പോസിറ്റീവാകാം, പോസിറ്റീവ് വഴികളിലൂടെ

Date:

spot_img

ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ നിരാശാഭരിതമായ വീക്ഷണം വച്ചുപുലർത്തുന്ന ഒരാളുമായി തട്ടിച്ചുനോക്കുമ്പോൾ പോസിറ്റീവായി ചിന്തിക്കുന്ന ആളുടെ ആയുർദൈർഘ്യംപോലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സമ്മർദ്ദം കുറയ്ക്കണമെന്നും സന്തോഷം വർദ്ധിപ്പിക്കണമെന്നും മനശ്ശാസ്ത്രജ്ഞർ ഒന്നുപോലെ അഭിപ്രായപ്പെട്ടിരിക്കുന്നത്. പോസിറ്റീവായി ചിന്തിക്കാനും ജീവിക്കാനുമായി മനശ്ശാസ്ത്രം പറയുന്ന ചില മാർഗ്ഗങ്ങളെ പരിചയപ്പെടാം.

ജീവിതാഭിലാഷങ്ങളെ ദൃശ്യവല്ക്കരിക്കുക

ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും ജീവിതാഭിലാഷങ്ങളും ഇല്ലാത്തവരായി ആരുമുണ്ടാവില്ല. എന്തായിത്തീരാനാണോ ആഗ്രഹിക്കുന്നത്, ആ ആഗ്രഹങ്ങൾ പ്രാവർത്തികമായിരിക്കുന്നു എന്ന വിധത്തിൽ സ്വപ്നങ്ങളെ എല്ലാ ദിവസവും വിഷ്വലൈസ് ചെയ്യുക. ഇത് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ മാത്രമല്ല ഭാവിയെക്കുറിച്ച് വളരെ പോസിറ്റീവായ കാഴ്ചപ്പാടുകൾ രൂപീകരിക്കാനും സഹായിക്കും.

പ്രവർത്തനങ്ങളിൽ ഏർപ്പെടുക

പ്രവർത്തനങ്ങൾ ചെറുതോ വലുതോ ആകട്ടെ അവയിൽ ആത്മാർത്ഥമായി മുഴുകുക. അത് നല്കുന്ന സന്തോഷം ജീവിതത്തെ പോസിറ്റീവാക്കും. നിഷ്‌ക്രിയത്വം നിരാശയിലേക്കും നെഗറ്റീവ് കാഴ്ചപ്പാടുകളിലേക്കുമാണ് വ്യക്തികളെ കൊണ്ടുചെന്നെത്തിക്കുന്നത്.

നന്ദിയുടെ പുസ്തകം സൂക്ഷിക്കുക

ഓരോ ദിവസവും നാം ആഗ്രഹിച്ചതുപോലെ അത്ര നല്ലതായിരിക്കണമെന്നില്ല.പക്ഷേ ഓരോ ദിവസവും നന്ദി പറയാനുള്ള എന്തെങ്കിലും കാരണങ്ങൾ ഉണ്ടെന്നതാണ് സത്യം. ആ കാരണങ്ങൾ  രാത്രിയിൽ കിടക്കാൻ പോകുന്നതിന് മുമ്പ് എഴുതിവയ്ക്കുക. ഇങ്ങനെ സൂക്ഷിച്ചുവയ്ക്കുന്ന നന്ദിയുടെ പുസ്തകം ജീവിതത്തോട് വളരെ ക്രിയാത്മകമായ സമീപനം രൂപപ്പെടുത്തിയെടുക്കാൻ സഹായിക്കും.

മറ്റുള്ളവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കുക

അവനവരെ തന്നെ ഗൗരവത്തോടെ കാണുന്നതും സ്വീകരിക്കുന്നതും ഒരിക്കലും തെറ്റല്ല. എന്നാൽ മറ്റുള്ളവരെയും തുല്യരായി കാണുക. അവരെയും ആവശ്യങ്ങളിൽ സഹായിക്കുക. ഇതും ആവശ്യമായ കാര്യമാണ്. ജീവിതം സന്തോഷവും സംതൃപ്തിയും നിറഞ്ഞതാകുന്നത് അവനവർക്കുവേണ്ടി മാത്രം ജീവിക്കുമ്പോഴല്ല മറ്റുള്ളവർക്കുവേണ്ടി കൂടി ജീവിക്കുമ്പോഴാണ്.

ധ്യാനം പരിശീലിക്കുക

മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാൻ വളരെ സഹായകരമാണ് ധ്യാനം. ജീവിതത്തോട് പോസിറ്റീവായി പ്രതികരിക്കാനും മെഡിറ്റേഷനിലൂടെ സാധിക്കും.

എല്ലാ കാര്യങ്ങളും കൈപ്പിടിയിൽ അല്ലെന്ന്  മനസ്സിലാക്കുക

പലപ്പോഴും ജീവിതത്തിൽ നെഗറ്റീവ് ഷേഡ് കലരുന്നത് എല്ലാം കൈപ്പിടിയിൽ ഒതുങ്ങാതെ വരുമ്പോഴാണ്. നമ്മുടെയെല്ലാം ധാരണ എല്ലാം എന്റെ നിയന്ത്രണത്തിൽ വരണമെന്നും ആഗ്രഹിക്കുന്നതുപോലെയെല്ലാം സംഭവിക്കണമെന്നുമാണ്.പക്ഷേ ഈ ലോകത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിൽ വരുന്നവയല്ല. ലോകം തന്നെ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള അസ്ഥിരതയെ അംഗീകരിക്കുക.

പ്രകൃതിയുമായി  സഹവസിക്കുക

ഇന്ന് നമ്മളിൽ പലരുടെയും ജോലി ഇൻഡോറിൽ കുടുങ്ങികിടക്കുകയാണ്. വർക്ക് ഫ്രം ഹോം  എന്ന രീതി തന്നെ രൂപപ്പെട്ടുകഴിഞ്ഞു. ബാക്കിയുള്ള സമയം മൊബൈലിലും ഇന്റർനെറ്റിലുമായി. പ്രകൃതിയുമായി അടുത്തബന്ധം പുലർത്താൻ പലർക്കും സാധിക്കുന്നില്ല. മാനസികവും ശാരീരികവുമായ ഉന്മേഷത്തിന് പ്രകൃതിയുമായി സഹവസിക്കേണ്ടത് അത്യാവശ്യമാണ്. ആഴ്ചയിൽ രണ്ടു മണിക്കൂറെങ്കിലും വീടിന് പുറത്തേക്കിറങ്ങുക, പ്രകൃതിയിലേക്ക് ഇറങ്ങുക.

നെഗറ്റീവ് സാഹചര്യങ്ങളോട് പ്രതികരിക്കാതിരിക്കുക

ഒരുപാട് നല്ല കാര്യങ്ങൾക്കിടയിലായിരിക്കും ചിലപ്പോൾ ഒരുദിവസം ഒരു ചീത്ത അനുഭവമുണ്ടാകുക. അതിനോട് ഉടനടി പ്രതികരിക്കാനായിരിക്കും പ്രവണതയുണ്ടാവുക. ഈ പ്രതികരണം ഗുണത്തെക്കാൾ ദോഷമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് നെഗറ്റീവ് സന്ദർഭങ്ങളോട് പ്രതികരിക്കാതിരിക്കാൻ തലച്ചോറിനെ ഓരോ ദിവസവും പരിശീലിപ്പിച്ചുകൊണ്ടിരിക്കുക.

നന്ദിയുടെ സന്ദേശം അയ്ക്കുക

നന്ദിയുടെ പുസ്തകത്തെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചുവല്ലോ. അത് അവനവർക്കുവേണ്ടി സൂക്ഷിക്കാനുള്ളതാണ്. പക്ഷേ നന്ദി അറിയിക്കേണ്ടത് മറ്റുള്ളവരെയാണല്ലോ. ഒരു ദിവസം ഒരാൾ നിങ്ങൾക്കൊരു സഹായം ചെയ്തു. അതിന് മറുപടിയായി ഒരു നന്ദിയുടെ സന്ദേശം അയ്ക്കുക. വാട്സാപ്പു പോലെയുള്ള മാധ്യമങ്ങൾ വന്നതോടെ  പണ്ടുകാലങ്ങളിലേതുപോലെ കത്തെഴുതാൻ അധികം സമയത്തിന്റെ ആവശ്യം വരുന്നില്ലല്ലോ.

സ്വന്തം വികാരങ്ങളുടെ ഉത്തരവാദി നിങ്ങൾ തന്നെയായിരിക്കും

ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന വികാരം എന്തായിരിക്കും? സന്തോഷം, സങ്കടം, ദേഷ്യം, വെറുപ്പ്, നിരാശ.. അതെന്തുമാവട്ടെ, വ്യക്തികൾ അനുഭവിക്കുന്ന വികാരങ്ങളുടെ മേലുള്ള നിയന്ത്രണവും ഉത്തരവാദിത്തവും അവർക്ക് തന്നെയായിരിക്കും. അതുകൊണ്ട് ഒരുകാര്യം തീരുമാനിക്കുക, എന്റെ ജീവിതത്തെ നെഗറ്റീവ് വികാരങ്ങൾ കീഴടക്കാൻ ഞാൻ സമ്മതിക്കുകയില്ല. ഇത്തരമൊരു തീരുമാനവും നടപ്പിലാക്കലും പോസിറ്റീവായ  ഒരു ജീവിതശൈലിക്ക് ഗുണം ചെയ്യും.

ആരോഗ്യകാര്യങ്ങളിലുള്ള  ശ്രദ്ധ

വ്യായാമം, ശരിയായ രീതിയിലുള്ള ഭക്ഷണ രീതി, ആവശ്യത്തിന് ഉറക്കം… ഇവ ജീവിതത്തിന്റെ പോസിറ്റിവിറ്റി നിലനിർത്താൻ സഹായകമാണ്.

ദിവസവും  അവനവരെ  തന്നെ പ്രോത്സാഹിപ്പിക്കുക

നിങ്ങളെ ആദ്യമായും അവസാനമായും പ്രോത്സാഹിപ്പിക്കേണ്ടത് നിങ്ങൾ തന്നെയാണ്. അതുകൊണ്ട് എല്ലാ ദിവസവും സ്വയം മോട്ടിവേറ്റ് ചെയ്യുക. എനിക്ക് ഇത് ചെയ്യാൻസാധിക്കും,എനിക്കിത് ലഭിക്കും, എനിക്ക് ഏറ്റവും നന്നായി ചെയ്യാൻ കഴിയും… ഇങ്ങനെ പോസിറ്റീവായി മാത്രം അവനവരോട് സംസാരിക്കുക.

ഇതൊരു യാത്രയാണ്

അവസാനമായി, ജീവിതം ഒരു യാത്രയാണെന്ന് മനസ്സിലാക്കുക. യാത്രകൾ മുന്നോട്ടുപോകാനുള്ളവയാണ്. ആ യാത്രയ്ക്കിടയിൽ പല വ്യക്തികൾ കടന്നുവരും. കാഴ്ചകൾ ഉണ്ടാവും.അനുഭവങ്ങൾ ഉണ്ടാകും. ജീവിതമെന്നത് സുഖദുഃഖസമ്മിശ്രമാണ്. വിജയവും പരാജയവും ഉണ്ടാവും. എന്തുവന്നാലും ജീവിതയാത്ര മുന്നോട്ടുതന്നെയായിരിക്കട്ടെ.

More like this
Related

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...
error: Content is protected !!