മത്സരം നല്ലതാണ്…

Date:

spot_img

പണ്ടുകാലങ്ങളിൽ മത്സരവേദികൾ കുറവായിരുന്നു. പങ്കെടുക്കുന്നവരുടെ എണ്ണവും കുറവായിരുന്നു. പക്ഷേ ഇന്ന് വേദികൾക്ക് കുറവില്ല,പങ്കെടുക്കുന്നവർക്കും.. ചാനലുകളുടെ ബാഹുല്യവും അത് തുടങ്ങിവച്ച വിവിധതരം മത്സരങ്ങളും എത്രയെത്ര പേരുടെ കഴിവുകളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

 മക്കളെ ഏതെങ്കിലും വിധത്തിൽ വിജയികളാക്കാൻ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്ന മാതാപിതാക്കളുടെ എണ്ണത്തിലും ഇന്ന് വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മക്കളെ പ്രശസ്തരാക്കുക, മക്കളുടെ പ്രശസ്തിയിൽ പങ്കുപറ്റുക. തങ്ങൾക്ക് ആകാൻ പറ്റാത്തത് മക്കളിലൂടെ പ്രാവർത്തികമാക്കി സായൂജ്യമടയുക. മക്കളെ മത്സരിപ്പിക്കുന്നതിലും വിജയികളാക്കുന്നതിലും ഇങ്ങനെയും ചില ലക്ഷ്യങ്ങളും വശങ്ങളുമുണ്ട്. മക്കളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് നല്ലതാണ്. പക്ഷേ മേൽപ്പറഞ്ഞ വിധത്തിലുള്ള ലക്ഷ്യങ്ങൾക്ക് വേണ്ടിയായിരിക്കരുതെന്ന് മാത്രം. പിന്നെയെന്തിനാണ് മക്കളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്? പറയാം…
 എല്ലാകുട്ടികളും മത്സരങ്ങളിൽ പങ്കെടുക്കുന്നത് അവർ വീടിന് വെളിയിലെത്തിക്കഴിയുമ്പോഴാണ്. അതായത് പഠനത്തിന് വേണ്ടി  എത്തുമ്പോൾ. അതുവരെ അവർ വീടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു. അവിടെ മത്സരമില്ല.

 ലോകത്തെ വ്യത്യസ്തരീതിയിലും അനുഭവങ്ങളിലൂടെയും കാണാനും വിലയിരുത്താനുമുള്ള സാധ്യതകൾ അവർക്ക്തുറന്നുകിട്ടുന്നത് ഈ ബാഹ്യലോകത്തു നിന്നാണ്. അതായത് പഠിക്കാനായി എത്തിച്ചേരുന്നതു മുതൽ. ചെറിയ ചെറിയ മത്സരങ്ങളിലൂടെ അവർ ലോകത്തിന്റെ മറ്റൊരു മുഖം പരിശീലിക്കുന്നു. വീടിനുള്ളിൽ കിട്ടിയിരുന്ന സുരക്ഷിതത്വവും പ്രോത്സാഹനവും ചിലപ്പോഴെങ്കിലും വീടിന് പുറത്തുനിന്ന് ലഭിക്കില്ലെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുന്നതും മത്സരങ്ങളിലൂടെയാണ്.

വെല്ലുവിളികൾ നിറഞ്ഞതാണ് ചുറ്റുപാടെന്നും തന്നെപോലെ മത്സരിക്കാൻ മറ്റുള്ളവരും ഉണ്ടെന്നും വിജയിക്കണമെങ്കിൽ കൂടുതൽ നന്നായി പെർഫോം ചെയ്യേണ്ടതുണ്ടെന്നും അവർ മനസ്സിലാക്കുന്നു. ഒരാൾ വിജയിക്കുമ്പോൾ വേറൊരാൾ പരാജയപ്പെടുന്നുണ്ടെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിജയങ്ങളിൽ അഹങ്കരിക്കാതിരിക്കാനും പരാജയങ്ങളിൽ തളർന്നുപോകാതിരിക്കാനും  മത്സരങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
സഭാകമ്പം മറികടക്കുക, ആളുകളോട് സംസാരിക്കാനുളള ധൈര്യം സമ്പാദിക്കുക, സമൂഹവുമായി ഇടപഴകാനുള്ള അവസരം നേടിയെടുക്കുക തുടങ്ങിയ ഗുണങ്ങളും മത്സരങ്ങൾ വഴിലഭിക്കുന്നുണ്ട്.
മത്സരങ്ങൾക്ക് വിജയം അനിവാര്യമാണ്. രണ്ടിലൊരാൾ എന്നതാണ് എല്ലാ മത്സരങ്ങളുടെയും ലക്ഷ്യം. പക്ഷേ വിജയിക്കാൻ മാത്രമല്ല മത്സരിക്കേണ്ടത്. മത്സരങ്ങളിൽ തോല്‌വി കൂടിയുണ്ടെന്ന് മക്കൾക്ക് പറഞ്ഞുകൊടുക്കണം. മത്സരം ആരോഗ്യകരമായിരിക്കണമെന്നും വിജയത്തിന് കുതന്ത്രങ്ങളോ എളുപ്പവഴികളോ ഇല്ലെന്നും മക്കൾ അറിയേണ്ടതുണ്ട്.

മത്സരത്തിൽ പരാജയപ്പെട്ടതിന്റെ പേരിൽ മക്കളെ കുറ്റപ്പെടുത്താനോ പരിഹസിക്കാനോ പോകരുത്. ഒന്നാമതെത്തുക  എന്നതല്ല മത്സരിക്കുക എന്നതിനാണ് പ്രാധാന്യം. വിജയത്തിന്റെ മധുരം മാത്രമല്ല പരാജയത്തിന്റെ കയ്പും മക്കൾ അനുഭവിക്കണം. വിജയങ്ങളിൽ കുട ചൂടിക്കുന്ന മാതാപിതാക്കൾ പരാജയങ്ങളിൽ തണലേകാനും സന്നദ്ധരായിരിക്കണം.

ഓരോ മത്സരങ്ങളും സ്വന്തംകഴിവുകളെ ഉരച്ചുനോക്കാനുള്ള വേദികൾ കൂടിയാണ്. മത്സരങ്ങളിൽ പങ്കെടുക്കുന്നതുവഴിയാണ് തന്നിൽ ഇത്രയധികം കഴിവുകളുണ്ടെന്ന് പലരും തിരിച്ചറിയുന്നത്. അതുകൊണ്ട്  മക്കൾക്ക് മത്സരിക്കാൻ താല്പര്യമുള്ള മേഖലകളിലെല്ലാം അവരെ മത്സരിപ്പിക്കുക. കല, കായികം.. മക്കൾ ഏതു മേഖലയിലാണ് ശോഭിക്കുന്നതെന്ന് നമുക്കറിയില്ലല്ലോ.

മത്സരങ്ങളിലെ വിജയങ്ങളുടെ പേരിൽ അഹങ്കരിക്കാതിരിക്കുക. മത്സരങ്ങളിലെ പരാജയങ്ങളുടെ പേരിൽ മുഖം കുനിക്കാതിരിക്കുക. ആരോഗ്യകരമായി നമുക്ക് മത്സരിക്കാം. കാരണം മത്സരം നല്ലതാണ്.

More like this
Related

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...
error: Content is protected !!