ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ മൊബൈലിൽ നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നില്ലെന്നോ പ്ലേ ചെയ്ത വീഡിയോയോ ഫോട്ടോയോ നിശ്ചലമായി നില്ക്കുകയാണെന്നോ വിചാരിക്കുക. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? അസ്വസ്ഥപ്പെടുകയും ഉത്കണ്ഠാകുലരാകുകയുമാണ് ചെയ്യുന്നതെങ്കിൽ അതൊരു അടയാളമാണ്. സോഷ്യൽ മീഡിയ നിങ്ങളെ അടിമയാക്കിയിരിക്കുന്നുവെന്നും അനാരോഗ്യകരമായ ബന്ധമാണ് നിങ്ങളും സോഷ്യൽ മീഡിയയും തമ്മിലുള്ളതെന്നും.
ഫേസ്ബുക്ക്, വാട്ട്സാപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം.. എത്രയെത്ര മീഡിയങ്ങളാണ് ഇന്ന് നമുക്കുള്ളത്. എന്നാൽ ഇവയെല്ലാം ആരോഗ്യപരമായി കൈകാര്യം ചെയ്തില്ലെങ്കിൽ നമ്മുടെ മാനസികാരോഗ്യം തകരാറിലാക്കുമെന്ന തരത്തിലുള്ള പഠനങ്ങൾ ഇപ്പോൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു. ശ്രദ്ധയുടെയും വൈകാരികതയുടെയും ഓർമ്മയുടെയും തലങ്ങളിലാണ് ഇതേറെ ദോഷം ചെയ്യുന്നത്.
സോഷ്യൽ മീഡിയയുമായി കൃത്യമായ അകലം പാലിച്ചും ആരോഗ്യപരമായ ബന്ധം സ്ഥാപിച്ചും മുന്നോട്ടുപോയാൽ അത് നമുക്ക് ഏറെ പ്രയോജനപ്രദമാണ്. അതുകൊണ്ട് സോഷ്യൽ മീഡിയയുടെ ഉപയോഗക്രമത്തിൽ ചില വിചാരങ്ങൾ നമുക്കുണ്ടാവേണ്ടത് അത്യാവശ്യമാണ്.
എന്തിനാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്?
ഇതാണ് പ്രഥമവും പ്രധാനവുമായ ചോദ്യം. സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിക്കാൻ, ബിസിനസ് മെച്ചപ്പെടുത്താൻ ഇങ്ങനെ പലകാര്യങ്ങൾക്കും സോഷ്യൽ മീഡിയ പ്രയോജനകരമാണ്. ആരോഗ്യപരമായ ബന്ധവും വ്യക്തിപരമായ വളർച്ചയുമാണ് ലക്ഷ്യമെങ്കിൽ അത് നല്ലതുതന്നെ. പക്ഷേ മറ്റുള്ളവരെ അധിക്ഷേപിക്കാൻ, അപവാദം പ്രചരിപ്പിക്കാൻ, മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ, മാന്യമല്ലാത്ത രീതിയിൽ പോപ്പുലറാവാൻ… ഇതിനൊക്കെ വേണ്ടിയാണ് ഉപയോഗമെങ്കിൽ അത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഇത്തരം ഉപയോഗങ്ങൾ വ്യക്തിപരമായി ദോഷം ചെയ്യും. കൃത്യമായ ലക്ഷ്യബോധവും സമയത്തിന്റെ വിലയും മനസ്സിലാക്കിയിരിക്കുന്നവർ അശ്രദ്ധമായി സോഷ്യൽ മീഡിയ ഉപയോഗിക്കില്ല.
മനസ്സ് മടുത്തിരിക്കുന്ന അവസ്ഥയിലാണോ?
ചിലപ്പോഴെങ്കിലും പലപല കാര്യങ്ങളുമോർത്ത് മനസ്സ് മടുക്കുന്നവരാണ് നാം. നിരാശയും ദേഷ്യവും പരാജയവും നമ്മെ കീഴടക്കിയിട്ടുമുണ്ടാവാം. ഇത്തരം അവസരങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാതിരിക്കുക. ഏത് അവസ്ഥയിലാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് എന്നത് മാനസികനിലയെ ബാധിക്കു ന്നുണ്ട്.
ഷെയർ ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുക
ഫോർവേഡ് മെസേജുകൾ ദിവസത്തിൽ ഒരിക്കലെങ്കിലും നമ്മെ തേടിവരാറുണ്ട്. എന്താണെന്ന് വായിച്ചുപോലും നോക്കാതെ അത് ഷെയർ ചെയ്യുന്നവരാണ് കൂടുതലും. ചിലപ്പോഴെങ്കിലും അത് തെറ്റായ വാർത്തയോ അസത്യമോ അപവാദമോ ഒക്കെയായിരിക്കാം. അത്തരത്തിലുള്ളവ ഫോർവേഡ് ചെയ്യുമ്പോൾ അറിയാതെയാണെങ്കിലും അസത്യവും അപവാദവും പ്രചരിപ്പിക്കുന്നവരായി നാം മാറുകയാണ്. അതുപോലെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ കാര്യത്തിലും രണ്ടുവട്ടം ആലോചനയുണ്ടാവണം. പ്രത്യേകിച്ച് കുട്ടികളുടെ ചിത്രങ്ങൾ. അത്യാവശ്യത്തിനാണോ ഉപകാരത്തിനാണോ അത് പോസ്റ്റ് ചെയ്യുന്നത്?
സമയം നിശ്ചയിക്കുക
സോഷ്യൽ മീഡിയ ഉപയോഗത്തിനു സമയം നിശ്ചയിക്കുക. ജോലി സമയത്തുപോലും സോഷ്യൽ മീഡിയയിൽ മുഴുകുന്നവരുണ്ട്. ജോലി ചെയ്യാനുള്ള മടിയും ജോലിയില്ലായ്മയുമാണ് സോഷ്യൽ മീഡിയയിൽ മുഴുകാൻ പലരെയും പ്രേരിപ്പിക്കുന്നത്. അലസമായി സമയം ചെലവഴിക്കാതെ ക്രിയാത്മകമായി കാര്യങ്ങളിൽ ഏർപ്പെടുക. 24 മണിക്കൂറുള്ള ഒരു ദിവസത്തിൽ പത്തോ പതിനഞ്ചോ മിനിറ്റിൽ കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ടതില്ല. ടൈമർ ക്രമീകരിച്ച് ഉപയോഗിക്കുകയും ഉപയോഗം അവസാനിപ്പിക്കുകയും ചെയ്യുക. ബോധപൂർവ്വമായ ശ്രമം ഇക്കാര്യത്തിലുണ്ടായേ തീരൂ.