തുല്യരായ രണ്ടുവ്യക്തികൾ തമ്മിൽ കൊമ്പുകോർക്കുന്നത് അത്ര സാധാരണമല്ല. കീഴടക്കാൻ എളുപ്പം ദുർബലരായ വ്യക്തികളെയാണ് എന്ന തിരിച്ചറിവുകൊണ്ട് ഏറ്റുമുട്ടലുകൾ പലപ്പോഴും നടക്കുന്നത് അത്തരക്കാരോടായിരിക്കും. വ്യക്തികൾ മുതൽ രാജ്യങ്ങൾ വരെയുള്ള പോരാട്ടങ്ങളിൽ പൊതുവെ കണ്ടുവരുന്നത് അതാണ്. ഇതിനിടയിൽ ജീവഹാനിയുൾപ്പടെ പല നഷ്ടങ്ങളും ഉണ്ടാകുന്നത് ഇതിന്റെയൊന്നും ഭാഗമായി നില്ക്കാത്തതും എന്നാൽ ഇടയിൽ പെട്ടുപോയതുമായ ജീവിതങ്ങൾക്കാണ്. കൊല്ലപ്പെടാനും കൊന്നുവീഴ്ത്താനുമായി പറഞ്ഞയയ്ക്കപ്പെടുന്നത് അവരെയാണ്. യുദ്ധങ്ങൾക്ക് ആഹ്വാനം മുഴക്കിയവർ ഒരു പോറൽപോലുമേല്ക്കാതെ ദന്തഗോപുരവാസിയായി തുടരുമ്പോൾ അവരുടെ പിണിയാളുകൾ കൊന്നും കൊലവിളിച്ചും കൊല്ലപ്പെട്ടും ഭൂമിയിലെ ശവപ്പറമ്പിന്റെ ഉടമകളാകുന്നു.
ഒരു യുദ്ധമുഖത്തുകൂടിയാണ് നാം കടന്നുപോകുന്നത്. യുക്രെയ്ന്റെ നിലവിളികൾ നമ്മുടെ നാട്ടിലെ കൊച്ചുകുട്ടിയുടെ പോലും കാതുകളിലെത്തുന്നുണ്ട്. എന്നിട്ടും കേൾക്കേണ്ടവർ പലരും അത് കേൾക്കുന്നില്ല. ഓരോ യുദ്ധങ്ങൾക്കു പിന്നിലും ചില സാമ്പത്തികവശം കൂടിയുണ്ടെന്നാണ് പറഞ്ഞുകേൾക്കുന്നത്. ആയുധവ്യാപാരികളുടെയും ആയുധ നിർമ്മാതാക്കളുടെയും കച്ചവടമാണ് അത്. മനുഷ്യജീവനെക്കാൾ, സമാധാനത്തെക്കാൾ, കൊലപാതകവും യുദ്ധവും പണവുമാണ് വലുത് എന്ന് തെറ്റിദ്ധരിക്കുമ്പോൾ യുദ്ധങ്ങൾക്ക് അവസാനമല്ല ആവർത്തനം മാത്രമാണ് സംഭവിക്കുന്നത്.
യുദ്ധം കൊണ്ട് ഈ ലോകത്തിൽ ഒരു ലാഭവും ഉണ്ടാകുന്നില്ല, നേട്ടവും ഉണ്ടാകുന്നില്ല. ഇനി ഏതെങ്കിലും ലാഭം മുകളിൽ പറഞ്ഞ വിഭാഗത്തിൽപെട്ട ആർക്കെങ്കിലും ഉണ്ടാകുന്നുണ്ടെങ്കിൽത്തന്നെ അത് യുദ്ധം മൂലം വരുത്തിവയ്ക്കുന്ന നഷ്ടങ്ങളെക്കാൾ വളരെ കുറവായിരിക്കും.
ചിലർക്ക് യുദ്ധത്തോടാണ് പ്രിയം, സമാധാനത്തോടല്ല. കുടുംബത്തിനുള്ളിൽ തന്നെ സമാധാനഭഞ്ജകരായി എത്രയോ പേരാണുള്ളത്! ഒന്നു കണ്ണടച്ചാൽ, വിട്ടുകൊടുത്താൽ പരിഹരിക്കപ്പെടുന്ന പ്രശ്നങ്ങൾപോലും വഷളാക്കി മാറ്റി അകന്നുപോകുന്നവർ നമ്മുടെ ചുറ്റിനുമുണ്ട്. യുദ്ധദാഹികളാണ് അവർ. ചെറിയ ചെറിയ ഒറ്റപ്പെട്ട യുദ്ധങ്ങളാണ് പിന്നീട് വലിയ സംഘംചേർന്ന യുദ്ധങ്ങളായി മാറുന്നത്.
ഇനി മറ്റൊരു യുദ്ധവുമുണ്ട്. അത് അവനവനോട് തന്നെയുള്ള യുദ്ധമാണ്. അവനവനിൽത്തന്നെയുള്ള നെഗറ്റീവ് ശക്തികളെ കീഴ്പ്പെടുത്താൻ വേണ്ടിയുള്ള, കുറെക്കൂടി സംസ്‌കരിക്കപ്പെടാൻ വേണ്ടിയുള്ള യുദ്ധങ്ങൾ. അത്തരം യുദ്ധങ്ങൾ തുടരുക.അത് നല്ലതുമാണ്.കാരണം അത്തരം യുദ്ധങ്ങൾ നമ്മെ മികച്ചവരാക്കി മാറ്റും. അതുകൊണ്ട് നമുക്ക് യുദ്ധം ചെയ്യാം, മറ്റുള്ളവരോടല്ല, അവനവനോട് തന്നെ.
ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്