അധ്യാപകരെ കാണുമ്പോൾ എണീറ്റ് നിന്ന് അവരെ അഭിവാദ്യം ചെയ്യുന്നതാണ് കുട്ടികളുടെ പതിവ്. തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകരോടുള്ള ബഹുമാനവും സ്നേഹവും ആദരവും പ്രകടിപ്പിക്കാനുളള മാർഗ്ഗമാണ് അത്. എന്നാൽ ആ അധ്യാപകൻ അല്പം വ്യത്യസ്തനായിരുന്നു. തന്നെ അഭിവാദ്യം ചെയ്യുന്ന കുട്ടികളെ അദ്ദേഹവും ശിരസു കുനിച്ചു അഭിവാദ്യം ചെയ്യും. അതിന് അദ്ദേഹത്തിനുള്ള വിശദീകരണം ഇങ്ങനെയായിരുന്നു.
”എത്രയോ സാധ്യതകളുള്ളവരാണ് ഈ കുട്ടികൾ. നാളെത്തെ ലോകത്തെ നിയന്ത്രിക്കാൻ കഴിവുള്ളവർ. അവരെല്ലാവരും മഹാന്മാരല്ലേ?’
ഇതൊരു കഥയോ സംഭവമോ ആകാം. പക്ഷേ ഇതിൽ ഒരുപാട് സത്യങ്ങളുണ്ട്. എന്നാൽ ഭൂരിപക്ഷവും കുട്ടികളെ വളരെ നിസ്സാരരായി അവഗണിച്ചുകളയുന്നവരാണ്. അവൻ കുട്ടിയല്ലേ, അവനെന്തറിയാം എന്നതാണ് അവരുടെ മട്ട്. ഇങ്ങനെയൊരു ചിന്ത തന്നെ വളരെ അപകടം പിടിച്ചതാണ്. കുട്ടികൾ ബഹുമാനത്തിന് അർഹരാണ്. അവർ നമ്മെപോലെയുള്ള വ്യക്തികളാണ്. ചിന്തയും ആശയങ്ങളും കഴിവുകളുമുള്ളവർ. പെട്ടെന്നൊരു ദിവസം കൊണ്ടല്ല അവരാരും പരിപൂർണ്ണരായ വ്യക്തിത്വങ്ങളാകുന്നത്. ക്രമാനുഗതമായ വളർച്ചയും വികാസവും കൊണ്ട് സംഭവിക്കുന്നതാണ് ആ പരിണാമം. വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായങ്ങളും നിലപാടുകളുമുള്ള വ്യക്തികളായി ഭാവിയിൽ കുട്ടികൾ മാറണമെന്നാണ് മാതാപിതാക്കളെന്ന നിലയിൽ ആഗ്രഹിക്കുന്നതെങ്കിൽ ചെറുപ്രായം മുതൽക്കേ അവരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. അവരുടെ കഴിവുകളെ, സാധ്യതകളെ മനസ്സിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. പുതുതായി പണിത വീടിന്റെ ചുവരിൽ മക്കൾ രണ്ടുപേരും കുത്തിവരച്ചുതുടങ്ങിയപ്പോൾ അത് നിരുത്സാഹപ്പെടുത്തണമെന്ന് അപ്പനമ്മമാർ ഒന്നുപോലെ ഒച്ച വയ്ക്കുകയുണ്ടായി. ആരെങ്കിലും സമ്മതിക്കുന്ന കാര്യമാണോ ഇത്തരമൊരു ദുഃസ്വാതന്ത്ര്യമെന്നായിരുന്നു അവരുടെ ന്യായമായ ചോദ്യം. അത് ശരിയുമായിരുന്നു. നാളെ മക്കൾ വാൻഗോഗോ രാജാരവിവർമ്മയോ ആയിത്തീരുമെന്ന സ്വപ്നം കണ്ടിട്ടൊന്നുമായിരുന്നില്ല അതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാതിരുന്നത്. എന്തോ മക്കൾ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും വരയ്ക്കട്ടെയെന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. പിന്നീട് വീട്ടിൽ ചില അതിഥികളെത്തിയപ്പോൾ അവരും ഇതേ വിഷയം ചൂണ്ടിക്കാണിക്കുകയുണ്ടായി. കുട്ടികളെ വരയ്ക്കാൻ പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ചാണ് റിട്ടയേർഡ് അധ്യാപകനായ അദ്ദേഹം സംസാരിച്ചത്. അപ്പോൾ അദ്ദേഹത്തിന്റെ ഇളയമകൾ- ബിഡിഎസ് വിദ്യാർത്ഥിനി- അടക്കിയ സ്വരത്തിൽ പറഞ്ഞു, പണ്ട് ഞാൻ ഈ കുട്ടികളുടെ പ്രായമുണ്ടായിരുന്നപ്പോൾ ഭിത്തിയിൽ വരച്ചതിന് ഡാഡി എനിക്ക് തന്ന അടിയുടെ ചൂട് ഇപ്പോഴും ഞാൻ മറന്നിട്ടില്ല. അങ്ങനെയുള്ള ആൾ ഇപ്പോ പറയുന്നത് കേട്ടില്ലേ?
വർഷം എത്രയോ കഴിഞ്ഞുപോയിട്ടും ആ മകളുടെ മനസ്സിൽ നിന്ന് താൻ ഭിത്തി കേടാക്കിയതിന് അച്ഛൻ നല്കിയ ശിക്ഷയുടെ ചൂട് മാഞ്ഞുപോയിട്ടില്ല. ആ മകൾ വലിയ ചിത്രകാരിയാവുമായിരുന്നോ എന്നറിയില്ല. പക്ഷേ ആ ശിക്ഷ തന്റെ കഴിവുകൾക്ക് നേരെ ഉയർന്നതാണെന്ന് ആ മകൾ വിശ്വസിക്കുന്നു. തന്റെ ചിന്താഗതിയിൽ മാറ്റം വന്നതുകൊണ്ട് തെല്ലൊരു കുറ്റബോധത്തോടെയാവാം അവളുടെ അച്ഛൻ അഭിപ്രായം മാറ്റിയതെന്നും കരുതുന്നു.
പറഞ്ഞുവരുന്നത് ഇതാണ്. കുട്ടികളിൽ മാതാപിതാക്കൾ ഏല്പിക്കുന്ന വാക്കും പ്രവൃത്തിയും അവരുടെ വ്യക്തിത്വത്തെ പലതരത്തിൽ ബാധിക്കുന്നുണ്ട്. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, ക്രിയാത്മകമാക്കുക, കൂടുതൽ വളരാൻ അവർക്ക് സാഹചര്യമൊരുക്കുക. പരസ്യമായോ അകാരണമായോ കുട്ടികളെ ശിക്ഷിക്കാതെയിരിക്കുക. മറ്റുള്ളവർ കാൺകെ നല്കുന്ന ശിക്ഷകൾ ഒരിക്കലും ശിക്ഷണമല്ല. ഒരു ബന്ധുവീട്ടിൽ പോയപ്പോൾ അവിടെ കണ്ട കാഴ്ചയുടെ നടുക്കം ആറുവയസുകാരനായ ഇളയമകൻ പങ്കുവച്ചത് ഓർമിക്കുന്നു. അവന്റെ സമപ്രായക്കാരനായ കുട്ടി അയൽപക്കക്കാരനായ മുതിർന്ന ഒരാളെ ഒരു ചീത്ത വാക്ക് വിളിച്ചു. അത് കേട്ടുവരികയായിരുന്ന കുട്ടിയുടെ അച്ഛൻ അവനെ കൈയിൽ തൂക്കിയെടുത്ത് ചൂരൽ കൊണ്ട് വലിച്ചടിച്ചു.
എന്റെ അപ്പേ ഞാൻ അതു കണ്ടപ്പോ പേടിച്ചുപോയി.. മകൻ പറഞ്ഞു. ആ കുട്ടി ചീത്തവാക്ക് പറഞ്ഞത് ശരിയല്ലെന്ന് സമ്മതിച്ചു. പക്ഷേ ആ ചീത്ത വാക്ക് എങ്ങനെയാണ് അവന്റെ നാവിൻതുമ്പിൽ വന്നത്? ഒന്നുകിൽ വീട്ടിൽ നിന്ന് കേട്ടു പഠിച്ചതോ അല്ലെങ്കിൽ മറ്റാരെങ്കിലും പറഞ്ഞുകേട്ടതോ.. എന്തായാലും അവൻ ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചെടുത്ത വാക്കായിരുന്നില്ല അത്. മറ്റുള്ളവർ കേൾക്കെ മക്കൾ ചീത്തവാക്കുകൾ പറയുന്നതും അപമര്യാദയോടെ സംസാരിക്കുന്നതും മാതാപിതാക്കൾക്ക് അപമാനകരമാണ്. എങ്കിലും അതിന് മക്കളെ പരസ്യമായുംക്രൂരമായും ശിക്ഷിക്കുന്നതല്ല ശരിയായ മാർഗ്ഗം. ആ വാക്ക് മക്കൾ കേൾക്കാൻ താൻ സാഹചര്യം ഒരുക്കിയിട്ടുണ്ടോയെന്ന് ആത്മവിശകലനം നടത്തുക. മക്കളെ തെറ്റുപറഞ്ഞ് ബോധ്യപ്പെടുത്തുക. വീണ്ടും ആവർത്തിക്കുകയാണെങ്കിൽ ശിക്ഷണം നല്കുക. ആ ശിക്ഷണം ഒരിക്കലും മക്കളുടെ വ്യക്തിത്വത്തെ മുറിവേല്പിക്കുന്ന രീതിയിലോ അവരെ അപമാനപ്പെടുത്തുന്ന രീതിയിലോ മാതാപിതാക്കളുടെ ദേഷ്യം തീർക്കാനുള്ള മാർഗ്ഗമോ ആകരുത്.
അല്ലെങ്കിലും നീ ഇങ്ങനെയേ ചെയ്യൂ, പറയൂ എന്ന് എനിക്കറിയാം എന്നോ നിനക്ക് നിന്റെ അച്ഛന്റെ/ അമ്മയുടെ/ ബന്ധുക്കളുടെ സ്വഭാവമാണ് എന്നോ പറഞ്ഞ് അവരെ വിലയിടിക്കാതിരിക്കുക. കുട്ടികൾ കുട്ടികളാണ്. അവരെ നല്ലവരായിട്ടാണ് നമ്മുടെ കയ്യിലേക്ക് കിട്ടുന്നത്. പക്ഷേ നാം അത് ഉപയോഗത്തിലൂടെയും സഹവാസത്തിലൂടെയും മോശമാക്കിയെടുക്കുന്നു. മാതാപിതാക്കളേ, നമ്മുടെ മക്കളെ ചീത്തയാക്കുന്നത് നമ്മൾ മാത്രമാണ്.