ഇങ്ങനെയുമുണ്ട് ചില  കുടുംബപ്രശ്നങ്ങൾ

Date:

spot_img

കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാത്തവരായി, അതിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാവില്ല. എന്നിട്ടും കടന്നുപോകുമ്പോൾ നാം കരുതുന്നു നമുക്ക് മാത്രമേ ഈ പ്രശ്നങ്ങളുള്ളൂ എന്നും ഏറ്റവും വലിയ സഹനം തനിക്കാണെന്നും. എന്നാൽ കുടുംബജീവിതം നയിക്കുന്ന എല്ലാവരും ഓരോ രീതിയിൽ ഓരോ അവസരങ്ങളിലായി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. എന്തൊക്കെയാണ് കുടുംബജീവിതത്തിൽ കാണപ്പെടുന്ന പൊതുവായ പ്രശ്നങ്ങളെന്നും അവയെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും നോക്കാം.

തർക്കങ്ങൾ

തർക്കങ്ങളും വാഗ്വാദങ്ങളും കുടുംബജീവിതം നയിക്കുന്നവർക്കിടയിൽ ആവർത്തിച്ചുകാണുന്ന ഒരു പ്രശ്നമാണ്. രണ്ടു വ്യക്തികളാകുമ്പോൾ അവർക്കിടയിൽ സ്വഭാവികമായും വിയോജിപ്പുകൾ ഉണ്ടാവും. ഒരാൾ പറയുന്നത് മറ്റെയാൾ അംഗീകരിക്കണമെന്നോ യോജിക്കണമെന്നോ ഇല്ല. പക്ഷേ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയാതെ വരുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. സൗമ്യമായും ആരോഗ്യപരമായും വിയോജിക്കാം. തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കാം. എന്നാൽ തന്റേതു മാത്രമാണ് ശരിയെന്നോ പങ്കാളി പൂർണ്ണമായും തെറ്റാണെന്നോ ശഠിക്കരുത്. 

മക്കൾ കാരണം

മക്കളെ വളർത്തുന്നതും പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുളള ശണ്ഠകൂടലുകൾ പല കുടുംബങ്ങളിലും പതിവാണ്, മക്കളുടെ പഠനകാര്യങ്ങളിൽ പങ്കാളി ശ്രദ്ധ കൊടുക്കാത്തതോ മക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി കോഴ്സുകളിൽ ചേർത്തതോ എന്തും പ്രശ്നകാരണമാകാം. പരസ്പരം കൂടിയാലോചിക്കാതെയും ഏകപക്ഷീയമായിട്ടുമാണ് തീരുമാനം കൈക്കൊണ്ടതെങ്കിൽ പിന്നീട് അതിൽ നിന്ന് മോശം അനുഭവമാണ് ഉണ്ടാകുന്നതെങ്കിൽ അതിന്റെ പേരിൽ ദമ്പതികൾ വഴക്കുകൂടാറുണ്ട്. അതുപോലെ എടുത്ത തീരുമാനം നല്ലതായി മാറിയെങ്കിൽ അതിന്റെ പേരിൽ അഹങ്കരിക്കുന്നവരുമുണ്ട്. രണ്ടുരീതിയും ശരിയല്ല. മക്കളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ കൂടിയാലോചിച്ച് തീരുമാനമെടുക്കുകയാണ് വേണ്ടത്.

 ഓഫീസും അടുക്കളയും

ഉദ്യോഗസ്ഥരാണ് രണ്ടുപേരുമെങ്കിൽ  അടുക്കളജോലിയെ സംബന്ധിച്ച് തർക്കമുണ്ടായേക്കാം. ഭാര്യയാണ് അടുക്കള കൈകാര്യം ചെയ്യേണ്ടതെന്ന ഭർത്താവ് തീരുമാനിക്കുന്നതും പാത്രം കഴുകിവയ്ക്കാൻ പോലും സഹായിക്കാത്തതും വിഷയം ഗുരുതരമാക്കാം.രണ്ടുപേർക്കും ഒരേ സമയത്തുതന്നെയാണ് ഓഫീസിലേക്ക് പോകേണ്ടതെങ്കിൽ പ്രത്യേകിച്ചും. ജോലി കഴിഞ്ഞ് വന്നാലും അടുക്കള ഭാര്യയ്ക്ക് മാത്രമായി നീക്കിവയ്ക്കുന്നതും ശരിയല്ല, രണ്ടുപേരും ഒരുപോലെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവരാകുമ്പോൾ അടുക്കളകാര്യങ്ങളിലും ആ സഹകരണം ഉണ്ടാകണം. 

ആശയവിനിമയം

ആശയവിനിമയത്തിലുളള അവ്യക്തതയും തെറ്റിദ്ധാരണയും പ്രശ്നം വഷളാക്കാറുണ്ട്. കൃത്യമായ ആശയവിനിമയം ബന്ധം മെച്ചപ്പെടുത്തുന്നതുപോലെയാണ് തെറ്റായ ആശയവിനിമയം ബന്ധം വഷളാക്കുന്നതും. ആശയവിനിമയത്തിലുള്ള  കാര്യക്ഷമതക്കുറവ് ബന്ധങ്ങളുടെ വളർച്ചയിൽ വിഘാതമാകും.

മാനസികമായ അകൽച്ച

മാനസികമായ അടുപ്പമില്ലായ്മയും അതിന്റെ പേരിലുളള അസ്വസ്ഥതകളും ചെറിയ പ്രശ്നങ്ങളുടെ പേരിൽ പോലും പൊട്ടിത്തെറിക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. മറ്റുള്ളവരെ മാറ്റിയെടുക്കുന്നതിന് പകരം അവരെ മനസ്സിലാക്കാനും അംഗീകരിക്കാനും സമയം കണ്ടെത്തുക. മറ്റുള്ളവരാണ് മാറേണ്ടത് എന്ന പിടിവാശി ഉപേക്ഷിക്കുക. പ്രായം ചെന്ന മാതാപിതാക്കളാണ് വീട്ടിലുള്ളതെങ്കിൽ അവരെ മാറ്റിയെടുത്തേ തീരൂ എന്ന പിടിവാശി പുലർത്തുന്നത് എന്തിന്? അവരുടെ സ്വഭാവപ്രത്യേകതകളെചൊല്ലി ജീവിതപങ്കാളിയോടോ മക്കളോടോ വഴക്കുകൂടന്നതും എന്തിന്?

ഉത്തരവാദിത്തങ്ങൾ പങ്കുവച്ച് നല്കുക

എല്ലാ കാര്യങ്ങളും താൻ മാത്രം ചെയ്താലേ എന്ന നിർബന്ധബുദ്ധി വേണ്ട. മക്കൾക്ക് അവരുടെ പ്രായമനുസരിച്ച് ഓരോ കാര്യങ്ങൾ ചെയ്യാൻ  അവസരം കൊടുക്കുക. അതിലൂടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള കഴിവു മക്കൾ സ്വന്തമാക്കുക കൂടിയാണ് ചെയ്യുന്നത്. എല്ലാ കാര്യങ്ങളും താൻ വേണം ചെയ്യാൻ എന്നത് കടുത്ത സംഘർഷത്തിലേക്ക് വഴിതെളിക്കും.

വീട്ടിൽ നിന്നുള്ള അകലം

ജോലിയുമായി ബന്ധപ്പെട്ട് അകലെകഴിയുന്നവർ പലപ്പോഴും കടുത്ത സംഘർഷങ്ങളിലേർപ്പെടാറുണ്ട്. അവധിദിവസങ്ങളിലോ വിശേഷാൽ അവസരങ്ങളിലോ അവരുടെ കൂടെ ചെലവഴിക്കാൻ അവസരം കിട്ടാത്തത് അസ്വസ്ഥത വർദ്ധിപ്പിക്കും. വീഡിയോ കോളുകൾ നടത്തുന്നതുവഴി സാമീപ്യം അനുഭവിക്കാൻ ഇരുവർക്കും കഴിയും.

മാനസികാസ്വാസ്ഥ്യമുളള ജീവിതപങ്കാളി

മാനസികാരോഗ്യം കുറവുള്ള, വൈകാരികപക്വതയില്ലാത്ത ജീവിത പങ്കാളിയുമൊത്ത് ജീവിക്കേണ്ടിവരുമ്പോൾ പ്രശ്നങ്ങൾ തുടർക്കഥയാകും.  കുടുംബാംഗങ്ങൾ കൂടി ഇതിന്റെ ഭാഗമാകുമ്പോൾ പ്രശ്നം മൂർച്ഛിക്കുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ പ്രഫഷനൽ സഹായം തേടേണ്ടത് അത്യാവശ്യമാണ്. 

More like this
Related

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും...
error: Content is protected !!