വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം പല ഭാഗത്തുനിന്നുമുണ്ടായിരുന്നു. വെറും പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നു ഇതെല്ലാം എന്ന ചിന്ത മാത്രമാണ് ഭൂരിപക്ഷം പ്രേക്ഷകർക്കും ഈശോ സിനിമ കണ്ടുതീർന്നപ്പോൾ ഉണ്ടായത്. ഒരൊറ്റ രാത്രിയിൽ പറഞ്ഞുതീരുന്ന കഥ. ചുരുക്കം ചില കഥാപാത്രങ്ങൾ. പറഞ്ഞുപഴകിയ പ്രതികാരം എന്ന വിഷയവും രക്ഷകൻ എന്ന ഇമേജും. ഈശോ സിനിമയെ ഇങ്ങനെ ചുരുക്കി പറയാം.
സാക്ഷികളുടെ മൊഴിമാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വളരെ പ്രസക്തമായ വിഷയമാണ് ഈശോ സിനിമ അവതരിപ്പിക്കുന്നതെന്ന് പറയാതിരിക്കാനാവില്ല. സമാനമായ രീതിയിലുള്ള നിരവധി വർത്തമാനകാലസംഭവങ്ങൾ ഈ സിനിമ കാണുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവരികയുംചെയ്യും.സാക്ഷികൾ ഉറച്ചുനിന്നാൽ തെളിയിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമായിരുന്ന എത്രയോ കേസുകളാണ് അവയുടെ അഭാവത്തിൽ ഒന്നുമാകാതെ പോയത്! സാക്ഷികളുടെ വില അത്രത്തോളമുണ്ട്. പക്ഷേ എന്തുചെയ്യാം ജീവനിൽ ഭയന്നും സമ്പത്തിൽ മയങ്ങിയും സാക്ഷികൾ കൂറുമാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ നീതി നിശ്ചലമാകുകയും കുറ്റവാളികൾ സ്വതന്ത്രരാകുകയും ചെയ്യും.എത്രയോ ഭീതിദമായ അവസ്ഥയാണ് ഇതെന്ന ചിന്ത നമ്മെ ഭാരപ്പെടുത്തേണ്ടതാണ്. ഇത്തരമൊരു ഭാരപ്പെടലും അസ്വസ്ഥതയും ചിന്തയും നല്കാൻ ഈശോ സിനിമയ്ക്ക് കഴിയുന്നുണ്ട്.
എന്നാൽ, കാരണമോ സാഹചര്യമോ എന്തുതന്നെയായാലും കൊലപാതകിയായ, കൊലപാതകം തുടരുമെന്ന നിശ്ചയിച്ചിരിക്കുന്ന ഒരാൾ സ്വയം പരിചയപ്പെടുന്നത് ഈശോയെന്ന പേരിലാകുന്നതും സിനിമയ്ക്ക് തന്നെ ഈശോ എന്ന പേരു നല്കിയതും എത്രത്തോളം സാധൂകരിക്കപ്പെടും എന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു കൊലപാതകിയെ ഈശോയെന്ന രക്ഷകനായി അവതരിപ്പിക്കുന്നതിലാണ് ഇതിന്റെ ശീർഷകം അവമതിക്കപ്പെടേണ്ടത്.
നിയമം നീതി നടപ്പിലാക്കാതിരിക്കുമ്പോൾ നിയമം കൈയിലെടുക്കുന്നതുപോലെയുള്ള വീരേതിഹാസങ്ങൾ പൊതുസമൂഹത്തിന് നല്കുന്ന പാഠം എന്തായിരിക്കുമെന്നും പ്രതികാരം കേന്ദ്രപ്രമേയമായി അവതരിപ്പിക്കപ്പെടുന്ന ചിത്രങ്ങളെ ഈശോ സിനിമയോട് ബന്ധപ്പെടുത്തി ചിന്തിക്കേണ്ടതുമുണ്ട്. പൊതുവെ വർത്തമാനകാലം വളരെ മലീമസമായ ഒരു വാർത്താലോകമാണ് സൃഷ്ടിക്കുന്നത്. നല്ലത് അപൂർവ്വം മാത്രമായി റിപ്പോർട്ട് ചെയ്യപ്പെടുകയും എന്നാൽ മോശം കാര്യങ്ങൾ വേണ്ടതിലുമധികം വിവരിക്കുകയും ചെയ്യുന്ന ഒരു രീതി പരക്കെയുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ബാല ലൈംഗികപീഡനങ്ങൾ.
നാദിർഷായുടെ ഈ സിനിമയുടെയും അടിയൊഴുക്ക് അതുതന്നെയാണ്. നമ്മുടെ കുഞ്ഞുമക്കൾ എവിടെവച്ചും ദുരുപയോഗം ചെയ്യപ്പെടാമെന്ന ആശങ്കയും ഭീതിയും ഇന്ന് ഓരോ മാതാപിതാക്കൾക്കുമുണ്ട്. അത്തരം ആശങ്കകളെ വർദ്ധിപ്പിക്കാനാണ് ഈശോ പോലെയുള്ള ചിത്രങ്ങൾ വഴിയൊരുക്കുന്നത്. പ്രേക്ഷരുടെ മനസ്സിൽ അത് കൊളുത്തുന്ന അസ്വസ്ഥത ചെറുതുമല്ല. കല കലയ്ക്കുവേണ്ടിയോ ജീവിതത്തിന് വേണ്ടിയോ എന്ന ചോദ്യം കലയുടെ ആരംഭം മുതൽ ഉയർന്നിട്ടുള്ളതാണ്. കല സോദ്ദേശ്യമൊന്നും ആകണമെന്നില്ല. പക്ഷേ കാണുകയും വായിക്കുകയും കേൾക്കുകയും ചെയ്യുന്ന ഒരാളുടെ ഹൃദയത്തിൽ ഇത്തിരിയെങ്കിലും പ്രകാശം പരത്താനെങ്കിലും കലയ്ക്ക് കഴിയേണ്ടതല്ലേ. അതിന് പകരം ഉള്ളിലെ ഇത്തിരിവെളിച്ചത്തെക്കൂടി ഊതിയണയ്ക്കാനും ചുറ്റും ഇരുട്ടുപരത്താനുമാണ് ചിത്രത്തിന്റെ ടൈറ്റിൽ മുതൽ ഉള്ളടക്കംവരെയുള്ള കാര്യങ്ങളിൽ ഈശോ സിനിമ ശ്രമിക്കുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ പരാജയം.