കണ്ടുപഠിക്കെടാ ആ ജെറിയെ’ അയൽവക്കത്തെ കുട്ടിയുമായി താരതമ്യപ്പെടുത്തി ആൽബിനോട് സംസാരിച്ചത് അവന്റെ അമ്മയാണ്. ക്ലാസിൽ മിടുക്കൻ, കളിയിലും മിടുക്കൻ… അമ്മയ്ക്ക് ജെറിയെക്കുറിച്ചുള്ള വിശേഷണങ്ങളും വർണ്ണനകളും നീണ്ടുപോയി.
അപ്പോ എനിക്ക് യാതൊരു പോസിറ്റീവും ഇല്ലേ അമ്മേ എന്ന സങ്കടം ആൽബിന്റെ ഉള്ളിൽ തിങ്ങി. എങ്കിലും അവന്റെ മനസ്സ് അവനോട് പറഞ്ഞത് ഇങ്ങനെയാണ്.
എനിക്കൊരു കഴിവുമില്ല… ഞാൻ മിടുക്കനല്ല…
പല വ്യക്തികളുടെയും ഭാവിജീവിതത്തെ അപകർഷതയിലേക്ക് തള്ളിവിടുന്നത് പ്രധാനമായും കുട്ടിക്കാലത്തോ കൗമാരകാലത്തോ സ്വന്തം വീട്ടിൽ നിന്നോ അടുത്തബന്ധുക്കളിൽ നിന്നോ കിട്ടുന്ന ഇത്തരത്തിലുള്ള താരതമ്യങ്ങളും വിലയിരുത്തലുകളുമാണ്. തന്റെ മക്കൾക്കില്ലാത്തതും അയൽവക്കത്തെ കുട്ടിക്കുള്ള തുമായ കഴിവുകൾ കാണുമ്പോൾ മാതാപിതാക്കളെന്ന നിലയിൽഅസ്വസ്ഥത തോന്നുന്നതും അത് പുറത്തേക്ക് പല രീതിയിൽ വരുന്നതും സ്വഭാവികമാണ്. പക്ഷേ അത് തങ്ങളുടെ മക്കളുടെ ഭാവിയെയും വ്യക്തിത്വത്തെയും ദോഷകരമായി ബാധിക്കുമെന്നും അവരുടെ ഉള്ള കഴിവുകൾ കൂടി വികസിക്കാതെ പോകുമെന്നും മാതാപിതാക്കൾ തിരിച്ചറിയുന്നതേയില്ല. നല്ല മാതാപിതാക്കൾ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് താരതമ്യപ്പെടുത്തൽ.
ഓരോ കുട്ടികളും വ്യത്യസ്തരാണെന്നും അവർക്കെല്ലാം സ്വതസിദ്ധമായ കഴി വുകളുണ്ടെന്നും മാതാപിതാക്കൾ മനസ്സിലാക്കണം. അയൽവക്കത്തുള്ള കുട്ടിയുമായി മാത്രമല്ല സ്വന്തം വീട്ടിൽ തനിക്കുള്ള സഹോദരങ്ങളുമായും ചില കുട്ടികൾ താരമത്യപ്പെടലിന് വിധേയരാകാറുണ്ട്. ഇത്
ഭാവിയിൽ സഹോദരങ്ങളോടുള്ള വെറുപ്പിനും അകൽച്ചയ്ക്കും അസൂയയ്ക്കുമാണ് വഴിതെളിക്കുന്നത്. ഒന്നിലധികം മക്കളുണ്ടെങ്കിൽ ഒരാളോട് ചിലപ്പോൾ ഇത്തിരി കൂടുതൽ സ്നേഹം തോന്നിയേക്കാം. എ ന്നാൽ ആ സ്നേഹക്കൂടുതൽ മറ്റൊരു കുഞ്ഞിനെ വേദനിപ്പിച്ചുകൊണ്ടാവരുത്. ചില അമ്മമാർ മൂത്തമക്കൾക്ക് കൂടുതൽസ്നേഹവും പരിഗണനയും കൊടുക്കുന്നവരാണ്. തന്റെ ആദ്യത്തെകുട്ടിയെന്ന വിശേഷാൽ പരിഗണനയാണ് അത്. മൂത്ത കുട്ടിക്ക് പലകാര്യങ്ങളിലും മുന്തിയസ്ഥാനം.. പ്രത്യേക ആനുകൂല്യങ്ങൾ.. ഇതൊന്നും ചിലപ്പോൾ രണ്ടാമത്തെയോ മൂന്നാമത്തെയോ കുട്ടിക്ക് കിട്ടിക്കൊള്ളണം എന്നില്ല.
അതുപോലെ വേറെ ചിലവീടുകളിൽ ഇളയകുട്ടികൾക്കാണ് പ്രമുഖ സ്ഥാനം. ഇളയ ആൾ എന്നതാണ് അവിടെ പ്രത്യേകത അർഹിക്കുന്നത്. ഈ പ്രത്യേക സ്ഥാനങ്ങൾ ചിലപ്പോഴെങ്കിലും മറ്റ് മക്കൾ ചോദ്യം ചെയ്തെന്നിരിക്കും. അവരുടെ ചോദ്യം ചെയ്യൽ ന്യായവുമാണ്. മക്കൾ എല്ലാവരും പ്രത്യക്ഷത്തിലെങ്കിലും മാതാപിതാക്കൾക്ക് ഒരുപോലെയായിരിക്കണം.അനാവശ്യമായ വേർതിരിവുകളോ പക്ഷപാതങ്ങളോ ഉണ്ടായിരിക്കരുത്.
മാതാപിതാക്കളുടെ ഈ പക്ഷപാതിത്വം ഭാവിയിൽ മക്കൾ തമ്മിലുള്ള സാഹോദര്യത്തെ പോലും പ്രതികൂലമായി ബാധിക്കും. മക്കളോരോരുത്തരും തങ്ങൾക്ക് ഒന്നുപോലെയാണെന്ന് പ്രതികരണത്തിലൂടെയും വാക്കിലൂടെയും അവർക്ക് ബോധ്യമാകണം. സ്നേഹത്തിന്റെയും പ്രോത്സാഹനത്തിന്റെയും വച്ചു വിളമ്പൽ എല്ലാ മക്കൾക്കും ഒരുപോലെയായിരിക്കട്ടെ. അനാവശ്യമായ താരതമ്യങ്ങളും എപ്പോഴുമുള്ളകുറ്റപ്പെടുത്തലും അവസാനിപ്പിക്കുക. ഉപദേശങ്ങളുടെ കാര്യവും അങ്ങനെ തന്നെ. എപ്പോഴും ഉപദേശിക്കാതെ മക്കൾക്ക് മാതൃകയായി ജീവിച്ചുകാണിക്കുക എന്നതാണ് ഏറ്റവും പ്രധാനം.