ലോകത്തിലെ ഏറ്റവും വിചിത്രമായ മ്യൂസിയമാണ് തുർക്കി കപ്പഡോഷ്യയിലെ അവാനോസ് ഹെയർ മ്യൂസിയം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മുടി മ്യൂസിയമാണ് ഇത്. അവാനോസിലെ മുടി മ്യൂസിയത്തിന്റെ കഥയ്ക്ക് 35 ൽ അധികം വർഷങ്ങളുടെ പഴക്കമേയുള്ളൂ. തുർക്കി സന്ദർശിക്കാൻ എത്തിയതായിരുന്നു ആ ഫ്രഞ്ച് വനിത. തുർക്കിയിലെ മനോഹരമായ കാഴ്ചകളും വിശേഷങ്ങളും അറിയാനായി എത്തിയ അനേകം സന്ദർശകരിലൊരാൾ. പക്ഷേ മറ്റ് പലരെയും പോലെ വന്നു, കണ്ടു, മടങ്ങാനായിരുന്നില്ല അവളുടെ നിയോഗം. അതിന് കാരണമായതാവട്ടെ ഗാലിപ്പ് ബെലുക്യു എന്ന ചെറുപ്പക്കാരനുമായുള്ള കണ്ടുമുട്ടലും.
കപ്പാഡോസിയായിലെ റോക്ക് കാർവിംങ് പോട്ടറി വർക്ക് ഷോപ്പിൽ വച്ചായിരുന്നു അവൾ ഗാലിപ്പിനെ ആദ്യമായി കണ്ടുമുട്ടിയത്. മൂന്നു മാസത്തെ തുർക്കി വാസത്തിനിടയിൽ ഇരുവരും തമ്മിലുള്ള ബന്ധം ഏറെ തീവ്രമായി. ഒടുവിൽ ആ ദിനം വന്നെത്തി. അവൾക്ക് ഫ്രാൻസിലേക്ക് മടങ്ങേണ്ട ദിവസമായി. നിന്റെ സ്നേഹത്തിന്റെ അടയാളമായി ഓർമ്മിക്കാൻ നീയെനിക്ക് എന്തുതരുമെന്ന് ഗാലിപ്പ് കണ്ണുനിറഞ്ഞ് അവളോട് ചോദിച്ചു. തന്നെയെന്നും ഓർമ്മിക്കാനായി അവന് നല്കാനുള്ള സമ്മാനങ്ങളെക്കുറിച്ചുള്ള ചിന്തയിൽ അവൾ ചെയ്തത് അസാധാരണമായ പ്രവൃത്തിയായിരുന്നു. തന്റെ മനോഹരമായ മുടി മുറിച്ച് അവൾ അവന് നല്കി. മുടി കാണുമ്പോഴെല്ലാം നീയെന്നെ ഓർമ്മിക്കണം.
പ്രിയപ്പെട്ടവളുടെ അഭാവത്തിൽ ഗാലിപ്പ് ആ മുടി തന്റെ വർക്ക്ഷോപ്പിന്റെ ഭിത്തിയിൽ മനോഹരമായി അലങ്കരിച്ചുവച്ചു പിന്നീട് വർക്ക് ഷോപ്പിലെത്തിയ ആളുകൾ അപൂർവ്വമായ ഒരു കാഴ്ചപോലെ ഈ മുടി കണ്ടപ്പോൾ അതേക്കുറിച്ച് ചോദിക്കുകയും ഗാലിപ്പ് ഓരോരുത്തരോടും തങ്ങളുടെ കഥ പറയുകയും ചെയ്തു. ആ കഥകേട്ട് വിസ്മയഭരിതരും സന്തുഷ്ടമാരുമായ സ്ത്രീകളോരോരുത്തരും തങ്ങളുടെ മുടി മുറിച്ച് ഭിത്തിയിൽ തൂക്കാൻ ആരംഭിച്ചു. ഇങ്ങനെ ആയിരക്കണക്കിന് സ്ത്രീകളുടെ മുടി ഭിത്തിയിൽ നിരന്നതോടെ അതിൽ നിന്ന് മുടിക്ക് വേണ്ടിമാത്രമായി ഒരു മ്യൂസിയം പിറവിയെടുക്കുകയായിരുന്നു.
1979 ലാണ് മ്യൂസിയം ആരംഭിച്ചത്. ഗാലിപ്പ് തന്നെയാണ് മ്യൂസിയത്തിന്റെ സ്ഥാപകനും ഉടമയും. ആകൃതിയിൽ ഗുഹപോലൊണ് ഈ മ്യൂസിയം കാണപ്പെടുന്നത്. 16000 ൽ അധികം സ്ത്രീകളുടെ മുടി ഈ മ്യൂസിയത്തിലുണ്ടെന്നാണ് കണക്കുകൾ.