സന്തോഷമാണോ ആഗ്രഹിക്കുന്നത്… എങ്കിൽ അതിന് വിഘാതമായി നില്ക്കുന്നവയിൽ നിന്ന് ഒഴിവാക്കേണ്ട ഒന്നാണ് താരതമ്യം. ജീവിതത്തിലെ സന്തോഷത്തിന്റെ വെളിച്ചമെല്ലാം അണച്ചുകളയുന്ന ഒരു കരിവണ്ടാണ് താരതമ്യം.
നമ്മൾ എപ്പോഴും മറ്റൊരാളുമായി നമ്മെ താരതമ്യം ചെയ്യുന്നു. സംതൃപ്തിക്ക് പകരം അത് അപകർഷതയും നിരാശയും സമ്മാനിക്കുന്നു. മനസ്സ് കൂടുതൽ ഇരുളാനും ജീവിതം ആകെ പുകമൂടാനും അത് വഴി തെളിക്കുന്നു.
‘ഓ എന്തൊരു ഭംഗിയാണ് അവൾക്ക്…’
‘അവന്റെ മസിൽ കണ്ടില്ലേ…’
‘അവന്റെ നല്ല ഉഗ്രൻ വീടാ…’
ഇങ്ങനെ പോകുന്ന എത്രയെത്ര നെടുവീർപ്പുകളാണ് ഓരോരുത്തർക്കുമുള്ളത്.
ഇതിലെ ഏറ്റവും വലിയ അപകടം നാം നമ്മെ വളരെ വില കുറച്ചു കാണുന്നുവെന്നതാണ്. അഭിമാനിക്കാനും സന്തോഷിക്കാനും നമ്മളിൽ ഒന്നുമില്ലാതെ പോകുന്നു. അപകർഷതയുടെ അഗാധഗർത്തങ്ങളിലേക്ക് മനസ്സ് കൂപ്പുകുത്തുന്നു. മറ്റുള്ളവരുടെ താരമത്യപ്പെടുത്തലുകൾക്കും നാം വിധേയമാകാറുണ്ട്.
‘അവനെ കണ്ടുപഠിക്കെടാ’ എന്ന മട്ടിലാണ് അത്തരം താരതമ്യപ്പെടുത്തലുകൾ.
ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്തുന്ന തരം താരതമ്യപ്പെടുത്തലുകളുമുണ്ട്. അയൽപക്കത്തെ വ്യക്തികളെയും തങ്ങൾക്കുള്ള വ്യക്തികളെയും തമ്മിലാണ് ഈ താരതമ്യപ്പെടുത്തലുകൾ. കൂടെയുള്ളവരുടെ നന്മകൾ തിരിച്ചറിയാതെ പോകുന്നതിലും വലിയ ദുരന്തം ഒരു ബന്ധങ്ങളിലും സംഭവിക്കാനില്ല. മനസ്സുകൾ തമ്മിൽ അകലുന്നു. നഷ്ടബോധം ഉടലെടുക്കുന്നു.
അവനുണ്ട്/അവൾക്കുണ്ട്, എനിക്കില്ല.. ഇത്തരം ചിന്തകളാണ് താരതമ്യങ്ങൾ സമ്മാനിക്കുന്നത്. ഇതൊരിക്കലും നമുക്ക് സമാധാനമോ സന്തോഷമോ സംതൃപ്തിയോ നല്കില്ല. അതുകൊണ്ട് ജീവിതത്തിൽ സന്തോഷിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ താരതമ്യപ്പെടുത്തൽ അവസാനിപ്പിച്ചേ തീരൂ.