കോവിഡിനെ തുടർന്നുണ്ടായ നീണ്ട അവധിക്ക് ശേഷം സ്‌കൂളിലെത്തിയ കുട്ടികളോട് നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളിൽ പെടുത്തി അധ്യാപിക പറഞ്ഞ ഒരു കാര്യം തന്നെ ഞെട്ടിച്ചുവെന്ന് ആ രണ്ടാം ക്ലാസുകാരൻ പറയുകയുണ്ടായി. ‘നിങ്ങൾ ഒന്നും ഷെയർ ചെയ്യരുത്’, അതായിരുന്നു ആ നിർദേശം. പക്ഷേ കുട്ടിയുടെ മനസ്സിലേക്ക് ഓടിയെത്തിയത് അതേ അധ്യാപിക പഠിപ്പിച്ച പാഠത്തിലെ ‘ഷെയറിങ് ഈസ് കെയറിങ്’ എന്ന ഭാഗമായിരുന്നു. ഓൺലൈൻ ക്ലാസിലൂടെ പറഞ്ഞുതന്നതിന് വിരുദ്ധമായ മറ്റൊരു ആശയം നേരിട്ടെത്തിയപ്പോൾ അധ്യാപിക പറഞ്ഞത് അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇല്ലാത്തവരുമായി ഉള്ളത് പങ്കുവയ്ക്കണമെന്നും മറ്റുള്ളവരെ പരിഗണിക്കുന്നതിന്റെ ഭാഗമാണ് പങ്കുവയ്ക്കലെന്നും പറഞ്ഞുകൊടുത്ത ടീച്ചർ തന്നെ പറയുന്നു ഒന്നും പങ്കുവയ്ക്കരുത്, പെൻസിലോ ഇറൈസറോ കട്ടറോ ടെക്സ്റ്റോ ഒന്നും. അതെങ്ങനെ ശരിയാകും എന്നതായിരുന്നുഅവന്റെ ചോദ്യം.
ഒന്നും ഷെയർ ചെയ്യരുത് എന്ന് ടീച്ചർ ഉദ്ദേശിച്ചത് ഇപ്പോഴത്തെ കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സുരക്ഷ കണക്കിലെടുത്താണെന്നും മറ്റും പറഞ്ഞ് അവനെ ബോധ്യപ്പെടുത്താൻ ഇത്തിരി പണിപ്പെടേണ്ടിവന്നു. കാലഘട്ടത്തിനും സാഹചര്യത്തിനും അവസ്ഥകൾക്കും അനുസരിച്ച് ജീവിതം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. സ്വാഭാവികമായും ആ മാറ്റം പ്രവൃത്തിയിലും ഇടപെടലിലും കടന്നുവരും. അപ്പോൾ ഇന്നലെ പറഞ്ഞ പല കാര്യങ്ങൾക്കും തിരുത്തു കൊടുക്കേണ്ടിവരും. അത്തരം തിരുത്തലുകളെ വേണ്ടവിധം ഉൾക്കൊള്ളുകയും അവയോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. മറ്റൊന്നുകൂടി പറയട്ടെ, തിരുത്ത് ഒരു അപരാധമൊന്നുമല്ല. തിരുത്താനും തിരുത്തപ്പെടാനും ഉള്ളതാണ് ജീവിതങ്ങൾ. ഒരു വ്യക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ചിലപ്പോൾ തിരുത്തേണ്ടതായി വരാം. ആശയങ്ങൾ തിരുത്തേണ്ടതായി വരാം. അഭിപ്രായങ്ങൾ തിരുത്തേണ്ടി വന്നേക്കാം.
അച്ചടിമാധ്യമങ്ങളിലെല്ലാം പ്രൂഫ് റീഡിങ് എന്നൊരു ഏർപ്പാടുണ്ട്. അക്ഷരത്തെറ്റുകളും വാക്യഘടനയും തിരുത്തി വായനാസുഖം പകരുകയാണ് അതിന്റെ ലക്ഷ്യം. എന്നിട്ടും പ്രൂഫ് റീഡർ കാണാതെ പോകുന്ന, തിരുത്തപ്പെടാതെ പോകുന്ന ചില ഭാഗങ്ങളുണ്ടാവാം. അത് അവയുടെ സൗന്ദര്യത്തിന് കോട്ടം വരുത്തുകയും ചെയ്യും.
തിരുത്താൻ നീ തയ്യാറാണോ. ജീവിതം മുഴുവൻ മാറ്റത്തിന് അത് കാരണമാകും. എവിടെയാണ് ഞാൻ തിരുത്തു വരുത്തേണ്ടതെന്ന് സ്വയം ചോദിക്കുക, കണ്ടെത്തുക, തിരുത്തുക.
ആശംസകളോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻചാർജ്