മനുവിന് ആറു വയസുള്ളപ്പോഴാണ് അനിയൻ പിറന്നത്. തനിക്ക് മാത്രംഅനിയനോ അനിയത്തിയോ ഇല്ലാത്തതിൽ ഏറെ വിഷമിച്ചിരുന്ന മനുവിനെ സംബന്ധിച്ച് സ്വർഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു. തനിക്ക് കൊഞ്ചിക്കാനും കൂട്ടുകൂടാനും കൈപിടിച്ച് സ്‌കൂളിൽ കൊണ്ടുപോകാനുമെല്ലാം ഒരാൾ. അങ്ങനെയാണ് മനു സ്വപ്നം കണ്ടത്. പക്ഷേ അവൻ വിചാരിച്ചപോലെയൊന്നുമായിരുന്നില്ല കാര്യങ്ങൾ. ഒരു ദിവസം കളിച്ചുചിരിച്ചുകിടക്കുകയായിരുന്ന അനിയന്റെ കട്ടിലിൽ ചെന്ന് അവനെ കണ്ടിരിക്കുകയായിരുന്നു മനു. ആ കുഞ്ഞുവിരലിൽ അവൻ ചെറുതായൊന്ന് തൊട്ടു. തന്റെ വിരലിൽ കൊരുത്ത ആ കുഞ്ഞുവിരലിൽ അവൻ ഉമ്മവച്ചു. പെട്ടെന്ന് കുഞ്ഞ് കരയാൻ തുടങ്ങി. അതുകേട്ട് ഓടിവന്ന അമ്മ കണ്ടത് കട്ടിലിന് അരികിൽ ഇരിക്കുന്ന മനുവിനെയാണ്. മനു ഉപദ്രവിച്ചിട്ടാണ് കുഞ്ഞ് കരഞ്ഞതെന്ന് അമ്മ സ്വഭാവികമായും കരുതി. നീ എന്താടാ ചെയ്തതെന്ന് ചോദിച്ച് അമ്മ മുമ്പും പിമ്പും നോക്കാതെ മനുവിനെ അടിച്ചു. പിന്നെയൊരു ഭീഷണി. കുഞ്ഞിന്റെ അടുത്തു നിന്നെ കണ്ടുപോകരുത്. ഓഫീസ് കഴിഞ്ഞുവന്ന അച്ഛനോടും അമ്മ ഇക്കാര്യം പറഞ്ഞു. അപ്പോൾ അച്ഛനും പറഞ്ഞു ഇനി കുഞ്ഞിന്റെ അടുക്കലേക്ക് പോകരുതെന്ന്. മനുവിന്റെ മനസ്സ് കാണാനോ സത്യം മനസ്സിലാക്കാനോ ആരുമുണ്ടായിരുന്നില്ല. സത്യവും വേദനയും സങ്കടവും എല്ലാം ചേർന്ന് മനുവിന്റെ മനസ്സിനെ മഥിച്ചു. അന്നുമുതൽ അനിയനോടുള്ള മാനസികമായ അകൽച്ചയിലാണ് മനു വളർന്നുവന്നത്. മുതിർന്നപ്പോഴും അവർക്കിടയിൽ അകലം ഏറെയായിരുന്നു.
സാധാരണ പല കുടുംബങ്ങളിലും കണ്ടുവരുന്ന ഒരു രീതിയാണ് ഇത്. രണ്ടാമതൊരു കുട്ടിയുണ്ടാകുമ്പോൾ മൂത്ത കുട്ടിയെ അകാരണമായി മാറ്റിനിർത്തുക. പക്ഷേ ഈ മാറ്റിനിർത്തൽ മൂത്ത കുട്ടിയിലുണ്ടാക്കുന്ന മുറിവുകളെക്കുറിച്ച് എത്ര മാതാപിതാക്കൾ ബോധവാന്മാരാണ്? ഒരാൾ ആദ്യം ജനിച്ചേ മതിയാകൂ. അതുപോലെ വേറൊരാൾ രണ്ടാമതും. അത് പ്രകൃതി നിയമമാണ്. പക്ഷേ അതിന്റെ പേരിൽ മക്കൾക്കിടയിൽ അകലം തീർക്കരുത്. പരസ്പരം സനേഹിക്കേണ്ടതിന് പകരം വിദ്വേഷം പരത്തരുത്.
ചില കുട്ടികളെങ്കിലും ഇളയകുട്ടിയെ ഉപദ്രവിക്കുന്നവരായിരിക്കാം. പക്ഷേ എല്ലാം കുട്ടികളും അങ്ങനെയല്ല. മാത്രവുമല്ല രണ്ടാമതൊരു കുട്ടി ജനിക്കാൻ പോവുകയാണെന്നറിയുമ്പോൾ മൂത്ത കുട്ടിയെ അതിനായി ഒരുക്കിയെടുക്കേണ്ട ഉത്തരവാദിത്തവും മാതാപിതാക്കൾക്കുണ്ട്. ഒരു ശത്രുവല്ല മിത്രമാണ് വരാൻ പോകുന്നതെന്ന രീതിയിലായിരിക്കണം രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാൻ ആദ്യത്തെ കുഞ്ഞിനെ ഒരുക്കേണ്ടത്. എങ്കിൽ മാത്രമേ പരസ്പരസ്നേഹബന്ധവും ഹൃദയബന്ധവും അവർക്കിടയിലുണ്ടാവുകയുള്ളൂ.
ചേട്ടനും അനിയനും അല്ലെങ്കിൽ ചേച്ചിയും അനിയനും ശത്രുക്കളല്ല. അവർ ഒരേ കുടുംബത്തിലെ തുല്യാവകാശികളായിവേണം വളർന്നുവരേണ്ടത്. കുട്ടിക്കാലത്ത് രണ്ടുപേർ തമ്മിൽ വഴക്കുകൂടുമ്പോൾ ഇനി നീ മൂത്തവന്റെ അടുക്കലേക്ക് പോകണ്ടെന്ന് ഒരു അച്ഛനും അമ്മയും ഇളയ കുട്ടിയോട് പറയരുത്. അതുപോലെ തിരിച്ചും. മക്കൾ തമ്മിലുള്ള വഴക്കുകളും പ്രശ്നങ്ങളും അവർക്കുതന്നെ പരിഹരിക്കാൻ വിട്ടുകൊടുക്കണം. ഒന്നോ രണ്ടോ മണിക്കൂറിൽ അധികം ദൈർഘ്യമൊന്നും കുട്ടിക്കാലത്തെ വിയോജിപ്പുകൾക്ക് ഉണ്ടാവാറില്ല. അതിനിടയിൽ മാതാപിതാക്കൾ കയറി ഏതെങ്കിലും ഒരാളുടെ മാത്രം പക്ഷം പിടിക്കുന്നത് മക്കൾ തമ്മിലുള്ള അകലം കൂട്ടുകയേ ഉള്ളൂ.
പല കുടുംബങ്ങളിലും ഇളയ ആൾ ജനിക്കുന്നതോടെ മൂത്ത ആൾക്ക് നല്കിവന്നിരുന്ന പരിഗണനയിലും സ്നേഹത്തിലും കുറവു വരാറുണ്ട്. അത് ആ കുട്ടികളിൽ ഏല്പിക്കുന്ന മുറിവുകൾ വളരെ വലുതായിരിക്കും. ഇന്നലെ വരെ അച്ഛനമ്മമാരുടെ മുഴുവൻ സ്നേഹവും കിട്ടി വളർന്നിരുന്നവർക്ക് പെട്ടെന്നൊരു ദിവസം ഇതെല്ലാം നഷ്ടമാകുമ്പോൾ വിഷാദവും, ഇതിനെല്ലാം കാരണക്കാരനായ വ്യക്തിയോട് അകൽച്ചയും വിദ്വേഷവും തോന്നും. മാതാപിതാക്കളുടെ സ്നേഹം മക്കളിൽ ഒരാളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മറ്റ് മക്കളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. മക്കളെ തുല്യരായി കാണാൻ മാതാപിതാക്കൾക്ക് കഴിയണം. അവർക്ക് നല്കേണ്ടത് കൃത്യമായ അനുപാതത്തിലും തുല്യതയിലും നല്കണം. ഇളയതോ അല്ലെങ്കിൽ അനാരോഗ്യമുള്ളതോ ആയ കുട്ടികൾക്ക് കൂടുതൽ പരിഗണന നല്കേണ്ട സാഹചര്യങ്ങളുണ്ടാവാം. പക്ഷേ അത് മറ്റു മക്കൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട ബാധ്യത മാതാപിതാക്കൾക്കുണ്ട്. സഹോദരസ്നേഹമില്ലാതെ മക്കൾ വളർന്നുവരുമ്പോൾ മാതാപിതാക്കൾ സങ്കടപ്പെടുകയും മക്കളെ കുറ്റപ്പെടുത്തുകയും ചെയ്യും. എന്നാൽ അറിഞ്ഞോ അറിയാതെയോ തങ്ങളാണ് മക്കൾക്കിടയിൽ വിഭജനവും വേർതിരിവും ഉണ്ടാക്കിയതെന്ന് അവർ വിസ്മരിച്ചും പോകും.
ചെറുപ്പത്തിൽ കുഴിച്ചുവെച്ച വിത്താണല്ലോ പിന്നീട് മരമായി മാറുന്നത്. അതുപോലെയാണ് ചെറുപ്രായത്തിൽ മനസ്സുകൾക്കിടയിൽ പാകുന്ന വിദ്വേഷത്തിന്റെയും പകയുടെയും വിത്തുകൾ ഭാവിയിൽ മരങ്ങളായി വളരുന്നത്. അത് മക്കളെ തമ്മിൽ അകറ്റുകയും ശത്രുക്കളാക്കുകയും ചെയ്യുന്നു.