ടു പോകാൻ കഴിയാത്തത്ര വിധത്തിലുള്ള വൈരുദ്ധ്യങ്ങളും  സ്വഭാവസവിശേഷതകളും ദമ്പതികൾക്കിടയിലുണ്ടെങ്കിൽ അതിന് ഏക പോംവഴി പരസ്പരം പിരിഞ്ഞുപോവുകയാണ്, കയ്യാങ്കളിയിലേർപ്പെടുക എന്നതല്ല.

പെൺകുട്ടികളെക്കാൾ ഇക്കാര്യത്തിൽ ബോധവത്കരിക്കപ്പെടേണ്ടത് അവരുടെ മാതാപിതാക്കളാണ്. കഴിഞ്ഞ തലമുറയിൽ മാത്രമല്ല ഈ തലമുറയിൽ പോലും പെൺകുട്ടികൾ വിവാഹിതരായി പിതൃഗൃഹം വിട്ടുപോകുന്നതോടെ അവർക്ക് ആ വീടിന്റെ താങ്ങും തണലും നഷ്ടപ്പെടുകയാണ്. ഇനി നിന്റെ വീട് അതാണ് എന്നാണ് അച്ഛനമ്മമാർ അവരോട് പറയുന്നതും പറഞ്ഞു പഠിപ്പിക്കുന്നതും.

 ഇറങ്ങിപ്പോന്ന വീട് തിരികെ സ്വീകരിക്കാതിരിക്കുകയും കയറിച്ചെന്ന വീട് സ്വന്തമായി അനുഭവപ്പെടാതിരിക്കുകയുംചെയ്യുന്ന സാഹചര്യത്തിൽ ഭർത്താവിൽ നിന്ന് മാനസികവും ശാരീരികവുമായിപീഡനങ്ങൾ സഹിച്ച് ഒന്നുകിൽ പല പെൺകുട്ടികളും ആത്മഹത്യ ചെയ്യുകയോ അല്ലെങ്കിൽ ഏതു വിധേനയെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടു പോകുകയോ ചെയ്യുന്നു. സാമ്പത്തികമുള്ള വീടുകളിൽപോലും ഇതാണ് അവസ്ഥയെങ്കിൽ ഇടത്തരം വീടിന്റെ കാര്യം പറയാനുണ്ടോ.

പെൺകുട്ടിയെ ഭാരമായിട്ടാണ് ഇന്നും ചില കുടുംബങ്ങൾ കാണുന്നത്. തന്നെ അകാരണമായി രാജേഷ് മർദ്ദിക്കുന്നുവെന്ന് സങ്കടം പറയുന്ന ജയയോട് അച്ഛനും അമ്മയും ആങ്ങളയും പ്രതികരിക്കുന്ന രീതി നോക്കുക. ഇതെല്ലാം സാധാരണയെന്ന മട്ടിലാണ് അവ. എന്നാൽ ഏറ്റവും ഒടുവിൽ ചില കഠിന തീരുമാനങ്ങളിൽ ജയ എത്തുമ്പോഴും ആ തീരുമാനത്തെ മാതാപിതാക്കൾ പിന്തുണയ്ക്കുന്നില്ല. സ്ത്രീധന പീഡനങ്ങളുടെ പേരിൽ മരിക്കേണ്ടിവന്ന പല പെൺകുട്ടികളുടെയും മുഖങ്ങൾ നമ്മുടെ മനസ്സിലേക്ക് കടന്നുപോകുന്നുണ്ടാവാം. ഇവിടെയാണ് ജയയ്ക്ക് പിന്തുണയുമായി ഒടുവിൽ മനസ്സ് മാറി ജയൻ എന്ന സഹോദരൻ എത്തുന്നത്.അവളെ സ്വന്തം കാലിൽ നില്ക്കാൻ വഴിയൊരുക്കുന്നത് അയാളാണ്.

ഇങ്ങനെയുള്ള ചേട്ടന്മാരുണ്ടെങ്കിൽ ഇന്നും പല പെൺകുട്ടികളും സന്തോഷത്തോടെ ജീവിക്കുമായിരുന്നു. പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ  പെങ്ങളുടെ ജീവിതത്തിന്മേലുള്ള റിസ്‌ക്ക് ഏറ്റെടുക്കാൻ പല ആങ്ങളമാരും തയ്യാറല്ല.
ജയഹേയിലെ രാജേഷിന്റെയും ജയഭാരതിയുടെയും മാനസികാവസ്ഥകളെക്കൂടി അപഗ്രഥിക്കേണ്ടതുണ്ട്. രാജേഷിന്റെ വ്യക്തിത്വം ഇത്രത്തോളം വികലമായിപോയത് എന്തുകൊണ്ടാണ്? അയാളുടെ കുടുംബസാഹചര്യങ്ങൾക്ക് അതിൽ പ്രമുഖ പങ്കുണ്ട്. ഭർത്താവുമായി തട്ടിച്ചുനോക്കുമ്പോൾ മകൻ എത്രയോ ഭേദമാണെന്നാണ് രാജേഷിന്റെ അമ്മയുടെ വെളിപ്പെടുത്തൽ. ഇതിൽതന്നെ ആ സ്ത്രീ കടന്നുപോയ ദാമ്പത്യാവസ്ഥയുടെ ചിത്രം തെളിമയാർന്നുകിട്ടുന്നുണ്ട്.

എന്നാൽ ഭർത്താവിന്റെ അടിയും ഇടിയും കൊണ്ട് ജീവിക്കാനുള്ളതാണ് ഭാര്യയുടെ ജന്മം എന്ന തെറ്റായ വിശ്വാസപ്രമാണവുമായി പരാതികളില്ലാതെയും ഭർത്താവിന് പകരം ഇപ്പോൾ മകനെ പേടിച്ചും അവന് ഇഷ്ടമുള്ള ഇടിയപ്പവും കടലക്കറിയും നിത്യവുമുണ്ടാക്കിയും സീരിയൽ കണ്ടും ജീവിച്ചുപോവുകയാണ് ആ സ്ത്രീ. പക്ഷേ അങ്ങനെ ഒതുങ്ങിക്കൂടാൻ ജയഭാരതി തയ്യാറാകുന്നില്ല. കാരണം അവൾക്ക് സ്വപ്നങ്ങളുണ്ട്. ഇതാണ് പുതിയ കാലത്തെ ഭാര്യയെയും പഴയ കാലത്തെ ഭാര്യയെയും വ്യത്യസ്തമായി അടയാളപ്പെടുത്തുന്നത്. കുടുംബ സാഹചര്യങ്ങളാണ് രാജേഷിന്റെ വ്യക്തിത്വം വികലമാക്കിയത്.

സമാനമായ രീതി തന്നെയാണ് ജയഭാരതിയുടേതും. രാജേഷിന്റെ പീഡനങ്ങളെ കായികമായി നേരിടാൻ ജയഭാരതിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങളും വിലയിരുത്തേണ്ടതുണ്ട്. ചെറുപ്രായം മുതൽക്കേ വിവേചനവും അസമത്വവും നേരിടേണ്ടിവന്നവളാണ് ജയഭാരതി.സ്വന്തം ഇഷ്ടങ്ങൾക്ക് മേൽ മറ്റുള്ളവർ തീരുമാനമെടുക്കേണ്ടിവന്നത് നിസ്സഹായതയോടെ നോക്കിനില്ക്കേണ്ടിവന്നവൾ. ആൺമേൽക്കോയ്മയുടെ ഇര. ഒരു താലിച്ചരടിന്റെ ഉടമസ്ഥത പോലും ഇല്ലാതിരുന്നിട്ടും അധ്യാപകനായ കാമുകൻ പോലുംഅവളെ കരണത്തടിക്കുന്നുണ്ട്. ഇത്തരമൊരു വീർപ്പുമുട്ടിക്കുന്ന അവസ്ഥയിൽനിന്നാണ് മാനസികമായി വിവാഹത്തിന് തയ്യാറല്ലാത്ത ഒരു അവസഥയിൽ അവൾ വിവാഹിതയാകുന്നത്.

 അവിടെയും ആഗ്രഹിച്ചതിന് വിരുദധമായ കാര്യങ്ങളാണ് അവളുടെ ജീവിതത്തിൽ സംഭവിക്കുന്നത്.ആദ്യമായി രാജേഷിന്റെ കരം കവിളത്ത് പതിഞ്ഞപ്പോൾതന്നെ അവൾ പ്രതികരിക്കാനുള്ള നടപടികൾ മനസ്സിൽ ചിട്ടപ്പെടുത്തിയിരിക്കണം. രാജേഷിനെ മാത്രമല്ല അവൾ കായികമായി നേരിട്ടത് അന്നുവരെ അവളുടെ ജീവിതത്തിൽ തീരുമാനങ്ങൾ നടപ്പിലാക്കിയ എല്ലാ പുരുഷന്മാരെയുമായിരുന്നിരിക്കണം.

കുട്ടിക്കാലത്തെ മുറിവുകളുമായി ദാമ്പത്യജീവിതത്തിലേക്ക് വന്നപ്പോൾ ആ മുറിവുകൾ ഒന്നുപോലെ ഇരുവർക്കും വലുതായി. മുറിവ് സൗഖ്യപ്പെടുത്തേണ്ടവരാകുന്നതിന് പകരം ഇരുവരും പരസ്പരം മുറിവുകൾ വ്രണങ്ങളാക്കി മാറ്റുന്നവരായി. സാഹചര്യങ്ങളെക്കാൾ വ്യക്തിത്വത്തിലെ വൈകല്യങ്ങളാണ് രാജേഷിന്റെയും ജയഭാരതിയുടെയും ദാമ്പത്യം അലങ്കോലപ്പെടുത്തിയത്. കാരണം പരിഹരിക്കുന്നതിന് പകരം വിഷയത്തെയാണ് സിനിമ അഭിസംബോധന ചെയ്തത്. അതിനെ ഒരു ചെറിയപങ്ക് പ്രേക്ഷകരെങ്കിലും  തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു. അതായത് ദേഹോപദ്രവം ഏല്പിക്കുന്ന ഭർത്താവിനെ തിരിച്ച് അതുപോലെ നേരിടുക. അയാളുടെ ബിസിനസ് പൊളിക്കാൻ അയാളുടെ മാതിരി തന്ത്രം പ്രയോഗിക്കുക.

രാജേഷിന്റെയും ജയയുടെയും ദാമ്പത്യപ്രശ്നങ്ങൾക്ക് പരിഹാരമായത് അവർ അടിച്ചും തിരിച്ചടിച്ചും ജീവിച്ചപ്പോഴായിരുന്നില്ല ഉഭയസമ്മതത്തോടെ പിരിഞ്ഞുപോയപ്പോഴാണ്. ജയയുടെ ജീവിതം പ്രകാശപൂരിതമാകുന്നത് അവൾ കയ്പുള്ള ഭൂതകാലത്തിൽ നിന്ന് വേർപിരിഞ്ഞ് സ്വന്തം കാലിൽ നില്ക്കാൻ തീരുമാനിക്കുമ്പോഴാണ്.

 ഭർത്താവിനെ കായികമായി നേരിടാൻ ഭാര്യമാർ തയ്യാറാവണം എന്ന മട്ടിലാണ് പല സ്ത്രീകളും ഈ സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നത്. സ്വയരക്ഷയ്ക്കും സ്വയം പ്രതിരോധത്തിനുമായി പെൺകുട്ടികൾ കരാട്ടേപോലുള്ള ആയോധന കലകൾ പഠിക്കുന്നത് തീർച്ചയായും നല്ലതുതന്നെ. പക്ഷേ, പോർവിളിച്ചും എതിരിട്ടും ആർപ്പുമുഴക്കിയും കെട്ടിമറിയുന്ന ഗോദയല്ല കുടുംബജീവിതം. വ്യക്തിസ്വാതന്ത്ര്യവും  നീതിയും തുല്യതയും ഉറപ്പുവരുത്തേണ്ട സ്നേഹത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ ഒരു ഉടമ്പടിയാണ് വിവാഹം.

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...
error: Content is protected !!