പ്രണയത്തിനുമുണ്ട് പരിഭവങ്ങൾ

Date:

spot_img

പ്രാണന് തുല്യമായ സ്നേഹമാണ് പ്രണയം. പ്രണയിക്കാനും പ്രണയിക്കപ്പെടാനുമുള്ള പ്രാണന്റെ പ്രിയങ്ങൾക്ക് ഒരു ശമനവും ഉണ്ടാകുന്നില്ല. ഒന്നും മറച്ചുവയ്ക്കാതെ സ്നേഹിച്ചിട്ടും ഏറ്റവും വിലപ്പെട്ട സമയം  ധൂർത്തടിച്ചിട്ടും എന്തേ എന്റെ മനസ്സിൽ പരിഭവങ്ങൾ ബാക്കിയാകുന്നു. എന്റെ സ്നേഹ സങ്കൽപ്പങ്ങൾ തെറ്റായതു കൊണ്ടാണോ? അറിയില്ല.

മനസ്സിലാക്കപ്പെടാതെ പോകുന്ന സ്നേഹത്തിന്റെ നൊമ്പരമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ നൊമ്പരം. ഇനിയും സ്നേഹത്തിന്റെ കാൽവരി മലയിലേക്ക് എത്താതെ അതിന്റെ താഴ്വരയിലൂടെ അലയുകയാണ്. സ്വാർത്ഥത ഇനിയും ഒരുപാട് ബാക്കിനിൽക്കുന്നു. ഒരു സാധാരണ മനുഷ്യന്റെ വികലമായ വികാരവിചാരങ്ങളാകാം ഇതെല്ലാം. എന്റെ ശരികൾ മറ്റുള്ളവർക്ക് ശരികളാകണമെന്നില്ല. 

വിരലിൽ എണ്ണാവുന്ന ചില സൗഹൃദങ്ങളുടെ സ്നേഹത്തിന്റെ മുൻഗണനാ ക്രമങ്ങളിൽ ഞാൻ ആദ്യമില്ലാ എന്ന് അറിഞ്ഞപ്പോൾ അത് താങ്ങാനാവാതെ ഞാൻ തകർന്നുപോയി. ഒരു പിടി മനുഷ്യരുടെ ഹൃദയങ്ങളിൽ ഇടം കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന ഊർജ്ജം വളരെ വലുതാണ്. വെറുതെ മോഹങ്ങൾ മാത്രമാണിത്. അവസാനത്തവനായെങ്കിലും ഉണ്ടാകണമെന്ന പ്രാർത്ഥന മാത്രം ഇപ്പോൾ ബാക്കിയാകുന്നു.

വീഴ്ചകൾക്കുമാത്രം കുറവില്ല, മരണമില്ല. ഒരു വീഴ്ചയിൽ നിന്നും ഒന്നും പഠിക്കുന്നില്ലല്ലോ. സ്നേഹത്തിന്റെ മുൻപിൽ എല്ലാവരും ഒരു ഭിക്ഷുവാകുന്നു. ‘സ്നേഹത്തോട് മതി’ എന്നു പറയാൻ മാത്രം ബലമുള്ള മനുഷ്യൻ ഈ ഭൂമിയിൽ ജനിച്ചിട്ടുണ്ടോ?

കാലം കരുതി വച്ചതും ദൈവം തീരുമാനിച്ചതുമായ ചില കാര്യങ്ങൾക്കു മീതെ വെറുതെ മനസ്സ് നീറി പുകഞ്ഞിട്ടു കാര്യമില്ല. കാറ്റിന്റെ ഗതിക്കനുസരിച്ച് ജീവിതം നീങ്ങട്ടെ.  കാറ്റിലും തിരയിലും പെട്ട് ഉലഞ്ഞും അലഞ്ഞുമാണ് ഒടുവിൽ പരിക്കുകളോടുകൂടി ജീവിതത്തോണി ചില തീരങ്ങളിൽ അടിയുക. 

ഒറ്റയ്ക്കു നടന്നും, തുഴഞ്ഞും ഒടുവിൽ ഒറ്റയ്ക്കു യാത്ര പറയുന്ന, പറയേണ്ട ഞാൻ നീ തന്നെ കൂട്ടൂ വേണമെന്ന് വാശി പിടിക്കുന്നതെന്തിനാണ്?  ജീവിതം കവിതയോ, കാൽപനികതയോ ഒന്നുമല്ല എന്നറിയാം. എങ്കിലും ജീവിതമെന്ന അത്ര സുഖകരമല്ലാത്ത കേളിയെ കുറെക്കൂടി അഴകും, ആഴവും, അർത്ഥവുമുള്ളതാക്കി മാറ്റാൻ കവിതയുടെ ഭാവനയ്ക്കും, കാൽപ്പനികതയ്ക്കുമൊക്കെയാകും. അല്ലെങ്കിൽ ജീവിതം വളരെ വിരസ്സവും, അപൂർണ്ണവുമാകും.

സ്നേഹം തന്നെ വേണമെന്നില്ല, സ്നേഹമെന്നു തോന്നിപ്പിക്കുന്ന വാക്കുകളും, മറ്റ് കാര്യങ്ങൾ കൊണ്ടും കുറെയൊക്കെ ജീവിതം ഓടി തീർക്കാനാകും. കടിഞ്ഞാണില്ലാത്ത മനസ്സു തന്നെയാണ് പ്രശ്നം. ഒരാളെ സ്നേഹിക്കുമ്പോൾ അവളിലെ/അവനിലെ എല്ലാം സ്നേഹിക്കണമെല്ലോ. അല്ലെങ്കിൽ പിന്നെ അത് സ്നേഹമാകില്ല. ചിലതെല്ലാം കണ്ണടച്ച് വിശ്വസിച്ചേ മതിയാകൂ.

നിന്റേതായ വഴികളിലൂടെ, വാക്കുകളിലൂടെ നീ എന്നെ സ്നേഹിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അത് എന്റെ കാഴ്ച പ്പാടിൽ നിന്നും വിഭിന്നമാണ്. ഞാനും  നീയും തികച്ചും അനന്യരാണ്. എങ്കിലും ഒരുപാട് കുറവുകൾക്കും, പരിഭവങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കു നടുവിലും നിന്റെ സ്നേഹം എന്നെ കരയിപ്പിച്ചിട്ടുണ്ട്. എന്റെ സ്നേഹം നിന്നെയും. അത് കാണാനും, അനുഭവിക്കാനും ഭാഗ്യമുണ്ടായി നമുക്ക്.

ചില നേരങ്ങളിൽ എന്നെ വല്ലാതെ ഉലച്ച ഈ സൗഹൃദത്തിന്റെ കാറ്റ് തന്നെ ഇപ്പോൾ എന്നെ തേടിയണയുന്നു. തലോടുന്നു. സാന്ത്വനപ്പെടുത്തുന്നു. നവസുഗന്ധം കൈമാറി എന്നെ ഉന്മാദയാക്കി വീണ്ടും എങ്ങോട്ടോ പോയി. സ്നേഹവും അതിന്റെ വ്യസനങ്ങളും എന്നെങ്കിലും ആർക്കെങ്കിലും മനസ്സിലാകുമോ ?

സ്റ്റീഫൻ ഓണശ്ശേരിൽ CSSR

More like this
Related

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...
error: Content is protected !!