മറവി ഒരു അനുഗ്രഹമാണ്, ചിലപ്പോൾ, ചില സമയങ്ങളിൽ. മുറിവേറ്റ ഒരു ഭൂതകാലത്തിൽ നിന്നും തിക്തമായ അനുഭവങ്ങളിൽ നിന്നും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ മറവി വേണ്ടതാണ്. എന്നാൽ വേറൊരു തരത്തിലുള്ള മറവിയുണ്ട്. അശ്രദ്ധ കൊണ്ടും തിരക്കുകൊണ്ടും മറന്നുപോകുന്നതരത്തിലുള്ളവയാണ് അവ. നിത്യജീവിതത്തിൽ ചെയ്തുതീർക്കേണ്ട വളരെ അത്യാവശ്യമായ കാര്യങ്ങൾ പോലും മറന്നുപോകുന്ന തരത്തിലുള്ള അത്തരം മറവികൾ പല പ്രത്യാഘാതങ്ങളും സൃഷ്ടിക്കും. ഇങ്ങനെയുള്ള മറവിക്ക് പാരമ്പര്യവും ഒരു കാരണമാകാം. ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണം, ജീവിതശൈലി എന്നിവയിൽ മാറ്റം വരുത്തുന്നതിലൂടെ സ്വാഭാവികമായി ഉണ്ടാകാനിടയുള്ള മറവിയെ നേരിടാൻ കഴിയുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
മധുരം ചേർക്കാത്തതോ കുറഞ്ഞതോ ആയ ഭക്ഷണം
രുചി വ്യത്യാസങ്ങൾ ഓരോരുത്തർക്കും ഓരോ തരത്തിലാണ്. ചിലർ മധുരപ്രിയരാണ്. മറ്റ് ചിലർ അത്ര മധുരപ്രിയരല്ല. മറവിയും മധുരവും തമ്മിൽ ബന്ധമുണ്ട്. ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെ കാര്യഗ്രഹണശേഷിയിലും മധുരം മാറ്റം വരുത്തുന്നുണ്ട്. മധുരം കൂടുതൽ കഴിക്കുന്നത് ഓർമ്മശക്തി കുറയ്ക്കാൻ ഇടയാക്കും. മധുരം കുറച്ച് കഴിക്കുന്നവർക്ക് ഓർമ്മശക്തി കൂടുതലും കൂടുതൽ കഴിക്കുന്നവർക്ക് ഓർമ്മശക്തി കുറവുമാണ്. കേക്കുകൾ, വൈറ്റ് റൈസ്, വൈറ്റ് ബ്രെഡ് എന്നിവയും തലച്ചോറിന് കോട്ടം വരുത്തുന്നവയാണ്. ഇവയ്ക്ക് പകരം ആന്റി ഇൻഫ്‌ളമേറ്ററി ഫുഡ് ഉൾപ്പെടുത്തുക. പഴങ്ങൾ, പച്ചക്കറികൾ എന്നിവ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. വിറ്റമിൻ ഡി അടങ്ങിയ ഭക്ഷണവും കഴിക്കേണ്ടതാണ്. വിറ്റമിൻ ഡിയുടെ അഭാവം ഡിമെൻഷ്യയ്ക്ക് കാരണമാകാം.
മീനെണ്ണയും മത്സ്യവിഭവങ്ങളും
മീനെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കും. അതുപോലെ ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തുന്നതും. പ്രായം ചെന്നവരുടെ ഭക്ഷണക്രമത്തിൽ മത്സ്യം ഉൾപ്പെടുത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
മെഡിറ്റേഷൻ
ആരോഗ്യത്തിന് പലതരത്തിൽ ഗുണപ്രദമാണ് മെഡിറ്റേഷൻ. സ്‌ട്രെസും വേദനയും കുറയ്ക്കുന്നു, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു എന്നിവയെല്ലാം അതിൽ പെടുന്നു. അക്കൂട്ടത്തിൽ ഒന്നാണ് ഓർമ്മ
ശക്തി മെച്ചപ്പെടുത്താനുള്ള കഴിവ്. മനസ്സ് ശാന്തമാക്കാനും ഏകാഗ്രതവർദ്ധിപ്പിക്കാനും അങ്ങനെ ഓർമ്മശക്തിവർദ്ധിപ്പിക്കാനും മെഡിറ്റേഷൻ സഹായകരമാണ്.
ശരീരഭാരം നിയന്ത്രിക്കുക
അമിതഭാരത്തിൽ നിന്ന് ശരീരത്തെ കാത്തുരക്ഷിക്കുക. പൊണ്ണത്തടി പലപ്പോഴും ഇൻസുലിൻ ഉപയോഗത്തിന് വഴിതെളിച്ചേക്കാം. ഇത് തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. ബോഡിവെയ്റ്റ് നിയന്ത്രിച്ചുനിർത്തുന്നത് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നു. പൊണ്ണത്തടി അൽഷി മേഴ്സിനും കാരണമാകാറുണ്ട്.
ആവശ്യത്തിന് ഉറക്കം
തലച്ചോറിന്റെ ആരോഗ്യത്തിന് മതിയായ ഉറക്കം അത്യാവശ്യമാണ്. നന്നായി ഉറങ്ങാൻ കഴിയാത്ത ഒരു ദിവസത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ, ഓർമ്മ പോലും കൃത്യമായി കിട്ടാത്ത അവസ്ഥ, ശിഥിലമായ ഓർമ്മകൾ, ഏകാഗ്രത കുറവ് ഇതെല്ലാം നേരിടുന്നുണ്ട്. അങ്ങനെയെങ്കിൽ തുടർച്ചയായ ഉറക്കമില്ലായ്മ ഓർമ്മയെ എന്തുമാത്രം ദോഷകരമായി ബാധിക്കും!
മദ്യപാനത്തോട് വിട
സ്ഥിരമായ മദ്യപാനം ശരീരത്തിന്റെ ആരോഗ്യസ്ഥിതി മാത്രമല്ല ഓർമ്മശക്തിയും ദുർബലമാക്കുന്നു. മദ്യലഹരിയിൽ സുബോധമില്ലാതെ കാട്ടിക്കൂട്ടുന്ന വിക്രിയകൾ ഇക്കാര്യം വ്യക്തമാക്കുന്നു.
തലച്ചോറിന് കൊടുക്കുന്ന പരിശീലനം
തലച്ചോറിന് കൊടുക്കുന്ന പരിശീലനത്തിലൂടെ ഓർമ്മശക്തി കൂട്ടുകയും മറവിയെ പിടിച്ചുകെട്ടുകയും ചെയ്യാം. ക്രോസ് വേർഡ്സ്, വേർഡ് റീക്കോൾ ഗെയിംസ് തുടങ്ങിയ പോലെയുള്ള ബ്രെയ്ൻ ഗെയിമുകൾ ഇക്കാര്യത്തിൽ ഏറെ ഗുണപ്രദമാണ്.
വ്യായാമം
മറ്റ് പലതിലുമെന്നപോലെ ഓർമ്മശക്തി മെച്ചപ്പെടുത്താൻ വ്യായാമവും അത്യന്താപേക്ഷിതമാണ്. തുടർച്ചയായ വ്യായാമം ഡിമെൻഷ്യയെ പ്രതിരോധിക്കും.