സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ

Date:

spot_img

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു നോക്കിയിരുന്ന ആ പഴയ ബാല്യത്തിന്റെ പ്രലോഭനം എങ്ങോ ചോർന്നു പോയിരിക്കുന്നു. പകരം മൂടിവെച്ച ആശയങ്ങളെയും വിശ്വാസങ്ങളെയും മറനീക്കി നോക്കാനാണ് ഇപ്പോൾ കൂടുതൽ ഇഷ്ട്ടം. അറിവു നേടാനുള്ള ഈ ഓട്ടപ്പാച്ചിലുകൾക്കിടയിൽ ഇടക്ക് ഒന്ന് മൗനിയാകാറുണ്ട്. ചുറ്റുമുള്ള ശബ്ദങ്ങൾ കൂടിച്ചേരുന്നതാണല്ലോ നമ്മുടെ നിശബ്ദത. അപ്പോൾ ഉള്ളു നിറയേ പ്രകാശം ചുമക്കുന്ന ഒരു മനുഷ്യൻ, ചൂട്ടു കത്തിച്ച് കുന്നിറങ്ങി ഓർമയിലേക്ക് വരും. ഈയിടയായി അയാളാണ് മനസു നിറയെ. എന്തുമാത്രം വെളിച്ചത്തെയാണ് അദ്ദേഹം ഉടലിൽ ചുമക്കുന്നതെന്ന് ഇടക്കെങ്കിലും അത്ഭുതം കൂറിയിട്ടുണ്ട്. മറ്റാരുമല്ല, കാൾ സാഗനാണത്. അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാൾ സാഗൻ. (19341996)). 


പ്രശസ്തമായ ‘പേൽ ബ്ലൂ ഡോട്ട്’ (Pale Blue Dot is a photograph of planet Earth taken on February 14, 1990, by the Voyager 1 space probe from a record distance of about 6 billion kilometers)  എന്ന ഫോട്ടോഗ്രാഫിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അദ്ദേഹം എഴുതിയ വരികൾ അപ്പോൾ ഉള്ളിൽക്കിടന്ന് തിളക്കും. ‘ആ നീലപ്പൊട്ടിലേക്ക് ഒന്നും കൂടെ സൂക്ഷിച്ചു നോക്കൂ. അത് ഇവിടമാണ്. അതാണ് വീട്. അത് നമ്മളാണ്. അതിൽ നിങ്ങൾ സ്‌നേഹിക്കുന്നവരും അറിയുന്നവരും ഇതുവരെ കേട്ടിട്ടുള്ളവരും ജീവിക്കുന്നു. എപ്പോഴെങ്കിലും ഉണ്ടായിരുന്ന എല്ലാ മനുഷ്യരും അവരുടെ ജീവിതങ്ങൾ ജീവിച്ച് തീർത്തതിവിടെയാണ്. നമ്മുടെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും ആകെ തുക. ആയിരക്കണക്കിന് അന്ധവിശ്വാസങ്ങളുള്ള മതങ്ങൾ, ചിന്താധാരകൾ, സാമ്പത്തിക സിദ്ധാന്തങ്ങൾ, ഓരോ വേട്ടക്കാരനും ഇരയും ഓരോ ധീരനും ഭീരുവും നാഗരികതയുടെ ഓരോ സ്രഷ്ടാവും സംഹാരകനും ഓരോ രാജാവും ദരിദ്രനും സ്‌നേഹത്തിലാണ്ടുപോയ കമിതാക്കളും ഓരോ അമ്മയും അച്ഛനും ഓരോ ഉപജ്ഞാതാവും പരിവേക്ഷകനും ഒരോ ധാർമിക ആചാര്യനും ഓരോ അഴിമതിക്കാരനായ രാഷ്ട്രീയക്കാരനും…. മനുഷ്യവംശത്തിന്റെ ചരിത്രത്തിലേ ഓരോ വിശുദ്ധനും പാപിയും അവിടെ ജീവിച്ചു.

സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ. വിശാലമായ പ്രപഞ്ചത്തിന്റെ അരങ്ങിൽ കേവലം ഒരു സൂക്ഷ്മമായ തരിമാത്രമാണ് നമ്മുടെ ഭൂമി’. അദ്ദേഹത്തിന്റെ ഈ വാക്കുകളിലൂടെ പ്രപഞ്ചത്തെ നോക്കികാണുമ്പോൾ മനുഷ്യൻ എന്ന ഹുങ്ക് ക്രമേണ എവിടയോ തിരോഭവിക്കുന്നു. നമ്മുടെ അറിവുകൾ എത്ര പരിമിതവും ദൈവ സങ്കൽപ്പങ്ങൾ എത്ര ചുരുങ്ങിയതുമാണ്. ദൈവം ഉണ്ടോ എന്ന് ചോദ്യമെറിയുമ്പോൾ ‘ആളുകൾ പറയുന്ന തരത്തിൽ ഒന്ന് സത്യമായും ഇല്ലായെന്ന്’ പറഞ്ഞ ഗുരു മൊഴിയുടെ ആഴമൊക്കെ തെളിയുന്നത് ഇപ്പോഴാണ്. ഈപ്പൊട്ടിന്റെ അംശനേരത്തേ നേതാക്കളാകാൻ വേണ്ടിയല്ലേ അവർ യുദ്ധങ്ങൾ ചെയ്തത്? ഈപ്പൊട്ടിനേപ്പോലും അറിയാത്തവരല്ലേ ഈക്കണ്ട പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ചവന്റെ തിരുവിഷ്ടം എന്ന് തെരുവിൽ വിളിച്ചുകൂവി അന്യന്റെ സ്വകാര്യതയിലേക്ക് കണ്ണെറിയുന്നത്? ‘അരിയും മലരും കുന്തിരിക്കവും വാങ്ങി കാത്തിരുന്നോ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ, മര്യാദയ്ക്ക് ജീവിച്ചില്ലേൽ ഞങ്ങൾക്ക് അറിയാം ആസാദി.’ ഹോ! ഒരു കുഞ്ഞിന്റെ നാവിൽ നിന്നു പോലും ഇങ്ങനെ വിഷം തുപ്പിക്കുന്ന കാലത്തിന്റെ നടുവിൽ നിൽക്കുമ്പോൾ, മനസിലാക്കുന്നത് ഏറ്റവും അപകടം പിടിച്ച ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് എന്നാണ്. വെള്ളത്തിൽ തിള കയറി വരുന്നതു പോലെ മനുഷ്യരിൽ വർഗീയത വളരെ പതുക്കെ പതുക്കെ പടർന്ന് പിടിക്കുന്നു. പ്രിയപ്പെട്ടവരോട് പോലും ചേർന്നിരിക്കാൻ പറ്റാത്ത ഒരു കെട്ട കാലം. എന്തൊരു വിരോധാഭാസം എന്ന് പറഞ്ഞ് എത്രകാലം ഇതിനെ ചുരുക്കി കളയും.


നമ്മുടെ ശരീരത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകാത്ത കോടിക്കണക്കിനു ബാക്ടീരിയകളുണ്ട് എന്ന അറിവ് ഒരുപക്ഷേ നമുക്കുണ്ടായിരിക്കുമല്ലോ? ഈ പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളും ആ ബാക്ടീരിയകളെക്കാൾ എത്രയോ ചെറുതാണ് നമ്മൾ. എന്നിട്ടും നമ്മൾ പരസ്പരം പോരാടുന്നു.  


ഹോമോസാപിയൻസ്, ഡെസ്മണ്ട് മോറിസിന്റെ ഭാഷയിൽ പറഞ്ഞാൽ നഗ്‌ന വാനരനാണ് നമ്മൾ (The Naked Ape). പുരാതന ഗ്രീക്ക് മിത്തോളജിയിൽ ദേവന്മാരുടെ ദേവനായ സിയൂസ് ഭൂമി സൃഷ്ടിച്ചതിനു ശേഷം അതിൽ ഉണ്ടായിരുന്ന എല്ലാ ജീവിവർഗങ്ങൾക്കും തന്റെ കയ്യിലുണ്ടായിരുന്ന സമ്മാനങ്ങൾ കൊടുത്ത ഒരു കഥയുണ്ട്. സിയൂസ് ആനയ്ക്ക് കരുത്തും ഇരയെ വേട്ടയാടാൻ സിംഹത്തിന് വേഗതയും പക്ഷികൾക്ക് പറന്നുയരാൻ ചിറകും മറ്റ് മൃഗങ്ങൾക്കും പക്ഷികൾക്കും തങ്ങളുടെ നഗ്‌നത മറയ്ക്കാൻ രോമങ്ങളും തൂവലുകളും സമ്മാനമായി നൽകി. എന്നാൽ പതിവുപോലെ വൈകിയെത്തിയ മനുഷ്യന് കൊടുക്കാൻ സിയൂസിന്റെ കയ്യിൽ യാതൊന്നുമില്ലായിരുന്നു. ഒടുക്കം അദ്ദേഹം തന്റെ കയ്യിൽ ശേഷിച്ച ബുദ്ധി മനുഷ്യന് നൽകി എന്നതാണ് കഥ. ഒരു തരത്തിൽ ചിന്തിച്ചാൽ എത്ര ശരിയാണ്. ‐”Survival of the fittest‐’ അതിജീവന ശേഷിയുള്ളത് അതിജീവിക്കും എന്ന തത്വം നിലനിൽക്കുമ്പോഴും നിസ്സഹായരിൽ നിസ്സഹായരായ ഹോമോസാപിയെൻസ് എന്ന നമ്മൾ അതിജീവിച്ചു. പിന്നെ നമ്മൾ കാടും മേടും ഭൂമിയും ആകാശവും അതിലുള്ള സകലതും നമുക്കു മാത്രം അവകാശമായി തന്ന ദൈവത്തെ ഭാവന ചെയ്തു. ദൈവം ഇതെല്ലാം സൃഷ്ടിച്ചത് മനുഷ്യനുവേണ്ടി എന്ന ആദ്യപാഠം നമ്മുടെ കുഞ്ഞുങ്ങളെ പറഞ്ഞ് പഠിപ്പിച്ചു. 


നമ്മുടെ ലോകം കേവലം നമ്മളിൽ മാത്രം വലയം ചെയ്തു കൊണ്ടിരിക്കുന്നു. Geocentric, പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്നും സൂര്യനും സകല ഗ്രഹങ്ങളും ഭൂമിയെ ചുറ്റുന്നു എന്ന ആ പഴയ വിഡ്ഢി
ത്തത്തിൽ നിന്ന് കരകയറിയെങ്കിലും. ഇപ്പോഴും നമ്മുടെ കാഴ്ച്ചപ്പാടുകൾ എല്ലാം തന്നെ Humancentric ശരക്കാണ്. മനുഷ്യകേന്ദ്രികൃതം. കുഞ്ഞു മനുഷ്യരുടെ കുഞ്ഞു കുസൃതിയെന്ന് പറഞ്ഞ് ചുരുക്കാനാവുമോ ഇതിനെ?

ജിബു കൊച്ചുച്ചിറ

More like this
Related

കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ  

ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ.  ഇക്കഴിഞ്ഞ ജൂലൈ...

മനുഷ്യനായി ജീവിക്കാൻ

''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും,...

വീണ്ടും നിപ്പയുടെ ഭീതിയിൽ

പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ....

വിവാഹത്തിന്റെ പേരിലെ ആഭാസങ്ങൾ

കണ്ണൂർ തോട്ടടയിൽ വിവാഹസംഘത്തിന് നേരെ യുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ...
error: Content is protected !!