മധുരവും ചവർപ്പുമുള്ളതാണ് ദാമ്പത്യമെന്ന് അതിലൂടെ കടന്നുപോകുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും. ചിരിയും സന്തോഷവും പ്രോത്സാഹനവും മനസ്സിലാക്കലും അടുപ്പവും മാത്രമല്ല കണ്ണീരും സങ്കടവും വെറുപ്പും തെറ്റിദ്ധാരണയും അകൽച്ചയും അവിടെയുണ്ട്. എല്ലാ നെഗറ്റീവ് അനുഭവങ്ങളെയും ഇല്ലാതാക്കുന്നത് ദമ്പതികൾക്കിടയിലെ സ്നേഹവും മനസ്സിലാക്കലും തന്നെയാണ്. സ്നേഹമില്ലാത്തതാണ് മനസ്സിലാക്കപ്പെടാതെ പോകുന്നതിന് കാരണം. പഴഞ്ചൊല്ല് പോലെയാണ് ചില ദാമ്പത്യം. നെല്ലിക്കപോലെ അത് ആദ്യം കയ്ക്കും.പിന്നെ മധുരിക്കും. പക്ഷേ എന്നും മധുരിക്കുന്ന ദാമ്പത്യങ്ങളുമുണ്ട്. മാംസനിബദ്ധമല്ലാത്ത, സ്നേഹം മാത്രമായ ദാമ്പത്യങ്ങളും. ഇങ്ങനെ ദാമ്പത്യത്തിലെ പ്രണയത്തിന്റെയും അകൽച്ചയുടെയും സ്നേഹം വീണ്ടെടുക്കലിന്റെയും കഥയാണ് അഹമ്മദ് കബീറിന്റെ മധുരം എന്ന സിനിമ പറയുന്നത്.
ഭാര്യമാരെ അന്ധമായി സ്നേഹിക്കുകയും തങ്ങളുടെ പ്രണയത്തിന്റെ പേരിൽ ഊറ്റം കൊള്ളുകയും ചെയ്യുന്ന രണ്ടു ഭർത്താക്കന്മാരും വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഡിവോഴ്സിനെക്കുറിച്ച് ആലോചിക്കുന്ന മറ്റൊരു ഭർത്താവും. ഇവരുടെ കഥയാണ് മധുരം. ഇവരിലൂടെ പ്രണയത്തിന്റെ മഴവില്ലുകളും സംഘർഷങ്ങളും ഒന്നുപോലെ സംവിധായകൻ പകർത്തുന്നു.
ഇന്ദ്രൻസ്, ജോജു എന്നിവർ ആദ്യം പറഞ്ഞ ഭർത്താക്കന്മാരുടെ വേഷങ്ങളും അർജുൻ അശോകൻ രണ്ടാം ഗണത്തിലെ ഭർത്താവിന്റെ വേഷവുമാണ് കൈകാര്യം ചെയ്യുന്നത്.സ്നേഹത്തിന്റെ കണ്ണുകളോടെ നോക്കുമ്പോൾ വെറുത്തിരുന്ന പലതും സ്നേഹിക്കാൻ തക്ക യോഗ്യതയുള്ളതായി മാറുന്നു. കെവിന്റെ സ്വഭാവത്തിൽ സംഭവിച്ച മാറ്റം വ്യക്തമാക്കുന്നത് അതാണ്. തന്റെ ബ്രഷിനൊപ്പം ഭാര്യയുടെ ടൂത്ത് ബ്രഷ് ചേർന്നിരിക്കുമ്പോഴും തന്റെയും ഭാര്യയുടെയും ബാത്ത് ടൗവലുകൾ ഒരുമിച്ച് വിരിച്ചിട്ടിരിക്കുന്നത് കാണുമ്പോഴും അസ്വസ്ഥപ്പെടുന്ന കെവിൻ, സാബുവിന്റെയും രവിയുടെയും ദാമ്പത്യത്തിലെ പ്രണയം മനസിലാക്കുമ്പോഴാണ് നഷ്ടപ്പെടുത്തിക്കളയുന്ന തങ്ങളുടെ ദാമ്പത്യത്തിലെ മധുരം തിരിച്ചറിയുന്നത്.
പ്രേമിച്ച് വിവാഹം കഴിച്ച് മൂന്നാം ദിവസം രോഗകിടക്കയിലായ ഭാര്യ ചിത്രയെ സ്നേഹിക്കുന്ന സാബുവും കുടക്കമ്പി പോലെയിരുന്ന തന്നെ എതിർപ്പുകൾ വകവയ്ക്കാതെ പ്രേമിച്ച് വിവാഹം കഴിച്ച് ഇപ്പോൾ രോഗിയായി കഴിയുന്ന പ്രണയിനിയെയോർത്ത് ഖേദിക്കുന്ന രവിയും പുരുഷന്മാരുടെ സ്നേഹത്തിന്റെ ഉദാത്തമാതൃകകളാണ്. സാധാരണയായി ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മൂർത്തീരൂപങ്ങളായി സ്ത്രീകൾ വാഴ്ത്തപ്പെടുമ്പോഴാണ് പുരുഷന്റെ ത്യാഗത്തിലേക്കും നിസ്വാർത്ഥതയിലേക്കും സാബുവും രവിയും രാജാക്കന്മാരെ പോലെ അവരോധിക്കപ്പെടുന്നത്.
ആശുപത്രി പോലെ ഒരേ സമയം സമ്മിശ്രവികാരങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നുകൊണ്ടാണ് മധുരം കഥ പറയുന്നത് എന്നത് ചിത്രത്തിന്റെ ആസ്വാദ്യത കൂട്ടുന്നു (രോഗം ഭേദമായി തിരികെ വീട്ടിലേക്ക് പോകുമ്പോഴും ജനനം നടക്കുമ്പോഴും മാത്രമേ ആശുപത്രിയിൽ ചിരിയുണ്ടാകുന്നുള്ളൂ).
ദാമ്പത്യത്തിലെ പ്രശ്നങ്ങൾ തന്നെയാണ് മധുരം പറയുന്നത്. അതാവട്ടെ സിനിമയുണ്ടായ കാലം മുതൽ കൈകാര്യം ചെയ്യപ്പെടുന്നവയുമാണ്. എന്നിട്ടും ആ കഥയെ വ്യത്യസ്തമായ ഒരു കഥാപരിസരത്തു നിന്നുകൊണ്ട് അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് അഭിനന്ദനാർഹം. മാറുന്ന കാലത്തും മാറുന്ന സിനിമയിലും കഥ പറയാൻ പുതിയ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിൽ പുതിയ സംവിധായകരും എഴുത്തുകാരും കാണിക്കുന്ന സാമർത്ഥ്യം പറയാതിരിക്കാനാവില്ല. കഥയെന്നും പഴയതുതന്നെ. പക്ഷേ അവതരിപ്പിക്കുന്ന കാര്യത്തിലാണ് പുതുമയെന്ന തത്വത്തിന് മധുരവും അടിവരയിടുന്നു.