വളരെ വൈകി മാത്രം ഉറക്കമുണരുന്ന ആളാണോ നിങ്ങൾ? ദിവസത്തിലെ കൂടുതൽ സമയവും അടച്ചിട്ട മുറിക്കുള്ളിലാണോ ജോലി? എങ്കിൽ സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കേണ്ട അത്യാവശ്യഘടകമായ വിറ്റാമിൻ ഡി നിങ്ങളുടെ ശരീരത്തിലുണ്ടാകാനുള്ള സാധ്യത കുറവാണ്. സൂര്യപ്രകാശത്തിൽ നിന്നാണ് ശരീരത്തിന് ആവശ്യമുണ്ടാകേണ്ട വിറ്റാമിൻ ഡി ഏറ്റവും കൂടുതലായി ലഭിക്കേണ്ടത്. സൂര്യപ്രകാശം ലഭിക്കാത്തപ്പോൾ വിറ്റാമിൻ ഡിയുടെ അഭാവം ശരീരത്തിൽ അനുഭവപ്പെടും. അത് സന്ധിവാതം, ഹൃദ്രോഗം, മാനസികരോഗം, അന്ധത തുടങ്ങിയവയ്ക്ക് വഴിതെളിക്കുകയും ചെയ്യും. കൂടാതെ എല്ലുകളുടെയും പല്ലുകളുടെയും ബലം കുറയൽ, ആന്തരികാവയവങ്ങൾക്ക് വീക്കം, ഓർമ്മയിൽ സൂക്ഷിക്കാനും ഏകാഗ്രതയ്ക്കുമുള്ള തടസം രോഗപ്രതിരോധ ശേഷി കുറയൽ തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം. വിറ്റാമിൻ ഡിക്ക് കാൽസ്യം ഉൽപാദിപ്പിക്കാനുള്ള കഴിവുണ്ട്.
പണച്ചെലവില്ലാതെ വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം കൊള്ളുക എന്നതാണ് എളുപ്പവഴി. ഇതിന് ഏറ്റവും അനുയോജ്യമായ സമയം പ്രഭാതമാണ്. രാവിലെ പതിനഞ്ച് മുതൽ മുപ്പതു മിനിറ്റ് വരെ ഇതിനായി നീക്കിവയ്ക്കുക. നേരത്തെ ഉറക്കമുണർന്നാൽ മാത്രമേ ഇത് സാധിക്കൂ. അങ്ങനെ നേരത്തെ ഉറക്കമുണർന്ന് മുറ്റത്തോ ബാൽക്കണിയിലോ നിന്ന് സൂര്യപ്രകാശം സ്വീകരിക്കുക. അല്ലെങ്കിൽ പ്രഭാതനടത്തമാകാം. മനോഹരമായ കാഴ്ചകൾ കണ്ട് പ്രഭാതത്തിലെ നടത്തം തന്നെ എത്രയോ ഉന്മേഷദായകമാണ്. രണ്ടു രീതിയിലും ഈ നടത്തം നമുക്ക് ഗുണം ചെയ്യും.
ദിവസവും കഴിക്കുന്ന ഭക്ഷണപാനീയങ്ങളിലൂടെ വിറ്റാമിൻ ഡി ലഭിക്കുമെങ്കിലും വിറ്റാമിൻ ഡിയുടെ ഏറ്റവും പ്രധാന ഉറവിടം സൂര്യപ്രകാശമാണെന്ന് മറക്കരുത്. ശരീരത്തിൽ വിറ്റാമിൻ ഡി കുറവാണെന്ന് കണ്ടെത്തിയാൽ മുട്ട, സീഫുഡ്സ്, ചീസ്, സസ്യ എണ്ണകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും ഇത് സ്വന്തമാക്കാം.
ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഉണ്ടായിരിക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യാവശ്യമാണ്. കാരണം കോവിഡിനെതിരെ ശരിയായ പ്രതിരോധമുണ്ടാക്കുന്നതിൽ വിറ്റാമിൻ ഡി വളരെ സഹായകരമാണെന്നാണ് പുതിയ പഠനങ്ങൾ. വിറ്റാമിൻ ഡി കുറവുള്ളവർക്ക് കോവിഡ് സങ്കീർണ്ണമാകാനുള്ള സാധ്യത 14 മടങ്ങ് അധികമാണ്.