ആ പതിനഞ്ചുകാരികൾ, പിന്നെ നീതുവിന്റെ മകനും…

Date:

spot_img

ആറാമതും പ്രസവിച്ചപ്പോൾ  ആ കുഞ്ഞിനെ ഉൾക്കൊള്ളാനോ സ്നേഹിക്കാനോ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. തന്റെ ശാരീരികമായ പരിമിതിക്ക് പുറമെ നാട്ടുകാരുടെ പരിഹാസവും കുടുംബത്തിന്റെ സാമ്പത്തികമായ ബുദ്ധിമുട്ടുകളും ആലോചിച്ചപ്പോൾ അമ്മ ഒരു തീരുമാനത്തിലെത്തി. കുഞ്ഞിനെ കൊന്നുകളയുക. പക്ഷേ ഒറ്റയ്ക്ക് അത്തരമൊരു കൃത്യം നിർവഹിക്കാനുള്ള ശാരീരിക ക്ഷമത ഇല്ലാത്തതുകൊണ്ട് ശിശുഹത്യ നടത്താൻ മൂത്ത മകളുടെ സഹായം തേടി. അമ്മയുടെ അഭ്യർത്ഥന കേട്ടപ്പോൾ അവൾ ആദ്യം പറഞ്ഞത് വേണ്ടമ്മേ, നമുക്ക് കുഞ്ഞിനെ കൊല്ലണ്ടാ എന്നായിരുന്നു. പക്ഷേ അവളെ മറുചോദ്യം കൊണ്ട് അമ്മ നിശ്ശബ്ദയാക്കി.  ഈ കുഞ്ഞിനെ നീ വളർത്തുമോ? അതിന് മുമ്പിൽ ആ പതിനഞ്ചുകാരിക്ക് ഉത്തരം മുട്ടിയിരിക്കണം. പിന്നെ അമ്മ പറഞ്ഞത് അനുസരിക്കുകയേ അവൾക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. കൂടപ്പിറപ്പിനെ കൊല്ലാൻ അമ്മയ്ക്ക് കൂട്ടുനിന്ന ആ പെൺകുട്ടി ഇപ്പോൾ ജയിലിലാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് മുണ്ടക്കയത്ത് നടന്ന സംഭവമാണ് ഇത്.

*****
അമ്മയുടെ മാനത്തിന് വില പറഞ്ഞ അയാളെ ആ പെൺകുട്ടികൾ ഒരുമിച്ചാണ് നേരിട്ടത്. തങ്ങൾക്കും പലതവണ അയാൾ ശല്യക്കാരനായതുകൊണ്ട് അയാളെ ഇല്ലാതാക്കുന്നതിനെക്കുറിച്ച് അവർ രണ്ടാമതൊരു വട്ടം കൂടി ചിന്തിക്കേണ്ടി വന്നില്ല. അയാളെ വകവരുത്തി കൈകളും കാലുകളും വലിച്ചെറിഞ്ഞതിന് ശേഷം പിന്നീട് അവർ പോലീസിന് കീഴടങ്ങി. വയനാട്ടിൽ നിന്നായിരുന്നു ഈ സംഭവം. കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട ആ പെൺകുട്ടികൾക്കും പതിനഞ്ചും പതിനഞ്ചിനടുത്ത പ്രായവുമായിരുന്നു.


*****
കാമുകൻ നഷ്ടപ്പെടാതിരിക്കാനും കൈവശപ്പെടുത്തിയ ലക്ഷങ്ങൾ തിരിച്ചുപിടിക്കാനുമായി  ഭർതൃമതിയും ഒരു ആൺകുട്ടിയുടെ അമ്മയുമായ നീതു കണ്ടുപിടിച്ച മാർഗ്ഗം ഒരു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോകുകയും താൻ അബോർഷൻ ചെയ്ത് ഇല്ലാതാക്കിയ കുഞ്ഞാണ് അതെന്ന് ബോധ്യപ്പെടുത്തി കാമുകന്റെ വിവാഹം മുടക്കുകയുമായിരുന്നു. നീതുവിന്റെ ലക്ഷ്യം എന്തുമായിരുന്നുകൊള്ളട്ടെ, നേഴ്സിന്റെ വേഷം മാറി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമ്പോഴും പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുമ്പോഴുമെല്ലാം നീതുവിനൊപ്പം മകനുമുണ്ടായിരുന്നു. ആറു വയസ് മാത്രം പ്രായമുളള മകൻ. കാമുകൻ മകനെയും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് നീതുവിന്റെ പരാതി.

*****
അടുത്തയിടെ വായിച്ച വാർത്തകളിൽ വാർത്തകൾക്കിപ്പുറവും വേദനയായി കൂടെയുള്ള ചിലവയുടെ ഉള്ളടക്കമാണ് മുകളിലെഴുതിയത്. മറ്റൊരു വാർത്തയും ഇത്രത്തോളം വ്യക്തിപരമായി മനസ്സിനെ അസ്വസ്ഥപ്പെടുത്തിയില്ലെന്നും തുറന്നു പറയേണ്ടിയിരിക്കുന്നു. ഇവിടെയെല്ലാം അമ്മയ്ക്കുവേണ്ടിയാണ് ഈ കുഞ്ഞുങ്ങൾ ക്രൂരകൃത്യം ചെയ്തത്. 
മൂന്നാമത്തെ സംഭവത്തിൽ അമ്മയുടെ ക്രൂരത മൂലം ആ കുഞ്ഞും സഹിക്കേണ്ടതായി വന്നു. അമ്മയുടെ സുഹൃത്തിന്റെ പീഡനം അവന് സഹിക്കേണ്ടിവന്നു. അമ്മയുടെ മോഷണത്തിനും അറസ്റ്റിനും അവൻ സാക്ഷിയായി. ഈ മുറിവുകളുമായി ജീവിക്കേണ്ടിവരുന്ന അവന്റെ ഭാവി എന്താകും?

കുടുംബത്തിൽ സംഭവിക്കുന്ന ഏതൊരു വിപരീതാനുഭവവും ഏറ്റവും അധികമായി  ബാധിക്കുന്നത് കുട്ടികളെയാണ്. കുട്ടികളെ കൂടി ഉൾപ്പെടുത്തിയാണ് കുടുംബത്തിലെ ക്രൈമുകൾ അരങ്ങേറുന്നത്.  ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള കലഹമോ വേർപിരിയലോ എന്തുതന്നെയായാലും കുട്ടികൾ അതിന് വില കൊടുക്കേണ്ടിവരുന്നുണ്ട്. മാതാപിതാക്കളുടെ ചെയ്തികളുടെ ദോഷം മുഴുവൻ അവർ വഹിക്കേണ്ടിവരുന്നു.
കൂടപ്പിറപ്പിനെ കൊല്ലാൻ അമ്മയ്ക്ക് സഹായം ചെയ്തുകൊടുത്ത ആ പെൺകുട്ടിയുടെ മാനസികാവസ്ഥ ആലോചിച്ചുനോക്കൂ.  സാഹചര്യം അവളെ കുറ്റവാളിയാക്കിത്തീർക്കുകയായിരുന്നു.  നീ കുഞ്ഞിനെ വളർത്തുമോ എന്ന  അമ്മയുടെ ചോദ്യത്തിന് മുമ്പിൽ ഉവ്വ് ഞാൻ വളർത്തും എന്ന് അവൾ മറുപടി പറഞ്ഞിരുന്നുവെങ്കിൽ ആ കുഞ്ഞ് ഈ ഭൂമിയിലുണ്ടാവുമായിരുന്നു.  

എത്രയോ അധികം കുറ്റബോധവും അപമാനവും ചുമന്നുകൊണ്ടായിരിക്കാം അവൾക്ക്  ഇനിയുള്ള കാലം ജീവിക്കേണ്ടിവരിക. ജീവിതം തുടങ്ങും മുമ്പേ അവളുടെ ജീവിതം ജയിലഴികൾക്കുള്ളിലായി. ജുവനൈൽ ഹോമിൽ നിന്ന് പുറത്തിറങ്ങുന്ന ആ പെൺകുട്ടികളുടെ ജീവിതം എത്രയോ മാറിപ്പോയിരിക്കും. സമൂഹം അവളെ കുട്ടിക്കുറ്റവാളിയായി ചിത്രീകരിക്കും. ഏതൊരു കുറ്റവും ചെയ്യാൻ സന്നദ്ധമാകുന്ന വിധത്തിലേക്ക് അവരുടെ മനസ്സ് പിന്നീട് മാറിമറിഞ്ഞെന്നും വന്നേക്കാം. 

ആദ്യസംഭവത്തിലെഅമ്മയും ചേച്ചിയും കൂടി ചെയ്ത കുറ്റകൃത്യത്തിന്റെ ഫലം മറ്റ് കുട്ടികളെയും ജീവിതകാലം മുഴുവൻ വേട്ടയാടും. കൊലപാതകിയായ അമ്മയുടെ മക്കളായും കൊലപാതകിയായ സഹോദരിയുടെ കൂടപ്പിറപ്പുകളായും അവർ ഈ അപമാനം ഏറ്റുവാങ്ങി ജീവിക്കും. ഓരോ ജീവിതങ്ങളും മാറിമറിയാൻ ഒരൊറ്റ നിമിഷം മതി. വിവേകപൂർവ്വമായ തീരുമാനങ്ങൾ ഭാവി സുരക്ഷിതമാക്കുമ്പോൾ വിവേകശൂന്യമായ ഒരു തീരുമാനം ജീവിതത്തെ മുഴുവൻ അന്ധകാരാവൃതമാക്കും.

More like this
Related

കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ  

ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ.  ഇക്കഴിഞ്ഞ ജൂലൈ...

മനുഷ്യനായി ജീവിക്കാൻ

''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും,...

വീണ്ടും നിപ്പയുടെ ഭീതിയിൽ

പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ....

സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു...
error: Content is protected !!