ഒറ്റപ്പെടലോ? പരിഹാരമുണ്ട്

Date:

spot_img


ഒറ്റയ്ക്കായിരിക്കുക  മനുഷ്യന്റെ വിധിയല്ല, മനുഷ്യൻ സ്വയം വരിക്കുന്ന തീരുമാനം മാത്രമാണത്. സമൂഹവുമായും മറ്റ് വ്യക്തികളുമായും അടുപ്പം പുലർത്തുക എന്നത് വ്യക്തിത്വത്തിന്റെ ഭാഗമാണ്.

ഓഫീസുകളിൽ ചില ഒറ്റയാന്മാരുണ്ട്.ആരോടും അടുപ്പം പുലർത്താത്തവർ. സ്വയം വരിച്ച ഏകാന്തതയിൽ ജീവിതകാലം മുഴുവൻ കഴിയാൻ സ്വയം തീരുമാനിച്ചുറച്ചതു പോലെയാണ്അവർ. അവർ തങ്ങൾക്ക് ചുറ്റും ഒരു അതിർത്തി വരച്ചുവച്ചിട്ടുണ്ടാകും.അതിന്റെവെളിയിലേക്ക് അവർ ഒരിക്കലും വരുന്നില്ല, അതിന്റെ അകത്തേക്ക് അയാൾ ആരെയും പ്രവേശിപ്പിക്കുന്നുമില്ല. ഇങ്ങനെ സ്വയംവരിച്ച ഏകാന്തതയും ഒറ്റപ്പെടലുമല്ലാതെ മറ്റൊരുതരത്തിലുള്ള ഒറ്റപ്പെടലും ശാശ്വതമല്ല. ഇത്തരത്തിലുള്ള ഒറ്റപ്പെടലിനെ പോലും മനസ്സുവച്ചാൽ അതിജീവിക്കാൻ കഴിയും. തനിച്ചായിപ്പോയതോർത്തോ തനിച്ചാക്കപ്പെട്ടതോർത്തോ വിഷമിക്കാതെ ഒറ്റപ്പെടലിനെ ഒഴിവാക്കാനുള്ള ചില മാർഗ്ഗങ്ങൾ പറയാം

 ഒറ്റപ്പെടലിനുള്ള ഏറ്റവും നല്ലപരിഹാരമാർഗ്ഗം നല്ല കൂട്ടാണ്. കൂട്ട് എന്ന് പറയുമ്പോൾ വീടിന് വെളിയിലുള്ള ബന്ധങ്ങൾ മാത്രമല്ല വീട്ടിനുള്ളിലും നല്ല കൂട്ടുണ്ടാവാം. ഓഫീസിലെ ഒരു പ്രശ്നത്തിന്റെ പേരിൽ സകലരുടെയും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും അനുഭവിച്ചുു വന്നുകയറുന്ന ഒരു ഭർത്താവിന് ഭാര്യയെന്ന നല്ല കൂട്ടുകാരി നല്കുന്ന ഹൃദ്യമായ സാമീപ്യവും സാന്ത്വനവും എത്രയോ ആശ്വാസമായിരിക്കും നല്കുന്നത്! അറിഞ്ഞോ അറിയാതെയോ ചെയ്ത ഒരു തെറ്റിന്റെ പേരിൽ ലോകം മുഴുവനും ചേർന്ന് ഒറ്റപ്പെടുത്തുമ്പോഴും നിങ്ങളെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ നിങ്ങളെങ്ങനെ ഒറ്റയ്ക്കാവും? ഒറ്റയ്ക്കാവാതിരിക്കാൻ ആത്മാർത്ഥതയോടെ ബന്ധങ്ങളിൽ മുഴുകുകയാണ് വേണ്ടത്.  സൗഹൃദങ്ങളുടെ ഒരു നീണ്ട പട്ടികയൊന്നും വേണമെന്നില്ല നിങ്ങളുടെ ഒറ്റപ്പെടലിന് ശാന്തിയേകാൻ.

സാങ്കേതികവിദ്യകൾ വളരെയധികം വികസിച്ച ഇന്നത്തെ കാലത്ത്  കൂട്ടായ്മകളുടെ ഭാഗമായി പ്രവർത്തിക്കാൻ വളരെയെളുപ്പമാണ്. സ്വന്തം താല്പര്യങ്ങളും അഭിരുചികളും അനുസരിച്ചുള്ള ഗ്രൂപ്പുകളിൽ അംഗമായി മാറിക്കൊണ്ട് സാമൂഹ്യബന്ധം വളർത്താൻ ഇതിലൂടെ നിഷ്പ്രയാസം കഴിയും. മനസ്സിന്റെ താല്പര്യവും അഭിരുചികളുമാണ് പ്രധാനം. നിങ്ങളുടെ താല്പര്യങ്ങളെ മാനിക്കുന്ന, അതിനോട് യോജിച്ചുപോകുന്ന ബന്ധങ്ങളാണ് വളർത്തിയെടുക്കേണ്ടത്. ഇല്ലെങ്കിൽ ആ ബന്ധം വൈകാതെ മുരടിക്കുകയും നിങ്ങൾ വീണ്ടും ഒറ്റയ്ക്കായിപോവുകയും ചെയ്യും. നല്ല ബന്ധങ്ങൾ സ്ഥാപിച്ചെടുക്കാൻ കഴിയുന്ന ഒരു അവസരവും പാഴാക്കാതിരിക്കുക. ആ ബന്ധങ്ങളെയാവട്ടെ നിലനിർത്തിക്കൊണ്ടുപോകുകയും ചെയ്യുക.

ആത്മീയത ഒരുതരത്തിൽ  അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഒറ്റപ്പെടലിനെ അതിജീവിക്കാൻ സഹായിക്കുന്നുണ്ട്. നാം കാണുകയോ കേൾക്കുകയോ പൂർണ്ണമായും ഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത ആ അനന്തശക്തിയുമായുള്ള അടുപ്പവും സ്നേഹവും ഏകാന്തതയ്ക്കുള്ള ഒറ്റമൂലിതന്നെയാണ്.ലോകത്തെ തന്നെ നിയന്ത്രിക്കുന്ന വലിയൊരു ശക്തികൂടെയുണ്ടെന്ന തിരിച്ചറിവ് നമുക്ക് നല്കുന്ന ആശ്വാസം നിസ്സാരമൊന്നുമല്ല.

തിക്താനുഭവങ്ങൾ ഉണ്ടായെങ്കിൽതന്നെ മനസ്സിനെ നിരാശയിൽ സൂക്ഷിക്കാതിരിക്കുകയാണ് മറ്റൊരു മാർഗ്ഗം. നിരാശ അനുഭവപ്പെട്ടാൽ വൈകാതെ ഒറ്റപ്പെടലിലേക്ക് നാം തിരിയും. പഴയതിനെയോർത്ത് കണ്ണീരൊഴുക്കി ജീവിച്ചാൽ ജീവിതത്തിന്റെ  ഈ നിമിഷത്തിലെ സൗന്ദര്യം ആസ്വദിക്കാൻ നമുക്ക് കഴിയാതെപോകും. യാത്രകൾ, പാട്ട്, വായന, വിനോദങ്ങൾ തുടങ്ങിയവയെല്ലാം മനസ്സിനെ നിഷ്‌ക്രിയതയിൽ നിന്ന്  രക്ഷിക്കുന്നവയും ഏകാന്തതയിൽ ആശ്വാസപ്രദവുമാണ്.

ഏകാന്തതയും ഒറ്റപ്പെടലും സർഗ്ഗാത്മകപ്രവർത്തനങ്ങൾ പോലെ നിർദ്ദിഷ്ടകാര്യങ്ങൾക്കല്ലാതെ നീട്ടിക്കൊണ്ടുപോകേണ്ട ഒന്നല്ല.  കുറെക്കാലമോ ദിവസമോ ഏകാന്തമായി കഴിച്ചുകൂട്ടിയെങ്കിൽതന്നെ വീണ്ടും സമൂഹമധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടിയിരിക്കുന്നു.  ഒരുപാട് ഒറ്റപ്പെട്ടുപോകുന്നത് ആപത്താണ്. മദ്യപാനം, ആത്മഹത്യപ്രവണത തുടങ്ങിയ നിഷേധാത്മക പ്രവണതകളിലേക്കാണ് അത് വ്യക്തികളെ കൂട്ടിക്കൊണ്ടുപോകുന്നത്.

ഒരാൾ എന്നെ വേണ്ടെന്ന് വച്ചു എന്നതുകൊണ്ട് ഞാൻ ഈ ലോകത്ത് ഒറ്റയ്ക്കായി പോകില്ലെന്ന് തീരുമാനിക്കുക. എനിക്ക് അയാളോട് സ്നേഹവും ഇഷ്ടവും തോന്നിയെങ്കിലും അയാൾ എന്നെ അതുപോലെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അതിന്റെ പേരിൽ ഒറ്റപ്പെട്ട് കഴിയില്ലെന്ന് തീരുമാനിക്കുക. ഒറ്റപ്പെടാൻ തയ്യാറല്ലാത്തവർക്കെല്ലാം ഈ ലോകത്ത് നല്ല ബന്ധങ്ങളുണ്ട്.ഒരു വിളിപ്പാടകലെ, ഒന്നുകരം നീട്ടിയാൽ തൊടാൻ പാകത്തിൽ നിനക്ക് ആരൊക്കെയോ ഉണ്ടെന്ന് വിശ്വസിക്കുക. അപ്പോൾ നീ ഒരിക്കലും ഒറ്റയ്ക്കായിരിക്കുകയില്ല. നിന്നെ ഒറ്റപ്പെടുത്താൻ നിനക്ക് മാത്രമേ കഴിയൂ.

More like this
Related

മറ്റുള്ളവർ കൂടുതൽ ബഹുമാനിക്കണോ?

മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും...

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ  ...

ആകർഷണീയതയുണ്ടോ?

പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ,  തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ...
error: Content is protected !!