രഹസ്യം

Date:

spot_img

പരസ്യമാകാത്ത ഒരു രഹസ്യവുമില്ല. രഹസ്യമെന്നത് പരസ്യവും കൂടിയാണ്. ഒരുപക്ഷേ നമ്മെക്കുറിച്ച് പരസ്യമായ കാര്യം നാം മാത്രം അറിയുന്നില്ല എന്നതാവാം ഏറ്റവും വലിയ രഹസ്യം. രഹസ്യം പറയുമ്പോൾ ഒന്നല്ല ഒരായിരം വട്ടം ആലോചിക്കണം. ഈ രഹസ്യം പറയുന്നതു  കൊണ്ട് എന്താണ് ഗുണം. ആർക്കെങ്കിലും അതുവഴി പ്രയോജനം ലഭിക്കുന്നുണ്ടോ… ആരെയെങ്കിലും രക്ഷിക്കാൻ അതുവഴി സാധിക്കുന്നുണ്ടോ? ഇല്ല എന്നുതന്നെയാവാം സത്യം.

ഓരോ രഹസ്യവും ഓരോ അപവാദമാണ്. നിന്നെക്കുറിച്ചുള്ള നിറം പിടിച്ച കഥകളാണ്, നിന്നെക്കുറിച്ച് ഞാൻ കേട്ട കഥകളാണ് രഹസ്യമായി സൂക്ഷിക്കണേ എന്ന മട്ടിൽ ഞാൻ അവനോട് പറയുന്നത്. എനിക്കും അവനും തമ്മിലുള്ള ബന്ധത്തിന്റെയോ അടുപ്പത്തിന്റെയോ പേരിലായിരിക്കാം ആ രഹസ്യം പങ്കുവയ്ക്കൽ.
കേൾക്കുന്നവനും പറയുന്നവനും തമ്മിൽ ഒരേ രീതിയിലുള്ള കെമിസ്ട്രിയുണ്ടെങ്കിൽ മാത്രമേ രഹസ്യം രഹസ്യമായി സൂക്ഷിക്കപ്പെടുകയുള്ളൂ. പക്ഷേ  പല രഹസ്യങ്ങളും പരസ്യമാകുന്നതിന് കാരണം ആ കെമിസ്ട്രി നഷ്ടമാകുന്നതോ അതില്ലാത്തതോആണ്. കേൾക്കുന്ന രഹസ്യത്തിന് അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ല. അതിനെ ഗൗരവത്തോടെ കാണുന്നുമില്ല.

താൻ കേട്ട രഹസ്യം പരസ്യമാക്കുമ്പോൾ അതിലൂടെ നഷ്ടമാകുന്നത് തന്റെ വിശ്വാസ്യതയാണെന്നോ  ആരുടെയൊക്കെയോ ജീവിതങ്ങളുടെ തകർച്ചയാണ് സംഭവിക്കുന്നതെന്നോ അവർ മനസ്സിലാക്കുന്നില്ല.
രഹസ്യം വെളിപ്പെടുത്തിയതിന്റെ പേരിലല്ല രഹസ്യം പങ്കുവച്ചതിന്റെ പേരിൽ പലതരത്തിലുള്ള മാനസികസംഘർഷം അനുഭവിച്ചിട്ടുള്ള ഒരു വ്യക്തികൂടിയാണ് ഇതെഴുതുന്നത്.  വേണ്ടിയിരുന്നില്ലെന്ന് പിന്നീട് എപ്പോഴൊക്കെയോ തോന്നിയിട്ടുണ്ട്. സ്വയം ഉള്ളിൽ കുഴിച്ചിട്ട രഹസ്യങ്ങൾ അവിടെത്തന്നെ ചീഞ്ഞളിയട്ടെ എന്ന് വിചാരിച്ചാൽ മതിയായിരുന്നു. പക്ഷേ…

ചിലപ്പോൾ സ്വയം സഹിക്കാനും താങ്ങാനും കഴിയാത്ത വിധത്തിലുള്ള പല ദുഃഖങ്ങളുമുണ്ടാവാം. അത്രയധികം അസ്വസ്ഥമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആ നിമിഷമായിരിക്കും  കടന്നുപോകുന്ന ജീവിതത്തിന്റെ ഭാരങ്ങൾ  പങ്കുവയ്ക്കാൻ തോന്നുന്നത്. അല്ല അത് പങ്കുവച്ചുപോവുകയാണ്.

പങ്കുവയ്ക്കുന്ന ഭാരങ്ങൾ രഹസ്യങ്ങളാണ്, ഉള്ളുതുറന്നുപറയുന്ന കാര്യങ്ങൾ രഹസ്യങ്ങളാണ്.സൂക്ഷിക്കണം. ഒരു നിധി കൈയിലുള്ളതുപോലെയാണ് നീ അത് കൈകാര്യം ചെയ്യേണ്ടത്. അശ്രദ്ധകൊണ്ട് നീയത് നഷ്ടപ്പെടുത്തരുത്. രഹസ്യം സൂക്ഷിക്കാത്തവൻ നിർദ്ദയനാണെന്ന കാര്യം ഓർമ്മയിലുണ്ടാവണം.  നീ നിന്നോട് തന്നെ വഞ്ചന ചെയ്യുകയാണ് ഓരോ രഹസ്യവും പരസ്യപ്പെടുത്തുമ്പോൾ ആരുടെയെക്കെയോ നേരെ നീ മാലിന്യം വലിച്ചെറിയുകയാണ്. രഹസ്യം പരസ്യപ്പെടുത്തിയവനെ പിന്നീടൊരിക്കലും വിശ്വസിക്കരുത്. അവനെ പിന്നീടൊരിക്കലും  ജീവിതത്തിന്റെ ഏഴയലത്തേക്ക്  അടുപ്പിക്കുകയുമരുത്.

കുമ്പസാരക്കൂട് കണക്കെ നിന്നെ എനിക്കുപയോഗിക്കാം എന്ന് ഒന്നിലധികം പേർ വിശ്വസിച്ചുപറഞ്ഞിട്ടുള്ളത് ആത്മപ്രശംസയോടെയാണെങ്കിലും പറയാതെ വയ്യ. പക്ഷേ ഒരു കുമ്പസാരക്കൂട് അന്വേഷിച്ചു നടക്കുകയാണ് ഞാൻ എന്നും പറയാതിരിക്കാനാവില്ല. എങ്കിലും രഹസ്യം പറയാതിരിക്കുന്നതാണ് നല്ലത്.  കാരണം ഓരോ രഹസ്യംപറച്ചിലിനും പ്രത്യാഘാതമുണ്ട്.

വിനായക് നിർമൽ

More like this
Related

അപമാനം

ഒരു നടൻ അപമാനിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കഴിഞ്ഞ മാസങ്ങളിൽ...

തുറന്നിടുക

മഴ പെയ്തുകൊണ്ടിരുന്നപ്പോൾ മുറിയുടെ ജനാലകൾ അടച്ചുപൂട്ടിയിരുന്നു. മഴ തുടർന്നുകൊണ്ടേയിരുന്നപ്പോൾ ജനാലകൾ എല്ലാം...

പ്രതിഫലം

ഫലം ആഗ്രഹിച്ചുചെയ്യുന്ന പ്രവൃത്തിക്കുള്ള വേതനമാണ് പ്രതിഫലം. അതു കേവലം പണം മാത്രമായിരിക്കണമെന്നില്ല....

നിലനില്പ്

തുടങ്ങിവയ്ക്കാൻ താരതമ്യേന എളുപ്പമാണ്. പക്ഷേ അത് നിലനിർത്തിക്കൊണ്ടുപോവുക എന്നതാണ് ദുഷ്‌ക്കരം. നിരവധി...
error: Content is protected !!