കേരളം കാത്തിരിക്കുന്നത് കഠിനമായ വേനൽക്കാലമാണ് എന്നാണ് നിലവിലെ സൂചനകൾ. മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങൾ ഇക്കാരണം കൊണ്ടു വളരെ നിർണ്ണായകവുമാണ്. വിയർപ്പിലൂടെ ലവണാംശവും സോഡിയവും നഷ്ടപ്പെടുന്നതുകൊണ്ടുള്ള നിർജ്ജലീകരണമാണ് ഈ മാസങ്ങളിൽ ഏറ്റവും കൂടുതലായി ശ്രദ്ധിക്കേണ്ട കാര്യം. മറ്റൊന്ന് സൂര്യാഘാതമാണ്. തീവ്രതയേറിയ വെയിൽ കൊള്ളുന്നതുവഴി തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, വർദ്ധിച്ച നെഞ്ചിടിപ്പ് എന്നീ ലക്ഷണങ്ങളെല്ലാം സൂര്യാഘാതത്തിന്റേതാണ്.
പകൽ പതിനൊന്ന് മണി മുതൽ നാലു മണിവരെയുള്ള സമയം വെയിൽ കൊള്ളാതിരിക്കുകയും കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം കുടിക്കുക, പഴവർഗ്ഗങ്ങൾ കഴിക്കുക എന്നിവയും ചെയ്താൽ സൂര്യാഘാതത്തിൽ നിന്ന് രക്ഷ നേടാം. ശരീര താപനില 104 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി ആന്തരാവയവങ്ങളുടെ പ്രവർത്തനം അവതാളത്തിലാക്കുന്നതാണ് സൂര്യാഘാതം.
സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണാൽ ആദ്യം വ്യക്തിയെ തണലിലേക്ക് മാറ്റികിടത്തുകയാണ് ചെയ്യേണ്ടത്. വസ്ത്രം ലൂസാക്കി തണുത്തവെള്ളത്തിൽ ശരീരം കഴുകുകയാണ് അടുത്തപടി. കാറ്റു കൊള്ളാനുളള സൗകര്യവും ക്രമീകരിക്കണം. കഴിക്കാനോ കുടിക്കാനോ ഒന്നും നല്കരുത്. കൂടുതൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായി എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയും വേണം.
ഇവയ്ക്ക് പുറമെ കഠിനമായ ചൂടുകാലം പലതരം രോഗങ്ങളുടെ കാലം കൂടിയാണ്. ചിക്കൻ പോക്സ്, കണ്ണുരോഗങ്ങൾ, മീസിൽസ്, വയറിളക്ക രോഗങ്ങൾ, പലതരം ശാരീരിക അസ്വസ്ഥതകൾ, ചർമ്മരോഗങ്ങൾ എന്നിവയെല്ലാം വേനൽക്കാലത്ത് സാധാരണമാണ്.
കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ് എന്നിവയെല്ലാം പിടിപെടാൻ പറ്റിയ കാലമാണ് വേനൽക്കാലം. ശുദ്ധജലത്തിന്റെ ലഭ്യതയില്ലായ്മ, വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള പാചകം എന്നിവയെല്ലാമാണ് ഇതിന്റെ പ്രധാന കാരണം. ദീർഘദൂരയാത്രകൾ നടത്തേണ്ടിവരുന്ന സന്ദർഭത്തിൽ കഴിവതും വീട്ടിൽ നിന്ന് തന്നെ ഭക്ഷണം പാകം ചെയ്തുകൊണ്ടുപോകാൻ ശ്രമിക്കുക. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പുവരുത്തുക. ഇതിലൂടെ വയറിളക്ക രോഗങ്ങളെ ഒരു പരിധി വരെ തടയാനാകും.
ചെങ്കണ്ണ് പോലെയുള്ള രോഗങ്ങൾ വേനൽക്കാലത്ത് പതിവാണ്. വൈറസാണ് രോഗം പരത്തുന്നത്. ഇതിന് പുറമെ പനിയും ജലദോഷവും പിടിപെടാം.
ഈ അവസ്ഥയിൽ ബാക്ടീരിയ കൂടി പ്രവേശിക്കുന്നതോടെ രോഗം മൂർച്ഛിക്കുകയും കണ്ണ് ചുവന്ന് പീളകെട്ടി, കാഴ്ച മങ്ങുകയും ചെയ്യും. പലപ്പോഴും രോഗിയുടെ കണ്ണിലെ സ്രവങ്ങൾ സ്പർശിക്കുന്നതുവഴിയാണ് മറ്റൊരാളിലേക്ക് ഇത് പകരുന്നത്. അതുകൊണ്ട് ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക.
ചൂടുകുരുവും ചർമ്മത്തിലെ ചുവപ്പും ചൊറിച്ചിലും വേനൽക്കാലത്ത് പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. ശരീരം കൂടുതൽ വിയർക്കുന്നവരിലാണ് ചൂടുകുരു കണ്ടുവരുന്നത്. കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും ധാരാളം വെള്ളംകുടിക്കുന്നതും ഇതിന് പോം വഴികളാണ്.
ഇത്തിരി ശ്രദ്ധയും മുൻകരുതലുമുണ്ടെങ്കിൽ വേനൽക്കാലത്തെയും പേടിക്കേണ്ടെന്ന് ചുരുക്കം.
വെയിലേറ്റ് വാടല്ലേ
മഴക്കാലത്ത് മാത്രമല്ല വേനൽക്കാലത്തും കുട കയ്യിൽ കരുതിയിരിക്കണം. വെയിലിനെ നേരിടാൻ ഇത് അത്യാവശ്യം.
ശരീരം മറയ്ക്കുന്ന, അയഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് ധരിക്കേണ്ടത്.
വെയിൽ കൂടുതലുള്ള സമയം- രാവിലെ പതിനൊന്ന് മുതൽ മൂന്നു മണിവരെ- വീടിനകത്ത് തന്നെ ചെലവഴിക്കുക.
സൺ സ്ക്രീൻ ഉപയോഗിക്കുക.
ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കണം. ഇതിൽ ഉപ്പിട്ട നാരങ്ങാവെളളവും കഞ്ഞിവെള്ളവും ഉൾപ്പെടുത്താൻ ശ്രമിക്കുക.
ദിവസേന രണ്ടു തവണ കുളിക്കുക.