മറവിയുടെ കാലം- ഡിജിറ്റൽ അംനേഷ്യ

Date:

spot_img

തിരുവല്ലയിൽ നിന്ന് പാലായിലേക്കുള്ള യാത്രയ്ക്കിടയിൽ ബസിൽ വച്ചാണ് സജിക്ക് ഫോൺ നഷ്ടമായത്.  ഒരു അടിയന്തിര യാത്രാവശ്യം ആയതിനാൽ ആരെ വിളിച്ചാണ് ഫോൺ നഷ്ടമായകാര്യം പറയേണ്ടതെന്ന് അയാൾ ആലോചിച്ചു. പലരുടെയും മുഖങ്ങൾ ഓർമ്മയിലേക്ക് വന്നുവെങ്കിലും ഒരു കാര്യം ഞെട്ടലോടെ അയാൾ ഓർമ്മിച്ചു. തനിക്ക് ആരുടെയും മൊബൈൽ നമ്പർ ഓർമ്മയില്ല. ഭാര്യ, മക്കൾ, കൂട്ടുകാർ, സഹോദരങ്ങൾ… പലരുടെയും മുഖങ്ങൾ കടന്നുപോയി. പക്ഷേ ഒരാളുടെപോലും നമ്പർ ഓർമ്മയിലില്ല

*****

എട്ടാം ക്ലാസുകാരനാണ് ഫ്രാൻസി. ഏതെങ്കിലും വിഷയത്തെക്കുറിച്ചോ ഏതെങ്കിലുമൊരു സാധനത്തെക്കുറിച്ചോ അറിയേണ്ട കാര്യം പറയുകയാണെങ്കിൽ ഉടനെ അവൻ മാതാപിതാക്കളോട് പറയുന്നത് ഇതാണ്. നമുക്ക് ഗൂഗിൾ നോക്കിയാൽ പോരെ? എല്ലാം അതിലുണ്ടല്ലോ? ഗൂഗിളിൽ നോക്കി അവൻ കൃത്യമായി കാര്യംപറഞ്ഞു കൊടുക്കും.പക്ഷേ രണ്ടു ദിവസം കഴിഞ്ഞ് ഇതേ വിഷയത്തെക്കുറിച്ച്ചോദിച്ചാൽ താൻ പറഞ്ഞുകൊടുത്ത മറുപടിയെക്കുറിച്ച് അവനോർമ്മയേ ഉണ്ടാവില്ല.

*****

  ജോലിക്കുവേണ്ടിയുള്ള എഴുത്തുപരീക്ഷയിൽ പങ്കെടുക്കുന്നതിന്  അതിരാവിലെ ഉറക്കമുണരേണ്ടതിനാൽ അന്ന് അനുപമ മൊബൈലിൽ അലാറം സെറ്റ് ചെയ്തതിന് ശേഷമാണ് കിടന്നുറങ്ങിയത്. ദൂരെയുള്ള ഒരു സ്ഥലത്താണ് എക്സാം സെന്റർ എന്നതിനാൽ വീട്ടിൽ നിന്ന് നേരത്തെ പുറപ്പെടണമായിരുന്നു.പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ, ചാർജ് ഇല്ലാത്തതിനാൽ മൊബൈൽ ഓഫായി പോയി. ഫലമോ അനുപമ നേരത്തെ ഉറക്കമുണർന്നുമില്ല, പരീക്ഷ എഴുതിയുമില്ല.

എന്താണ്  ഈ സംഭവങ്ങൾക്ക് തമ്മിൽ ബന്ധം?  ഇന്ന് ലോകം പ്രധാനമായും 40 നും 50 നും ഇടയിൽപ്രായമുള്ളവർക്കിടയിൽവർദ്ധിച്ചുവരുന്ന ഓർമ്മക്കുറവുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. ഡിജിറ്റൽ അംനേഷ്യ എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കുന്നതുകൊണ്ട് ഓർമ്മിക്കാനുള്ള കഴിവ് തലച്ചോറിന് നഷ്ടപ്പെടുന്ന പ്രതിഭാസമാണ് ഇത്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന് സ്മാർട്ട് ഫോൺ ആണ് വില്ലൻ എന്ന് പറയേണ്ടിവരും. പുതിയവിവരങ്ങൾ നിലനിർത്താനുംപുതിയ ഓർമ്മകൾ രൂപപ്പെടുത്താനുമുള്ള തലച്ചോറിന്റെ കഴിവിനെ സ്മാർട്ട് ഫോണുകൾ നഷ്ടപ്പെടുത്തുന്നു.

ഇനി തുടക്കത്തിൽ പറഞ്ഞ ഒന്നാമത്തെ സംഭവത്തെ അപഗ്രഥിക്കൂ. മൊബൈൽ ഫോണിന് മുമ്പ് ലാൻഡ് ഫോൺ ഉപയോഗിച്ചിരുന്നകാലം. അന്ന് നമ്മൾ ഓരോ തവണയും നമ്പർ ഡയൽ ചെയ്താണ് നിർദ്ദിഷ്ട വ്യക്തികളെ വിളിച്ചുകൊണ്ടിരുന്നത്. പലവട്ടം വിളിക്കുന്നതുവഴി  ആ നമ്പറുകൾ പലതും മനപ്പാഠമായിക്കഴിഞ്ഞിട്ടുണ്ടാവാം. ഇനി അങ്ങനെയല്ലെങ്കിൽ പോലും ചെറിയ നോട്ടുബുക്കിൽ ആ നമ്പറുകളെല്ലാം എഴുതിസൂക്ഷിച്ചിരുന്നതുകൊണ്ട് എപ്പോൾ വേണമെങ്കിലും അവരെ വിളിക്കാനും കഴിയുമായിരുന്നു. ഇന്ന് മൊബൈലിൽ നമ്പറുകളും പേരുകളും ഒരിക്കൽ മാത്രം സേവ് ചെയ്യപ്പെടുകയാണ്. അതൊരിക്കലും ഓർമ്മ പുതുക്കേണ്ട കാര്യം പോലുമില്ല. ഇങ്ങനെ സേവ് ചെയ്യപ്പെടുന്ന ഫോൺ ഏതെങ്കിലും വിധത്തിൽ നഷ്ടമാകുന്നതോടെ കോൺടാക്ടിലുള്ള എല്ലാവരുമായും ബന്ധം വിച്ഛേദിക്കുകയാണ്. കാരണം ഒരു നമ്പർ പോലും സാധാരണഗതിയിൽ  ഭൂരിപക്ഷവും ഓർമ്മയിൽ സൂക്ഷിക്കുന്നില്ല.

രണ്ടാമത്തെ സംഭവം നോക്കാം.ഇ വിടെയും വിവരങ്ങൾ അറിയാനായി ഗൂഗുളിനെ ആശ്രയിക്കുന്ന തലമുറയുടെ പ്രത്യേകതയാണ് തെളിഞ്ഞുവരുന്നത്. ഏതു വിവരവും നൊടിയിടെ ഗൂഗിളിൽ ലഭിക്കുന്നു. പക്ഷേ അവിടെയും അക്കാര്യം ഓർമ്മയിൽ സൂക്ഷിക്കേണ്ട ഒന്നായി ആരും കരുതുന്നില്ല. സംശയം തോന്നിയാൽ ഗൂഗിളുണ്ടല്ലോ എന്നാണ് മട്ട്…

 ഇനി മൂന്നാമത്തെ സംഭവം. തലച്ചോറാണ് ഏറ്റവും മികച്ച ഘടികാരം. ടൈംപീസോ മൊബൈലോ ഒന്നും വ്യാപകമാകാതിരുന്ന  കാലത്തും  മനുഷ്യർ  അതിരാവിലെ ഉറക്കമുണരുകയും അടിയന്തിരയാത്രകൾ നടത്തുകയും ചെയ്തിരുന്നു. എങ്ങനെയായിരുന്നു സമയം തെറ്റാതെ അന്ന് കാര്യങ്ങൾ ചെയ്തിരുന്നത്? ഉള്ളിലൊരു ഘടികാരം പ്രവർത്തിക്കുന്നുണ്ട്. അത് നമ്മെ കൃത്യസമയത്ത് വിളിച്ചെണീല്പിക്കുന്നു. ഇന്ന് സ്വന്തം തലച്ചോറിനെയും ജാഗ്രതയെയുംകാൾ നാം ആശ്രയിക്കുന്നത മൊബൈലിനെയാണ്. അനുപമയ്ക്ക് സംഭവിച്ചതുപോലെ ചിലപ്പോൾ മൊബൈൽ പണിയും തന്നിരിക്കും.

ഈ സംഭവങ്ങളെല്ലാം നമ്മുടെ ഓർമ്മകൾക്ക് നാം തന്നെ ശവക്കുഴി തോണ്ടുകയാണെന്ന് വ്യക്തമാക്കുകയാണ്. രണ്ടായിരത്തിന്റെ പാതിയോടെയാണ് സ്മാർട്ട് ഫോണുകൾ വ്യാപകമായത്. എന്നാൽ കോവിഡ് കാലമാണ് കൂടുതലാളുകളെയും ഇവയ്ക്ക് അടിമയാക്കിയത്. ഏകാന്തതയും സ്ട്രസും അന്യതാബോധവും രോഗഭീതിയും ചേർന്ന് മൊബൈലിന്റെ ലോകത്തിലേക്ക് ആളുകൾ ചേക്കേറി. കഴിഞ്ഞവർഷം നടത്തിയ ഒരു സർവ്വേയിൽ   തെളിഞ്ഞ ഫലം 80 ശതമാനം ആളുകളുടെയും അഭിപ്രായം അവരുടെ ഓർമ്മശക്തി കോവിഡിന് മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ 80 ശതമാനം ദുർബലമായിരിക്കുന്നു എന്നാണ്. ഓർമ്മയിൽ സൂക്ഷിക്കാനുള്ള കുട്ടികളുടെ കഴിവിനെ ഓൺലൈൻ വിദ്യാഭ്യാസവും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ന് ഭൂരിപക്ഷം കുട്ടികളും ഗെയിമുകളുടെലോകത്തിലാണ്. യൂട്യൂബുകളുടെ ലോകത്തിലാണ്. പഠിച്ച പലകാര്യങ്ങളും അവർ മറന്നുപോകുന്നു. മുമ്പത്തെക്കാളേറെ കുട്ടികളിൽ മറവി വർദ്ധിച്ചിരിക്കുന്നത് സാങ്കേതിക വിദ്യയെകൂടുതൽ ആശ്രയിക്കുന്നതുകൊണ്ടാണ്. ഒരിക്കൽ ഓർമ്മശക്തിയെ നാംവേണ്ടെന്ന് വച്ചാൽ പിന്നീടൊരിക്കലും അവ തിരികെ കിട്ടില്ലെന്നാണ് മോൺട്രിയലിലെ യൂണിവേഴ്സിറ്റി പ്രഫസർ ഒലിവർ ഹാർഡറ്റ് പറയുന്നത്. നാം ഒരുപാട് കാര്യങ്ങൾക്കുവേണ്ടി ഡിവൈസുകളെ ആശ്രയിക്കുന്നുണ്ട്, പാചകപരീക്ഷണം നടത്താൻ യൂട്യൂബ് ചാനൽ സ്ഥിരമായി നോക്കുന്നവരുണ്ട്. ഓരോ രുചികൾക്കും  വ്യത്യസ്തകൾക്കും വേണ്ടി അവർ തങ്ങളുടെ ആവശ്യം തോറും ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നു. സൗകര്യപ്രദമെന്ന് ആദ്യം തോന്നുമെങ്കിലും ഇത്തരം സൗകര്യങ്ങൾക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്ന് മറന്നുപോകരുത്. 

ചുരുക്കത്തിൽ സാങ്കേതികവിദ്യയെ നാം കൂടുതൽ ആശ്രയിക്കുന്നതുവഴി തലച്ചോറിന് വേഗത്തിൽ കാര്യങ്ങൾ ഓർക്കാനുള്ളകഴിവ് നഷ്ടപ്പെടുത്തുന്നു. സ്മാർട്ട് ഫോണിന്റെ അമിതോപയോഗം പുതിയവിവരങ്ങളും ഓർമ്മകളും നിലനിർത്താനുള്ള തലച്ചോറിന്റെ കഴിവ് തകരാറിലാക്കുന്നു, ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ചില മാർഗ്ഗങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പാതിരാത്രിയിലുമുള്ള മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുക. മൊബൈലിനെ ബെഡ്റൂമിന് വെളിയിൽ വച്ചിട്ട്  ഉറങ്ങാൻ പോകുക. കാരണം നല്ല  ഉറക്കം ഓർമ്മശക്തിവർദ്ധിപ്പിക്കുന്നു. ഉറങ്ങുന്ന സമയത്ത് മസ്തിഷ്‌കം സിനാപ്റ്റിക് പ്രൂ ണിങ് എന്ന പ്രവർത്തനത്തിൽ ഏർപ്പെടുകയും ഈ പ്രവർത്തനത്തിലൂടെ പഴയ വിവരങ്ങൾ ശുദ്ധീകരിക്കുകയും പുതിയ വിവരങ്ങൾ കൂട്ടിചേർക്കാൻ അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. 

ഉറക്കം ശരിയായില്ലെങ്കിൽ പുതിയ ഓർമ്മകൾ രൂപീകരിക്കാനുള്ള തലച്ചോറിന്റെ കഴിവിനെ അത് പ്രതികൂലമായി ബാധിക്കുന്നു. പോഷകാഹാരം  കഴിക്കുകയാണ് മറ്റൊരു മാർഗ്ഗം. വിറ്റമിനുകളുടെ അപര്യാ പ്തത ഓർമ്മശക്തിയെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ഓർമ്മശക്തിയെ തിരിച്ചുപിടിക്കാൻ പോഷകാഹാരം കഴിക്കുക. സാധിക്കുമെങ്കിൽ ആഴ്ചയിലൊരിക്കൽ ഇലക്ട്രോണിക് സ്‌ക്രീനുകളിൽ അകന്നുനില്ക്കാൻ കഴിയുമോയെന്ന് നോക്കുക.

More like this
Related

മൊബൈലേ വിട അകലം

അമ്പതോളംവർഷങ്ങൾ കൊണ്ട് ഇത്രയധികം ജനകീയവൽക്കരിക്കപ്പെട്ട, സാർവത്രികമായ മറ്റൊരു ഉപകരണവും മൊബൈൽ പോലെ...

ബന്ധങ്ങൾ തകർക്കുന്ന Technoference

ചിലർക്കെങ്കിലും അപരിചിതമായ വാക്കായിരിക്കും ടെക്നോഫെറൻസ്. എന്താണ് ഈ വാക്കിന്റെ അർത്ഥം?  ഡിജിറ്റൽ...

ഫേസ്ബുക്കിൽ ഇത് അൽഗൊരിതകാലം

കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ് ബുക്ക് അൽഗൊരിതമയമാണ്. എന്തോ വലിയ ഒരു...

ഇന്റർനെറ്റിന്റെ മുത്തച്ഛൻ

ഇന്റർനെറ്റ് ഇന്ന് ഒരാവശ്യ വസ്തുപോലെ ആയിരിക്കുകയാണ്. വിവരങ്ങൾ വിരൽത്തുമ്പിലാക്കാനും,  മനുഷ്യജീവിതം കൂടുതൽ...
error: Content is protected !!