വിഷാദത്തിൽ നിന്ന് വീണ്ടെടുക്കുക

Date:

spot_img

ആരെയും എപ്പോൾ വേണമെങ്കിലും പിടികൂടാവുന്ന ഒന്നത്രെ വിഷാദം. പലപല കാരണങ്ങൾ കൊണ്ട് ഒരു വ്യക്തി വിഷാദത്തിന് കീഴ്പ്പെട്ടുപോകാം.പണമോ പ്രശസ്തിയോ ഉണ്ടായതുകൊണ്ടു വിഷാദം പിടിപെടില്ല എന്ന് കരുതരുത്.ജസ്റ്റിൻ ബീബറിനെ പോലെയുള്ള വ്യക്തികൾ തങ്ങളുടെ വിഷാദത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളവരാണ്. പ്രിയപ്പെട്ടവരുടെ മരണം, വിരഹം, പ്രണയപരാജയം, മാറാരോഗം,സാമ്പത്തിക പ്രതിസന്ധി… ഇങ്ങനെ വിഷാദത്തിലേക്ക് ഒരു വ്യക്തി നയിക്കപ്പെടുന്നതിന് കാരണങ്ങൾ പലതാവാം. കാരണങ്ങൾ എന്തുതന്നെയായാലും അവരെ വിഷാദത്തിൽ നിന്ന് പുറത്തുകടത്തുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.
യു.കെയിൽ നടന്ന ഒരു പഠനപ്രകാരം 35 വയസിൽ താഴെയുള്ള പുരുഷന്മാരുടെ മരണത്തിന്റെ പ്രധാന കാരണം  ആത്മഹത്യയാണെന്നാണ്. ആത്മഹത്യയ്ക്ക് കാരണമാകുന്നതാകട്ടെ വിഷാദവും. നാല് ആത്മഹത്യകളിൽ മൂന്നും പുരുഷന്മാരുടേതുമാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ വിഷാദത്തിൽ അകപ്പെട്ടിരിക്കുന്നവരെ എങ്ങനെയാണ് രക്ഷിച്ചെടുക്കേണ്ടത് എന്ന് നോക്കാം.

ആശയവിനിമയം

വിഷാദരോഗം പിടിപെടുന്നതിന്റെ ആദ്യസൂചനകളിലൊന്ന് ആശയവിനിമയമില്ലായ്മയാണ് ആളുകൾ നിശ്ശബ്ദരായിരിക്കാൻ ഇഷ്ടപ്പെടുന്നു. നിശ്ശബ്ദതയിലേക്ക് മടങ്ങുന്നു. നല്ലതുപോലെ സംസാരിച്ചിരുന്ന വ്യക്തി പെട്ടെന്നൊരു ദിവസം മൗനിയായി മാറുകയും മൗനം തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഗൗരവത്തിലെടുക്കണം. മനസ്സിലുള്ളത് എന്തെന്ന് വിശദീകരിക്കാൻ അവസരം കൊടുക്കുക.  തുറന്നുപറയാൻതക്ക വിശ്വാസം നാം ആ വ്യക്തിയിൽ നിന്ന് ആർജ്ജിച്ചെടുക്കുകയും വേണം. ബലം പ്രയോഗിച്ചോ നിർബന്ധിച്ചോ ആയിരിക്കരുത് മറുപടികൾ  മേടിക്കേണ്ടത്.

സാമീപ്യം

വിഷാദരോഗികൾക്ക് സാമീപ്യം നല്കുക. ചിലപ്പോൾ ഒരുപാടു വാക്കുകളെക്കാൾ ഒരു ആലിംഗനം ആ വ്യക്തിക്ക് ഗുണംചെയ്യും.

വികാരങ്ങളെ  മാനിക്കുക

വിഷാദരോഗികളുടെ വികാരങ്ങളെ മാനിക്കുക. തന്നെക്കുറിച്ച് മറ്റുള്ളവർ എന്തുവിചാരിക്കും, തന്നെ അവരെങ്ങനെയായിരിക്കും വിലയിരുത്തുക തുടങ്ങിയ ചിന്തകളൊക്കെ ഇവർക്കുണ്ടായിരിക്കും. അവരെ അന്ധമായി വിധിക്കാതിരിക്കുക.

മൂല്യം  മനസ്സിലാക്കിക്കൊടുക്കുക

വിഷാദം പിടിപെട്ടു എന്നതുകൊണ്ട് വ്യക്തിയുടെ മൂല്യം കുറയുന്നില്ല. അയാളോട് മറ്റുള്ളവർക്കുള്ള സ്നേഹവും നഷ്ടമാകുന്നില്ല. പലപല നെഗറ്റീവ് ചിന്തകളുടെയും തടവറയിലായിരിക്കും ഇക്കൂട്ടർ. അതുകൊണ്ട് അവരെ പറഞ്ഞ് മനസ്സിലാക്കേണ്ടത്, ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടത് സ്വന്തം മൂല്യത്തെക്കുറിച്ചായിരിക്കണം.

ഒപ്പമുണ്ടെന്ന് പറയുക

തനിച്ചായിപ്പോയെന്നോ ആരുമില്ലെന്നോ ഉള്ള ചിന്ത വിഷാദരോഗികളിൽ കലശലായുണ്ടായിരിക്കും. അതുകൊണ്ട്  ഒറ്റയ്ക്കല്ലെന്ന് അവരോട് പറയുക. അടിക്കടിയുള്ള സന്ദർശനങ്ങൾ, സ്നേഹത്തോടെയുള്ള ഇടപെടലുകൾ ഇതുവഴിയൊക്കെ അവരുടെ ഏകാകത പരിഹരിക്കാൻ കഴിയും. കൂടെയുണ്ടെന്ന് തിരിച്ചറിയുമ്പോൾ, സ്നേഹിക്കാനൊരാളുണ്ടെന്ന് മനസ്സിലാകുമ്പോൾ, കുറ്റപ്പെടുത്താനാരുമില്ലെന്ന് മനസ്സിലാകുമ്പോൾ വിഷാദരോഗികൾ പതുക്കെ തങ്ങളുടെ വിഷാദ കൊടുമുടികളിൽ നിന്ന് ഇറങ്ങിത്തുടങ്ങും. അവർക്ക് വേണ്ടത് പരിഗണനയും സ്നേഹവുമാണ്. കൂട്ടായ ശ്രമത്തിലൂടെ വിഷാദരോഗികളെ ജീവിതത്തിന്റെ സമതലങ്ങളിലേക്ക് നമുക്ക് കൊണ്ടുവരാൻ കഴിയുക തന്നെ ചെയ്യും.

More like this
Related

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല....

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു...

വിജയത്തിന് വേണ്ടി മനസ്സിനെ ശക്തമാക്കൂ

വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ  വിജയം നേടിയെടുക്കാനും...
error: Content is protected !!