ഓൺലൈൻ ഗെയിം;   കെണികൾ പലവിധം

Date:

spot_img

ഓൺലൈൻ ഗെയിം ആപ്പ്  അമ്മ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ വീടിന് തീകൊളുത്താൻ ശ്രമിച്ച ഒരു കൗമാരക്കാരനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞമാസമാണ് റിപ്പോർട്ട് ചെയ്തത്. മൊബൈൽ ഗെയിമിന്റെ അടിമയായിക്കഴിഞ്ഞതോടെ ആ കുട്ടിയുടെ സ്വഭാവം പോലും വന്യമായി കഴിഞ്ഞിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി കുട്ടിയെ അനുനയിപ്പിച്ച്  കൗൺസലിങിനും മനശ്ശാസ്ത്ര ചികിത്സയ്ക്കും വിധേയമാക്കി എന്നതാണ് വാർത്തയുടെ അവസാനം.

മൊബൈൽ ഗെയിം ഒരു കൗമാരക്കാരന്റെ മാനസികനില തകരാറിലാക്കിയതാണ് ഇതെങ്കിൽ ഇതിൽ നിന്നും വ്യത്യസ്തമായി ഗെയിമിന്റെ പേരിൽ ചൂഷണത്തിന് ഇരയാകേണ്ടിവരുമായിരുന്ന ഒരു പെൺകുട്ടിയെക്കുറിച്ചാണ് മറ്റൊരു വാർത്ത.

അമ്മയറിയാതെ ഗെയിം  ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് കളിതുടങ്ങിയ പെൺകുട്ടിയുമായി അപരിചിതനായ ഒരുവൻ ചാറ്റ് ആരംഭിക്കുകയും സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു ദിവസങ്ങൾക്കുള്ളിൽ നല്ല സൗഹൃദം രൂപപ്പെട്ട അവൾക്ക് ഒരുനാൾ ഒരു  വീഡിയോ കോൾ വരികയും  അറ്റന്റ് ചെയ്യാതിരുന്നതുകൊണ്ട് ഉടൻ  ഒരു മെസേജ് വരികയും ചെയ്തു. തുറന്നുനോക്കിയ അവൾ കണ്ടത് തന്റെ തന്നെ നഗ്‌നചിത്രമാണ്. നടുങ്ങിത്തരിച്ചു നിന്ന അവൾക്ക് മറ്റൊരു മെസേജും വന്നു. ഉടനെ വീഡിയോ കോൾ അറ്റന്റ് ചെയ്യുക. ഇല്ലെങ്കിൽ ഈ ചിത്രം സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കും. ആദ്യം ആത്മഹത്യ ചെയ്തുകളയാമെന്നാണ് അവൾക്ക് തോന്നിയത്. അടുത്ത നിമിഷം അവൾക്ക് തോന്നി, തെറ്റുചെയ്യാത്ത താനെന്തിന് ആത്മഹത്യ ചെയ്യണം? ആകെ ചെയ്ത തെറ്റ് അമ്മയറിയാതെ ഗെയിം ഇൻസ്റ്റാൾചെയ്തു എന്നതുമാത്രം. താൻ ഇത്തരത്തിലുള്ള ഒരു ചിത്രം ആർക്കും അയച്ചുകൊടുത്തിട്ടില്ല. രണ്ടും കല്പിച്ച് അമ്മയോട് വിവരം പറഞ്ഞു. അമ്മ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സമർത്ഥമായി വിരിച്ച വലയിൽ കുറ്റക്കാരൻ വീണു. ഒരു 21 കാരനായിരുന്നു പ്രതി.

നമ്മുടെ കുടുംബങ്ങളിൽപോലും സംഭവിക്കാനിടയുള്ള രണ്ട് അപകടങ്ങളെക്കുറിച്ചാണ് മുകളിലെഴുതിയത്. അനിയന്ത്രിതമായ ഓൺലൈൻ ഗെയിമുകൾ വ്യക്തിജീവിതവും കുടുംബജീവിതവും തകർത്തുകളയും. ഒരേ സമയം പല സ്ഥലങ്ങളിലുള്ള ആളുകൾക്ക് ഒരേ സമയം ഗെയിം കളിക്കാനും പരസ്പരം സംസാരിക്കാനും അഭിരുചികൾ വ്യക്തമാക്കാനും സൗകര്യമുള്ള നിരവധി ഗെയിമുകൾ നിലവിലുണ്ട്. ഇവയുടെ സൗകര്യം ദുരുപയോഗപ്പെടുത്തിയാണ് രണ്ടാമത് പറഞ്ഞ സംഭവത്തിലേതുപോലെ പെൺകുട്ടികളെ വലയിലാക്കുന്നത്. സൈബർ കുറ്റവാളികൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. തങ്ങളുടെ വലയിൽ വീഴാത്ത പെൺകുട്ടികളെ വലയിൽകുടുക്കാൻ അവർ ഏതു മാർഗ്ഗവും സ്വീകരിക്കും.

മോർഫിങ് നടത്തി നഗ്‌നചിത്രങ്ങൾ സൃഷ്ടിക്കുകയാണ് ഇവരാദ്യം ചെയ്യുന്നത്. ഇതിന്റെ ഭീഷണിയിൽ പെൺകുട്ടികളെ പലവിധ കാര്യങ്ങൾക്കായി ചൂഷണം ചെയ്യുകയും ചെയ്യും. വാട്സാപ്പും ഫേസ്ബുക്കും പോലെയുളള സമൂഹമാധ്യമങ്ങൾ മാത്രമല്ല, ഗെയിമുകൾ വഴിയും സ്ത്രീശരീരത്തെ ലക്ഷ്യമാക്കിയുള്ള ചൂഷണങ്ങൾ നടക്കുന്നുണ്ടെന്ന കാര്യം പലർക്കും അറിയില്ല. അതുകൊണ്ടുതന്നെ മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്.

മൊബൈൽ ആപ്പുകൾ നിശ്ചിത പ്രായക്കാർക്കുവേണ്ടി മാത്രമുള്ളതാണ് എന്ന കാര്യവും പലർക്കും അറിവില്ലായിരിക്കും. ഓരോ ആപ്പും ഉപയോഗിക്കേണ്ട ആളുകളുടെ പ്രായപരിധി നിർമ്മാതാക്കാൾ നിശ്ചയിച്ചിട്ടുണ്ട്. ഈ പ്രായപരിധി പാലിക്കപ്പെടേണ്ടതാണ്. കുട്ടികൾ  ഇത്തരം കളികളിൽ കുടുങ്ങുന്നില്ലെന്നും അവർ കളിക്കുന്ന ഗെയിമുകൾ ഏതൊക്കെയാണെന്നും മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഫെയ്സ്ബുക്കുപോലും മുതിർന്നവർക്കുവേണ്ടിയുള്ളതാണ്.

കുട്ടികളോട് സ്മാർട്ട്ഫോൺ ഉപയോഗിക്കരുത് എന്ന്  ശഠിക്കാനാവില്ല. കാരണം കോവിഡ് ഏല്പിച്ച അനിവാര്യമായ ഓൺലൈൻ പഠനം അത്തരമൊരു താക്കീതിനെത്തന്നെ അപ്രസക്തമാക്കിക്കളഞ്ഞു. പക്ഷേ, നല്ല രീതിയിൽ ഫോൺ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് മക്കളെ പഠിപ്പിക്കേണ്ടതുണ്ട്. മാതാപിതാക്കളുടെ  ഫോണുകളുടെ പാസ്‌വേർഡുകൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുക, രക്ഷിതാക്കളുടെ നിരീക്ഷണത്തിലും മേൽനോട്ടത്തിലും നിശ്ചിതസമയം മാത്രം ഫോൺ ഉപയോഗിക്കാൻ അനുവദിക്കുക, കുട്ടികളുടെ ഫോണുകളെ മാതാപിതാക്കളുടെ ഫോണുകളുമായി ബന്ധിപ്പിക്കുന്ന ഗൂഗിൾ ഫാമിലി ലിങ്ക്  ആപ്പ് ഉപയോഗിക്കുക  തുടങ്ങിയവയെല്ലാം ചെയ്താൽ ഒരു പരിധിവരെ മക്കളുടെ മൊബൈൽ ഫോൺ ദുരുപയോഗം തടയാനാവും.

മക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുക, വിനോദങ്ങളിൽ ഏർപ്പെടുക, അവരെ കേൾക്കാൻ തയ്യാറാവുക, മക്കളുടെ മുമ്പിൽവച്ചുള്ള മൊബൈൽ ഉപയോഗം കുറയ്ക്കുക, മൊബൈലിലെ വീഡിയോ കാണാൻ മക്കളെ ക്ഷണിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങളിൽ പെടുന്നു.
മൊബൈൽ ഫോൺവഴിയോ ഇന്റർനെറ്റ് വഴിയോ ഏതെങ്കിലും അബദ്ധത്തിൽചെന്നുചാടിയാൽ മക്കൾക്ക് അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കളുടെ അടുത്തുണ്ടാവുകയും വേണം.

More like this
Related

നന്നായി ഫോൺ ഉപയോഗിക്കാം

മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടൊരു ജീവിതം നമുക്കുണ്ടോ? പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും മൊബൈലിനൊപ്പമാണ്....

അധികമായാൽ സോഷ്യൽ മീഡിയയും…

ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ...

ആപ്പിലായ ലോകം

ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം...

നനയാത്ത’കടലാസ് ‘ ചരിത്രമാകുന്നു

സോഷ്യൽ മീഡിയയുമായി പരിചയപ്പെട്ടിട്ടുള്ള ഒരാളുടെ കണ്ണിൽ ഒരിക്കലെങ്കിലും ആ പേര് തടഞ്ഞിട്ടുണ്ടാവും,...
error: Content is protected !!