ജീവിതവിജയത്തിന് അത്യാവശ്യമായ ഒരു ഗുണമാണ് ആത്മവിശ്വാസം. കഴിവുകൊണ്ടു മാത്രമല്ല ആത്മവിശ്വാസം കൊണ്ടുകൂടി ജയിക്കാൻ കഴിയുന്ന ഒരു ലോകമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. ആത്മവിശ്വാസക്കുറവിന്റെ പേരിൽ പിൻനിരയിലേക്ക് മാറ്റപ്പെടുന്നവർ ധാരാളം. എങ്ങനെയാണ് ആത്മവിശ്വാസമുണ്ടോയെന്ന് തിരിച്ചറിയാൻ കഴിയുന്നത്? എന്തൊക്കെയാണ് ആത്മവിശ്വാസമുള്ളവരുടെ ലക്ഷണങ്ങൾ?
അവർ പ്രശംസ ആഗ്രഹിക്കാറില്ല, ശ്രദ്ധ തേടാറുമില്ല
തികഞ്ഞ ആത്മവിശ്വാസമുള്ളവർ തങ്ങളുടെ നേട്ടങ്ങളിൽ മറ്റുള്ളവർ പ്രശംസിക്കണമെന്ന് ആഗ്രഹിക്കാറില്ല. മറ്റുള്ളവരുടെ ശ്രദ്ധ നേടിയെടുക്കാൻ അവർ ശ്രമിക്കാറുമില്ല. തന്റെ വിജയത്തെക്കാൾ മറ്റുള്ളവരുടെ വിജയം ആഘോഷിക്കാനാണ് അവർ ശ്രമിക്കുന്നത്. മറ്റുള്ളവരെ പ്രശംസിക്കാനും അവർ ശ്രദ്ധിക്കും.
ഒഴികഴിവുകൾ നിരത്താറില്ല
കുറ്റപ്പെടുത്തപ്പെടുമ്പോൾ ന്യായീകരണങ്ങളോ നിർദ്ദേശങ്ങൾ ലഭിക്കുമ്പോൾ മുഖം കറുപ്പിക്കലോ അവരുടെ ശൈലിയല്ല. ഒരു ഉത്തരവാദിത്തം ഏൽപ്പിക്കുമ്പോൾ അവരൊരിക്കലും അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ല. അവർ തങ്ങളുടെ പിഴവുകളെ അംഗീകരിക്കുന്നു. നിർദ്ദേശങ്ങളും തിരുത്തലുകളും ആദരപൂർവ്വം സ്വീകരിക്കുന്നു.
പ്രതിരോധമോ സംഘർഷമോ അവരുടെ രീതിയല്ല
സ്വന്തം പിഴവുകളെയും കുറവുകളെയും പോലും അവർ തുറന്ന മനസ്സോടെ സ്വീകരിക്കുന്നു. കൂടുതൽ നന്നാകാൻ ശ്രമിക്കുന്നു. ന്യായവും വിശദീകരണവും പറഞ്ഞ് തർക്കത്തിലേർപ്പെടാനോ ആരെയെങ്കിലും പഴിക്കാനോ അവർ തയ്യാറാകുന്നില്ല.
അനാവശ്യ മത്സരങ്ങളിൽ നിന്ന് ഒഴിഞ്ഞുനില്ക്കുന്നു മറ്റാരുമായും അവർ മത്സരിക്കുന്നില്ല. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി അസ്വസ്ഥരാകുന്നില്ല, ആധിപത്യം സ്ഥാപിച്ച് മേൽക്കൈ നേടാനല്ല, അവനവരിൽ തന്നെ മെച്ചപ്പെടുവാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഉറച്ച നിലപാടുകളെടുക്കാൻ ഭയക്കുന്നില്ല
ധീരമായ നിലപാടുകളായിരിക്കും അവരുടേത്. അതിന്റെ പേരിൽ നഷ്ടങ്ങളോ കുറ്റപ്പെടുത്തലുകളോ അവർ ഭയക്കുന്നില്ല, അവർക്ക് ഫലമാണ് വേണ്ടത്.
പരാജയങ്ങളിൽ അവർ ലജ്ജിക്കുന്നില്ല
പരാജയപ്പെടുന്നതോടെ പിൻവാങ്ങുന്നവരല്ല, അതോർത്ത് ലജ്ജിക്കുന്നുമില്ല, അവനവരിൽ തന്നെ വിശ്വാസമുള്ളതുകൊണ്ട് പരാജയത്തെക്കാൾ വലുതാണ് തന്റെ ഉള്ളിലെ കഴിവ് എന്ന് അവർ തിരിച്ചറിയുന്നു.
നെഗറ്റീവായ ചിന്തകളെ അവർ താലോലിക്കുന്നില്ല
അവർക്കറിയാം അവരിൽ നന്മയുണ്ടെന്ന്. അതുകൊണ്ട്തന്നെ അവർ എപ്പോഴും അവരെ തന്നെപ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു.