വികൃതി വെറും  വികൃതിയല്ല

Date:

spot_img

കുട്ടികൾക്ക് ഇത്തിരി കുസൃതിയൊക്കെ ആവാം.  അത് ആസ്വദിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ കുസൃതിക്കും ഒരു പരിധി ഉണ്ട്, അതിരും. അത് കടന്നും കുസൃതിക്കാരാകുമ്പോഴാണ് പ്രശ്നം. കുട്ടികൾക്ക് മാത്രമല്ല മറ്റുള്ളവർക്കും. എന്നാൽ ചില കുസൃതികളും വികൃതികളും വെറും വികൃതികൾ മാത്രമല്ല. കുട്ടികളിൽ കണ്ടുവരുന്ന ചില മാനസികവൈകല്യങ്ങളുടെ ലക്ഷണങ്ങളാകാം അതെല്ലാം. കുട്ടികൾക്കും മാനസിക വൈകല്യമോ എന്ന് സംശയിക്കേണ്ട. അവരിലും അത്തരം പ്രശ്നങ്ങളൊക്കെയുണ്ട്. ഉദാഹരണത്തിന് ചില കുട്ടികൾ നിർത്തലില്ലാതെ സംസാരിക്കുന്നവരാണ്. മറ്റുള്ളവർക്ക് നിരന്തരം ബുദ്ധിമുട്ടു സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ അവിടെയും ഇവിടെയും ഓടിച്ചാടി നടക്കുക. അടങ്ങിയൊതുങ്ങി ഇരിക്കാതിരിക്കുക, ഏകാഗ്രതയില്ലായ്മ, പഠനകാര്യങ്ങളിലുള്ള അലസത, സഹോദരങ്ങളെയും സമപ്രായക്കാരെയും ഉപദ്രവിക്കുക ഇങ്ങനെ ചില പ്രത്യേകതകളുള്ള  കുട്ടികളെ പലർക്കും പരിചയമുണ്ടാവും.  എല്ലാ കുട്ടികൾക്കും ഈ പ്രശ്നങ്ങൾ പൊതുവായി കാണപ്പെടാറുണ്ടെങ്കിലും ഇവയുടെ തീവ്രത കൂടുതലും സ്ഥിരതയുമാണ് ഈ പ്രശ്നത്തെ കൂടുതൽ ശ്രദ്ധിക്കേണ്ടതായി മാറ്റുന്നത്. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ എന്ന മനോവൈകല്യത്തിന്റെ ഭാഗമായും കുട്ടികളിൽ ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.
 ഇനി മറ്റൊരു തരം കുട്ടികളെ പരിചയപ്പെടാം. ഇവർക്ക് സ്‌കൂളിനെയും അധ്യാപകരെയും പേടിയായിരിക്കും. തനിക്ക് അടുപ്പമുള്ളവരെ ആശ്രയിച്ചായിരിക്കും ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. ലജ്ജ, അപകർഷതാബോധം, ഭീരുത്വം എന്നിവയെല്ലാം പരിധിയിൽ കൂടുതൽ ഇവരിൽ പ്രകടവുമായിരിക്കും. ഉറക്കത്തിൽ സ്വപ്നം കണ്ട് ഞെട്ടിയുണരുക, കിടക്കയിൽ മൂത്രം ഒഴിക്കുക, ശരിയായി ഉറങ്ങാൻ കഴിയാതെ വരിക എന്നിവയും രോഗലക്ഷണമായി കണ്ടുവരാറുണ്ട്. മാതാപിതാക്കളുടെ സാമീപ്യവും സ്നേഹവും സംരക്ഷണവും നഷ്ടപ്പെട്ടുപോകുമോയെന്ന ഉത്കണ്ഠ ഈ കുട്ടികളിലുണ്ടാവും. ആങ്സൈറ്റി ഡിസോഡർ എന്ന മനോവൈകല്യത്തിന്റെ ഭാഗമായി കാണപ്പെടുന്നവയാണ് ഈ ലക്ഷണങ്ങളെല്ലാം.

ഉറങ്ങുന്ന സമയത്ത് അവരറിയാതെ എണീറ്റുനടക്കുന്ന കുട്ടികളുമുണ്ട്. ഉറങ്ങുന്ന സമയത്ത് പാതി കണ്ണുകൾ മാത്രമേ അടഞ്ഞിരിക്കുകയുള്ളൂ. മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ഇവർ ശ്രദ്ധിക്കുകയും ചെയ്യും. പക്ഷേ ഉണർന്നുകഴിയുമ്പോൾ ഇവർക്ക് കഴിഞ്ഞുപോയതിനെക്കുറിച്ച് ഓർത്തെടുക്കാൻ കഴിയുകയുമില്ല. സ്ലീപ്പ് വാക്കിംങ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

കിടക്കയിൽ സ്ഥിരമായി മൂത്രമൊഴിക്കുന്ന കുട്ടികളുണ്ട്. കുട്ടി അറിയാതെ സംഭവിക്കുന്നതാണ് ഇത്. എന്യൂറെസിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. കുട്ടികൾ അനുഭവിക്കുന്ന മാനസികപിരിമുറുക്കവും ശാരീരികക്ഷീണവുമാണ് ഇതിന് കാരണമെന്നാണ് സൈക്കോളജിസ്റ്റുകൾ പറയുന്നത്. അഞ്ചോ ആറോ വയസിന് ശേഷവും പതിവായി കിടക്കയിൽ മൂത്രം ഒഴിക്കുമ്പോഴാണ് അതിനെ രോഗമായി കാണേണ്ടത് എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ.

 ഇവിടെ പരാമർശിച്ചുപോയ നാലുതരം രോഗാവസ്ഥകൾക്കും കൃത്യമായ ചികിത്സയും പരിഹാരവുമുണ്ട്. സ്ഥിരമായി മൂത്രമൊഴിക്കുന്ന കുട്ടിയുടെ കാര്യം തന്നെയെടുക്കുക. മാനസികസമ്മർദ്ദത്തിന്റെ ഭാഗമായാണ്  മൂത്രമൊഴിക്കുന്നതെങ്കിൽ ബിഹേവിയറൽ തെറാപ്പിയിലൂടെ അത് മാറ്റിയെടുക്കാം. ഇനി അതല്ല ന്യൂറോളജി സംബന്ധമായ പ്രശ്നം കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെങ്കിൽ വൈദ്യസഹായം തേടണം.
മക്കളുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കുകയും അതനുസരിച്ചുള്ള പോംവഴികൾ അന്വേഷിക്കുകയുമാണ് ചെയ്യേണ്ടത്. കുട്ടികളല്ലേ ഇങ്ങനെയൊക്കെയാവാം എന്ന് വിചാരിച്ച് അവരിൽ കാണപ്പെടുന്ന  പ്രത്യേകതകളെ നിസ്സാരവൽക്കരിക്കരുത്. ചെറുപ്രായത്തിൽ കുട്ടികളിൽ രൂപമെടുക്കുകയും വളർന്നുവരുംതോറും ആഴത്തിൽ വേരു പാകുകയും ചെയ്യുന്ന  പല വൈകല്യങ്ങളെയും കൃത്യമായ രീതിയിൽ സമീപിച്ചാൽ മാറ്റിയെടുക്കാൻ കഴിയും.

More like this
Related

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...
error: Content is protected !!