ആരോഗ്യമാണ് ഒരു മനുഷ്യന് ഏറ്റവും ആവശ്യമായ ഘടകം. അശ്രദ്ധ കൊണ്ട് ആരോഗ്യം നശിപ്പിക്കരുത്. ബോധപൂർവ്വമായ ചില ശ്രമങ്ങൾ കൊണ്ട് ആരോഗ്യം മെച്ചപ്പെടുത്താനും അതുവഴി ജീവിതത്തിൽ സന്തോഷം നിലനിർത്താനും സാധിക്കും. ഇത്തരം തീരുമാനങ്ങൾ എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതുവഴി പുതുവർഷം കൂടുതൽ മെച്ചപ്പെട്ടതാകും. ആരോഗ്യം സന്തോഷവും സംതൃപ്തിയും നേടിത്തരുമെന്ന കാര്യവും മറക്കരുത്.
മൂഡ് പരിശോധിക്കുക
വിദേശരാജ്യങ്ങളിലെ ചില പഠനങ്ങൾ പറയുന്നത് രണ്ടിൽ ഒരാൾക്ക് എന്ന കണ ക്കിൽ മൂഡ് വ്യതിയാനം അനുഭവപ്പെടുന്നുണ്ട് എന്നാണ്. ഓസ്ട്രേലിയയിലെ ഒരു കണക്ക് പ്രകാരം വർഷത്തിൽ ഒരു മില്യൻ ആളുകൾ വിഷാദത്തിന് അടിപ്പെടുന്നുണ്ട്. ചില ദിവസങ്ങളിൽ ഉന്മേഷക്കുറവ്, അനുദിന ജീവിതത്തിലെ കാര്യങ്ങൾ പോലും വേണ്ടവിധം നിറവേറ്റാനുള്ള താല്പര്യമില്ലായ്മ, അസന്തുഷ്ടി, ഉറക്കക്കുറവ്, ഭക്ഷണമില്ലായ്മ എന്നിവയൊക്കെ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ വിഷാദത്തിന് അടിപ്പെടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് ഓരോ ദിവസവും നിങ്ങൾക്ക് മാനസികമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക. ആഴ്ചകളോളം ഇത് നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ ഇക്കാര്യം തുറന്നുപറയുകയും വിദഗ്ദോപദേശം സ്വീകരിച്ച് മനസ്സിനെ നേർവഴിയിലേക്ക് കൊണ്ടുവരികയും ചെയ്യുക.
സ്‌ക്രീൻ ടൈം കുറയ്ക്കുക
കഴുത്തുവേദന, ഭാരം കൂടുക എന്നിവയെല്ലാം അനുഭവപ്പെടുന്നതിന് ഒരു കാരണം അമിതമായ സ്‌ക്രീൻ ടൈമായിരിക്കാം. ഫോണിലും ലാപ്പ്ടോപ്പിലും ചെലവഴിക്കുന്ന സമയത്തിന് നിയന്ത്രണം വരുത്തുക. മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കാൻ ഇതേറെ സഹായകമാണ്.
മദ്യപാനത്തോട് വിട പറയുക
കാൻസർ, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കെല്ലാം മദ്യ ഉപയോഗം കാരണമാകാറുണ്ട്. മദ്യ ഉപയോഗം കൂടും തോറും ആരോഗ്യപ്രശ്നങ്ങളും വർദ്ധിക്കും. അതുകൊണ്ട് മദ്യപാനശീലം പരമാവധി കുറയ്ക്കുക.
കാപ്പി, ചായ നിയന്ത്രിക്കുക
കാപ്പിക്കും ചായയ്ക്കും ആരോഗ്യപരമായ ചില ഗുണങ്ങൾ നല്കാൻ കഴിയുമെന്ന് ശാസ്ത്രം പറയുന്നുണ്ട്. എങ്കിലും അവയുടെ അമിതോപയോഗം മറ്റ് പലതും എന്നതുപോലെ ദോഷം ചെയ്യും. പ്രത്യേകിച്ച് പഞ്ചസാര ചേർത്തുള്ള കാപ്പി-ചായ തുടങ്ങിയവ.
ത്വക്കിനെ പരിചരിക്കുക
പ്രായം വർദ്ധിക്കുന്നത് ജീവിതത്തിന്റെ ഭാഗമാണ്. നിയന്ത്രിക്കാൻ ശ്രമിച്ചാലും അസാധ്യമായ ഒന്ന്.പക്ഷേ ശ്രമിച്ചാൽ ത്വക്കിന് പ്രായം കൂടുന്നത് നിയന്ത്രിക്കാൻ കഴിയും. ഓരോദിവസവും ശരീരം ശുചിയായി സൂക്ഷിക്കുകയും വെയിൽ, പൊടി എന്നിവയിൽ നിന്ന് അകന്നുനില്ക്കുകയും ചെയ്യുക. സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ഇക്കാര്യത്തിൽ ഏറെ ഗുണം ചെയ്യും പ്രായം കുറയ്ക്കാൻ മാത്രമല്ല സ്‌കിൻ കാൻസർ കുറയ്ക്കാനും സൺസ്‌ക്രീൻ ഉപയോഗത്തിന് കഴിവുണ്ട്.
വെള്ളം കുടിക്കുക
പലരും ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കാത്തവരാണ്. ശരീരത്തിന് ആവശ്യമായ തോതിൽ വെള്ളം ലഭിക്കുന്നുണ്ടോ എന്നറിയാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം മൂത്രത്തിന്റെ നിറം പരിശോധിക്കുക എന്നതാണ്. മഞ്ഞനിറത്തിലാണ് മൂത്രം പോകുന്നതെങ്കിൽ ശരീരത്തിന് ജലം ആവശ്യമുണ്ട് എന്നാണ് അർത്ഥം. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിന് മൃദുത്വവും തിളക്കവും സമ്മാനിക്കും.
കൂടുതൽ നടക്കുക
യാത്രകൾ പലരും വാഹനങ്ങളിലാക്കിയതോടെ നടത്തം കുറഞ്ഞു. ഇത് വൻതോതിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അനുദിന ജീവിതത്തിലെ പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ് നടത്തം. എക്സർസൈസ് ജീവിതത്തിന്റെ ഭാഗമാക്കുക.
മാംസം കുറയ്ക്കുക, പച്ചക്കറി കൂട്ടുക
റെഡ് മീറ്റ് ഉപയോഗം പരമാവധി കുറയ്ക്കുകയും പച്ചക്കറി കൂടുതൽ ഉൾപ്പെടുത്തുകയും ചെയ്യുക. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ രോഗങ്ങൾ ക്ഷണിച്ചുവരുത്തുകയും ആയുസു കുറയ്ക്കുകയും ചെയ്യും.
നന്നായി ഉറങ്ങുക
എട്ടു മണിക്കൂറെങ്കിലും ദിവസം ഉറങ്ങിയിരിക്കണം. ഉറക്കം നഷ്ടമാകുന്നത് ശരീരത്തെയും മനസ്സിനെയും ഒന്നുപോലെ ബാധിക്കും. ഉറക്കം വഴി തലച്ചോർ റീസ്റ്റോർ ചെയ്യപ്പെടുകയും പുനരുജ്ജീവിക്കപ്പെടുകയും ചെയ്യും. ഇക്കാരണത്താൽ നല്ലതുപോലെ ഉറങ്ങണം.