തീരുമാനമെടുക്കൽ ഒരു കലയാണ്. ഒരാൾ ഒരു തീരുമാനമെടുക്കുമ്പോൾ അതിന്റെ നന്മയും തിന്മയും അയാളുടെ പിന്നാലെ വരുന്നു. ജീവിതത്തെ മുഴുവൻ സമഗ്രമായി ബാധിക്കുന്ന ഒരു നിർണ്ണായക നിമിഷമാണ് തീരുമാനമെടുക്കൽ എന്ന് പറയുന്നത് അതുകൊണ്ടാണ്.
അതായത് ഒരു തീരുമാനം എടുത്തുകഴിഞ്ഞാൽ പിന്നെ അതിന്റെ വരുംവരായ്കകൾ മുഴുവൻ നിങ്ങൾ നേരിടുക തന്നെ വേണം, അതും ഒറ്റയ്ക്ക്. ഒറ്റയ്ക്ക് നിന്ന് പൊരുതാൻ തയ്യാറാകുന്നുവെന്ന് ഒരാൾ സമൂഹത്തോടും വ്യക്തികളോടും വിളിച്ചു പറയുന്നതാണ് തീരുമാനം.
ഓരോ തീരുമാനവും ഓരോ പ്രഖ്യാപനങ്ങളാണ്. ഓരോ തീരുമാനവും ഓരോ നിലപാട് അറിയിക്കലാണ്. ഓരോ തീരുമാനവും ഓരോ ജീവിതവീക്ഷണമാണ്. നീ എന്തു തീരുമാനിക്കുന്നുവോ അതാണ് നീ.
തീരുമാനമെടുക്കാൻ കഴിയാതെ പോകുന്ന അനേകം സന്ദർഭങ്ങളുണ്ടാവും ജീവിതത്തിൽ. എടുത്ത തീരുമാനങ്ങൾ പലതും തെറ്റായിരുന്നുവെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളുമുണ്ടാവും .
തീരുമാനങ്ങൾ എടുക്കാൻ കരുത്തില്ലാത്തവരാണ് തൊട്ടതിനും പിടിച്ചതിനുമെല്ലാം പോംവഴി തേടിയും തീരുമാനമെടുക്കാൻ സഹായം ചോദിച്ചും മറ്റുള്ളവരെ സമീപിക്കുന്നത്, അതുവഴി സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം മറ്റൊരാളെ ഏല്പിക്കുകയും നാം സ്വതന്ത്രനാകുകയുമാണ് ചെയ്യുന്നത്. മാത്രവുമല്ല നമുക്ക് ഒരാളെ കുറ്റപ്പെടുത്താനുംപഴിചാരാനും ഒരാളെ കിട്ടുകയും ചെയ്യും. പാളിപ്പോയ തീരുമാനത്തിന്റെ കാരണക്കാരൻ നീയാണെന്ന മട്ടിൽ.
അതുകൊണ്ട് ഒരാൾ തീരുമാനമെടുക്കാൻ സഹായം ചോദിച്ചുവന്നാൽ തീരുമാനമെടുത്തു കൊടുക്കുകയല്ല ഉചിതം. മറിച്ച് അതേക്കുറിച്ച് നിങ്ങൾക്കുള്ള അഭിപ്രായം രേഖപ്പെടുത്തി, സ്വന്തമായി തീരുമാനമെടുക്കാൻ അയാളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്.
ചില നിർദ്ദേശങ്ങൾക്കുവേണ്ടി മറ്റുള്ളവരെ സമീപിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ തീരുമാനം സ്വന്തമായിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. തീരുമാനമെടുക്കൽ മറ്റുള്ളവരെ ഏല്പിക്കുമ്പോൾ അത് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. അതുവഴി പിന്നെയും നാം തോറ്റുപോകുകയാണ് ചെയ്യുന്നത്.
ഒരു നല്ല തീരുമാനമെടുത്താൽ പോലും മുന്നോട്ടുള്ള വഴി സുഗമമായിരിക്കണമെന്നില്ല. തീരുമാനങ്ങൾ നടപ്പിൽ വരുത്താനും അതിനെ ഗുണകരമായി അവസാനിപ്പിക്കാനും ഏറെ സമയമെടുക്കും. നല്ല തീരുമാനങ്ങൾക്കിടയിൽ പോലും നാം മാനസികമായി ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. തീരുമാനങ്ങളുടെ നന്മതിന്മകളെക്കുറിച്ച് സംശയം പോലും ഉടലെടുക്കുന്ന നിമിഷമാണ് അത്.
തീരുമാനമെടുത്ത് വളരുക. തീരുമാനങ്ങൾ തെറ്റിക്കോട്ടെ… മറ്റ് ചിലപ്പോൾ ശരിയായിക്കോട്ടെ. തെറ്റിപ്പോയ തീരുമാനങ്ങളാണെങ്കിൽ തിരുത്താൻ അവസരമുണ്ടോയെന്ന് പരിശോധിക്കുക. ശരിയായ തീരുമാനങ്ങളാണെങ്കിൽ അത് ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും കൂടുതൽ വെല്ലുവിളികളുള്ള തീരുമാനമെടുക്കാൻ പ്രാപ്തരാക്കുകയും ചെയ്യും.
പലരുടെയും ജീവിതം മനോഹരമായിരിക്കുന്നത് ഉചിതമായ തീരുമാനങ്ങൾ കൊണ്ടാണ്. ചിലരുടെ ജീവിതം ദുരിതമയമായിരിക്കുന്നത് തെറ്റായ തീരുമാനങ്ങൾ കൊണ്ടും.
പാളിപ്പോകുമെന്ന് ഭയന്ന് തീരുമാനമെടുക്കാതിരിക്കരുത്. നിന്റെ തീരുമാനം നിന്റെ ഭാവിയാണ്.