ചിരിക്കാൻ പിശുക്ക് വേണ്ടേ വേണ്ട!

Date:

spot_img


ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും തമ്മിൽ വേർതിരിക്കുന്ന സവിശേഷമായ ഘടകവും അതുതന്നെ. ശുദ്ധമായ ഹൃദയത്തിന്റെ പ്രതിഫലനമാണ് സത്യസന്ധമായ ചിരി. പക്ഷേ, സങ്കടത്തോടെയാണെങ്കിലും പറയാതിരിക്കാൻ വയ്യ നമ്മുടെ ചിരികൾക്ക് പിന്നിൽ ഒരുപാട് കഠാരകൾ ഒളിഞ്ഞിരിപ്പുണ്ട്, ഷേക്സ്പിയർ പറഞ്ഞതുപോലെ.  മനസ്സ് തുറന്നു ചിരിക്കുക, സ്നേഹത്തോടെയും സന്തോഷത്തോടെയും ചിരിക്കുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. പ്രത്യേകിച്ച് ഇന്നത്തെ വർത്തമാനകാലത്തിൽ.

എന്നാൽ നാം അറിയേണ്ട ഒരു കാര്യമുണ്ട്, എല്ലാവർക്കും പ്രതീക്ഷ നല്കുന്ന ഒന്നാണ് ചിരി. നന്നായി ചിരിക്കുന്നത് ആരോഗ്യത്തിന് ഗുണകരവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് പ്രയോജനപ്രദവും എന്നാണ് ശാസ്ത്രം പറയുന്നത്. എന്നിട്ടും ചിരിക്കാൻ നാം മടിക്കുകയോ മറക്കുകയോ ചെയ്യുന്നു. എന്തുകൊണ്ടാണ് അത്. നമുക്ക് തുറവി നഷ്ടമായിരിക്കുന്നു. ഹൃദയത്തിൽ സന്തോഷം നഷ്ടമായിരിക്കുന്നു. നമ്മുടെ മനസ്സ് പലകാരണങ്ങളാലും അസ്വസ്ഥമായിരിക്കുന്നു.
ക്രിസ്തു ചിരിച്ചിട്ടുണ്ടാകുമോ? ഭൂരിപക്ഷം ക്രിസ്തുചിത്രങ്ങളും അവിടുത്തെ സഹനത്തിന്റെയും പീഡാനുഭവത്തിന്റെയും പോലെയുള്ള ചിത്രീകരണങ്ങളാണ്. എന്നാൽ മനുഷ്യനായി പിറന്ന ക്രിസ്തു, മനുഷ്യനടുത്ത എല്ലാ വികാരവിചാരങ്ങളിലൂടെയും കടന്നുപോകുകയും പാപമൊഴികെ മറ്റെല്ലാ കാര്യങ്ങളിലും പരീക്ഷിക്കപ്പെടുകയും ചെയ്ത ക്രിസ്തു തീർച്ചയായും പുഞ്ചിരിച്ചിട്ടുണ്ട്. എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ എന്നാണല്ലോ അവിടുന്ന ്നമ്മോട് പറയുന്നത്. 
പക്ഷേ അത്തരമൊരു ചിന്ത ഒരുപക്ഷേ ആദ്യമായി ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത് വില്ലിസ് വീറ്റ്ലി എന്ന ചിത്രകാരനാണ്. 1973 ലാണ് അദ്ദേഹം ലാഫിങ് ക്രൈസ്റ്റ് എന്ന ചിത്രം വരച്ചത്. ചിരിക്കുന്ന ക്രിസ്തു. എത്രയോ നല്ല സങ്കൽപ്പമാണ് അത്.
ചിരി പലതരത്തിലുണ്ട്. എങ്കിലും അവയെ പൊതുവെ രണ്ടായി തിരിക്കാം. സൃഷ്ടിപരവും നശീകരണാത്മകവും. വളർത്തുന്ന ചിരിയും തളർത്തുന്ന ചിരിയും എന്ന് അതിനെ കുറെക്കൂടി മലയാളീകരിക്കുകയുമാവാം. ഓരോ ചിരിക്കും അതിന്റെ ഹൃദ്യതയും അതിന്റേതായ ഭീകരതയുമുണ്ട്. ദൈവത്തിന് മുമ്പിൽ ചിരിക്കുന്ന ഒരാളെ വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകളിൽ നാം കണ്ടുമുട്ടുന്നുണ്ട്. ഉല്പത്തിയുടെ പുസ്തകത്തിലെ സാറായാണ് അത്. രണ്ടുരീതിയിൽ  സാറായുടെ ചിരിയെ കാണാം. ആദ്യത്തേത് നിസ്സംഗതയുടെയും അവിശ്വസനീതയതയുടെയും  ചിരിയാണ്. അതുകൊണ്ടുതന്നെ അതിൽ ഇത്തിരിയൊക്കെ പരിഹാസവുമുണ്ട്. ഉല്പത്തി പുസ്തകം 18-ാം അധ്യായത്തിൽ മമ്രയുടെ തോപ്പിൽ വച്ച് ദൈവദൂതർ അബ്രാമിന് പ്രത്യക്ഷനാകുന്നു.  

അതിഥിയെ സ്വീകരിക്കേണ്ട എല്ലാ മര്യാദകളോടും കൂടി അബ്രാം അവരെ വീട്ടിൽ സ്വീകരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. ആതിഥേയത്വത്തിൽ സന്തുഷ്ടരായും നന്ദി പറഞ്ഞും ഇറങ്ങുമ്പോൾ അപ്രതീക്ഷിതമായ ഒരു വാഗ്ദാനം അവർ നല്കുന്നുണ്ട്. മച്ചി എന്ന് പരിഹസിക്കപ്പെടുന്ന സാറാ ഒരു മകനെ പ്രസവിക്കും. 

സ്വഭാവികമായും അതുകേൾക്കുമ്പോൾ ചിരിക്കാതിരിക്കാനാവില്ല. എല്ലാ സാധ്യതകളും അസ്തമിച്ചുനില്ക്കുന്ന ഒരാൾക്കെങ്ങനെയാണ് അമ്മയാകാൻ കഴിയുക? തനിക്കൊരിക്കലും അമ്മയാകാൻ കഴിയില്ലെന്ന് ഉറപ്പുളളതുകൊണ്ടല്ലേ ഹാഗാറിൽ ഒരു മകനെ ജനിപ്പിക്കാൻ അവസരമൊരുക്കിയതു പോലും. എന്നിട്ട് പറയുന്നത്കേട്ടില്ലേ താൻ ഒരു കുഞ്ഞിനെ പ്രസവിക്കുമെന്ന്… സാറാ ചിരിക്കാതിരിക്കുന്നതെങ്ങനെ?

 ഈ ചിരി പിന്നീട് ഭാവം മാറുന്നത് 21-ാം അധ്യായത്തിൽ കാണുന്നുണ്ട്. ഒരു മകനെ ഗർഭം ധരിച്ചതിന്റെ ബുദ്ധിമുട്ടുകളും പ്രസവിച്ചതിന്റെ വേദനകളും വിസ്മരിച്ചുകൊണ്ട് അവിടെ അവൾ പറയുന്നത് ദൈവം എന്റെ സങ്കടങ്ങളൊക്കെ മാറ്റി സന്തോഷത്തിന്റെ ചിരി സമ്മാനിച്ചു എന്നാണ്. 

വാർദ്ധക്യത്തിലെ തന്റെ നിറവയർ പലർക്കും  സന്തോഷത്തിന്റെയും ചിരിയുടെയും അവസരമായി മാറി എന്നും അവൾ പറയുന്നു. പ്രതീക്ഷകളറ്റ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പച്ചപ്പും പുഞ്ചിരിയുമായി വന്ന കുഞ്ഞിന് ചിരി എന്നല്ലാതെ അവൾ എന്തുപേരാണ് നല്കുക? ദീർഘകാലം കാത്തിരുന്ന വാഗ്ദത്ത സന്തതിയായ ഇസഹാക്ക് പിറന്നുവീണത് അങ്ങനെയാണ്.
 എല്ലാ സ്ത്രീകളും തങ്ങളുടെ ഗർഭാരിഷ്ടതകളും പ്രസവ വേദനകളും മറക്കുന്നത് കുഞ്ഞിനെ കാണുമ്പോഴാണ്. അവന്റെ ചിരി കാണുമ്പോഴാണ്.

ചിരിവരുന്നത് എപ്പോഴും സന്തുഷ്ടഹൃദയത്തിൽ നിന്നാണ്. സദൃശവാക്യങ്ങൾ 17:22 ഓർമ്മിപ്പിക്കുന്നത് അക്കാര്യമാണ്. സന്തുഷ്ടഹൃദയം നല്ല ഒരു ഔഷധമാകുന്നുവെന്ന്. വേദപുസ്തകത്തിൽ മൂന്നിടങ്ങളിൽ ദൈവത്തിന്റെ ചിരിയെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. 

സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു (സങ്കീ 2:4).
കർത്താവ് അവനെ നോക്കി ചിരിക്കും (സങ്കീ 37:13).
എങ്കിലും യഹോവെ നീ അവരെ ചൊല്ലി ചിരിക്കും (സങ്കീ 59:8).

 മൂന്നിടങ്ങളിലും മനുഷ്യന്റെ ദുഷ്ടതയെയും ക്ഷണികതയെയും ഓർത്താണ് ദൈവം ചിരിക്കുന്നത്.  എനിക്ക് തോന്നുന്നത് ദൈവത്തെ മറന്നും വെല്ലുവിളിച്ചും നിസ്സാരനാക്കിയുമുള്ള നമ്മുടെ ഓരോ ചെയ്തികളുമോർത്ത് ദൈവം വല്ലാതെ ചിരിക്കുന്നുണ്ട് എന്നാണ്. മനുഷ്യന്റെ ക്ഷണികതയെ നോക്കി ദൈവത്തിന് ചിരിക്കാതിരിക്കാനാവുമോ?

വിജയങ്ങളിലും സന്തോഷങ്ങളിലും മാത്രമല്ല പരാജയങ്ങളിലും ചിരിക്കാൻ കഴിയണം. അതാണ് ശരിക്കുമുള്ള വെല്ലുവിളി. അവിടെയാണ് നമ്മുടെ കരുത്ത് പ്രകടമാകുന്നത്. മറ്റുള്ളവരുടെ ചിരികൾക്ക് കാരണക്കാരനാകാൻ കഴിയുന്നുണ്ടോ എന്നതാണ് മറ്റൊരു വെല്ലുവിളി.അഹങ്കാരത്തിന്റെ കൊടുമുടികൾ ഇറങ്ങി നമുക്ക് പരസ്പരം പുഞ്ചിരിക്കാം. നിരാശമൂടിയ ഒരാളെ ഒരു പുഞ്ചിരികൊണ്ട് വളരെ എളുപ്പത്തിൽ നമുക്ക് പ്രതീക്ഷയുള്ളവരാക്കി മാറ്റാം. 

അതിന് ആദ്യം നമ്മുടെ ഉളളിൽ ശുദ്ധതയുണ്ടാവട്ടെ, ശുദ്ധിനിറയട്ടെ. കാരണം ശുദ്ധിയുളള മനസ്സിൽ നിന്നുള്ള പുഞ്ചിരികൾക്ക് മാത്രമേ മറ്റുള്ളവരിൽ മാറ്റംവരുത്താൻ കഴിയൂ. ഒരു തിരിയിൽ നിന്ന് മറ്റൊരു തിരിയിലേക്ക് വെളിച്ചം പകരുന്നതുപോലെയാണ് ചിരിപകരുന്നത്. ഇല്ലാത്ത ചിരികൾ എനിക്ക് ചിരിക്കാനാവില്ല. 

ആത്മാർത്ഥമല്ലാത്ത ചിരികളൊന്നും ആരിലും പ്രതികരണമുണ്ടാക്കുകയുമില്ല. അതുകൊണ്ട് ശുദ്ധതയോടെ ചിരിക്കാം. ഓരോ ചിരികൊണ്ടും നാം കൂടുതൽ ശുദ്ധിയുള്ളവരായി മാറട്ടെ. മറ്റുള്ളവരുടെ ശുദ്ധിയുള്ള ചിരികൾക്ക് നാം കാരണക്കാരായി മാറട്ടെ.

റവ ബിൻസു ഫിലിപ്പ്

More like this
Related

ദൗർബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് രാവ്

ചിലപ്പോൾ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. നീ വിചാരിച്ചാൽ ഏതു കാര്യവും...

ഏതറ്റത്തുനിന്നും മടക്കിയെടുക്കാവുന്ന കിടക്കവിരിയാണോ ജീവിതം?

ഒന്ന് ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക്...

സുഖത്തിന്റെ പ്രലോഭനങ്ങൾക്ക് മരണത്തിന്റെ മൗനത്തേക്കാൾ തീവ്രതയുണ്ടോ?

ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി  ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും...

പ്രാർത്ഥന കൊണ്ട് എന്താണ് പ്രയോജനം?

പ്രാർത്ഥനയോ? കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രമെന്താണ്?  ജോലി ക്കുവേണ്ടിയുള്ള...
error: Content is protected !!