‘ഘർ വാപസി’

Date:

spot_img

റോബർട്ട് ഫ്‌ലാറ്റെറി എന്ന ഹോളിവുഡ് സംവിധായകൻ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ  “The Elephant Boy’ ൽ അഭിനയിക്കുന്നതിനായി ഒരു നടനെ അന്വേഷിച്ച് ഇന്ത്യയിൽ വന്നു. കർണ്ണാടകയിലെ മൈസൂരിൽ എത്തിയ അദ്ദേഹം അവിടെ വച്ചു ഒരു ആന പാപ്പാന്റെ മകനായ സാബു ദസ്തഗീർ എന്ന 13 വയസ്സായ ഒരു ബാലനെ കണ്ടുമുട്ടുകയും അവനെ കൂട്ടിക്കൊണ്ടുപോയി തന്റെ സിനിമയിൽ അഭിനയിപ്പിക്കുകയും ചെയ്തു. ആ സിനിമ വളരെ പ്രശസ്തി നേടി. തുടർന്ന് ആ ബാലൻ ഒത്തിരി സിനിമകളിൽ അഭിനയിക്കുകയും ലോക പ്രശസ്തി നേടുകയും ചെയ്തു. അതേ തുടർന്ന് അദ്ദേഹം ആദ്യം ലണ്ടനിലേക്കും പിന്നെ അവിടെ നിന്നും അമേരിക്കയിലും കുടിയേറി പാർത്തു. മാലിൻ കൂപ്പർ എന്ന ഒരു നടിയെ ആണ് അദ്ദേഹം വിവാഹം കഴിച്ചത് . തന്റെ 39-ാമത്തെ വയസിൽ കാലിഫോർണിയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളിൽ സുഹൃത്തുക്കൾ പലരും പങ്കു വച്ച ഒരു കാര്യം സാബു തന്റെ ഏകാന്ത നിമിഷങ്ങളിൽ ലണ്ടനിലെയും അമേരിക്കയിലെയും കാഴ്ചബംഗ്ലാവിൽ പോയി അവിടുത്തെ മൃഗങ്ങളോടൊപ്പം ഒത്തിരി സമയം ചെലവഴിച്ചിരുന്നു എന്നാണ്. എന്നുവച്ചാൽ തികച്ചും ഇന്ത്യയിലെ ഒരു വനഗ്രാമ പശ്ചാത്തലത്തിൽ വളർന്ന ഒരു കാട്ടുബാലൻ (Jungle Boy‑) വർഷങ്ങൾക്കിപ്പുറവും മൃഗങ്ങളുമായിട്ട് ചങ്ങാത്തം കൂടാൻ ആഗ്രഹിക്കുന്നു എന്നർത്ഥം. അതിനെക്കുറിച്ച് മനഃശാസ്ത്രജ്ഞന്മാർ പറയുന്ന ഒരു നിരീക്ഷണം ഇതാണ്:
‘നിങ്ങൾക്ക് ഒരാളെ അയാളുടെ കാട്ടിൽനിന്നും പറിച്ചു മാറ്റാൻ എളുപ്പമാണ്. പക്ഷേ കാടിനെ അയാളിൽ നിന്നും മുറിച്ചു നീക്കുക എളുപ്പമല്ല എന്ന് ( You can take a person out of jungle but You cannot take the jungle out of the person). എന്നു വച്ചാൽ നിങ്ങൾക്ക് ഒരാളെ അയാളുടെ വീട്ടിൽ നിന്നും ഒരു പക്ഷേ മാറ്റാൻ പറ്റും. പക്ഷേ വീടിനെ അയാളിൽ നിന്നും എടുത്തു മാറ്റുക അത്ര എളുപ്പമല്ല എന്ന് ചുരുക്കം.

ഒരു വ്യക്തിയുടെ ജീവിതവുമായി അത്ര ആഴത്തിൽ ഇടപെഴുകുന്നതാണ് അയാളുടെ വീട്. ഏതൊരു വ്യക്തിയുടെയും അലച്ചിലുകൾ അവസാനിക്കുന്നത് സ്വന്തം വീട്ടിലാണ്. എത്രയേറെ അകന്നു പോയാലും വീട്ടിലേക്ക്, നാട്ടിലേക്ക് തിരിച്ചുവരണം എന്നുള്ള ഒരു ആഗ്രഹം ഏതൊരു വ്യക്തിയും അവന്റെ ഉള്ളിന്റെ ഉള്ളിൽ സൂക്ഷിക്കും. എത്രയേറെ ദാരിദ്ര്യമോ അവശതയോ നിറഞ്ഞ സാഹചര്യം ആണെങ്കിൽ കൂടി സ്വന്തം വീട്ടിലേക്ക് ഒരു തിരിച്ചുവരവ് ഓരോ മനുഷ്യനും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുന്നുണ്ട്. ഒരുപക്ഷേ പ്രായം ചെല്ലുംതോറും ആ ആഗ്രഹത്തിന്റെ തീവ്രത കൂടിവരുന്നു എന്ന് വേണം കണക്കാക്കാൻ.

പ്രായമായ ഒരു സന്യാസിനിയെ കുറിച്ച് അടുത്തകാലത്ത് കേൾക്കാനിടയായി. ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ സ്വന്തം നാട്ടിലെ മഠത്തിലേക്ക് ആ അമ്മ സ്ഥലം മാറി വന്നു. പ്രായാധിക്യത്താൽ ഓർമ്മയില്ലാതെ ഇറങ്ങി നടന്നിരുന്ന ആ സന്യാസിനിയെ സഹസന്യാസിനികൾ പലപ്പോഴും കണ്ടെത്തിയിരുന്നത് സ്വന്തം വീട്ടിൽ നിന്നായിരുന്നു. ‘എന്തിനാ അമ്മേ ഇടയ്ക്കിടെ അവിടെ പോണേ..?’ എന്നുള്ള അവരുടെ ചോദ്യത്തിന് പല്ലില്ലാത്ത മോണ കാട്ടിക്കൊണ്ട് ആ അമ്മ ഇങ്ങനെ മറുപടി പറയുമായിരുന്നത്രേ, ‘അതേ…അവിടെ ചെന്ന് കയറുമ്പോഴൊക്കെ ഒരു വല്ലാത്ത സുഖമുണ്ട് മനസ്സിന്..!’

വീട് എന്നത് എല്ലാവർക്കും ഒരു മധുരമായ ഓർമ്മയാണ് . ഒരു ശരാശരി മലയാളിയുടെ സ്വപ്‌നം ലോകത്തെവിടെയാണെങ്കിലും തിരിച്ചുവന്ന് നാട്ടിൽ ഒരു വീട് വെച്ച് സ്വസ്ഥമായിട്ട് ജീവിക്കണം എന്നാണ്. അതിനു വേണ്ടിയിട്ടാണ് ഭൂരിഭാഗം പേരും ഒരായുസ്സ് മുഴുവൻ അന്യനാട്ടിൽ കിടന്നു കഷ്ടപ്പെടുന്നതും.
എന്താണ് വീടിനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്? അതു മറ്റൊന്നുമല്ല തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം തന്നെയാണ്. ഉറ്റവർ നഷ്ടപ്പെട്ടു തുടങ്ങുന്നതോടെ ഒരുപക്ഷേ വീടും ഇല്ലാതായി വരുന്നു. അതുകൊണ്ടാണ് മലയാളത്തിന്റെ പ്രിയ കവി ഡി. വിനയ ചന്ദ്രൻ ഇപ്രകാരം കുറിച്ചത്: ‘അമ്മയില്ലാത്തവർക്കു എന്തു വീട്..? എങ്ങുമേയില്ല ഒരു വീട്’ എന്ന്.  ഉറ്റവരുടെ സാന്നിധ്യമാണ് വീട്ടിലേക്കു തിരിച്ചു പോകാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ഒരാൾ അവനവന്റെ വീട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് അവിടെ കിട്ടുന്ന സന്തോഷവും സ്‌നേഹവും സുരക്ഷിതത്വവും മറ്റെവിടെയും അയാൾക്ക് കിട്ടണമെന്നില്ല. അതുകൊണ്ടുതന്നെ വീട്ടിലേക്ക് ഒരു മടക്കയാത്ര നമ്മളെല്ലാവരും ആഗ്രഹിക്കുന്നുണ്ട്.

ഒരുപക്ഷേ പരിമിതികൾ ഏറെയുണ്ടെങ്കിലും വീട്ടിൽ ഒരു ഒരു ‘സ്‌പേസ്’ നമുക്കായി എപ്പോഴും ഉണ്ട്. നമ്മെ നമ്മളായി അംഗീകരിക്കാനും പെരുമാറുവാനുമായി ഒരിടം, അതാണ് വീട്.  റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രത്തിലെ നായക കഥാപാത്രം പറയുന്ന പോലെ “We are all imperfect in our homes‑’… നമ്മളെല്ലാവരും നമ്മുടെ ഭവനത്തിൽ തികച്ചും അപൂർണ്ണനാണ്. 

ഒരുപക്ഷേ നമ്മുടെ അപൂർണ്ണത കളോട് കൂടി നമ്മളെ സ്വീകരിക്കുന്ന കൊണ്ടായിരിക്കാം വീട് എപ്പോഴും ഒരാൾക്ക് പ്രിയപ്പെട്ടതായി മാറുന്നത്. അങ്ങനെ ഒരു സ്വീകാര്യത സ്വന്തം വീടിനകത്ത് കിട്ടാതെ വരുമ്പോളാണ് ചിലരെങ്കിലും സ്വന്തം വീട് ഉപേക്ഷിക്കുവാൻ തുനിയുന്നത്. 

ഇബ്‌സന്റെ ‘പാവ വീട്’ എന്ന നാട കത്തിൽ വീട് വിട്ട് ഇറങ്ങുന്ന നോറ ഹെർമൻ തന്റെ ഭർത്താവിനോടും കുട്ടികളോടും അവൾ ആ വീട് ഉപേക്ഷിക്കാൻ മൂന്ന് കാര്യങ്ങളാണ് പറയുന്നത് . ഒന്നാമതായി നോറ പറയുന്നു നമ്മൾ ഈ വീടിനകത്ത്  ഒന്നും ഗൗരവമായി സംസാരിക്കുന്നില്ല… രണ്ട്, ദിവസം ചെല്ലുംതോറും നമ്മൾ കൂടുതൽ അപരിചിതരായി മാറിക്കൊണ്ടിരിക്കുന്നു. ഒടുവിലായി അവളുടെ പരാതി ഇതാണ്, ‘നിങ്ങൾക്ക് ഈ വീട്ടിൽ ആവശ്യം എന്നെയല്ല, നിങ്ങടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു പാവയെ മാത്രമാണ്.’ ഏതൊരു വീടിനും സംഭവിക്കാവുന്ന ഒരു അപകടമാണിത്. 

നമ്മുടെ വീടുകൾ വെറും ‘പാവ വീടുകൾ’ ആയി മാറ്റപ്പെടാനുള്ള സാധ്യതകൾ നമ്മൾ മറി കടക്കേണ്ടിയിരിക്കുന്നു. വീട്ടിലെ പരസ്പരമുള്ള സംസാരവും സ്നേഹ പ്രകടങ്ങളും പ്രാർത്ഥനയും ഭക്ഷണവും മാധ്യമങ്ങൾ അപഹരിക്കുന്ന ഈ കാലഘട്ടത്തിൽ  വീടുകളെ സംരക്ഷിക്കേണ്ട ബാധ്യത ഓരോരുത്തർക്കും ഉണ്ട്. അതു മറന്നു പോകരുത്. 
വീടിന്റെ ആദ്യകാല വിശുദ്ധിയിലേക്കും നന്മയിലേക്കും സുകൃതങ്ങളിലേക്കും കുട്ടികളുടെ കൈ പിടിച്ചു കൊണ്ട് മാതാ പിതാക്കൾ തിരിച്ചു നടക്കേണ്ടിയിരിക്കുന്നു. ഒരു ‘ഘർ വാപസി’ നമുക്കും ആവശ്യമാണ്.

More like this
Related

മധ്യവേനൽ അവധിക്കുശേഷം

ഓർമ്മകൾക്ക് ഉറക്കമില്ല, അവ വീണ്ടും വീണ്ടും ഓർമ്മകളിൽ മിന്നിമറഞ്ഞുകൊണ്ടേയിരിക്കും. വീണ്ടും ഓർക്കാനും...

നീയില്ലാത്തൊരു ഓണം

ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്....

ഒരു പുട്ട് പുരാണം

ഗൃഹാതുരത്വം  ഉണർത്തുന്ന പുട്ടും ഏത്തപ്പഴം പുഴുങ്ങിയതും-ബാല്യത്തിൽ ഏറ്റവും ഇ ഷ്ടപ്പെട്ട പ്രാതൽ...

മഞ്ഞുകാലത്തെ ഓർമ്മ

വീണ്ടും ഒരു മഞ്ഞുകാലം... ആദ്യം ഓർമ്മയിൽ  വരുന്നത് എം ടി യുടെ...
error: Content is protected !!