ഒന്ന്
ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞ് യാത്ര ചെയ്യുന്നത് ഒരു പതിവാണ്. നിഷേയെപ്പോലെ നടക്കുമ്പോഴല്ല യാത്ര ചെയ്യുമ്പോഴാണ് ചിലർക്ക് ഓർമ്മകൾ ഉണരുന്നത്, എനിക്കും (നടത്തവും ഒരുതരത്തിൽ യാത്രയാണല്ലോ?). യാത്രകൾ നമുക്ക് ജീവിതത്തിലേക്കുള്ള പുതിയ വഴികൾ തുറന്നു തരുന്നു. മെക്സിക്കൻ കവി ഒക്ടേവിയോ പസിന്റെ (OctavioPaz) കവിതയിലേതുപോലെ യാത്രകളിൽ ”ചിന്തകൾക്ക് മാംസമുണ്ടാവുകയും അടിമയുടെ മുതുകിൽ ചിറകു മുളയ്ക്കുകയും ചെയ്യുന്നു.” അന്നത്തെ യാത്രയിൽ മനസ്സു നിറയെ ഫ്രഞ്ച് ഫിലോസഫറായ ജീൻ പോൾ സാർത്തറും (Jean-Paul Sartre) അദ്ദേഹത്തിന്റെ വാക്കുകളുമായിരുന്നു. -“we are thrown into existence’ നമ്മൾ ജീവിതത്തിലേക്ക് എറിയപ്പെട്ടവരാണ്. ഒന്നോർത്താൽ ശരിയാണ്. നമ്മളോട് ഒട്ടും അനുവാദം ചേദിക്കാതെയുള്ള ആരുടയോ തിരഞ്ഞെടുപ്പല്ലാതെ എന്താണീ ജീവിതം? ഗർഭപാത്രം തുടങ്ങി ഒടുക്കം മരണം വരെ ഒന്നും നമ്മളുടെ ചോയിസ് അല്ല. -“Free will-‘ എന്ന് പറയുമെങ്കിലും എത്രമാത്രം സ്വതന്ത്രരാണ് നമ്മൾ? -“”We are free to choose what we do, But the effect of our choices will always resonate between ourselves and the environment. Freedom of choice is real but, the conse- quences that are completely out of control and inseparable.-”( Jean Paul Sartre).
ഇങ്ങനെയാണെന്നിരിക്കിലും ഇ.എ.റോബിൻസണി (E.A Robinson) ന്റെ ‘മിനിവർ ചീവി’ (Miniver Cheevy)യെ പോലെ തനിക്കു തിരഞ്ഞെടുക്കാനാകാത്ത ജീവിതത്തെ പഴിപറഞ്ഞ് ജീവിതം തുലക്കാനുവില്ലല്ലോ നമുക്ക്. ഒട്ടും പിടിതരാതെ ഓടുന്ന ഈ ജീവിതത്തിന്റെ ബ്ലാക്ക് ഹോൾ എന്തായിരിക്കും?
രണ്ട്
പരിണാമ ചരിത്രമെടുത്താൽ നാനാജാതി ജീവിവർഗത്തിൽ ഏറ്റവും നിസഹായരും ദുർബലരുമായ ജീവികളായിരുന്നു മനുഷ്യന്മാർ (Homo sapiens) എന്ന് ചരിത്രകാരനായ യുവാൽ നോവാ ഹരാരി പറയുന്നു. എന്നിട്ടും കാലചക്രം അവനെ മാത്രമാണ് ഭൂമിയിൽ ബാക്കിവെച്ചത്. പരിണാമവഴികളെക്കുറിച്ച് ഹരാരി ഏറ്റവും ലളിതമായി പറഞ്ഞു വെക്കുന്നതിങ്ങനെയാണ്. “Fire gave us power. Gossip helped us co-operate. Agriculture made us hungry for more. Mythology maintained law and order. Money gave us some- thing we can really trust. Contradictions created culture. Science made us deadly.’ അതിജീവനമാണ് ഭൂമിയുടെ പ്രഥമവും പ്രധാനവുമായ ചോതന. അതു കൊണ്ട് തന്നെ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരും വിജയിച്ചവരാണ്. ഹോമോസാപ്പിയൻസിന് അതിന് കഴിഞ്ഞു. മനുഷ്യനായി നില നിൽക്കുന്നത് തന്നെ അതിനാൽ വിജയമാണ്. ഒ. പി. സുരേഷ് എഴുതിയത് പോലെ ‘എത്തിയേടത്തിരുന്നെങ്കിൽ/എത്ര വേഗത്തിലസ്തമിച്ചേനെ നാം’ മനുഷ്യർ അതിജീവിച്ചു കൊണ്ടേയിരിക്കുകയാണ്.
അടുത്തിടെ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ മിച്ചിയോ കാക്കു (Michio kaku) വിന്റെ -“GOD EQUATION’ എന്ന പുസ്തകം വായിക്കാൻ ഇടയായി. അതിൽ അദ്ദേഹം പറയുന്നു ഒരായിരം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യരെ ഒന്ന് ഭാവന ചെയ്തു നോക്കാൻ. ഈ 2022 ൽ എത്തി നിൽക്കുന്ന നമ്മളെ അവർ എങ്ങനെയായിരിക്കും നോക്കി കാണുക. ചിലപ്പോൾ അവർ കഥകളിൽ മാത്രം വായിച്ചിട്ടുള്ള മന്ത്രവാദികളായിരിക്കും (witches) നമ്മൾ. എന്ത് ചോദിച്ചാലും ഉത്തരം തരുന്ന, എന്തിനെയും അടുത്തെത്തിക്കുന്ന നമ്മളുടെ കൈയ്യിലെ സ്മാർട്ട് ഫോണുകൾ അവർക്ക് മാന്ത്രിക കോലായിരിക്കാം. എതിടത്തേക്കും ഞൊടി നേരം കൊണ്ട് നമ്മളെ എത്തിക്കുന്ന വിമാനങ്ങൾ ഒരുപക്ഷേ അവർക്ക് വിച്ചസിന്റെ broomsticks ആകാം. ഇനി ഈ 2022 ൽ ഇരുന്നു കൊണ്ട് 2200 ൽ ഉണ്ടായേക്കാവുന്ന മനുഷ്യന്മാരെക്കുറിച്ച് ചിന്തിക്കൂ. ചിലപ്പോൾ ഗ്രീക്ക് പുരാണത്തിലെ ദൈവങ്ങളെപ്പോലെയായിരിക്കും അവരെന്നാണ് ഏറ്റവും രസകരമായ ഭാവനയിൽ കാക്കു പറഞ്ഞു വെക്കുന്നു. നമുക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലായിരിക്കും അവരെന്നാണ് ഈ പറഞ്ഞതിന്റെ പൊരുൾ. എത്ര വേഗമാണ് മനുഷ്യനും അവൻ ചേർന്നിരിക്കുന്ന ഇടങ്ങളും വളർന്നു പന്തലിക്കുന്നത്. ജീവിതത്തിന്റെ പൊരുൾ അതിന്റെ വൈവിധ്യങ്ങളിലാണ്. ഈ വൈവിധ്യങ്ങളെ തൊട്ടറിയാനുള്ള കഴിവാണ് മനുഷ്യനെ ഇത്രടം വരെ എത്തിച്ചതും ഇനിയും എത്തിക്കുന്നതും. യു. ജി കൃഷ്ണമൂർത്തി പറഞ്ഞു വെക്കുന്നതുപോലെ നിങ്ങൾ ജീവിക്കുന്ന ജീവിതം തന്നെയാണ് നിങ്ങളുടെ ജീവിതത്തിന്റെ അർത്ഥം. “The greatest thing about life is that there is no meaning to it. There is no other purpose, the only purpose of life is to live and live totally’
മൂന്ന്
റിൽക്കേ പറയുന്നത് പോലെ ‘പഴത്തിനുള്ളിലെ വിത്തെന്ന വിധം മരണത്തെ കൊണ്ടു നടക്കുന്നവരാണ് മനുഷ്യർ’. ജീവിതം ഇടക്ക് വല്ലാതെ വിരസമായി തോന്നുമ്പോൾ ജീവിതത്തെ മുറിച്ച് വിത്തിനെ സ്വതന്ത്രമാക്കണം എന്ന തോന്നൽ ഉണരുമ്പോൾ സ്നേഹത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമായ സ്നേഹിക്കപ്പെട്ടതിന്റെ ഓർമ്മകളെ വീണ്ട് എടുക്കാൻ ശ്രമിക്കുക.
കൊഴിയാറായ ഇലകൾ പോലെ ഉണർവിനും ഉറക്കത്തിനുമിടയിൽ എത്ര കാലം ഇങ്ങനെ തൂങ്ങിക്കിടക്കും. സരമാഗുവിന്റെ ‘മരണം മാറുന്ന ഇടനേരത്ത് ‘ എന്ന നോവലിലേത് പോലെ ജീവിതവും മരണവും തമ്മിൽ പ്രണയത്തിലാകണം. അങ്ങനെ വന്നാൽ രണ്ടു പേർക്കും പരസ്പരം നഷ്ട്ടപ്പെടുത്താൻ കഴിയില്ല. വ്യക്തമായി പറഞ്ഞാൽ ആത്മഹത്യ ചെയ്യാനാവില്ല എന്ന്.
“Even death, faced with the option of death or life, she would choose life’ (Jose Saramango).
പുറത്തെ വൈവിധ്യമാർന്ന കാഴ്ചകളിൽ നിന്നും മടങ്ങി ജീവിതത്തെ കുറച്ചും കൂടി ആഴത്തിൽ ധ്യാനിച്ചു നോക്കു. അപ്പോൾ ദുർബലമായ ചിന്തകൾ പതിയെ പതിയെ വളർന്ന് സുലഭമാകും. ഇലമർമ്മരങ്ങളുടെ ഒച്ചയിലാണ് ആത്മാവ്, പരമാത്മാവ് സംസാരിക്കുക. അപ്പോൾ ഉൾക്കാത് വട്ടം പിടിക്കുക. എന്നിട്ടു ചോദിക്കുക. മരണാനന്തര ലോകത്തേ ഭൂരൂഹതയെക്കുറിച്ചല്ല, മറിച്ച് ജെ. കൃഷ്ണമൂർത്തി ചോദിക്കുമ്പോലെ മരണത്തിന് മുൻപ് ഒരു ജീവിതമുണ്ടോ ? ജീവിതത്തിൽ ഒരൽപ്പമെങ്കിലും ജീവിതം ശേഷിക്കുന്നുണ്ടോ? ലളിതമായതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഇനിയും മനുഷ്യന്മാർക്ക് കഴിയാത്തതാണ് ദുരന്തം. ജീവിതത്തിന്റെ ലാളിത്യത്തിൽ അതിന്റെ പൊരുളുമിരിപ്പുണ്ട് .
ജീവിക്കാത്ത ജീവിതത്തേക്കുറിച്ചല്ല ജീവിച്ചേക്കാവുന്ന ജീവിതത്തിലേക്കാണ് നമ്മുടെ ശിരസ് ഉഴരുന്നത്. സത്യത്തിൽ തേടുന്നവൻ എല്ലായിപ്പോഴും തേടിക്കൊണ്ടെയിരിക്കും… ഒടുക്കമില്ലാത്ത ഒരു തേടൽ. ജീവിക്കുന്നവൻ ജീവിച്ചു കൊണ്ടെയിരിക്കും. ഓർക്കുക ഏതറ്റത്തു നിന്നും മടക്കിയെടുക്കാവുന്ന കിടക്ക വിരിയല്ല ജീവിതം.