തെറി വിളിച്ചുനേടുന്ന സ്വാതന്ത്ര്യം

Date:

spot_img

‘ഭാര്യയെന്നെ നീയെന്നും എടാ എന്നും വിളിച്ചു’
‘എന്തായിരുന്നു സംഭവം’
‘നിസ്സാരകാര്യത്തിനായിരുന്നു വഴക്ക്.. ദേഷ്യം കൊണ്ട് ഞാൻ അവളെ എടീയെന്നും നീയെന്നും വിളിച്ചപ്പോൾ അവളെന്നെ എടായെന്നും പോടായെന്നും നീയെന്നും വിളിച്ചു.’
‘അപ്പോ നിനക്ക് പൊള്ളിയല്ലേ?’
‘പിന്നെ പൊള്ളാതെ.. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ അങ്ങനെയൊക്കെയാണോ ഭർത്താക്കന്മാരെ വിളിക്കുന്നെ?’
‘കുടുംബത്തിൽ പിറന്നതിന്റെ കാര്യം അവിടെ നില്ക്കട്ടെ, അപ്പോ നീയെങ്ങനെ പ്രതികരിച്ചു?’
‘നീയെന്നെ എടായെന്ന് വിളിക്കുന്നോ എന്ന് ചോദിച്ചു. അപ്പോൾ അവൾ ചോദിക്കുവാ  നിനക്കെന്നെ എടീയെന്ന് വിളിക്കാമെങ്കിൽ എനിക്ക് നിന്നെ എടായെന്ന് വിളിക്കാൻ മേലേ എന്ന്..  നീയാണോ എന്നെ മടിയിലിട്ട് വളർത്തിയതെന്ന്.’
‘അതു ശരിയാ..’
‘അതു ശരിയാന്നോ..നീ അപ്പോ ്അവളുടെ പക്ഷത്താ..?’
‘ശരിയാ, നമ്മള് ഭർത്താക്കന്മാർക്ക് ഭാര്യമാർ എടാന്നും പോടായെന്നും വിളിക്കുന്നത് തീരെ ഇഷ്ടമല്ല. നമ്മള് ഇത്തിരി ഓൾഡ് ജനറേഷനല്ലേ..പക്ഷേ പുതിയ പിള്ളേരെ നോക്കിക്കേ..അവര് കെട്ട്യോളുമാരെ എടാ കുട്ടാ എന്നു വിളിക്കും. ഭാര്യമാരെണെങ്കിൽ എടായെന്നും പോടായെന്നും..’
‘ഉവ്വോ.. അതെപ്പോ ഞാൻ കേട്ടിട്ടില്ലല്ലോ?’
‘എടാ ഇപ്പഴത്തെ സിനിമകളൊക്കെ ഒന്നു ശ്രദ്ധിച്ചുനോക്കിയാ മതി. ഏറ്റവും ലേറ്റസ്റ്റ് ‘ഹൃദയവും ബ്രോ ഡാഡി’യുമൊക്കെ.. അടുക്കള ജോലികൾ വരെ ടൈംടേബിൾ പോലെ ചാർട്ട് ചെയ്ത്  ജീവിക്കുന്നവരാ ബ്രോഡാഡിയിലെ ലിവിംങ് ടുഗെദർ കപ്പിൾസ്. കുട്ടിയുണ്ടായിക്കഴിഞ്ഞിട്ടും ഹൃദയത്തിലെ നായകനായ അരുൺ നീലകണ്ഠനെ ഭാര്യ വിളിക്കുന്നത് എടായെന്നും നീയെന്നുമൊക്കെയാ..’
‘അതു സിനിമേല്.. നമുക്ക് അതൊക്കെ ജീവിതത്തിൽ പറ്റുമോ?’
‘പറ്റണം. പറ്റിയില്ലെങ്കിൽ പറ്റുന്നതുപോലെ അഭിനയിക്കണം. അതിന് പകരം നീയെന്നെ എടായെന്ന് വിളിച്ചോടീ എന്ന് ചോദിച്ച് അടികൊടുക്കാൻ പോയാൽ നമ്മള് പെട്ടു.’
‘എന്നുവച്ച് നമുക്ക് ഭാര്യമാരെ തല്ലാൻ അവകാശമില്ലേ?’
‘ഇല്ല, കുടുംബം നോക്കുക, ചെലവിന്കൊടുക്കുക. ആവശ്യം സാധിച്ചുകൊടുക്കുക. അതിനപ്പുറം ഒരു അവകാശവും നമുക്കില്ല.’
‘അതിപ്പോ…’
‘ഒരു തർക്കവും വേണ്ട.. നമ്മുടെ പെണ്ണുങ്ങളൊക്കെ ഇപ്പോ തങ്കയെ ഗുരുസ്ഥാനത്ത് നിർത്തിയാ സംസാരിക്കുന്നെ.?
‘തങ്കയോ അതാരാ?’
‘ഇതാ നിന്റെ കുഴപ്പം. സിനിമയൊന്നും കാണില്ല. ചുരുളിയിലെ തങ്ക.. വാ പൊളിച്ചാ തെറിയേ പറയൂ.. അതും പുളിച്ച തെറി.. അമ്മയെയും ലൈംഗികാവയവങ്ങളെയും ബന്ധത്തെയും ഒക്കെ ചേർത്തുപറയുന്നതാ തങ്കേടെ ഒരു സ്റ്റൈല്…’
‘ച്ഛേ… ഇതൊക്കെ സമ്മതിച്ചുകൊടുക്കാൻ പറ്റുമോ?’
‘കോടതിവരെ സമ്മതിച്ചുകൊടുത്തു. പിന്നെയാ നിനക്ക് സമ്മതിക്കാൻ മേലാത്തത്.. കോടതിയലക്ഷ്യമാകും കേട്ടോ..പറഞ്ഞില്ലെന്ന് വേണ്ട.’
‘അപ്പോ അവള് ഇനിയെന്നെ തങ്ക പറയുന്നതുപോലെ പറഞ്ഞാലും ഞാൻ കൈയും കെട്ടി നോക്കിനില്ക്കണമെന്നാണോ നീ പറയുന്നത്?’
‘അതായിരിക്കും നല്ലത് എന്നാ എനിക്ക് തോന്നുന്നെ.. ഇപ്പോ കണ്ടില്ലേ തങ്കേടെ പേരക്കുട്ടി തന്നെ പ്രൊപ്പോസ് ചെയ്ത പയ്യനെ വിളിച്ച തെറി..’
‘തങ്കേടെ പേരക്കുട്ടിയോ?’
‘അത് ഞാൻ ഇത്തിരി ആലങ്കാരികമായി പറഞ്ഞതാ. ഫ്രീഡം ഫൈറ്റ് എന്നൊരു സിനിമ ഇറങ്ങിയിട്ടുണ്ട്. അഞ്ചു ചെറിയ സിനിമകൾ. അതിലെ ഒരു സിനിമേലെ നായികയാ   ആ പച്ചത്തെറി പറയുന്നത്. നീ പോടാ…..  ന്ന്?
‘ശരിക്കും?’
‘ശരിക്കും. പാവം കിളി പോയിനില്ക്കുന്ന ആ ചെറുക്കന്റെ മുഖമാ ഇപ്പഴും മനസ്സില്.. നിന്നെപോലെ തന്നെ..’
‘കേസുകൊടുക്കണം. അല്ല പിന്നെ. സിനിമേല് കൂടിയാണോ ഇങ്ങനെ പച്ചത്തെറി പറയിപ്പിക്കുന്നെ..അതും പിള്ളേരുമായി കാണാനിരിക്കുമ്പോ..’
‘പക്ഷേ ഫെമിനിസ്റ്റുകളൊക്കെ എന്തൊരു കയ്യടിയായിരുന്നു. സോഷ്യൽ മീഡിയായിൽ അഭിനന്ദനപ്രവാഹം. ബീപ്പ് ശബ്ദം കേൾപ്പിക്കാതെ ഒരു നായികയെക്കൊണ്ട് പരസ്യമായി ഇങ്ങനെ തെറി പറയിപ്പിച്ചതിനും പറഞ്ഞതിനും അവാർഡ് വരെ കൊടുക്കണമെന്നാ അവരുടെ ഒരിത്.’
‘അവാർഡല്ല കൊടുക്കേണ്ടത്…’
‘മതി. നീ പറയാനുദ്ദേശിച്ചത് എനിക്ക് മനസ്സിലായി. പക്ഷേ നീയത് പറഞ്ഞാ ലൈംഗികാതിക്രമവും സ്ത്രീകൾക്കെതിരെയുള്ള വെർച്വൽ അബ്യൂസുമാകും.’
‘അപ്പോ ആണുങ്ങളെ എന്തും പറയാമെന്നാണോ.., അവരെ എന്തും വിളിക്കാമെന്നാണോ?’
‘അതല്ലേ ഞാൻ നിന്നോട് പറഞ്ഞത് ആണുങ്ങളോട് എന്തുമാവാം എന്ന്. ഇവിടെ നിയമങ്ങളൊക്കെ പെണ്ണുങ്ങൾക്ക് അനുകൂലമാ. അതിനോട് ചേർന്നുനില്ക്കുമ്പോഴേ നമ്മളും പുരോഗമനവാദിയാകൂ. അല്ലാതെ നിന്നെപോലെ ഭാര്യയെന്നെ തെറിവിളിച്ചേ എന്ന്പറഞ്ഞ് കരയുന്നവന്മാരൊക്കെ പഴഞ്ചന്മാരാ.. തെറി വിളിക്കുന്ന പെണ്ണുങ്ങൾക്ക്  കരണത്തടിയല്ല കൈയടിയാ കൊടുക്കണ്ടെ.. എന്നാലേ നമ്മള് പുരോഗമനവാദിയാകൂ..’
‘തെറിവിളിച്ചാണോ പുരോഗമനവാദിയാകുന്നെ?’
‘തെറി പറയുന്നതാ പുരോഗമനമെന്നും സ്ത്രീസ്വാതന്ത്ര്യമെന്നും അവതരിപ്പിക്കപ്പെടുമ്പോ അങ്ങനെയല്ലേ പറയാൻ പറ്റൂ?’

More like this
Related

സെലിബ്രിറ്റികളുടെ ഇടപെടലുകൾ

ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല. സെലിബ്രിറ്റികൾ സവിശേഷരാണ്. മനുഷ്യരായിരിക്കെ തന്നെ അവർ...

ഒരു പ്രണയകാലത്തിന്റെ  ഓർമ്മയ്ക്കായ്…

കാറ്റിന്റെ ഗതിക്കനുസരിച്ച് നീങ്ങുന്ന പായ്ക്കപ്പൽ പോലെയാണ് ജീവിതം. സാഹചര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവരാണ് മനുഷ്യർ....

എന്തിനാണ് വിവാഹം കഴിക്കുന്നത് ?

'ഭാവിയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത പേടി തോന്നുന്നു. വയ്യാതാകുന്ന കാലത്ത് പരിചരിക്കാനും ഭക്ഷണം പാകം...

ജീവിതം മടുക്കുമ്പോൾ..

'ഈ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, അടുത്ത യാത്ര പോകുകയാണ്.' നാഗാലാന്റിലും...
error: Content is protected !!