നന്നായി വളർത്താം

Date:

spot_img

കാലത്തിന്റെ സങ്കീർണ്ണതകളും സംഘർഷങ്ങളും പിടികൂടിയിരിക്കുന്ന ഒരു മേഖലയാണ് പേരന്റിങ്. മുൻ തലമുറകളുമായി തട്ടിച്ചുനോക്കുമ്പോൾ മക്കളെ വളർത്തുന്നതിൽ പുതിയ മാതാപിതാക്കൾ ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. മാതാപിതാക്കൾ ഇരുവരും ജോലിക്കാരായതും കുട്ടികളെ നേരാംവണ്ണം നോക്കിനടത്താൻ സമയം കിട്ടാത്തതുമാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്നം.

പണത്തിനും പദവിക്കും സ്റ്റാറ്റസിനും വേണ്ടിയുള്ള നെട്ടോട്ടത്തിൽ മക്കൾ പലപ്പോഴും അവഗണിക്കപ്പെടുന്ന സംഭവങ്ങൾ കുറവൊന്നുമല്ല. തങ്ങൾ ജനിച്ചുവളർന്നപ്പോഴത്തെ രീതിയിൽ നിന്ന് ഏറെ വ്യത്യസ്തമായി മക്കൾക്ക് വേണ്ടതിലധികം സ്വാതന്ത്ര്യം നല്കുന്നതും എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്നതും ഇന്നത്തെ മാതാപിതാക്കളുടെ പ്രത്യേകതകളിൽ പെടുന്നു.

മക്കളുടെ കുറ്റങ്ങൾക്ക് നേരെ അവൻ കുട്ടിയല്ലേ എന്ന മട്ടിൽ കണ്ണടയ്ക്കുന്നതും തെറ്റുകൾ പോലും വേണ്ടവിധം ശാസിക്കാൻ കഴിയാതെ പോകുന്നതും പുതിയ സംഭവമൊന്നുമല്ല. മക്കളുടെ സ്നേഹം പിടിച്ചുപറ്റാനും തങ്ങൾ നല്ല മാതാപിതാക്കളാണെന്ന് അവരുടെ നാവിൽ നിന്ന് കേൾക്കാനും മക്കളുടെയടുത്ത് വേണ്ടതിലധികം സൗഹൃദത്തോടെ പെരുമാറുന്നതും പുതിയ പേരന്റിങ് ട്രന്റാണ്.

പക്ഷേ ഇവിടെയെല്ലാം ചില അപകടങ്ങൾ പതിയിരിപ്പുണ്ട്. എല്ലാത്തവണയും മക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുകയും എന്നാൽ ഒരു തവണ അവരുടെ ആഗ്രഹം നിഷേധിക്കുകയും ചെയ്യുമ്പോൾ മക്കളുടെ പ്രതികരണം എന്താണെന്ന് നിരീക്ഷിച്ചിട്ടുണ്ടോ? കാര്യങ്ങളെ വേണ്ടവിധം ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ നിങ്ങളുടെ പേരന്റിങ്  മികച്ചതാണ് എന്ന് പറയാം. 

എന്നാൽ  ആഗ്രഹസാധ്യത്തിന് വേണ്ടി മക്കൾ പൊട്ടിത്തെറിക്കുകയോ ബഹളം വയ്ക്കുകയോ വാശിപിടിക്കുകയോ ആണ് ചെയ്യുന്നതെങ്കിൽ അവിടെയെന്തോ പ്രശ്നമുണ്ട്.

പല കുട്ടികളം വാശിപിടിച്ചു കരഞ്ഞ് കാര്യം സാധിക്കുന്നവരാണ്. ചെറുപ്രായം മുതല്ക്കേയുള്ള ഈ രീതി മുതിർന്നുകഴിയുമ്പോഴും അവർ പിന്തുടരും. ചെറുപ്രായത്തിൽ മക്കളെ ശിക്ഷിച്ചോ ശാസിച്ചോ അടിച്ചൊതുക്കാമെങ്കിൽ കൗമാരത്തിലോ യൗവനത്തിലോ അത് സാധിക്കാതെ വരുന്നു. തന്നോളമായാൽ താൻ എന്ന് വിളിക്കണം എന്ന പ്രമാണം ഇവിടെ വിലങ്ങുതടിയാകുന്നു. മാത്രവുമല്ല മക്കളുടെ വഴക്കും ബഹളവും അയൽക്കാർ  കേൾക്കുമല്ലോ എന്ന് ഭയന്ന് മാതാപിതാക്കൾ ഒത്തുതീർപ്പിന് തയ്യാറാകുകയും ചെയ്യുന്നു. ഫലമോ മക്കളുടെ വിജയവും മാതാപിതാക്കളുടെ പരാജയവും സംഭവിക്കുന്നു. ഇതൊരു വിദ്യയായി പിന്നീടും ഓരോരോ സാഹചര്യങ്ങളിൽ മക്കൾ വളർത്തിയെടുക്കുന്നു.  എന്നാൽ ചിലപ്പോഴെങ്കിലും മക്കളുടെ തുടർന്നുള്ള ആഗ്രഹങ്ങളോ ആവശ്യങ്ങളോ സാധിച്ചുകൊടുക്കാൻ കഴിയാതെ  വന്നേക്കാം. അപ്പോൾ  കുടുംബത്തിൽ വഴക്കും വക്കാണവും ഉടലെടുക്കും. ഇങ്ങനെയുള്ള മക്കളാണ് ഭാവിയിൽ സ്വത്തുതർക്കത്തിന്റെ പേരിൽ മാതാപിതാക്കളെ കയ്യേറ്റം ചെയ്യുകയോ കൊല്ലുകയോവരെ ചെയ്യുന്നവരായിമാറുന്നത്.

തങ്ങളുടെ ആഗ്രഹം സാധിച്ചെടുക്കാനായി ഭീഷണി മുഴക്കുകയും വാശിപിടിക്കുകയും ചെയ്യുന്ന മക്കളെ ചെറുപ്പം മുതല്ക്കേ വരുതിയിൽ നിർത്താൻ കഴിയാതെ പോകുന്ന ഈ മാതാപിതാക്കൾ അങ്ങനെ മക്കളുടെ കൈകളിൽ കൊല്ലപ്പെടുന്നവരായിമാറുന്നു.  കതിരിൽ വളംവച്ചിട്ട് കാര്യമില്ല എന്ന് പറയുന്നതുപോലെ മുതിർന്നതിന് ശേഷം മക്കളെ മാറ്റിയെടുക്കാമെന്ന് വിചാരിക്കരുത്. വ്യക്തിത്വവികാസം സംഭവിക്കുന്ന കാലത്ത് തന്നെ അത്തരമൊരു പരിശീലനം മക്കൾക്ക്നല്കിയിരിക്കണം. ഒരു കളിപ്പാട്ടത്തിനോ പലഹാരത്തിനോ വേണ്ടി അനാവശ്യമായി പിടിവാശി കാണിക്കുമ്പോൾ കാര്യകാരണസഹിതം അത് നിഷേധിക്കാനും വിശദീകരിച്ചു നല്കാനും മാതാപിതാക്കൾക്ക് കടമയുണ്ട്.

എന്നിട്ടും കുട്ടി കരച്ചിൽ അവസാനിപ്പിക്കുന്നില്ലെങ്കിൽ അതിനെ അവഗണിക്കുകയാണ് വേണ്ടത്. മറിച്ച് കരച്ചിൽ മാറ്റാൻ കോംപ്രമൈസ് ചെയ്യരുത്. ചെറുപ്പംമുതല്ക്കേ കിട്ടുന്ന ഈ കോംപ്രമൈസാണ് ഭാവിയിലും മക്കൾ പ്രതീക്ഷിക്കുന്നത്.

മക്കളോട് നോ പറയുന്നകാര്യത്തിൽ അച്ഛനമ്മമാർ ഒറ്റക്കെട്ടായിരിക്കണം. അച്ഛൻ നോ പറഞ്ഞ കാര്യം അച്ഛനറിയാതെ അമ്മ രഹസ്യത്തിൽ മക്കൾക്ക് യെസ് നല്കരുത്. ഇത് രണ്ടിലൊരാളെ സ്വാധീനിച്ച് കാര്യം സാധിച്ചെടുക്കുന്ന സൂത്രവിദ്യയായി മക്കൾ മാറ്റും. നോ പറയേണ്ടിടത്ത് നോ പറയാൻ മാതാപിതാക്കൾ ധൈര്യം കാണിക്കണം.

മക്കളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കേണ്ടവയല്ല. പണത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞുവളരുമ്പോഴേ ധൂർത്തിൽ നിന്ന് ഒഴിവായിനില്ക്കൂ. ഏതെങ്കിലും കാര്യത്തിന് പണം നല്കിയെങ്കിൽ  അതിന്റെ ആവശ്യവും ചെലവാക്കലിന്റെ രീതിയും ചോദിച്ചുമനസ്സിലാക്കാൻ മടിക്കേണ്ടതില്ല.  പണമാണ് ഇന്നത്തെ യുവ തലമുറയെ വഴിതെറ്റിക്കുന്നത്. പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരായി അവർ മാറിയിരിക്കുന്നു. മയക്കുമരുന്നിന്റെയും കള്ളക്കടത്തിന്റെയും ലോകത്തിലേക്ക് അവർ ആകൃഷ്ടരാകുന്നുണ്ടെങ്കിൽ പണത്തിന് കുടുംബസാഹചര്യങ്ങളിൽ കൊടുക്കുന്ന അമിതപ്രാധാന്യവും പണത്തോടുള്ള അതിരുകടന്ന ഭ്രമവും ഒരു കാരണമാകാം.

പണത്തിന് പ്രാധാന്യമുള്ളപ്പോൾതന്നെ പണമാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന വിധത്തിലുള്ള വിലയിരുത്തലുകൾ കുടുംബാന്തരീക്ഷത്തിൽ ഉണ്ടാവരുത്. ഇല്ലായ്മകളും വല്ലായ്മകളും അറിഞ്ഞുതന്നെ വേണം കുട്ടികളെ വളർത്തേണ്ടത്. താൻ അനുഭവിച്ച ബുദ്ധിമുട്ട് മക്കൾ അനുഭവിക്കരുത് എന്ന വിചാരിച്ച് മക്കളെ അല്ലലറിയിക്കാതെ വളർത്തുന്നത്  അവരോടുചെയ്യുന്ന ക്രൂരതയാണ്.

ആത്മീയഅടിത്തറ ചെറുപ്രായത്തിൽ തന്നെ മക്കളിൽ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും ഒരു നിർദ്ദിഷ്ട മതവിശ്വാസത്തിന്റെ അനുകർത്താക്കളാക്കുക എന്നതിനപ്പുറം നന്മ, ദയ, സ്നേഹം, കാരുണ്യം, പരസേവനം തുടങ്ങിയ മൂല്യങ്ങൾ കണ്ടുപഠിക്കാൻ കുടുംബം തന്നെ ഒരു പരിശീലനക്കളരിയാകണം.  മാതാപിതാക്കൾ തമ്മിലുള്ള പരസ്പരസ്നേഹവും പങ്കുവയ്ക്കലും കണ്ടായിരിക്കണം മക്കൾ വളരേണ്ടത്.
തന്നിഷ്ടക്കാരും തൻകാര്യം മാത്രംനോക്കുന്നവരുമായവർ കുടുംബത്തിലും സമൂഹത്തിലും ഒന്നുപോലെ ഉപദ്രവകാരികളാണ്. പല  ദാമ്പത്യബന്ധങ്ങളിലും വില്ലന്മാരായി മാറുന്നത് പങ്കാളികളുടെ താൻപോരിമയും തന്നിഷ്ടവും താൻ പിടിച്ച മുയലിന് മൂന്നുകൊമ്പ് എന്ന രീതിയുമാണ്. അതുകൊണ്ട് ചെറുപ്രായം തൊട്ട് മക്കളെ നന്നായി വളർത്തുക. മക്കളോടൊപ്പം സമയം ചെലവഴിക്കുകയും പരസ്പരം സ്നേഹത്തിൽ ഒന്നായിരിക്കുകയും ചെയ്യുന്ന ദമ്പതികളുടെ മക്കൾ വഴിതെറ്റുകയില്ലെന്ന് ഉറപ്പായും കരുതാം.

More like this
Related

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...
error: Content is protected !!