സത്യത്തിന്റെയും നുണയുടെയും മുഖങ്ങൾ

Date:

spot_img

എന്തായിരുന്നു സത്യം? നീതി പുനഃസ്ഥാപിക്കാൻ നമ്മൾ പടുത്തുണ്ടാക്കിയ എല്ലാ ഇടങ്ങളും ഇന്ന് മൗനം കുടിക്കുന്നു. ‘എന്നെങ്കിലും സത്യം തെളിയുമെടോ’, അമ്മയ്ക്ക് ചുറ്റുമുള്ള ശ്വാസത്തെ ഇടക്ക് ദൈവം കട്ടെടുക്കുന്ന പ്രഭാതങ്ങളിൽ ചോറ്റുപാത്രവുമായി പീടികയിലേക്ക് ഓടുമ്പോൾ ചായയ്ക്ക് ഒപ്പം പത്രം തിന്നുന്ന മനുഷ്യർ പറയുന്നത് കേട്ട് ഞാൻ അഭിമാനം കൊണ്ടിട്ടുണ്ട്. അന്ന് ഡയറിയിൽ കുറിച്ചു. ‘കലക്കവെള്ളം പോലെയാണ് സത്യം. അൽപ്പം കാത്തിരുന്നാൽ തെളിയുക തന്നെ ചെയ്യും, തെളിയാതെ എവിടെ പോകാൻ.’ ഇന്ന് ഈ വാക്യത്തിൽ സംശയമുണ്ട്. ഡെഡാമർ എന്ന ചിന്തകൻ പറയുന്നത് പോലെ, സത്യമെന്നത് ഓരോ മനുഷ്യന്റെയും ഇഷ്ടങ്ങൾക്കനുസരിച്ചുള്ള നിർമ്മിതിയാണല്ലോ. സത്യത്തിൽ ഒട്ടുമേ സത്യമില്ല. ‘കൂടുതൽ വിശ്വസനീയമായ നുണയാണിന്ന് സത്യം’  (കൽപ്പറ്റ). 

സാമുവൽ ബക്കറ്റിന്റെ ‘വെയിറ്റിങ് ഫോർ ഗോദോ’ എന്ന നാടകത്തിലേ വ്‌ലാഡിമിറിനെ പോലെയും എസ്ട്രാഗോണിനെ പോലെയും എത്രയെത്ര പേരാണ് സത്യത്തെ (ഗോദോയെ) കാത്തിരിക്കുന്നത്. ചുറ്റിലുമുണ്ടാകുന്ന ഓരോ ചലനങ്ങളും ഓരോ ഇലയനക്കവും ഗോദോയുടെതാണ് (സത്യത്തിന്റേതാണ്) എന്നവർ തെറ്റിദ്ധരിക്കുന്നു. കാലങ്ങൾ കടന്നു പോകുന്നു… ഋതുക്കൾ വന്നു ചേരുന്നു… മരങ്ങൾ തളിർക്കുകയും ഇല പൊഴിയുകയും ചെയ്യുന്നു. എന്നിട്ടും ഗോദോ ഇനിയും എത്തിയിട്ടില്ല. നാടകത്തിന്റെ കർട്ടൻ വീഴുമ്പോഴും ഗോദോ (സത്യം) രംഗത്ത് വന്നിട്ടില്ല. ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിൽ സത്യത്തെ കാത്തിരിക്കുന്നവർക്കെല്ലാം ഞാൻ ഇപ്പോൾ ഗോദോയെ കാത്തിരുന്നവരുടെ മുഖം ആരോപിക്കാറുണ്ട്. തെരുവിൽ നീതിക്കുവേണ്ടി സമരത്തിനിറങ്ങുന്ന എല്ലാ മനുഷ്യർക്കും ഇതേ മുഖമാണ്. സത്യത്തേ ആരൊക്കയോ ചേർന്ന് എവിടെയോ താഴിട്ടുപൂട്ടിയിരിക്കുന്നു. അതോ, ജീൻ-ലിയോൺ ജെറോം എന്ന മഹാനായ ചിത്രകാരന്റെ പ്രശസ്തമായ “The truth coming out of the well’  എന്ന ചിത്രത്തിലേതുപോലെ നുണ സത്യത്തിന്റെ കുപ്പായം ഇട്ട് കടന്നു കളഞ്ഞതിനാൽ ഉടുക്കാൻ ഉടുപ്പില്ലാതെ നഗ്‌നസത്യം പകച്ച് നിൽക്കുകയാണോ?

സത്യത്തിന്റെയും നുണയുടെയും മുഖത്തേക്ക് എപ്പോഴെങ്കിലും നിങ്ങൾ സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ? സത്യത്തിന്റെ മുഖത്ത് വിളങ്ങി നിൽക്കുന്ന ഭാവം നിസഹായതയാണ്. എന്നാൽ സത്യത്തിന്റെ തുണിയുടുത്ത നുണയിൽ അഹങ്കാരവും. ഞാൻ ഇനി ഒരിക്കലും പിടിക്കപ്പെടില്ലാ എന്ന് അത് പുഞ്ചിരിക്കുന്നത് കേരള സമൂഹം പലപ്പോഴും കാണുന്നതാണല്ലോ. തലേ ദിവസം പറഞ്ഞ നുണ മാറി പോകാതിരിക്കാനുള്ള ജാഗ്രതയും കാണുന്നുണ്ട് നുണയുടെ മുഖത്ത്. നീതി നിഷേധിക്കപ്പെടുന്നവരെ കത്തുന്ന വെയിൽ ചൂടിനു പോലും പൊള്ളിക്കാനാവുമെന്നു തോന്നുന്നില്ല. ഉള്ള് മുഴുവൻ ഉരുകിയൊലിക്കുന്നവർക്ക് സൂര്യതാപം എത്ര നിസാരം. ” The universe is made of stories, not of atoms‐’ എന്ന് പറഞ്ഞത് മുറിയൽ റെകെയ്‌സകറാണ്. 
നുണയുടെ സഞ്ചാരപഥത്തെക്കുറിച്ച് ഓർക്കുമ്പോൾ ‘ചൈനീസ് വിസ്‌പ്പേഴ്‌സ്’

(Chinese Whispers)  എന്ന ഗെയിം ഓർമ്മയിൽ തെളിയും. ഈ കളിയിൽ പത്ത് കുട്ടികൾ നിര നിരയായി നിൽക്കുന്നു. ആദ്യത്തേ കുട്ടിയുടെ ചെകിട്ടിൽ രഹസ്യമായി ഒരു വാക്യം പറഞ്ഞു കൊടുക്കുന്നു. ഒന്നാമത്തെയാൾ ഇത് രണ്ടാമനിലേക്കും രണ്ടാമൻ മൂന്നാമനിലേക്കും. അങ്ങനെ അങ്ങനെ ഓരോരുത്തരിലൂടെയും കൈമാറി കൈമാറി ഒടുക്കം അത് പത്താമന്റെ ചെവിയിൽ എത്തുന്നു. അവൻ കേട്ട വാക്യം ഉറക്കെ വിളിച്ചു പറയുന്നു. ഒന്നാമൻ കേട്ട വാക്യവുമായി ഒരുപക്ഷേ പത്താമൻ പറഞ്ഞതിന് യാതൊരു ബന്ധവും ഉണ്ടാകാൻ വഴിയില്ല. എങ്ങനെയിത് എന്ന് ചോദിച്ചാൽ പറയാൻ ഉള്ളത് വളരെ ലളിതമായ ഉത്തരമാണ്. ഓരോ കുട്ടിയും അതിലേക്ക് തങ്ങളുടെ സ്വന്തം നിറങ്ങൾ കൂടി ചാലിച്ചു. അവരുടെ ഭാവനകൾ. പൊടിപ്പും തൊങ്ങലും ചേർന്ന് ചേർന്ന് ഒടുക്കം വലിയ ഒരു നുണ രൂപപ്പെടുന്നു. ചരിത്രത്തിൽ ഉടനീളവും സംഭവിച്ചത് ഇതു തന്നെ.” A lie can spread half way around the world while the truth is putting on its shoes ‘ ( Mark Twain) എന്നാണല്ലോ. സത്യത്തിന് എപ്പോഴും ശബ്ദം നൽകുന്നത് മനഃസാക്ഷിയാണ്. എന്നാൽ ഇന്ന് മനഃസാക്ഷിയെന്നത് മറച്ചു പിടിക്കേണ്ട ഒന്നായി മാറിയിരിക്കുന്നു. 

നുണയുടെ ഒന്നാന്തരം പാഠശാലകൾ വീടും വിദ്യാലയവുമാണ്. അഷിതയുടെ കഥയിലെ കുട്ടിയുടേതു പോലെ ‘അമ്മേ വലുതായാൽ എനിക്കും അമ്മയെ പോലെ ഇഷ്ടം പോലെ നുണ പറയാമല്ലേ?’ എന്ന് ചോദിക്കുന്നുണ്ടാകും ഓരോ കുട്ടിയും. അമ്മ പഠിപ്പിക്കുന്ന നുണകളത്രയും നിരുപദ്രവകാരികളാണ്. ആരെയും നോവിക്കില്ല. പക്ഷേ, പ്രവേശിച്ചു കഴിഞ്ഞാൽ മടങ്ങി വരാനാവാത്ത ഇടവഴികളാണ് നുണകൾ. നേർവഴിയിൽ എത്താൻ വീണ്ടും വീണ്ടും നുണ വഴികൾ തിരഞ്ഞെടുക്കേണ്ടതായി വരുന്നു. 

ഒരു കുഞ്ഞു നുണ പോലും മനുഷ്യന്റെ സെൽഫ് എസ്റ്റീമിനെ (Self Esteem‐) കൊന്നു തിന്നുമെന്നാണ് അമേരിക്കൻ ചിന്തകയായ അയൻ റാൻഡ് പറയുന്നത്. വിദ്യാലയത്തിലേക്ക് വന്നാലോ, രാഷ്ട്രീയവും മതവും ചേർന്ന് നിർമിച്ച നുണകൾ സിലബസായി ഓരോ മണിക്കൂറും ഉണ്ണേണ്ടി വരുന്നു ഈ തലമുറയിലെ യുവത്വങ്ങൾക്ക്. 

നുണ പറയാൻ സ്വകാര്യമായി എനിക്ക് അനുവാദം തന്നത് ഒരു അദ്ധ്യാപകനായിരുന്നു. സ്‌കൂളിൽ അന്ന് DEO വിസിറ്റായിരുന്നു. വിദ്യാലയത്തിന്റെ സൽപ്പേര് കാത്ത് സൂക്ഷിക്കാൻ അദ്ധ്യാപകർ കാണിച്ചു കൂട്ടുന്ന മാനിപ്പുലേഷൻസ് കണ്ടെനിക്കന്ന് ചിരി വന്നു. വിജയിക്കാൻ ഞങ്ങൾക്കും ഇങ്ങനെ നുണകൾ കെട്ടിയുണ്ടാക്കാമോ എന്ന് ഞാൻ ആ അദ്ധ്യാപകനോട് ചോദിച്ചു. അടുത്ത പരീക്ഷയിൽ കോപ്പിയടിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണല്ലോ അവർ തങ്ങളുടെ പ്രവൃത്തികളിലൂടെ ഓരോ വിദ്യാർത്ഥിക്കും തുറന്നു തന്നത്. അന്ന് കിട്ടിയ അടിയുടെ തിണർപ്പുകൾ ഇപ്പോഴും നീറ്റുന്നുണ്ട്. ഇപ്പോൾ ഞാൻ അദ്ധ്യാപകർക്കും അധികാരികൾക്കും ഇഷ്ടപ്പെട്ട നുണ പറയുന്ന നല്ല വിദ്യാർത്ഥിയാണ്. ഷേക്‌സ്പിയറിന്റെ ‘ലേഡി മാക്ബത്ത്’ ഈ കാലത്തിന് ഒട്ടും യോജിക്കാത്ത നാടകമാണ് എന്ന് തോന്നുന്നു. കൈ കഴുകാനാവാത്ത ഒരു കുറ്റവും ഇന്ന് ആരും ചെയ്യുന്നില്ലല്ലോ എന്ന കൽപ്പറ്റ മാഷിന്റെ വരികൾ എത്ര സത്യം. ‘നെഞ്ചുകീറി ഞാൻ നേരിനെക്കാട്ടാം’ എന്ന വൈലോപ്പിള്ളിയുടെ വരികൾ വായിക്കുമ്പോൾ എനിക്ക് ഇപ്പോൾ ചിരി വരും. നുണ പഠിക്കുന്ന ഞങ്ങളുടെ തലമുറയ്ക്ക് ഈ വരികളൊക്കെ ഇന്ന് വലിയ തമാശയാണ്. 

സത്യം, ചുഴലിക്കാറ്റിലെ കരിയിലപോലെ ലക്ഷ്യമില്ലാതെ പാറിപ്പറന്നു കൊണ്ടിരിക്കുന്നു. തളർന്ന് തകർന്ന് അത് ഏതൊക്കയോ പീടികത്തിണ്ണയിൽ പറ്റിയിരിക്കുന്നു. ചാക്കിൽ കെട്ടിയിട്ട് ദൂരെ കൊണ്ടു കളഞ്ഞ പൂച്ചയെപോലെ സത്യം എന്നെങ്കിലും തിരിച്ചു വരുമോ? വരുമെന്നു തന്നെ വിശ്വസിക്കാം. അല്ലെങ്കിൽ അതു നമ്മുടെ തലമുറയെ സാരമായി ബാധിക്കും. നീതി നിഷേധിക്കപ്പെട്ടവർ ‘പകരം നാം വീട്ടേണ്ടേ/ തലയരിഞ്ഞു കൂട്ടേണ്ടേ?/ വൈരികൾ തൻ ചുടുചോര/ കുടുകുടാ കുടിക്കെണ്ടേ?’ എന്ന ചങ്ങമ്പുഴ കവിത പാടി പുറത്തിറങ്ങുന്ന കാലം ഒട്ടും വിദൂരമല്ല. 
നീതി നിഷേധിക്കപ്പെടുമ്പോഴും സത്യം പരാജയപ്പെടുമ്പോഴും കടുത്ത ഉൽക്കണ്ഠയുണരുന്നു. സംഭവിക്കേണ്ടത് സംഭവിക്കും എന്ന് പറഞ്ഞ് പഴയതുപോലെ ആശ്വസിക്കാനാവുന്നില്ല. ‘സത്യമെന്ന് തോന്നുന്നതെന്തോ’ തങ്ങളെ സംരക്ഷിക്കുന്ന കോർപ്പറേറ്റുകൾക്കു വേണ്ടി, എല്ലിൻ കഷണം പോലെ എറിഞ്ഞു തരുന്ന മാധ്യമങ്ങളെ വിശ്വാസമില്ല. ഹെമിങ്ങ്‌വേയുടെ ‘കിഴവനും കടലും’ നോവലിലെ സാന്റിയാഗോ കരയിലേക്ക് കൊണ്ടുവരുന്ന മത്സ്യത്തെ (സത്യത്തെ) കോട്ടിട്ടവനും തൊപ്പിയണിഞ്ഞവനും  ക്യാമറ തൂക്കി നടക്കുന്നവനും ചേർന്ന് ആക്രമിച്ച് (സത്യത്തെ) (മത്സ്യത്തെ) മുഴുവനായും തിന്നു തീർക്കുന്നു. ഒടുക്കം കരയിലെത്തുമ്പോൾ സത്യം മാംസമില്ലാത്ത ഉടൽ മാത്രമാകുന്നു. കോടതിയിലെത്തുമ്പോൾ സത്യത്തിലെ ‘സത്യം’ ചോർന്നു പോകുന്നതുപോലെ. 
കഥയിലെ സാന്റിയാഗോയുടെ നിശ്ചയദാർഢ്യമൊന്നും ജീവിതത്തിലെ സാന്റിയാഗോമാർക്കില്ല. 
താൻ കൊല്ലാതെ സാന്റിയാഗോയ്ക്ക് മരണമില്ലെന്ന് ഹെമിങ്ങ്‌വേയ്ക്ക് നന്നായി അറിയാം. അതാണ് അയാളെക്കൊണ്ട് ഇങ്ങനെ എഴുതിച്ചത്: “But man is not made for defeat, he said. A man can be destroyed but not defeated’ ജീവിതത്തിന്റെ യാഥാർത്ഥ്യം മനസിലായ ഒരുവന് 80-ാം വയസിൽ ഇത് പറയാനാകുമോ? ഘനീഭവിച്ച കണ്ണുകളും കരുവാളിച്ച മുഖങ്ങളുമായി നുണയേൽപ്പിച്ച പ്രഹര വേദനയും പേറി പടിയിറങ്ങാൻ ഇനി സത്യത്തിന് ഇടവരുത്തരുത്. 

ഒരുനാണയത്തിന് ഇരുപുറം മാത്രമല്ല അതിന് ആരും ഗൗനിക്കാതെ പോയ ഒരു അരികു കൂടിയുണ്ട്. അതുപോലെ തന്നെ സത്യത്തിനും.’ The edge see’s both sides’. ആ അരികിലാണ് സത്യം പിറക്കുക.

ജിബു കൊച്ചുചിറ

More like this
Related

ചേക്കേറാൻ നമുക്ക് എത്ര എത്ര ചില്ലകൾ

എന്തിനെയെങ്കിലും തൊട്ടിരിക്കുക എന്നത് പ്രകൃതിയുടെ മുഴുവൻ ചോദനയാണെന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ശരിയായിരിക്കാം,...

ചോദ്യങ്ങളെ ഭയപ്പെടുമ്പോൾ…

ചോദ്യങ്ങളെ പൊതുവെ എല്ലാവർക്കും പേടിയാണ്. ചെറിയ ക്ലാസുകളിലെ മുതൽ വലിയ ക്ലാസുകളിലെ...
error: Content is protected !!