സ്നേഹത്തിന്റെ സന്തോഷങ്ങൾ

Date:

spot_img

സ്നേഹിക്കാനാണോ സ്നേഹിക്കപ്പെടാനാണോ ഇഷ്ടം? എല്ലാവരും ആഗ്രഹിക്കുന്നത് സ്നേഹിക്കപ്പെടണമെന്നാണ്. സ്നേഹിക്കുന്നുവെന്ന് പറയുമ്പോഴും അവിടെ സ്നേഹിക്കപ്പെടുന്നതിനോടാണ് കൂടുതൽ ചായ്‌വ്. സ്നേഹിക്കുക, സ്നേഹിക്കപ്പെടുക. എന്താണ് ഈ രണ്ടുവാക്കുകൾതമ്മിൽ വ്യത്യാസം.  പ്രകടമായ അന്തരം പെട്ടെന്ന് തോന്നുന്നില്ല എങ്കിൽ തന്നെയും അവ തമ്മിൽ അകലവും അടുപ്പവുമുണ്ട്. സ്നേഹിക്കപ്പെടുക താരതമ്യേന എളുപ്പമായ കാര്യമാണ്. പക്ഷേ സ്നേഹിക്കുക എന്നത് അങ്ങനെയല്ല. സ്നേഹിക്കുന്നതിൽ വേദനയുണ്ട്. ത്യാഗവും സഹനവുമുണ്ട്. അതുകൊണ്ടാണ് മനുഷ്യർ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നത്.

സ്നേഹിക്കാൻ നിനക്ക് മനസ്സുണ്ടായാൽ മതി… സന്നദ്ധത ഉണ്ടായാൽ മതി. പക്ഷേ സ്നേഹിക്കപ്പെടാൻ അതിന് അനുസരിച്ച് യോഗ്യതയും വേണം. ഒരിക്കൽ സ്നേഹത്തിലായിരിക്കുകയും പിന്നീട് ബന്ധം വഷളാകുകയും ചെയ്തുകഴിയുമ്പോൾ പലരും തിരിച്ചറിയുന്നുണ്ട്, സ്നേഹിക്കപ്പെടാൻ മാത്രം നിനക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്ന്. അങ്ങനെ വരുമ്പോൾ നല്കിയ സ്നേഹമൊക്കെ വെറും സൗജന്യമായി മാറും. സ്നേഹം കൈപ്പറ്റിയതെല്ലാം സൗജന്യമായിരുന്നുവെന്ന തിരിച്ചറിവ് അതുവരെ സ്നേഹം കൈപ്പറ്റിയ വ്യക്തിയെ സംബന്ധിച്ചിടത്തോളംഅപമാനകരമായി തോന്നും. സ്നേഹം  സൗജന്യം കണക്കെ സ്വീകരിക്കുകയും അതനുസരിച്ച് മുന്നോട്ടുപോകുകയും ചെയ്യുമ്പോൾ സ്നേഹം ബാധ്യതയായി മാറും. സനേഹിക്കുമ്പോഴും സ്നേഹിക്കപ്പെടുമ്പോഴും അത് ബാധ്യതയായി തോന്നരുത്. ഭാരമായി മാറരുത്. കൊടുക്കുന്നതുപോലെതന്നെ സ്നേഹം തിരികെ കിട്ടണമെന്നില്ല. പക്ഷേ കിട്ടുന്ന  സ്നേഹത്തെ മതിപ്പോടെ സ്വീകരിക്കാനെങ്കിലും സാധിക്കണം.
സ്നേഹിക്കുന്നു എന്ന ഏറ്റുപറച്ചിൽ സ്നേഹത്തിന്റെ പ്രതിഫലനവും വെളിവാക്കലുമാണ്.

സ്നേഹിക്കപ്പെടുമ്പോൾ അംഗീകരിക്കപ്പെടുകയാണ്. ആരുടെയൊക്കെയോ സ്നേഹങ്ങളാണ് നമുക്ക്  നമ്മോട് തന്നെയുള്ള ആത്മാഭിമാനം വളർത്തിയത്. സ്നേഹിക്കുന്നു എന്ന് പറയാൻ പലപ്പോഴും വളരെ എളുപ്പമാണ്. പക്ഷേ സ്നേഹിക്കുന്ന വിധത്തിൽ ജീവിക്കാനാണ് ബുദ്ധിമുട്ട്. എല്ലാവരും ആഗ്രഹിക്കുന്നത് ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നെയും സ്നേഹിക്കണമെന്നാണ്. ഞാൻ ആഗ്രഹിക്കുന്ന വിധത്തിൽ നീയെന്നെ സ്നേഹിക്കണം. നമ്മൾ സ്നേഹിക്കാത്ത ഒരാളുടെയും  സ്നേഹത്തിൽ വീണുപോകാൻ നമുക്ക് താല്പര്യമില്ല.

ജീവിച്ചു മതിയായ പലരുമുണ്ടാവാം, പക്ഷേ  ഒരാൾക്കുപോലും ഈ ലോകത്ത് സ്നേഹിച്ചുമതിയായിട്ടില്ല. സ്നേഹിക്കാൻ സന്നദ്ധതയും സ്നേഹിക്കപ്പെടാൻ യോഗ്യതയുമുള്ള ഒരാളെയും ഈ ലോകം ഉപേക്ഷിച്ചിട്ടില്ല. സ്നേഹിക്കാൻ മനസ്സും സ്നേഹിക്കപ്പെടാൻ ആഗ്രഹവുമുളള ഒരാളും ഈ ജീവിതം വെറുത്തിട്ടുമില്ല

More like this
Related

error: Content is protected !!