”ആദ്യം നിന്റെ മനസ്സ് അവിടേയ്ക്ക് ഇടുക. നിന്റെ ശരീരം അതിനെ പിന്തുടർന്നുകൊള്ളും”
വെല്ലുവിളികളെ നേരിടാൻ കഴിയാതെ ഭയന്നും തളർന്നും ആത്മവിശ്വാസമില്ലാതെയും കഴിയുന്നവർ ധാരാളം. കംഫർട്ട് സോൺ വിട്ടുപേക്ഷിക്കാനുള്ള വൈമുഖ്യവും ധൈര്യമില്ലായ്മയുമാണ് ഇതിന് കാരണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ റോബെർട്ട് ബാബ് പറയുന്നത് കംഫർട്ട് സോൺ ഒരു ജയിലിന് തുല്യമാണെന്നാണ്. അല്ലെങ്കിൽ കെണി പോലെയാണ്. ഒരിക്കലും പുറത്തുകടക്കാൻ കഴിയില്ല. കംഫർട്ട് സോണിൽ കഴിയുമ്പോൾ സുരക്ഷിതരാണെന്ന് തോന്നിയേക്കാം. പക്ഷേ അതൊരു വെറുംതോന്നൽ മാത്രമാണ്. ഏതൊന്നിനെയാണോ നേരിടാൻ കഴിയാതെ പോകുന്നത്, ഏതൊരു സാഹചര്യത്തെയാണോ അഭിമുഖീകരിക്കാൻ ഭയക്കുന്നത് അവയെ നേരിടാൻ തയ്യാറാവുക. ധൈര്യം കാണിക്കുക. ചിലർ അമിതമായ സഭാകമ്പം ഉള്ളവരാണ്. ഒരു സദസിനെ അഭിമുഖീകരിക്കാൻ അവർക്ക് ധൈര്യമുണ്ടാവില്ല. ഇത്തരമൊരു സാഹചര്യം വരുമ്പോൾ അവർ ഏതുവിധേനയും രക്ഷപ്പെടും. സാഹചര്യം ഒഴിവായി എന്നത് യാഥാർത്ഥ്യം. പക്ഷേ അതുവഴി യാതൊരു വളർച്ചയും ആ വ്യക്തിക്ക് ഉണ്ടാകുന്നില്ല. മറിച്ച് പേടിച്ചുവിറച്ചാണെങ്കിലും മുക്കിയും മൂളിയുമാണെങ്കിലും രണ്ടുവാക്ക് സംസാരിക്കാൻ സാധിച്ചാൽ, ഒരു സദസിനെ നേരിടാൻ തയ്യാറായാൽ അവിടെ ആ വ്യക്തി വിജയിക്കുകയാണ്. ഇരുട്ടിനെ പഴിച്ചതുകൊണ്ട ്കാര്യമില്ലല്ലോ. മറിച്ച് തിരി തെളിക്കുകയാണ് പോംവഴി. എങ്കിലേ ഇരുട്ട് അകന്നുപോകൂ. അതുപോലെയാണ് സഭാകമ്പം പോലെയുള്ള വെല്ലുവിളികളും. അഭിമുഖീകരിക്കാതെയും നേരിടാതെയും അതിനെ കീഴ്പ്പെടുത്താനാവില്ല.
ആദ്യം ചെറിയൊരു വെല്ലുവിളി ഏറ്റെടുക്കുക. അത് വിജയിച്ചുകഴിയുമ്പോൾ അതിനെക്കാൾ വലിയൊരു വെല്ലുവിളി സ്വീകരിക്കുക. ഇങ്ങനെ പടിപടിയായി കംഫർട്ട്സോണിൽ നിന്ന് പുറത്തുകടക്കാനും ജീവിതത്തിൽ വിജയിക്കാനും സാധിക്കും.
ഏതൊരു കാര്യം പേടി മൂലം ഒഴിവാക്കാൻ ശ്രമിക്കുന്നുവോ അവിടെ ഒരിക്കലും വളർച്ചയുണ്ടാകുന്നില്ല. പേടിപ്പെടുത്തുന്ന, ചെയ്യാൻ കഴിയില്ലെന്ന് കരുതുന്ന കാര്യങ്ങൾ ചെയ്യുക. ഇതുമൂലം ആത്മവിശ്വാസം വർദ്ധിക്കും. ആത്മധൈര്യമുണ്ടാകും. പോസിറ്റീവായ റിസ്‌ക്കുകൾ ഏറ്റെടുക്കുമ്പോൾ കൂടുതൽ എനർജിയുണ്ടാകുന്നു. സെൽഫ് എസ്റ്റീം, കോൺഫിഡൻസ് എന്നിവയുണ്ടാകുമ്പോൾ ശരീരത്തിലും ക്രിയാത്മകമായ മാറ്റങ്ങൾ സംഭവിക്കുന്നതായി പഠനങ്ങൾ പറയുന്നു. ക്രിയാത്മകമായ ഹോർമോണുകളാണ് ആ നിമിഷം ശരീരം ഉല്പാദിപ്പിക്കുന്നത്.
ഫീൽ ദ ഫിയർ ആന്റ് ഡു ഇറ്റ് എനിവേ എന്ന കൃതിയുടെ കർത്താവായ സൂസൻ ജെഫേഴ്സ് നിർദ്ദേശിക്കുന്നത് ചെറുതെങ്കിലും ദൃഢമായ ഓരോ ചെറിയ ചുവടുവയ്പ്പുകൾ ദിവസം തോറും കംഫർട്ട് സോണിന് വെളിയിലേക്ക് നടത്തിക്കൊണ്ടിരിക്കണം എന്നാണ്. ഇത് ആത്മവിശ്വാസം പടിപടിയായി വർദ്ധിപ്പിക്കും. ഏതൊന്നിനെയാണ് നിങ്ങൾ ഭയക്കുന്നത് ആ ഭയത്തെ ഇല്ലാതാക്കാൻ ഓരോ ദിവസവും നിങ്ങൾ പറയണം, ‘ഇതെനിക്ക് സാധിക്കും’. ‘ഇതെനിക്ക് ചെയ്യാൻ കഴിയും’. വെല്ലുവിളികളെ ഏറ്റെടുക്കാൻ ഇത്തരത്തിലുള്ള സെൽഫ് ടോക്കുകൾ ഏറെ ഗുണം ചെയ്യും.
ചാറ്റർ ദ വോയ്സ് ഇൻ ഔർ ഹെഡ് ആന്റ് ഹൗ റ്റു ഹാർനെസ് ഇറ്റ് എന്ന കൃതിയുടെ കർത്താവും മിഷിഗൻ യൂണിവേഴ്സിറ്റിയിലെ ഇമോഷൻ ആന്റ് സെൽഫ് കൺട്രോൾ ലാബ് ഡയറക്ടറുമായ ഏഥൻ ക്രോസ് പറയുന്നത് ദുഷ്‌ക്കരമെന്നും അസാധ്യമെന്നും ചിന്തിക്കുന്ന സംഗതികൾ അവ ചെയ്തുകഴിഞ്ഞതിന് ശേഷം വളരെ എളുപ്പമായിരുന്നു എന്ന തോന്നൽ രൂപപ്പെടാൻ ഇടയാക്കുന്നുവെന്നാണ്. ഏതൊന്നിനെയോർത്ത് മനസ്സിൽ ഭയപ്പാടുകൾ ഉണ്ടാകുന്നുവോ ആ സാഹചര്യത്തെ നേരിട്ടുകഴിയുമ്പോൾ അതുവരെയുണ്ടായിരുന്ന തോന്നലിൽ നിന്ന് വ്യത്യസ്തമായി ഇത് വളരെ എളുപ്പമായിരുന്നുവല്ലോ എന്ന് മനസ്സ് പറയും.
ഭയസംസ്‌കാരം ജീവിതത്തെ തന്നെ ദോഷകരമായി ബാധിക്കുമെന്നാണ് സൈക്കോളജിസ്റ്റ് പിപ്പാ ഗ്രാൻജെ പറയുന്നത്. നാം നമ്മുടെ സാധ്യതകളെ പരിമിതപ്പെടുത്തുന്നു ചെറിയരീതികളിലേക്ക് ഒതുക്കപ്പെടുന്നു. നേടാൻ കഴിയുന്നതിന്റെ പാതിപോലും നേടാൻ കഴിയാതെ പോകുന്നു.
സുരക്ഷിതലാവണങ്ങളിൽ കഴിയുമ്പോൾ നാം എങ്ങനെയാണോ ഉള്ളത് അതുപോലെ തുടരുന്നു. ആർക്കും അതുവഴി പ്രയോജനമുണ്ടാകുന്നില്ല. പരാജയപ്പെടുമെന്നോ എനിക്ക് കഴിയില്ലെന്നോ ഉള്ള ചിന്തകളും ഭയങ്ങളുമാണ് അതിൽ തന്നെ തുടരാൻ നമ്മെ പ്രേരിപ്പിക്കുന്നത്. പരാജയപ്പെട്ടാൽ പരാജയപ്പെട്ടുകൊള്ളട്ടെ, ശ്രമിക്കാത്തതുകൊണ്ടല്ലല്ലോ.
ജീവിതാന്ത്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടബോധങ്ങളിൽ ഒന്ന് പാഴാക്കിക്കളഞ്ഞ അവസരങ്ങളെയും നേടിയെടുക്കാൻ കഴിയാതെ പോയ വിജയങ്ങളെയും കുറിച്ചായിരിക്കും. അങ്ങനെയൊന്നുണ്ടാകാതിരിക്കാൻ ഇനിയെങ്കിലും കംഫർട്ട് സോണുകൾ ഉപേക്ഷിച്ചേ മതിയാവൂ. ജീവിതവിജയം നേടിയവരെന്ന് ഇന്ന് വാഴ്ത്തപ്പെടുന്ന പലരും സുരക്ഷിതലാവണങ്ങൾ വിട്ടുപേക്ഷിച്ചവരായിരുന്നു.
വെള്ളത്തിലിറങ്ങാതെ നീന്തൽ പഠിക്കാൻ കഴിയില്ലല്ലോ. വീഴാതെ ആരും നടക്കാൻ പഠിച്ചിട്ടുമില്ല. അതുകൊണ്ട് ചെറിയ ചെറിയ പരാജയങ്ങളിലൂടെ നമുക്ക് വിജയത്തിലേക്ക് നടന്നടുക്കാം.
സുരക്ഷിതലാവണങ്ങളേ വിട!