ദാമ്പത്യം 25 വർഷം കഴിഞ്ഞോ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

Date:

spot_img

വിവാഹമോചനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. ഒരു വർഷം പോലും പൂർത്തിയാകുന്നതിന മുമ്പ് ഡിവോഴ്സിലെത്തുന്ന എത്രയോ ദാമ്പത്യബന്ധങ്ങൾ. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഇരുപതും ഇരുപത്തിയഞ്ചും വർഷങ്ങൾ പിന്നിട്ട ദാമ്പത്യബന്ധങ്ങൾ അത്ഭുതം ജനിപ്പിക്കുന്നത്. ഇത്രയും വർഷങ്ങൾ ഒരുമിച്ചുജീവിച്ചു എന്നതുകൊണ്ട്, ഇനിയെത്രകാലം ഒരുമിച്ചു ജീവിക്കാൻ കഴിയും എന്ന് പറയാൻ കഴിയില്ല.അതുകൊണ്ട് ഇനിയുള്ള വർഷങ്ങളെ എങ്ങനെ സമീപിക്കണം, ഒരുക്കമുള്ളവരായിരിക്കണം എന്ന് വിവാഹത്തിന്റെ രജതജൂബിലി പിന്നിട്ടവരെങ്കിലും മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.

ജീവിതപങ്കാളി ഇല്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് സങ്കല്പിക്കുക

പരസ്പരാശ്രയത്വത്തോടും സ്നേഹത്തോടും കൂടി ഇത്രയും കാലം ജീവിച്ചു. പക്ഷേ ഇനിയെത്രകാലം ഭർത്താവ്/ഭാര്യ കൂടെയുണ്ടാവുമെന്ന് അറിയില്ല. ഭർത്താവ് ഇല്ലെങ്കിലും ഭാര്യ ഇല്ലെങ്കിലും ജീവനോടെയിരിക്കുന്ന വ്യക്തിക്ക് ജീവിച്ചേ മതിയാവൂ.അതുകൊണ്ട് പങ്കാളിയില്ലാതെ വരുന്ന ഒരു കാലത്തെ മുൻകൂട്ടികണ്ട് ജീവിക്കുക.അത്തരമൊരു സന്ദർഭത്തെ നേരിടാൻ മാനസികമായി തയ്യാറാവുക. പങ്കാളിയെ അമിതമായി ആശ്രയിക്കാതെ സ്വന്തമായി ചെയ്യാൻകഴിയുന്ന കാര്യങ്ങൾ എന്തെങ്കിലുമുണ്ടോയെന്ന് കണ്ടെത്തി അത് ചെയ്യാൻശ്രമിക്കുക.വ്യക്തിപരമായ ബന്ധവും സ്നേഹബന്ധങ്ങളും പ്രധാനപ്പെട്ടവയാണെങ്കിൽതന്നെ ഈ ലോകത്തിൽ മറ്റൊരാളെ ആശ്രയിച്ചുമാത്രമായിരിക്കരുത് നമ്മുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടത്. നമ്മുടെ ജീവിതത്തിന്  അതിന്റേതായ അർത്ഥമുണ്ടെന്ന് മനസ്സിലാക്കി തളരാതെയുംതകരാതെയുംമുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾതന്നെ നടത്തുക.

ഒറ്റയ്ക്കായിരിക്കാൻ തയ്യാറാവുക, ഇത്തിരി സ്പെയ്സ്  സ്വയം കണ്ടെത്തുക

പലരും പങ്കാളിയോട് തുറന്നുപറയാൻ മടിക്കുന്ന ഒരു കാര്യമുണ്ട്, എനിക്ക് കുറച്ചുനേരം തനിച്ചിരിക്കണം, എന്റെ സ്വകാര്യതയിലേക്ക്  കടന്നുവരാതിരിക്കൂ.ഇങ്ങനെ പറയുന്നത് തെറ്റിദ്ധാരണ ജനിപ്പിക്കുമെന്നും ബന്ധങ്ങളിൽ ഇടർച്ച വരുത്തുമെന്ന് ഭയക്കുന്നതുകൊണ്ടുമാണ്പലരും പറയാത്തത്.പക്ഷേ  ദമ്പതികൾ തനിച്ചിരിക്കാൻ പരിശീലിക്കണം. പങ്കാളിയുടെ സ്വകാര്യതകളെ മാനിക്കുകയും വേണം.

പരസ്പരമുള്ള  സ്നേഹത്തിന്റെ ഭാഷ  മനസ്സിലാക്കുക

ഏറെ വർഷങ്ങൾ കഴിയുമ്പോൾ മാത്രമേ ചില ദമ്പതികൾക്ക് പരസ്പരമുള്ള സ്നേഹത്തിന്റെ ഭാഷ മനസ്സിലാക്കാൻ കഴിയുകയുളളൂ. ചില ദേഷ്യങ്ങളും പരാതി പറച്ചിലുകളും നിശ്ശബ്ദതകളുംസങ്കടങ്ങളുമെല്ലാം സ്നേഹത്തിന്റെ അടയാളങ്ങളായിരുന്നുവെന്ന് തിരിച്ചറിഞ്ഞുകഴിയുമ്പോൾ ഇന്നലെ വരെ അതിന്റെ പേരിൽ പങ്കാളിയോട് നീരസപ്പെട്ടിരുന്നതോർത്ത് ആത്മനിന്ദ തോന്നിയേക്കാം. പങ്കാളിയുടെ ഓരോ പ്രവൃത്തിയുടെയും വാക്കിന്റെയും പിന്നിലെ സ്നേഹത്തെ തിരിച്ചറിയുമ്പോൾ കൂടുതൽ ആഴമായ സ്നേഹബന്ധം അവർക്കിടയിൽ രൂപമെടുക്കും.

ചുംബിച്ചുകൊണ്ട് ഗുഡ്നൈറ്റ് പറയുക

കവിൾത്തടത്തിലോ നെറ്റിത്തടത്തിലോ ചുംബിച്ചുകൊണ്ട് ഗുഡ്നൈറ്റ് പറയുക. നാളെയൊരു പ്രഭാതം ഇരുവർക്കുമായി ഉണ്ടാവുമോ ഇല്ലയോ എന്ന് അറിയുന്നില്ലല്ലോ?

അവനവനോടും  ജീവിതപങ്കാളിയോടും  കൂടുതൽ ക്ഷമ  കാണിക്കുക

ചെറുപ്രായത്തിന്റെ പൊട്ടിത്തെറിയും മുൻകോപവും പല ദാമ്പത്യബന്ധങ്ങളെയും തുടക്കത്തിൽ വിഷമയമാക്കാറുണ്ട്. ഏറെ വർഷങ്ങൾ കഴിയുമ്പോഴായിരിക്കും പക്വമായ ഒരു ബന്ധത്തിലേക്ക് വളരാൻ കഴിയുന്നത്. സ്വഭാവത്തിലുണ്ടാകുന്ന ഈ മാറ്റം തുടർന്നുളള ദാമ്പത്യബന്ധത്തിന് ഏറെ ഗുണം ചെയ്യും. അവനവനോട്തന്നെ ക്ഷമിക്കുകയും ഒപ്പം പങ്കാളിയോടും ക്ഷമിക്കുകയും ചെയ്തുകൊണ്ട് ബാക്കിയുള്ള ജീവിതം സന്തോഷഭരിതമാക്കുക.

മിഥ്യാധാരണകളിൽ എത്താതിരിക്കുക

ഇഷ്ടപ്പെടാത്ത രീതിയിൽ പങ്കാളി സംസാരിക്കുകയോ പെരുമാറുകയോ ചെയ്താലുടനെ അതിനുള്ള കാരണം ഊഹിച്ച് കണ്ടെത്താതിരിക്കുക.  ഇങ്ങനെയായതുകൊണ്ടായിരിക്കും, അങ്ങനെയായതുകൊണ്ടായിരിക്കാം.. ഇതാണ് പലരും ചിന്തിച്ചുകൂട്ടുന്നത്. യാഥാർത്ഥ്യവുമായി അതിന് യാതൊരു ബന്ധവും ഉണ്ടായിരിക്കണമെന്നില്ല. പങ്കാളിയുടെ പെരുമാറ്റത്തിലോ സംസാരത്തിലോ അനിഷ്ടകരമായ രീതിയിൽ എന്തെങ്കിലും അനുഭവപ്പെട്ടാൽ നേരിട്ടു ചോദിച്ച് സംശയം ദൂരീകരിച്ച് ബന്ധത്തിന്റെ സൗന്ദര്യം നിലനിർത്തുക.

പരസ്പര സൗഹൃദത്തിൽ ആയിരിക്കുക

വിവാഹജീവിതത്തിന് വെളിയിൽ പല  സൗഹൃദങ്ങളുമുണ്ടായേക്കാം. അത് നല്ലതാകുമ്പോഴും ദമ്പതികൾ തമ്മിലും ആഴമായ സൗഹൃദം രൂപപ്പെടേണ്ടത് അത്യാവശ്യമാണ്. കൂടുതൽ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴാണ് സൗഹൃദം രൂപമെടുക്കുന്നത്. ഇരുപതും ഇരുപത്തിയഞ്ചും വർഷം കഴിയുമ്പോഴെങ്കിലും പരസ്പരം ദൃഢമായ സ്നേഹബന്ധത്തിലേക്ക് വളരേണ്ടത് അത്യാവശ്യമാണ്.

 എല്ലാ ദിവസവും സംസാരിക്കുക

കാലപ്പഴക്കംകൊണ്ട് ചിലപ്പോൾ ചില ദാമ്പത്യങ്ങളിലെങ്കിലും വിഷയദാരിദ്ര്യം അനുഭവപ്പെടുന്നുണ്ടാകാം. ഇനിയെന്തു സംസാരിക്കാൻ എന്ന മട്ട്. ഇതുപാടില്ല. ദമ്പതികൾ എല്ലാ ദിവസവും സംസാരിക്കേണ്ടവരാണ്. പരസ്പരം കാര്യങ്ങൾതുറന്നുപറയുമ്പോൾ ബന്ധങ്ങളിലെ ഇഴയടുപ്പം വർദ്ധിക്കും. ജീവിതപങ്കാളിയുടെ ശബ്ദം പ്രോത്സാഹനജനകമായിട്ടാണ് പലർക്കും അനുഭവപ്പെടുന്നത്.

ഹോബി കണ്ടെത്തുക

പെയ്ന്റിംങ്, ഗാർഡനിംങ്, റീഡിംങ്… എന്തെങ്കിലുമൊക്കെ ഒരു ഹോബി കണ്ടെത്തുക.ഇത് പങ്കാളിയില്ലാത്തതിന്റെ ശൂന്യതയെ മറികടക്കാൻ ഏറെ സഹായിക്കും.

ഒരുമിച്ചു  ഭക്ഷണം കഴിക്കുക

ഭക്ഷണമേശ സ്നേഹത്തിന്റെ ഊട്ടുമേശയാണ്. പരസ്പരം വിഭവങ്ങൾ വിളമ്പിയും പങ്കുവച്ചും കഴിക്കുന്നതിലൂടെ ദമ്പതികൾ സ്നേഹത്തിന്റെ കൊടുമുടിയിലേക്ക്സാവധാനം കയറുകയാണ് ചെയ്യുന്നത്. ഒരു കാലത്ത് ചിലപ്പോൾ ഭർത്താവ് തന്നെയായിരിക്കും കഴിച്ചിട്ടുണ്ടാവുക. അല്ലെങ്കിൽ തിരക്ക് കാരണം രണ്ടു സമയത്തായിരിക്കാം ഭക്ഷണം കഴിച്ചിരുന്നത്.പക്ഷേ ഇനിയുളള കാലമെങ്കിലും ദമ്പതികൾ ഒരുമിച്ചു ഭക്ഷണംകഴിക്കാൻ തീരുമാനിക്കുക. അതിനായി സമയം കണ്ടെത്തുക.

നന്ദി പറയുക

ഇത്രയുംകാലത്തെ ജീവിതത്തിനിടയിൽ പങ്കാളിയോട് നന്ദി പറയാൻ എത്രയോ കാരണങ്ങളുണ്ടാവും! അവയെല്ലാമോർത്ത് പങ്കാളിയോട് നന്ദിപറയാൻ തയ്യാറാവുക.

ക്ഷമ ചോദിക്കാൻ പഠിക്കുക

പിന്നിട്ടുപോയ വർഷങ്ങളിൽ എത്രയോ തവണ പങ്കാളിയോട് മോശമായി പെരുമാറിയിട്ടുണ്ടാവും. സംസാരിച്ചിട്ടുണ്ടാവും. വേദനിപ്പിച്ചിട്ടുണ്ടാവും.അതെല്ലാം ഓർത്ത് പങ്കാളിയോട് മാപ്പുചോദിക്കുക. മാപ്പ് ചോദിക്കുമ്പോൾ ഹൃദയങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാകുകയും സ്നേഹം ഇരട്ടിയാകുകയും ചെയ്യും.

More like this
Related

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും...

പങ്കാളിയോട് പറയേണ്ട വാക്കുകൾ

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന...

വിവാഹജീവിതത്തിൽ ചുവന്ന ലൈറ്റ് തെളിയുമ്പോൾ…

ലോകത്തിലെ തന്നെ മനോഹരവും അ തിശയകരവുമായ ഒരു ബന്ധമാണ് വിവാഹബന്ധം.  അതോടൊപ്പം...
error: Content is protected !!