സന്തോഷം മാത്രമാണോ ജീവിതത്തിന്റെ ലക്ഷ്യം?

Date:

spot_img

ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? ഇങ്ങനെയൊരു ചോദ്യം കേൾക്കുമ്പോൾ ഭൂരിപക്ഷവും പറയുന്ന മറുപടി ഒന്നുതന്നെയായിരിക്കും. ഹാപ്പിയായിരിക്കുക. സന്തോഷമുണ്ടായിരിക്കുക. വളരെ നല്ലകാര്യം തന്നെയാണ് അത്. കാരണം ഒരു മനുഷ്യനും ദുഃഖിച്ചിരിക്കാനോ നിരാശപ്പെട്ടിരിക്കാനോ ആകുലതയോടെ കഴിയാനോ ആഗ്രഹിക്കുന്നില്ല. ഒരു തരത്തിൽ സന്തോഷം നല്ലതുതന്നെയാണ്. നല്ല രീതിയിലുള്ള സന്തോഷമാണ് തിരഞ്ഞെടുക്കുന്നതെങ്കിലും അനുഭവിക്കുന്നതെങ്കിലും. എന്നാൽ എല്ലാ സന്തോഷവും പോസിറ്റിവാണെന്ന്  പറയാനാവില്ല. ഉദാഹരണത്തിന് ചിലർക്ക് മദ്യപിക്കുന്നതാണ് സന്തോഷം. വേറെ ചിലർക്ക് ഓൺലൈൻ റമ്മി കളിക്കുന്നതാവാം. ഇനിയും ചിലർക്ക് സിനിമ കാണുന്നതും പുസ്തകം വായിക്കുന്നതും പാട്ടുകേൾക്കുന്നതുമാകാം.
വേറെയും ചില ഉദാഹരണങ്ങളുണ്ട്.  ഒരു സാധനം വാങ്ങുമ്പോൾ- വാഹനവും വീടും ലാപ്പ്ടോപ്പും മൊബൈലും മുതൽ വസ്ത്രം വരെ – നാം വിചാരിക്കുന്നത് അത് നമ്മെ സന്തോഷിപ്പിക്കും എന്നതാണ്. പക്ഷേ ഏതാനും നാളുകൾ കഴിയുന്നതോടെ അവയിലുള്ള ഇഷ്ടം ക ുറയുകയും അത് നമ്മെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്ന് അല്ലാതായിത്തീരുകയും ചെയ്യുന്നു. ഒരു വിനോദയാത്ര സന്തോഷിപ്പിക്കുമെന്ന് കരുതി അത്തരമൊരു യാത്ര നടത്തി തിരികെ വരുന്നു. തീർച്ചയായും സന്തോഷമുണ്ട്. 


പക്ഷേ മറ്റൊരു യാത്ര വരുമ്പോൾ ആദ്യത്തെ സന്തോഷം കുറയുന്നു.നന്നായി കളിക്കുമ്പോഴും കുളിക്കുമ്പോഴും ആളുകളുടെ പ്രശംസ കേൾക്കുമ്പോഴും എല്ലാം സംഭവിക്കുന്നതും ഇതുതന്നെയാണ്. ഓരോന്നും നമ്മെ സന്തോഷിപ്പിക്കുന്നുവെന്ന് നാം വിചാരിക്കുന്നു. പക്ഷേ അവയൊന്നും സ്ഥിരമായ സന്തോഷം നമുക്ക് നല്കുന്നില്ല. അടുത്ത ഒരു സന്തോഷത്തിന് വേണ്ടിയുള്ള രണ്ട് സന്തോഷങ്ങൾക്കിടയിലുള്ള ചെറിയ സ്പെയ്സായി ജീവിതം മാറുന്നു. ഇവിടം കൊണ്ടൊന്നും നമ്മുടെ സന്തോഷങ്ങൾ പൂർണ്ണമാകുന്നില്ല. അവസാനിക്കുന്നുമില്ല. 
ഇങ്ങനെ സന്തോഷത്തിന് വിവിധ അടരുകളുണ്ട്. വിവിധ രീതികളുണ്ട്. അതുകൊണ്ട്തന്നെ ഒരാളുടെസന്തോഷത്തെ മറ്റൊരാളുടെ സന്തോഷവുമായി താരത മ്യപ്പെടുത്താനോ വിലയിരുത്താനോ കഴി യില്ല. ഓരോരുത്തരുടെയും സന്തോഷ ങ്ങൾ അവരവർക്ക് മാത്രം പ്രധാനപ്പെട്ടതും വിലയുള്ളതുമാകുമ്പോൾ പ്രത്യേകിച്ചും.
അതുകൊണ്ട് ജീവിതത്തിന്റെ ലക്ഷ്യം സന്തോഷിക്കുന്നത് മാത്രമാണെന്ന് പറയാനാവില്ല. ഒരു സന്തോഷത്തിന് പിന്നാലെ മറ്റൊരു സന്തോഷം തേടുന്നതുകൊണ്ടുതന്നെയാണ് അത്. പിന്നെ എന്താണ് ജീവിതത്തിന്റെ ലക്ഷ്യം?
എമേഴ്സൺന്റെ വാക്കുകൾ ഇക്കാര്യം വ്യക്തമാക്കുന്നു.

‘ജീവിതത്തിന്റെ ലക്ഷ്യം എന്നതൊരിക്കലും സന്തോഷവാനായിരിക്കുക എന്നതല്ല. അത് ഉപകാരപ്രദമായിരിക്കുക എന്നതാണ്. ഇക്കാര്യം മനസ്സിലാക്കിക്കഴിയുന്നതോടെ നാം കൂടുതൽ നന്നായി ജീവിക്കും.’ അതെ, മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ജീവിക്കുക.  അവർക്ക് ഉപകാരമുള്ളവരായി മാറുക.

നിങ്ങളുടേതല്ലാത്ത ഉത്തരവാദിത്തം മറ്റൊരാൾക്കുവേണ്ടി ഏറ്റെടുത്തുചെയ്യുന്നതാകാം അത്. റോഡ് മുറിച്ചുകടക്കാൻ ഒരാളെ സഹായിക്കുന്നതുപോലെയുള്ള നിസ്സാരമെന്ന് തോന്നുന്ന പ്രവൃത്തികൾ വരെ ഇക്കൂട്ടത്തിൽ പെടുന്നു. അറിവും സമയവും സാമ്പത്തികവും ആരോഗ്യവും മറ്റുള്ളവർക്ക് അവർ അർഹിക്കുന്ന വിധത്തിൽ അവർക്കാവശ്യമായ സമയത്തും ചെലവഴിക്കാൻ തയ്യാറാകുക. അപ്പോഴാണ് നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വിധത്തിലാകുന്നത്. അതുവഴിയുണ്ടാകുന്ന സന്തോഷമാണ് സ്ഥിരമായിരിക്കുന്നത്. ഇതുവരെ നാം നമുക്കുവേണ്ടി മാത്രം ജീവിക്കുകയായിരുന്നു. 

ചിലതൊക്കെ നേടിയാൽ, സ്വന്തമാക്കിയാൽ ജീവിതത്തിൽ സന്തോഷം അനുഭവിക്കാൻ കഴിയുമെന്ന് നാം വിചാരിച്ചു. ക്ഷണികമായ സന്തോഷം മാത്രമാണ് അത്. മുമ്പ് എഴുതിയതുപോലെ മറ്റൊരു സന്തോഷത്തിന് പിന്നാലെ നാം പോകുന്നത്  ആ സന്തോഷം അതിൽതന്നെ പൂർണ്ണമല്ല എന്നതുകൊണ്ടാണ്. മറ്റുള്ളവർക്ക് ഉപകാരം ചെയ്യാത്ത ഒരു ദിവസംപോലും നിന്റെ ജീവിതത്തിലുണ്ടാകരുത് എന്നൊക്കെ ചില ആത്മീയ ഗുരുക്കന്മാർ പറയുന്നത് അവർ തങ്ങളുടെ സന്തോഷത്തിന്റെ രഹസ്യമായി ഇക്കാര്യം തിരിച്ചറിഞ്ഞിരുന്നു എന്നതുകൊണ്ടാണ്. ഒരു ദിവസം അവസാനിക്കുന്നതിന് മുമ്പ് ഓരോരുത്തരും സ്വയം ചോദിക്കുക, ഇന്നേ ദിവസം ഞാൻ സന്തോഷിച്ചിട്ടുണ്ടോ? മറ്റുള്ളവരിലാണ് സ്വന്തം സന്തോഷത്തിന്റെ താക്കോലെന്ന് കരുതിയിരിക്കുന്ന പലർക്കും കിട്ടുന്ന ഉത്തരം ഇല്ല എന്നായിരിക്കും, സാധന സാമഗ്രികളിലോ പ്രശംസയിലോ സന്തോഷം കണ്ടെത്തിയവർ ചിലപ്പോൾ ഉവ്വ് എന്ന് ഉത്തരം പറഞ്ഞേക്കാം. പക്ഷേ ആ സന്തോഷം സ്ഥിരമായിരിക്കില്ല. എന്നാൽ ഇന്നേ ദിവസം മറ്റുള്ളവർക്ക് സ്വന്തം ജീവിതം വഴി എന്തെങ്കിലും ഉപകാരം ചെയ്തവർക്ക് ഈ ദിവസം മാത്രമല്ല ഇനിയുള്ള ദിവസങ്ങളും സന്തോഷത്തിന്റേതായിരിക്കും.

മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ജീവിക്കുക എന്നത് ഒരു കാഴ്ചപ്പാടും ജീവിതവീക്ഷണവുമാണ്. ഞാൻ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന ഒരു വ്യക്തിയായി മാറും എന്ന് തീരുമാനമെടുക്കുക. ആ തീരുമാനം നടപ്പിലാക്കാൻ കഴിയുന്ന സാഹചര്യങ്ങൾ നിങ്ങളെ തേടിവരും. അതുവഴിയുള്ള സന്തോഷങ്ങൾ ഒരിക്കലും ആർക്കും അപഹരിക്കാൻ കഴിയുകയുമില്ല.

More like this
Related

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...
error: Content is protected !!