ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും ആദ്യത്തെയും അവസാനത്തേയും തുരുത്ത്. ‐”Are we more than matter?‐’ അപാരമായ ഒരു ചോദ്യമാണിത്. ഭൂമിയിലേ ഏറ്റവും പുരാതനായ മനുഷ്യനെ തുടങ്ങി ഈ തലമുറയിലെ ഏറ്റവും ചെറുപ്പക്കാരനായ പയ്യനെവരെ അലട്ടുന്ന ചോദ്യം. നാം പലപ്പോഴും അറിഞ്ഞും അറിയാതെയും നമ്മളോട് തന്നെ ചോദിക്കുന്ന ചോദ്യം. ഞാൻ എന്റെ ശരീരം മാത്രമാണെന്നും ഈ ശരീരം മാത്രമല്ലാത്ത ഒരു ഞാനുണ്ട് എന്നും മനുഷ്യവാദങ്ങൾ രണ്ടായി പിരിയുന്നതും മരണത്തിൽ തന്നെ. ചരിത്രം പരിശോധിച്ചാൽ മരണഭയം തന്നെയാണ് മനുഷ്യനെ വിശ്വാസിയും അവിശ്വാസിയുമായി രൂപപ്പെടുത്തിയത് എന്നുകൂടി മനസിലാക്കാൻ കഴിയും. പുരാതന കാലത്ത് മരണപ്പെടുന്നവന് ഇഷ്ടമുണ്ടായിരുന്നവയെല്ലാം അവനോടു ചേർത്ത് അടക്കം ചെയ്തു തുടങ്ങിയിടത്താണല്ലോ മതവിശ്വാസം പോലും ആരംഭിക്കുന്നത്. ജീവൻ ജോബ് തോമസ് എഴുതിയതു പോലെ ‘മരിച്ച ശേഷം ഇവൻ എങ്ങനെ ജീവിക്കും എന്ന ചിന്ത അനേകം ഭാവനകളിലൂടെ വളർന്ന് തലമുറകളിലൂടെ ഘനീഭവിച്ച വിശ്വസങ്ങളായി.’
എന്താണ് മനുഷ്യനെ മനുഷ്യനാക്കി തീർക്കുന്നത് എന്ന ചോദ്യത്തിനും ഉത്തരം മരണം എന്നു തന്നെയാണ്. പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളിലും വെച്ച് മനുഷ്യർക്ക് മാത്രം ദൈവം വെളിപ്പെടുത്തി കൊടുത്ത മഹാ രഹസ്യത്തിന്റെ പേരാണ് മരണം. ”ജീവികളും മനുഷ്യരും തമ്മിലുള്ള പ്രധാനമായ അന്തരവും ഇതു തന്നെ. ജീവികൾ ജീവിക്കുക മാത്രം ചെയ്യുന്നു. അതുകൊണ്ട് നാം അവരെ ‘ജീവികൾ’ എന്നു വിളിക്കുന്നു” (കൽപ്പറ്റ നാരായണൻ). മനുഷ്യരെ പോലെ തന്നെ മരണത്തെ പലപ്പോഴും മുഖാമുഖം ദർശിക്കുന്നുണ്ടെങ്കിൽ പോലും അവർ മരണത്തെക്കുറിച്ച് ആലോചന ചെയ്യുകയോ പരിഭ്രമിക്കുകയോ ചെയ്യുന്നില്ല. ചിന്തിച്ചിരുന്നെങ്കിൽ ഒരു കുരങ്ങും സേഫ്റ്റി ബെൽറ്റിടാതെ മരങ്ങൾ തോറും ചാടി നടക്കില്ലായിരുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ വിലക്കപ്പെട്ട കനി തുറന്നു തന്ന വാതിലാണ് മരണം. ഒരു തരത്തിൽ ചിന്തിച്ചാൽ മനുഷ്യന്റെ എല്ലാ പരിണാമങ്ങൾക്കും പുരോഗമനങ്ങൾക്കും പിന്നിലെ ഊർജ്ജം ഈ അടങ്ങാത്ത മരണഭയം തന്നെയാണെന്ന് നമുക്ക് വെളിപ്പെട്ട് കിട്ടും. മരണത്തെ അതിജീവിക്കാനുള്ള പരക്കംപാച്ചിലാണല്ലോ മർത്ത്യൻ കാലാകാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്.
എന്താണ് മരണം? ജീവിച്ചിരിക്കുമ്പോൾ ലംബമായി കാണുന്നത് മരിക്കുമ്പോൾ തിരശ്ചീനമായി അറിയുന്നതാണോ അത്? അതോ, കുറച്ചുകൂടി തെളിച്ച് ചോദിച്ചാൽ, ഇത്രയും നാളും താഴേക്കു നോക്കി നടന്ന മനുഷ്യർ മുകളിലേക്കു നോക്കുമ്പോൾ ഉണ്ടാകുന്ന കാഴ്ചപ്പാടിന്റെ വ്യത്യാസത്തെയാണോ മരണം എന്ന് വിളിക്കുന്നത്? അറിയില്ല. എന്നിരുന്നാലും മരണം വ്യത്യസ്തമായ ഒരു ജീവിതം തന്നെയാണ് എന്ന് വിശ്വസിക്കാനാണ് ഇഷ്ടപ്പെടുന്നത്. മരണം എന്തെല്ലാം മനുഷ്യനോട് ഊന്നി ഊന്നി പറയുന്നു. അത് പലതിനെയും അടിവരയിടുന്നു. ഓരോ മരണവീടിന്റെയും ജനാലപ്പഴുതിലൂടെ ആ മരണം നമ്മളെയും ഒളിഞ്ഞു നോക്കുന്നുണ്ട്, നാളെ നീ എന്ന ഓർമ്മ പുതുക്കുന്നുണ്ട്. ഒരിക്കൽ അത് നിന്റെ വീടിന്റെ കൊളുത്തു മാറ്റി, ഗേറ്റ് ശബ്ദമില്ലാതെ തുറന്ന് കടന്നു വരുക തന്നെ ചെയ്യും.
വിളിച്ചാൽ വിളികേൾക്കാനാവാത്തത്ര ഉയരത്തിലുള്ള ഉറക്കമാണോ മരണം ? Life is else where‐’ എന്ന കുന്ദേരയുടെ വാക്കുകൾ ഓർമ്മയിൽ തെളിഞ്ഞു വരുന്നു. നീണ്ട അലച്ചിലിനൊടുവിൽ വീട്ടിൽ വന്നു കയറിയ ഭർത്താവിനെ മകളുടെ അകാല മരണവാർത്ത എങ്ങനെ അറിയിക്കണം എന്നറിയാതെ പകച്ചു നിൽക്കുന്ന ‘പാഥേർ പാഞ്ചാലി’യിലെ സർബജറോയി വല്ലാതെ വീർപ്പുമുട്ടിക്കുന്നു. മകന് മരണം ഉരുട്ടികൊടുക്കുന്ന ‘തനിയാവർത്തന’ത്തിലെ അമ്മ.. ‘എഴു ദിവസം കൊണ്ട് ദൈവം ലോകം സൃഷ്ടിച്ചു, എഴ് സെക്കന്റ് കൊണ്ട് ഞാൻ എന്റെ ജീവിതം നശിപ്പിച്ചു’ എന്ന് എഴുതി വെച്ച് ആത്മഹത്യ ചെയ്ത Seven pounds ലെ നായകൻ, ഓവനിൽ തലവച്ചു മരണത്തെ വരവേറ്റ സിൽവിയപ്ലാത്ത്.(ജീവിതത്തിൽ കണ്ടുമുട്ടിയ മരണങ്ങളെക്കുറിച്ച് ഓർത്താൽ എനിക്ക് കരച്ചിൽ വരും, അതു കൊണ്ട് മാത്രം കഥയിലെയും സിനിമകളിലെയും മരണത്തേക്കുറിച്ച് പറഞ്ഞത്. സരസ്വതിനദി പോലെ അദ്യശ്യമായി ഒഴുകട്ടെ ചില കണ്ണീർ പുഴകൾ). ഇങ്ങനെ ഇങ്ങനെ എത്രയെത്ര മരണങ്ങൾ. തീർച്ചയില്ലായ്മയിലേക്കു കൂടി തുറക്കുന്ന വാതിലാണ് മരണം.
മരണ ഭയമാണ് ജീവിത രതിയായി രൂപപ്പെടുന്നത് എന്ന് കേട്ടിട്ടുണ്ട്. അത് ഒരു അർത്ഥത്തിൽ ശരിതന്നെയാണ്. മുന്നറിയിപ്പു തന്നിട്ടും ചുണ്ടിൽ പുകയുന്ന, പുകയുണ്ണുന്ന മനുഷ്യരെല്ലാം അത് ശരിയാണന്നാണല്ലോ പറയുന്നത്. മരണഭയത്തെ സുഖത്തിന്റെ പ്രലോഭനം കടന്ന് ആക്രമിക്കുന്നു. പാതിരാത്രിയിൽ നാലുകാലിൽ വരുന്ന അപ്പനെ ശകാരിക്കുന്ന, അപ്പനിങ്ങനെ കുടിച്ചാൽ മരിച്ചുപ്പോകും എന്ന് പരിഭവം പറയുന്ന ചെറുപ്പക്കാരൻ തന്നെ, പാതിരാമറവിൽ ഒരിത്തിരി വെട്ടത്തിൽ ആത്മരതിയിലാണ്ടു പോകുന്നതും ഒരു നാർസിസ്റ്റ് ആകുന്നതും അപ്പൻ അകപ്പെട്ട അതേ സുഖത്തിന്റെ പ്രലോഭനത്തിൽ കാൽ ഇടറിയത് കൊണ്ടാണ്.
മകൻ ജനാലയിലൂടെ വഴുതി വീഴാൻ പോകുന്നത് കണ്ടിട്ടും കൂട്ടുകാരനോട് ഒപ്പം രതിയിൽ തന്നെ തുടരുന്ന ‘ആന്റിക്രൈസ്റ്റി’ലെ അമ്മ. വീണാൽ എഴുന്നേൽക്കാനാവാത്ത ആനന്ദത്തിന്റെ ഏറ്റവും തീവ്രമായ പ്രതീകമാണ്. അതെ, സുഖത്തിന്റെ പ്രലോഭനങ്ങൾക്ക് മരണത്തിന്റെ മൗനത്തേക്കാൾ തീവ്രതയുണ്ട്.
ജിബു കൊച്ചുചിറ