ചുട്ടുപൊള്ളുന്ന വേനലിനെ നേരിടാൻ ഏതു മാർഗ്ഗവും നോക്കുന്നവരായിക്കഴിഞ്ഞു നമ്മൾ. അതിൽപ്പെടുന്ന ഒരു രീതിയാണ് കുടിക്കാൻ രാമച്ചമിട്ട വെള്ളം ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള നല്ലൊരു മാർഗ്ഗമാണ് രാമച്ചം. ക്ഷീണം മാറാനും ഉന്മേഷം ലഭിക്കാനും രാമച്ചമിട്ട് തിളപ്പിച്ച വെള്ളം കൂജയിൽ ഒഴിച്ചുവച്ചതിന് ശേഷം കുടിച്ചാൽ മതിയാവും. ശരീരത്തിന് തണുപ്പ് നല്കുന്നു എന്നതാണ് രാമച്ചത്തിന്റെ പ്രത്യേകത. അസിഡിറ്റി, ഗ്യാസ്ട്രബിൾ, മലബന്ധം തുടങ്ങിയവയ്ക്കെല്ലാം രാമച്ച വെള്ളം കുടിക്കുന്നതിലൂടെ പരിഹാരം ലഭിക്കും.
വെറും ദാഹശമനി മാത്രമല്ല നിരവധി ഔഷധ ഗുണങ്ങളും രാമച്ചത്തിനുണ്ട്. ബി.പി നിയന്ത്രിക്കുക എന്നതാണ് ഇതിൽ പ്രധാനം. അതുപോലെ മൂത്രത്തിലെ അണുബാധ മാറാനും മറ്റ് അസുഖങ്ങൾ പരിഹരിക്കാനും രാമച്ചത്തിന് കഴിവുണ്ട്. പാർക്കിൻസൺ, സ്ട്രസ്, ദേഷ്യം എന്നിവ ശമിപ്പിക്കാനും രാമച്ചമിട്ട വെള്ളത്തിന് സാധിക്കും. വാതം, സന്ധിവേദന, തലവേദന, പനി, ശ്വാസകോശസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും രാമച്ചം പ്രയോജനപ്രദമാണ്.
കുടിക്കാൻ മാത്രമല്ല മറ്റ് പല രീതിയിലും രാമച്ചം ഉപയോഗിക്കാം. അതിൽ പ്രധാനപ്പെട്ടതാണ് രാമച്ച വെള്ളത്തിൽ ആവി പിടിക്കുന്നതും സന്ധിവേദന, വാതം തുടങ്ങിയവയ്ക്കു വേണ്ടി രാമച്ചം അരച്ചിടുന്നതും. വിയർപ്പുകുരു കുറയ്ക്കാനും രാമച്ചം ദേഹത്ത് അരച്ചിട്ടാൽ മതി. വിയർപ്പുനാറ്റവും അമിതവിയർപ്പും ഒഴിവാക്കാൻ രാമച്ചം തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.