പട്ടാളക്കാരനായിരുന്നത് കൊണ്ടായിരിക്കും അച്ഛന്റെ
കൂട്ടുകാരെല്ലാംതന്നെ പട്ടാളക്കാരായിരുന്നവരായിരുന്നു.
ചില ഞായറാഴ്ചകളിൽ ബക്കർ സാറും അന്തോണി
സാറും ഞങ്ങളുടെ വീട്ടിലേക്കൊരു മാർച്ച് നടത്തും.
എനിക്കു സ്‌നേഹത്തിൽ പൊതിഞ്ഞ കുറേ
മിഠായികൾ തരും അവർ .
പട്ടാളക്കഥകൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ മിലിറ്ററി ക്യാന്റീനിൽ നിന്നും കിട്ടിയ മദ്യക്കുപ്പിയൊന്ന്
അവിടെ കാലിയാവും.
എന്റെ ഏറ്റവും വലിയ കൂട്ടുകാർ ബക്കർ സാറിന്റെ
മകൻ സലീമും അന്തോണി സാറിന്റെ മകൻ
ജോണിയുമായിരുന്നു.
ജോണിയുടെ സൈക്കിളായിരുന്നു ഞങ്ങളുടെ
സ്‌കൂൾ വണ്ടി.
മുന്നിൽ എന്നേയും പിന്നിൽ സലീമിനേയും ഇരുത്തി സർക്കസിലെ അഭ്യാസിയെപ്പോലെ
ജോണി സൈക്കിൾ ചവിട്ടുമായിരുന്നു.
ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും
ബക്കർ സാർ ഞങ്ങളുടെ വീട്ടിലേക്കു നെയ്‌ച്ചോറും പത്തിരിയും കോഴിക്കറിയും കൊണ്ടുവരും.
ഉയിർപ്പ് പെരുന്നാളിനും ക്രിസ്തുമസിനും
അന്തോണി സാർ പോർക്കിറച്ചി വരട്ടിയതും
കൊഴുക്കട്ടയും കേക്കും കൊണ്ടുവരും.
അച്ഛനും ഞങ്ങളും ഈ പകർച്ച വരുന്നതും
കാത്തു കാത്തിരിക്കും.
ഓണത്തിനും വിഷുവിനും ശർക്കരവരട്ടിയും
കായ വറുത്തതും അമ്മ ഉണ്ടാക്കിയ പായസവും
കൊണ്ട് അച്ഛൻ അന്തോണി സാറിന്റെയും
ബക്കർ സാറിന്റെയും വീട്ടിൽ പോകും.
അന്തോണി സാറാണ് ആദ്യം കിടപ്പായതും
പുറത്തെങ്ങും ഇറങ്ങാതെയായതും.
കുറച്ചു നാൾ കഴിഞ്ഞു ബക്കർ സാറും മുറ്റത്തു വീണ് പുറത്തേക്കൊന്നും ഇറങ്ങാതായി.
അച്ഛനും പ്രായത്തിന്റെ അവശതകൾ മൂലം
വീടിനു പുറത്തൊന്നും ഇറങ്ങാറില്ല.
അച്ഛനിപ്പോൾ ആരെയും കാത്തിരിക്കാറില്ല.
ആരും ഒരു പകർച്ചകളും കൊണ്ടു വരാറില്ല.
ഞങ്ങൾ മക്കൾ ജോണിയും സലീമും ഞാനും
അതൊന്നും ഓർക്കാറുമില്ല.
അല്ലെങ്കിലും ഞങ്ങൾക്ക് അതിനൊക്കെ
എവിടെയാണ് സമയം.
സലീം അവൻ മാനേജരായ ട്രസ്റ്റിന്റെ സ്‌കൂളിലേക്ക്
സമുദായത്തിലെ കുട്ടികളെ കണ്ടെത്താൻ
നെട്ടോട്ടമോടുകയാണ്.
ജോണി അവന്റെ സമുദായക്കാർക്ക് വേണ്ടിയുള്ള
വലിയൊരു ഒരു മാട്രിമോണിയൽ
സ്ഥാപനം നടത്തുകയാണ്.
ഞാൻ ഞങ്ങളുടെ ദേവന്റെ ഏറ്റവും വലിയ അമ്പലം
പണിയുന്നതിനു വേണ്ടി നാടു മുഴുവൻ
പൈസ പിരിക്കാൻ നടക്കുകയാണ്.
അച്ഛനും അന്തോണി സാറും ബക്കർ സാറും മാത്രം
കുട്ടികളെപ്പോലെ പണ്ടത്തെ പട്ടാളക്കഥകളും
പകർച്ചക്കഥകളും ഓർത്തു കാലം കഴിക്കുന്നുണ്ട്.
സജിത്ത് കുമാർ