ബന്ധം വഷളാവുകയാണോ..?

Date:

spot_img

പലതരത്തിലുള്ള ബന്ധങ്ങളുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. കുടുംബത്തിലും വെളിയിലുമൊക്കെ എത്രയോ ബന്ധങ്ങൾ കൊണ്ടുനടക്കുന്നവരാണ് ഓരോരുത്തരും. ജീവിതപങ്കാളിയുമായി, മാതാപിതാക്കളുമായി, മക്കളുമായി. സഹോദരങ്ങളും അയൽക്കാരും സഹപ്രവർത്തകരുമായി.. ബന്ധങ്ങളുടെ ശൃംഖലകൾ ഇപ്രകാരം നീണ്ടുപോകുന്നു. എന്നാൽ എല്ലാ ബന്ധങ്ങളും സുഗമമായി മുന്നോട്ടുപോവുകയാണോ.. ഒരിക്കലുമല്ല, പല ബന്ധങ്ങളും ചില നേരങ്ങളിൽ ഉലയാറുണ്ട്. അറിഞ്ഞോ അറിയാതെയോ നാം തന്നെയാണ് അതിന്റെ കാരണക്കാർ. പക്ഷേ അക്കാര്യം നാം മനസ്സിലാക്കുന്നില്ല. നമ്മുടെ വ്യക്തിത്വത്തിന്റെ സവിശേഷതകൾ ഇതിന് സാഹചര്യമൊരുക്കുന്നു. മറ്റൊരാളെ പ്രതിരോധിക്കുന്ന നമ്മുടെ പെരുമാറ്റശീലം തന്നെയാണ് ഇവിടെ വില്ലനായിമാറുന്നത്. കുട്ടിക്കാലത്ത് മാതാപിതാക്കളിൽ നിന്നുണ്ടാകുന്ന മുറിവുകൾ, ഭൂതകാലത്തിലെ ബന്ധത്തകർച്ച ഇങ്ങനെ പലതും മറ്റൊരാളെ പ്രതിരോധത്തിലാക്കുന്നവയാണെന്നാണ് മനശ്ശാസ്ത്രവിദഗ്ദർ പറയുന്നത്. സ്വന്തം പെരുമാറ്റം കൊണ്ട് ബന്ധങ്ങളെ വഷളാക്കുകയാണോയെന്ന് സ്വയംനിരീക്ഷിച്ചറിയാൻ ചില ലക്ഷണങ്ങളെ പരിശോധിക്കേണ്ടതുണ്ട്.

അനാവശ്യ  വാഗ്വാദങ്ങളും സ്വയം  ന്യായീകരണങ്ങളും

ചില ആളുകൾ സ്വയംന്യായീകരിക്കു ന്നതിൽ മുമ്പന്തിയിലാണ്. തങ്ങളുടെ തെറ്റ് അവർക്ക് മനസ്സിലായെങ്കിലും അത് സമ്മതിച്ചുതരാൻ അവർ തയ്യാറാവുകയില്ല.  വലിയൊരു മാനക്കേടായിട്ടാണ് കുറ്റസമ്മതത്തെ അവർ കാണുന്നത്. തുടർച്ചയായി തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് അവർ തർക്കിച്ചുകൊണ്ടിരിക്കും ഉദാഹരണങ്ങളും കേട്ടറിവുകളും അവർ നിരത്തുകയും ചെയ്യും. 

വാദിച്ചു ജയിക്കാനാണ് അവർ ശ്രമിക്കുന്നത്. ക്രിയാത്മകമല്ലാത്ത വാഗ്വാദങ്ങളിൽ കുടുങ്ങി അവർ വ്യക്തിബന്ധങ്ങളെ മുറിവേല്പിക്കും.

പൊട്ടിത്തെറിക്കുന്ന  സ്വഭാവവും മുൻകോപവും

ദേഷ്യം സ്വഭാവികമാണ്.പക്ഷേ അനിയന്ത്രിതമായ രീതിയിലുളള ദേഷ്യവും  മുൻപിൻ നോക്കാതെയുള്ള പ്രതികരണങ്ങളും ബന്ധങ്ങളെ മുറിവേല്പിക്കും. ഇത്തരത്തിലുള്ള സ്വഭാവ വൈചിത്ര്യമുള്ള ഒരാളെ സുഹൃത്തായോ ജീവിതപങ്കാളിയായോ നല്ല സഹപ്രവർത്തകനായോ കൊണ്ടു നടക്കാൻ ആളുകൾ മടിക്കും.

ഊഹാപോഹങ്ങളും തെറ്റിദ്ധാരണകളും

രണ്ടുപേർ തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് നിങ്ങൾ അവിടേയ്ക്ക്  കടന്നുചെല്ലുന്നത്. ഉടൻതന്നെ അവരുടെ സംസാരം നിലയ്ക്കുന്നു. അപ്പോൾ നിങ്ങൾ വിചാരിക്കുന്നു, അവർ എന്നെക്കുറിച്ച് മോശമായിട്ടെന്തോ സംസാരിക്കുകയായിരുന്നു. അതാണ് അവർ സംസാരം അവസാനിപ്പിച്ചത്. 

അവരോട് നിങ്ങൾക്ക് മനസ്സിൽ അസ്വസ്ഥത തോന്നുന്നു. ആ അസ്വസ്ഥത പല രീതിയിൽ പലപ്പോഴായി പുറത്തുവരുന്നു. അവർ അങ്ങനെയായിരിക്കും എന്നൊരു  മുൻവിധി പലകാര്യങ്ങളിലും വച്ചുപുലർത്തുന്നവർ ബന്ധങ്ങളെ ഭംഗിയോടെ കൈകാര്യം ചെയ്യാൻ അറിഞ്ഞുകൂടാത്തവരാണ്. പലരെക്കുറിച്ചും  ഊഹം വച്ച് സംസാരിക്കുന്നവർ തെറ്റിദ്ധാരണ പരത്തുന്നവർ, ഇതൊക്കെ ബന്ധങ്ങളിൽ കേടുപാടുകൾ സൃഷ്ടിക്കും.

നെഗറ്റീവ്   ഭാഷ

സംസാരത്തിൽ നെഗറ്റീവ് ടോൺ വച്ചു പുലർത്തുന്നതും ബന്ധങ്ങളെ ദോഷ കരമായി ബാധിക്കും. ഒരു പ്രശ്നത്തെ ചൊല്ലി ചർച്ചയോ പരിഹാരമാർഗ്ഗമോ ഉണ്ടാകുമ്പോൾ, നീ പറഞ്ഞതെല്ലാം ശരി, എല്ലാം എന്റെ തെറ്റ്  എന്ന മട്ടിലുളള കുറ്റസമ്മതം തന്നെ ഉദാഹരണം. ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് വാദിയെ പ്രതിയാക്കുക തന്നെയാണ്. സംവാദത്തിനോ തെറ്റുതിരുത്തലിനോ ഉളള അവസരം ഇല്ലാതാക്കുകയുമാണ്. എല്ലാ തെറ്റുകളും വ്യക്തിപരമായി ഏറ്റെടുക്കുന്ന ഈ രീതി തെല്ലും ആശാസ്യമല്ല. കൂടുതൽ സ്ട്രസും നെഗറ്റിവിറ്റിയുമാണ് ഇവ സമ്മാനിക്കു ന്നത്.

പ്രതിപക്ഷ  ബഹുമാനമില്ലാത്ത പ്രതികരണങ്ങൾ

ഒരാൾ നിങ്ങളോട് വളരെ താല്പര്യത്തോടെ ഒരു വിഷയത്തെക്കുറിച്ച്സംസാരിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ തന്നെ ഒരു കാര്യം വളരെ ആത്മാർത്ഥമായി ചോദിക്കുന്നു. പക്ഷേ നിങ്ങൾ അതിന് ഉഴപ്പൻ മറുപടിയാണ് നല്കുന്നതെങ്കിലോ… കാച്ചിക്കുറുക്കിയ മട്ടിൽ ഉം, അതെ  എന്നരീതിയിൽ മുക്കിയും മൂളിയുമാണ് പറയുന്നതെങ്കിലോ. ഇത്തരക്കാരുമായി ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ ആരും തയ്യാറാവുകയില്ല

ചില  ചേഷ്ടകൾ

ബോഡി ലാംഗ്വേജ്   നാം ആരാണെന്ന് വ്യക്തമായി  പറയുന്നുണ്ട്. നമ്മുടെ നോട്ടം, ചിരി, മുഖഭാവങ്ങൾ ഇതെല്ലാം ഇതിന്റെ ഭാഗമായി വരുന്നു. ചിലരുടെ സമീപം ഇരുന്ന് യാത്ര ചെയ്യാനോ അവരുമായി സൗഹൃദത്തിലാകാനോ പലരും മടിക്കാറുണ്ട്. കാരണം അവർസ്വയം പ്രതിരോധം തീർത്തിരിക്കുകയാണ്. അവിടേയ്ക്ക് ആർക്കും കടന്നുചെല്ലാനാവില്ല.സ്വന്തം ശരീരഭാഷയെക്കുറിച്ച് അവബോധം ഉണ്ടായിരിക്കുക പ്രധാനപ്പെട്ടതാണ്.
ശ്രമിച്ചാൽ ഒഴിവാക്കാനും തിരുത്താനും കഴിയുന്നവയാണ് ഈ സ്വഭാവ പ്രത്യേകതകളെല്ലാം.

More like this
Related

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...
error: Content is protected !!