ദിവസത്തിൽ രണ്ടുതവണ പല്ലു തേയ്ക്കുന്നത് ഒരു ശീലമാക്കുകയാണെങ്കിൽ തുടർച്ചയായി ദന്തഡോക്ടറെ കാണുന്നത് ഒഴിവാക്കാൻ കഴിയും . ദന്താരോഗ്യത്തിന് കൊടുക്കുന്ന ഈ ശ്രദ്ധയും പരിഗണനയും പോലും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പലരും നല്കുന്നില്ല എന്നതാണ് ഖേദകരം. മാനസികാരോഗ്യം മെച്ചപ്പെട്ടാൽ ദിവസം മുഴുവനും സന്തോഷഭരിതമാകും. ഊർജ്ജസ്വലതയോടെ മുന്നോട്ടുപോകാനും കഴിയും . ഓരോ ദിവസവും മെച്ചപ്പെട്ട മാനസികാരോഗ്യം സ്വന്തമാക്കുന്നതിലൂടെ ജീവിതംതന്നെ ആനന്ദപ്രദമാകും.
മാനസികാരോഗ്യം തകരാറിലാക്കുന്ന പ്രധാനഘടകം സ്ട്രസ് ഹോർമോണാണ്. അതുകൊണ്ട് സ്ട്രസ് ഹോർമോണായ കോർട്ടിസോൺ നില കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബോധപൂർവ്വമായ ശ്രമമാണ് ഇതിന് വേണ്ടി നടത്തേണ്ടത്. വർദ്ധിച്ച കോർട്ടിസോൺ ലെവൽ പല ശാരീരിക അസുഖങ്ങൾക്കും കാരണമാകും. ഇതൊഴിവാക്കാനാണ് ദിവസത്തിന്റെ തുടക്കത്തിൽ തന്നെ 15 മിനിറ്റ് സമയം കണ്ടെത്തേണ്ടത്.
പതിവായി ചെയ്യുന്ന കാര്യങ്ങൾ വിരസത സൃഷ്ടിക്കാൻ കാരണമാകാറുണ്ട്. എന്നും രാവിലെ ഉറക്കമുണർന്നെണീല്ക്കുന്നു, പ്രഭാതകൃത്യങ്ങൾ അനുഷ്ഠിക്കുന്നു. ഓഫീസിലേക്കോടുന്നു. ഓഫീസിൽ പതിവു ജോലി ചെയ്യുന്നു. തിരികെ വീട്ടിലേക്ക് വരുന്നു. ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു. യാന്ത്രികമായ ജീവിതമാണ് ഇത്. ചിലപ്പോൾ ചെയ്യുന്ന ജോലിയിൽ പോലും ഉത്സാഹം നഷ്ടപ്പെട്ടേക്കാം. എന്നിട്ടും അത് ജീവിതമാർഗ്ഗമായതുകൊണ്ട് വല്ലവിധത്തിലും മുന്നോട്ടുകൊണ്ടുപോകുന്നു.
ഉറക്കമുണർന്നെണീല്ക്കുമ്പോൾ തന്നെ ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ വിരസതയോർത്ത് മനസ്സ് മടുക്കുന്ന പലരുമുണ്ട്. നെഗറ്റീവായ ഇത്തരം വിചാരങ്ങൾ മനസ്സിനെ ഭാരപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇങ്ങനെ പതിവുകാര്യങ്ങളുടെ തടങ്കലിൽ കഴിയുന്നവർ ദിവസാരംഭത്തിൽ തന്നെ പുതിയ ആക്ടിവിറ്റികൾ കണ്ടുപിടിക്കുക. ഉദാഹരണത്തിന് ബോധപൂർവ്വംതന്നെ ആന്തരികതയെ പരിശോധിക്കുക. എന്റെ മനസ്സിൽ ഇപ്പോൾ എന്താണ്, ഏതു വിചാരമാണ് എന്നെ നയിക്കുന്നത്.. ആന്തരികക്ഷേമത്തിന് ശ്രദ്ധകൊടുക്കുക.
പ്രഭാതത്തിൽ പാട്ടുകേൾക്കുക, ബെഡ് കോഫി കുടിക്കുമ്പോൾ ശ്വാസം ആഞ്ഞുവലിച്ച് റിലാക്സാകുക, നടക്കുക, ഗാർഡനിങ്, വായന ഇങ്ങനെ ഏതെങ്കിലും കാര്യങ്ങൾക്കായി സമയം കണ്ടെത്തുക. ഈ കാര്യങ്ങൾ എല്ലാ ദിവസവും ഒന്നുപോലെ ആവർത്തിക്കരുത്. അങ്ങനെ ചെയ്യുമ്പോൾ ചിലപ്പോൾ അതും വിരസതയുണ്ടാക്കിയേക്കാം. ഒരു ദിവസം പാട്ടു കേൾക്കുകയാണെങ്കിൽ മറ്റൊരു ദിവസം ധ്യാനം ശീലിക്കുക. സ്വയം മനസ്സിനോട് സംസാരിക്കുക. ഇനിയുള്ള ദിവസം പ്രഭാതനടത്തത്തിനോ എക്‌സർസൈസിനോ പൂന്തോട്ടനിർമ്മാണത്തിനോ നീക്കിവയ്ക്കുക.
ഓരോ ദിവസവും പുതുമയോടെ ആരംഭിക്കുക. പുതുതായിട്ടെന്തെങ്കിലും ചെയ്യുക. ദീർഘനാളായി ബന്ധമില്ലാതിരിക്കുന്ന ഒരു സുഹൃത്തിനെ വിളിച്ച് സ്നേഹവും സൗഹൃദവും പുതുക്കുക പോലുമാവാം. സന്തോഷം നല്കുന്ന ഓർമ്മകളിലേക്ക് മടങ്ങിപ്പോകലുമാകാം. ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ എന്താണ് അനുഭവപ്പെടുന്നതെന്ന് പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.
ആന്തരികമായ സമാധാനം കൈവരിക്കാൻ കഴിയുന്നുണ്ടോ… മനസ്സ് കുറച്ചുകൂടി സ്വതന്ത്രമായോ… ഇതിനെല്ലാം അപ്പുറമായി നിങ്ങൾ നിങ്ങളോടുതന്നെ കണ്ണാടിയിൽ നോക്കി പറയുക; ഇന്ന് നല്ലൊരു ദിവസമായിരിക്കും, ഈ ദിവസം നല്ലതായിരിക്കും., ഈ ദിവസം ഞാൻ സന്തോഷവാനായിരിക്കും. മനസ്സിലേക്ക് പോസിറ്റീവ് ചിന്തകൾ കൊണ്ടുവരിക. ചെറിയ ചെറിയ കാര്യങ്ങളെയോർത്ത് അസ്വസ്ഥമാകില്ലെന്ന് തീരുമാനിക്കുക.
ആന്തരികസമാധാനം മറ്റാർക്കും നല്കാനാവില്ല, ഓരോരുത്തരും സ്വയം സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടത്. മാനസികാരോഗ്യം ഇല്ലാത്ത ഒരാൾക്ക് വെല്ലുവിളിഏറ്റെടുക്കാനോ ജീവിതത്തിൽ വിജയിക്കാനോ സാധിക്കുകയില്ല. ശരീരത്തെക്കാൾ ആദ്യം തളരുന്നത് മനസ്സാണ്. മനസ്സ് തകരുന്നതിന്റെ തുടർച്ചയാണ് ശരീരത്തിന്റെ തളർച്ച. നമ്മുടെ മനസ്സിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ മാത്രം കടമയാണ്.
എന്റെ സന്തോഷത്തിന്റെ താക്കോൽ എന്റെ കൈയിലാണെന്നും ഈ ദിവസം ഞാൻ സന്തോഷിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണെന്നും മനസ്സിലാക്കിക്കൊണ്ട് ദിവസത്തെ സ്വാഗതം ചെയ്യുക. ഓരോ ദിവസവും മാനസികാരോഗ്യത്തിന് വേണ്ടി ബോധപൂർവ്വം സമയം കണ്ടെത്തുക.