വിവാഹത്തിന്റെ പേരിലെ ആഭാസങ്ങൾ

Date:

spot_img

കണ്ണൂർ തോട്ടടയിൽ വിവാഹസംഘത്തിന് നേരെ യുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് മുൻ മന്ത്രി കെ. കെ. ശൈലജ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലെ ഏതാനും വരികൾ ചുവടെ ചേർക്കുന്നു:

‘വിവാഹവീടുകളിൽ വിവാഹത്തലേന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുകയും ആഭാസനൃത്തം ചവിട്ടുകയും കേട്ടാലറയ്ക്കുന്ന ഭാഷ സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് വർദ്ധിച്ചുവരികയാണ്. പുരുഷന്മാർ സ്ത്രീകളുടെ വേഷം കെട്ടി ആഭാസനൃത്തം ചവിട്ടുക, വധുവിന്റെ ചെരിപ്പിൽ എണ്ണയൊഴിച്ച് ആ ചെരിപ്പിൽ കയറി നടക്കാൻ ആജ്ഞാപിക്കുക, വധൂവരന്മാരുടെ കഴുത്തിൽ ചെരിപ്പ് മാലയിട്ട് നടത്തിക്കുക, അവരുടെ കിടപ്പുമുറി അലങ്കോലപ്പെടുത്തുക, കിടക്കയിൽ വെള്ളം നനച്ച് കുതിർക്കുക തുടങ്ങിയ ക്രൂര വിനോദങ്ങളാണ് നടത്തുന്നത്.’
വിവാഹത്തലേന്ന് നടക്കുന്ന പേക്കൂത്തുകൾക്ക് പുറമെ വിവാഹച്ചടങ്ങുകളോട് അനുബന്ധിച്ചും പലതരത്തിലുള്ള പേക്കൂത്തുകൾ നടക്കാറുണ്ട്. അതിന്റെ ഒടുവിൽ നവവധൂവരന്മാർ അടിച്ചുപിരിയുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. വിവാഹവേഷത്തിൽ നൃത്തം ചെയ്യുന്ന നവവധുവും വരനും ഒന്നും ഇന്നത്തെ കാലത്ത് പുതിയ കാഴ്ചകളൊന്നുമല്ല. 
വധു നൃത്തം ചെയ്തതിന്റെ പേരിൽ വിവാഹബന്ധം അവസാനിപ്പിക്കുന്ന വരനും വരന്റെ നിർബന്ധത്തിന് വഴങ്ങി നൃത്തം ചെയ്യാൻ തയ്യാറല്ലാതെ വിവാഹബന്ധം മുന്നോട്ടുകൊണ്ടുപോകണ്ടായെന്ന് തീരുമാനമെടുക്കുന്ന വധുവും പല വാർത്തകളിലും കടന്നുവന്നിട്ടുണ്ട്. സുഹൃത്തുക്കളുടെ പേക്കൂത്തുകൾ അതിരുകടന്നപ്പോൾ അടികൊടുത്ത് ഇറക്കിവിട്ടതിന്റെ വാർത്തകളും അറിഞ്ഞിട്ടുണ്ട്.

വൈറലാകാൻ വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന പ്രീ വെഡ്ഡിങ്, വെഡ്ഡിങ് ഷൂട്ടുകളും ആരോഗ്യകരമല്ല. സ്വകാര്യതകളുടെ സൂക്ഷിപ്പുകൾ പോലും ഇല്ലാതെയാണ് ഇവിടെ വധുവരന്മാർ പ്രകടനം കാഴ്ചവയ്ക്കുന്നത്.  ഏറെ കൊട്ടി ഘോഷിക്കപ്പെടുന്ന ഇത്തരം വിവാഹങ്ങൾക്ക് ആയുസും പൊതുവെ കുറവായാണ് കണ്ടുവരുന്നത്.

വിവാഹത്തിന്റെ പേരിലുള്ള ഇത്തരം പേക്കൂത്തുകൾക്ക് പ്രോത്സാഹനം കൊടുക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കും ശ്രദ്ധേയമാണ്. അനാവശ്യമായ പബ്ലിസിറ്റിയാണ് മാധ്യമങ്ങൾ ഇത്തരം ഫോട്ടോഷൂട്ടുകൾക്ക് നല്കുന്നത്. ഈ പബ്ലിസിറ്റിയിൽ അഭിരമിച്ചാണ് ഒന്നിനു പുറകെ മറ്റൊന്ന് എന്ന വിധത്തിൽ വ്യത്യസ്തരാകാൻ വേണ്ടിയുള്ള ശ്രമം നടക്കുന്നത്. 

ഈ പ്രവണതകളെ നിരുത്സാഹപ്പെടുത്തുകയാണെങ്കിൽ തന്നെ ഇത് സാവധാനം കെട്ടടങ്ങും. അതുപോലെ പരിധി കവിഞ്ഞുള്ള ആഘോഷപരിപാടികൾക്ക് വീട്ടുകാർ  നിയന്ത്രണം ഏർപ്പെടുത്തുക. അവിടെ നിന്നും ഇവിടെ നിന്നും ഉയരുന്ന ഒറ്റപ്പെട്ട സ്വരങ്ങളെ ഒറ്റക്കെട്ടായി നിന്ന് നേരിടുക. നമ്മുടെ കല്യാണങ്ങളും വിവാഹവിരുന്നുകളും പേക്കൂത്തുകളായി മാറാതിരിക്കട്ടെ.

More like this
Related

കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ  

ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ.  ഇക്കഴിഞ്ഞ ജൂലൈ...

മനുഷ്യനായി ജീവിക്കാൻ

''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും,...

വീണ്ടും നിപ്പയുടെ ഭീതിയിൽ

പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ....

സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു...
error: Content is protected !!