ചുമ, പനി,(ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, വൈറൽ) ശ്വാസംമുട്ടൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം, ടോൺസിലൈറ്റിസ്… ഹോ, മഴക്കാലം എത്തുമ്പോഴേയ്ക്കും പലവിധ രോഗങ്ങളുടെ തടവറയിലാകും നമ്മൾ. മഴക്കാല രോഗങ്ങൾ എന്നാണ് പൊതുവെ ഇവ അറിയപ്പെടുന്നത്. മഴക്കാലത്ത് ആരോഗ്യസംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് ദഹനപ്രക്രിയ മെല്ലെയാകുകയും ത്രിദോഷങ്ങളുടെ തോതിൽ ഏറ്റക്കുറച്ചിൽ വരുന്നതിലൂടെ ശരീരത്തിൽ അസുഖങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുവെന്നാണ് ആയുർവേദം പറയുന്നത്.
മഴക്കാലത്ത് പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറയാം. പാചകം ചെയ്യുന്ന എല്ലാ ഭക്ഷണപദാർത്ഥങ്ങളും പാത്രങ്ങളും നല്ലവണ്ണം കഴുകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. എളുപ്പം ദഹിക്കുന്ന ഭക്ഷണമാണ് മഴക്കാലത്ത് കഴിക്കേണ്ടത്. അതും മിതമായ തോതിൽ. മാംസാഹാരം രാത്രി ഒഴിവാക്കണം. കോഴിയിറച്ചിയും കോഴിമുട്ടയും മത്സ്യവും മഴക്കാലത്ത് നല്ലതാണ്. മാംസം സൂപ്പുവച്ച് കുടിക്കുന്നതാണ് നല്ലത്.
അത്താഴത്തിന് ശേഷം ചുക്കുവെള്ളംകുടിക്കുന്നത് നല്ലതാണ്. പഴങ്ങൾ നല്ലതാണെങ്കിലും മഴക്കാലത്ത് രാത്രികാലങ്ങളിൽ പുളിയുള്ള പഴം കഴിക്കരുത്. ഉണക്കമുന്തിരിയും ഈന്തപ്പഴവും പോലെയുള്ള ഡ്രൈ ഫ്രൂട്സും ജലാംശംകുറഞ്ഞ പപ്പായയും നല്ലതാണ്. ഫ്രിഡ്ജിലെ വെള്ളം കുടിക്കാനുപയോഗിക്കരുത്. പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ട സാഹചര്യം വന്നാൽ ചൂടുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് വിശപ്പ് പൊതുവെ വർദ്ധിക്കാറുണ്ട്. അതുകൊണ്ട് കിട്ടുന്നതെന്തും കഴിക്കാനുള്ള തോന്നലുണ്ടാവും. പക്ഷേ മഴക്കാലത്ത് ഇവയെല്ലാം നിയന്ത്രണാതീതമായി കഴിച്ചാൽ വണ്ണം കൂടാൻ സാധ്യതയുണ്ട്. മഴക്കാലത്ത് വണ്ണം കൂട്ടുന്നതിൽ പകലുറക്കവും സഹായിക്കും. അതുകൊണ്ട് ഒഴിവാക്കേണ്ട പട്ടികയിൽ അമിതഭക്ഷണവും പകലുറക്കവും നിർബന്ധമാണ്.
ഫംഗസ് ബാധ വർദ്ധിക്കാൻ സാധ്യതയുള്ള കാലമാണ് ഇത്. ചുവരിൽ മാത്രമല്ല വസ്ത്രങ്ങളിൽ പോലും ഫംഗസ് പിടിപെടാം. അലർജി സംബന്ധമായ അസുഖങ്ങളുള്ളവരെ ഫംഗസ് ബാധ പ്രതികൂലമായി ബാധിക്കും.തുണികൾ നന്നായി ഉണങ്ങിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
മഴക്കാലത്ത് വെളുത്തുള്ളി ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം, മഴക്കാലത്ത് ദാഹം കുറയുന്നത് സ്വാഭാവികമാണ്. പക്ഷേ ദാഹമുണ്ടെങ്കിലും ഇല്ലെങ്കിലും ദിവസംആറു ഗ്ലാസ് വെള്ളം കുടിക്കണം. ശുദ്ധജലമാണ് ഉപയോഗിക്കുന്നതെങ്കിൽ പല മഴക്കാലരോഗങ്ങളിൽ നിന്നും രക്ഷപ്പെടാം. മഴക്കാലത്ത് ശരീരമാകെ എണ്ണ പുരട്ടി കുളിക്കുന്നതും നല്ലതാണ്. വേനൽക്കാലത്ത് നഷ്ടമായ ആരോഗ്യം തിരികെ പിടിക്കാൻ ഇതേറെ സഹായിക്കും.
തേനും നെയ്യും
മഴക്കാലത്ത് തേനും നെയ്യും കഴിക്കുന്നത് നല്ലതാണെന്ന് ആയുർവേദം. തേൻ ദഹനം കൂട്ടുന്നു. ചർമ്മരോഗങ്ങളെ അകറ്റുകയും രക്തശുദ്ധിവരുത്തുകയും ചെയ്യുന്നു. മെലിഞ്ഞ ശരീരപ്രകൃതി യുള്ളവർക്ക് വണ്ണം വയ്ക്കാൻ അനുകൂലമായ മാസമാണ് ഇത്. ശരീരപുഷ്ടിക്കായി ഇക്കാലത്ത് നെയ്യ് കഴിക്കുന്നത് ഗുണം ചെയ്യും. ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നതിലൂടെ ബുദ്ധിശക്തിയും വർദ്ധിക്കും.
ചുക്കുകാപ്പി കുടിക്കാം
മഴക്കാലത്തെ സാധാരണ പനിക്ക് അത്യുത്തമമാണ് ചുക്കുകാപ്പി. പുതുമഴ നനയുമ്പോഴുണ്ടാകുന്ന കുളിരും അസ്വസ്ഥതയും അകറ്റാനാണ് ഇത് ഉപകാരപ്പെടുന്നത്. ചുക്കുകാപ്പിപ്പൊടി കടകളിൽ ഇന്ന് സുലഭമാണ്. എങ്കിലും വീടുകളിൽ ഇത് ഉണ്ടാക്കുന്നതാണ് ഏറെ നല്ലത്.
മരുന്നുകാപ്പിയെന്നും ഇതിന് പേരുണ്ട്. വേണ്ട വിഭവങ്ങളും ഉണ്ടാക്കേണ്ടവിധവും ചുവടെ കൊടുക്കുന്നു:
ശർക്കര (കരിപ്പെട്ടി) 250 ഗ്രാം
ചുക്ക് 25 ഗ്രാം
മല്ലി 25 ഗ്രാം
കുരുമുളക് 10 ഗ്രാം
തുളസിയില 10 അല്ലി
വെറ്റില ഒന്ന്
ഇവയെല്ലാം നന്നായി ഇടിച്ച് യോജിപ്പിച്ചതിന് ശേഷം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തിളപ്പിക്കുക.തിളയ്ക്കുമ്പോൾ കാപ്പിപൊടി ചേർക്കുക. അരഗ്ലാസ് വീതം മൂന്നോ നാലോ നേരം കുടിക്കുക.
മഴക്കാല രോഗങ്ങളെ തടയാം
ഭക്ഷണം പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക
യാത്ര ചെയ്യുമ്പോൾ സാനിറ്റൈസർ ഉപയോഗിക്കുക
അടുക്കളയും പരിസരവും കൂടുതൽ വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക
എലി, പാറ്റ, ഈച്ച എന്നിവ വരാതിരിക്കാൻ മാർഗ്ഗങ്ങൾ സ്വീകരിക്കുക
പാഴായ ഭക്ഷണങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കുക
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാൻ കുട്ടികളെ അനുവദിക്കാതിരിക്കുക
കുട, കോട്ട് മുതലായവ യാത്രയ്ക്കുപയോഗിക്കുക