ഇനി എല്ലാം തുറന്നുപറയാം..

Date:

spot_img


ശരീരത്തിന് അസ്വസ്ഥത തോന്നിയാൽ, രോഗമോ വല്ലായ്മയോ അനുഭവപ്പെട്ടാൽ സാധാരണഗതിയിൽ എല്ലാവരും ഡോക്ടറെ ചെന്നുകാണും. ചികിത്സ തേടുകയും നിർദ്ദേശിച്ച മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യും. കാരണം ശരീരത്തെ നാം വളരെ പ്രധാനപ്പെട്ടതായി കാണുന്നു. ശരീരത്തിന് ക്ഷതമോ വൈകല്യങ്ങളോ സംഭവിക്കുന്നതിനെക്കുറിച്ച്, ശരീരം കിടപ്പിലാകുന്നതിനെക്കുറിച്ച്  നമുക്ക് ആലോചിക്കാൻപോലും വയ്യ.
പക്ഷേ മനസ്സിന്റെ ആരോഗ്യത്തെക്കുറിച്ച് പലർക്കും വേണ്ടത്ര ആകുലതകളില്ല. ആകുലതകളില്ലാത്തതുകൊണ്ട് അതേക്കുറിച്ച് അവബോധവുമില്ല.  ശ്രദ്ധാലുക്കളുമല്ല. ശരീരത്തിന് വല്ലായ്മയുണ്ടെന്ന് തുറന്നുപറയുന്ന പലരും മനസ്സ്  കൈവിട്ടുപോകുകയാണെന്ന് പറയാറില്ല. മനസ്സിന്റെ അസ്വസ്ഥത മനോരോഗമായി തെറ്റിദ്ധരിക്കപ്പെടുകയോ അപഹസിക്കപ്പെടുകയോ ചെയ്യുമോയെന്ന ഭയമാണ് ഇതിന് കാരണം.

പക്ഷേ ശരീരത്തിനൊപ്പം തന്നെ പ്രധാനമാണ് മനസ്സ്. മനസ്സ് കൈവിട്ടുപോയാൽ പിന്നെന്തു ജീവിതം? പിരിമുറുക്കങ്ങൾ, ബൈ പോളാർ ഡിസോർഡർ,വിഷാദം, മാനിയ, ഫോബിയ… ഇങ്ങനെ മനസ്സിനെ അസ്വസ്ഥമാക്കുന്ന പലവിധ കാരണങ്ങളുണ്ട്.  ഇതിലേതെങ്കിലും ഒന്നിലൂടെ തീവ്രമല്ലെങ്കിലും കടന്നുപോകുന്നവരാണ് പലരും.

മാനസികാരോഗ്യത്തെക്കുറിച്ച് കൂടുതലായി ചിന്തിക്കേണ്ട കാലമാണ് ഇത്. അടുത്തയിടെ വിരാട് കോഹ്ലി താൻ കടന്നുപോയ ചില മാനസികാവസ്ഥകളെക്കുറിച്ച് വിവരിച്ചത് വായിക്കുകയുണ്ടായി. പ്രിയപ്പെട്ട എല്ലാവരും അരികിലുണ്ടായിരുന്നിട്ടും മനസ്സ് വല്ലാത്തൊരു അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നുവെന്നാണ് അദ്ദേഹം പങ്കുവച്ചത്.

അതുപോലെ ദീപിക പദുക്കോണും താൻ അനുഭവിച്ച മാനസിക സംഘർഷവും വിഷാദവും പങ്കുവച്ചിട്ടുണ്ട്. സെലിബ്രിറ്റികൾക്കുപോലും ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ?
മനസ്സിനെ അടക്കിനിർത്തണമെന്നും എല്ലാം തുറന്നുപറയരുതെന്നുമൊക്കെയുള്ള ചില പാഠങ്ങൾ പഴഞ്ചനായി മാറിയിരിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട ഒരാളോടെങ്കിലും എല്ലാം തുറന്നുപറയാനുള്ള സന്നദ്ധതയും സാധ്യതയും ഉണ്ടായിരിക്കണം. കുമ്പളങ്ങി നൈറ്റ്സ്  എന്ന സിനിമയിൽ സവിശേഷമായ വിധത്തിൽ ഇത്തരമൊരു മാറ്റം  ആവശ്യപ്പെടുന്ന രംഗമുണ്ട്. എന്റെ പണിപാളി ഇരിക്കുകയാണെന്നും  ശരിക്കും കൈയീന്ന് പോയെന്നും എന്നെയൊന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോവണമെന്നുമാണ് സജിയുടെ കഥാപാത്രം നിലവിളിക്കുന്നത്. പിന്നെ നാം കാണുന്നത്  സൈക്കോളജിസ്റ്റിന്റെ തോളത്ത് മുഖം ചേർത്ത് കരയുന്ന സജിയെയാണ്. ആ വ്യക്തിയാവട്ടെ സജിയുടെ മനസ്സിനെ മുഴുവൻ ഏറ്റെടുത്തെന്നോണം സ്വതന്ത്രമായി കരയാൻ വിട്ടുകൊടുക്കുകയും കുഞ്ഞിനെയെന്നോണം അയാളെ തന്നോട് ചേർത്തുപിടിക്കുകയും ചെയ്യുന്നു. അസ്വസ്ഥതകളിൽ നിന്ന് മുക്തനാവുന്ന മനസ്സിനെ വീണ്ടെടുക്കുന്ന, ജീവിതം തിരിച്ചുപിടിക്കുന്ന ആളായി സജി മാറുന്നു.

മനസ്സിന് സ്വാതന്ത്ര്യം നേടാനുള്ള ഏക വഴി ചില തുറന്നുപറച്ചിലുകളാണ്. നമുക്ക് അടക്കിപ്പിടിച്ചു വയ്ക്കാൻ കഴിയുന്നവയ്ക്കൊക്കെ ചില പരിധികളുണ്ട്. ആത്മാഭിമാനം, അന്തസ്… ഇങ്ങനെ പൊള്ളയായ ചില വിചാരങ്ങളുടെ പേരിലാണ്   മനസ്സിന്റെ സങ്കടങ്ങളും ഭാരങ്ങളും നാം ഉള്ളിലടക്കുന്നത്. പക്ഷേ മനസ്സ് കൈവിട്ടുപോവുകയാണെന്ന് നാം മനസ്സിലാക്കുന്നതേയില്ല.

മനസ്സിനെ കാത്തോളണേ..  മനസ്സ് കൈയീന്ന് പോയാൽ എല്ലാം പോയി.  പക്ഷേ എല്ലാം പറയുമ്പോഴും കേൾക്കാൻ ആരെ തിരഞ്ഞെടുക്കുന്നുവെന്നത് വിവേകപൂർവ്വമായിരിക്കുകയും വേണം.

More like this
Related

കൊച്ചുകൊച്ചു സന്തോഷങ്ങൾ

വിവാഹത്തിന്റെ രജതജൂബിലിയിലേക്ക് കടക്കാൻ  ഏതാനും മാസങ്ങൾ മാത്രമുള്ള ദമ്പതികൾ.  ഭർത്താവ് ബാങ്കുദ്യോഗസ്ഥനാണ്....

വില്ലനാകുന്ന കുട്ടിക്കാലം

വളരെ സ്നേഹത്തിലും സൗഹൃദത്തിലുമാണ് ആ ദമ്പതികളുടെ ദിവസങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നത്. അങ്ങനെയിരിക്കെ ഒരു...

‘കെട്ട്യോളാണെന്റെ മാലാഖ’

കുറെനാളുകൾക്ക് മുമ്പാണ്, ഒരു ചെറുപ്പക്കാരനും ഭാര്യയും കൂടി എന്നെ കാണാനെത്തി. സാധാരണയായി...

ആശയവിനിമയം സർവധനാൽ പ്രധാനം

വിവാഹജീവിതത്തിന്റെ തുടക്കത്തിൽ എന്തൊരു സന്തോഷമാണ് രണ്ടുപേർക്കും. എവിടെയും വർണ്ണങ്ങൾ... എവിടെയും സംഗീതം....
error: Content is protected !!