ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരീരത്തിനാവശ്യമായ ഊർജ്ജം നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഈ ഊർജ്ജം ലഭിക്കുന്നത് മൂന്നു ഘടകങ്ങളിൽ നിന്നാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ്.. നല്ല ഭക്ഷണം കഴിക്കുമ്പോൾ അതിൽ കാർബോഹൈഡ്രേറ്റിന്റെ ഊർജ്ജം 50 ശതമാനവും പ്രോട്ടീൻ 20 ശതമാനവും കൊഴുപ്പ് 30 ശതമാനവുമായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി എണ്ണമയമുള്ളതും കൊഴുപ്പുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് ചുരുക്കം. സമീകൃതാഹാരമാണ് കഴിക്കേണ്ടത്.ശരീരത്തിനാവശ്യമായ പോഷകമൂല്യങ്ങൾ ഇതിലൂടെ ലഭിച്ചിരിക്കണം.
മിതമായ അളവിലേ ഭക്ഷണം കഴിക്കാവൂ. എത്ര രുചികരമായാലും ഇഷ്ടമുള്ളതായാലും അമിതമായി കഴിക്കരുത്. ദിവസത്തിൽ പല തവണയായി ആരോഗ്യകരമായ അളവിൽ ഭക്ഷണം കഴിക്കുന്നത് മൂന്നുനേരം വലിയ തോതിൽ കഴിക്കുന്നതിനെക്കാൾ നല്ലതാണ്. ശരീരത്തിന്റെ ഊർജ്ജവും മെറ്റബോളിസവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ആരോഗ്യകരമായിരിക്കണം പ്രഭാതഭക്ഷണം. ഉച്ചഭക്ഷണം ലഘുവായിരിക്കുന്നതാണ് നല്ലത്. അത്താഴം എട്ടുമണിക്ക് മുമ്പായി കഴിക്കുക. ഉറങ്ങുന്നതിന് രണ്ടുമണിക്കൂർ മുമ്പാണ് അത്താഴം കഴിക്കേണ്ടത്. ഭക്ഷണം കഴിച്ച ഉടനെ കിടന്നാൽ വലിയൊരു ഭാഗം ആഹാരവും ദഹിക്കാതെ കിടക്കും. ദിവസം രണ്ട് നേരം പച്ചക്കറികളും ഒരു നേരം ഇലക്കറിയും കഴിക്കുന്നത് നല്ലതാണ്. പഴവർഗ്ഗങ്ങൾ ജ്യൂസായി കുടിക്കുന്നതിനേക്കാൾ നല്ലത് നേരിട്ട് കഴിക്കുന്നതാണ്.
ഉപ്പിന്റെ ഉപയോഗം ദിവസം ഒരു ടീസ്പൂൺ മാത്രമായിരിക്കണം. ഭക്ഷണം പതുക്കെ ചവച്ചാണ് കഴിക്കേണ്ടത്. വയറുനിറഞ്ഞു എന്ന തോന്നലുണ്ടായിക്കഴിയുമ്പോൾ ഭക്ഷണം കഴിക്കുന്നത് നിർത്തണം. ടെലിവിഷന്റെയോ കമ്പ്യൂട്ടറിന്റെയോ മുമ്പിലിരുന്നുകൊണ്ട് ഭക്ഷണം കഴിക്കരുത്. അമിതഭക്ഷണശീലത്തിന് ഇത് വഴിതെളിക്കും.
എട്ടു ഗ്ലാസ് വെള്ളം ദിവസത്തിൽകുടിച്ചിരിക്കണം. വെറും വെള്ളമായോ മോര്, തേങ്ങവെള്ളം ഇങ്ങനെ പലവിധത്തിലാവാം ഇത്. പക്ഷേ ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കരുത് ഭക്ഷണത്തിന് മുമ്പ് വേണമെങ്കിൽ വെള്ളം കുടിക്കാം. ഇല്ലെങ്കിൽ ഭക്ഷണം കഴിച്ച് അരമണിക്കൂർ കഴിയുമ്പോൾ വെള്ളം കുടിക്കുക.
കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. വേനൽക്കാലത്ത് തണുപ്പ് ലഭിക്കുന്ന ഭക്ഷണമാണ് കഴിക്കേണ്ടത്. മധുരം, പുളി, ഉപ്പ്, എരിവ് എന്ന രീതിയിലാണ് ഭക്ഷണം കഴിക്കേണ്ടത് എന്നാണ് ആയുർവേദം പറയുന്നത്.