ഈ അടുത്ത ദിവസമാണ്. അമൃത്സറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വാഗാ അതിർത്തിയിലേക്ക് ഒരു പൊട്ടിപ്പൊളിഞ്ഞ ഓട്ടോയിലായിരുന്നു യാത്ര. അവിടെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈന്യങ്ങൾ എല്ലാ വൈകുന്നേരങ്ങളിലും നടത്തുന്ന ചടങ്ങുകൾ കാണാനാണ് പോകുന്നത്. ഡ്രൈവർ അരിന്ദർജിത് അതിവേഗം പായിക്കുകയാണ് ആ പഴയ വാഹനം . അഞ്ചു മണിക്കു മുമ്പ് അതിർത്തിയിലെത്തണം. പാക്കിസ്ഥാൻ റേഞ്ചേഴ്‌സും നമ്മുടെ ബി എസ് എഫും ചേർന്ന് വിടവാങ്ങൽ ചടങ്ങ് നടത്തുകയും പതാക താഴ്ത്തുകയും ചെയ്യുന്നു. ഇരുവശത്തെയും ഗാലറികളിലിരുന്ന് അതതു രാജ്യത്തുള്ളവർക്ക് പരിപാടികൾ കാണാം. ഓട്ടോയുടെ പടുതയൊക്കെ അരിന്ദറിന്റെ കമ്പിളിയുടുപ്പുപോലെ കീറിപ്പോയിരിക്കുന്നു. അതുകൊണ്ട് തണുപ്പിന് ഇരട്ടി മൂർച്ചയാണ്. എന്തായാലും സമയത്തു തന്നെ വാഗയിലെത്തി. അതിർത്തി ഗേറ്റിലേക്ക് ഒരു കിലോമീറ്റർ നടന്നു വേണം പോകാൻ.
ഓട്ടോ നിർത്താൻ വേഗത കുറച്ചപ്പോൾ തന്നെ രണ്ടു പേർ ചാടിക്കയറി. ഡ്രൈവർ ഇറങ്ങി മാറിനിന്നു. ഓട്ടോയിൽ കയറിയവരിൽ ഒരാൾ കയ്യിലുണ്ടായിരുന്ന ഡപ്പികൾ തുറന്ന് കയ്യിലും മുഖത്തും മൂന്നു വരകൾ വരച്ചു. ദേശീയ പതാകയാണ്. എനിക്കും സന്തോഷം തോന്നി. ഉടനെ തുകയും പറഞ്ഞു. 100 രൂപ. എനിക്കിതുവേണ്ടെന്നാണ് പെട്ടെന്നു പറയാൻ തോന്നിയത്.
പെട്ടെന്നയാൾ ചോദിച്ചു നീ പാക്കിസ്ഥാനിയാണോ?
വാക്കുകൾ തൊണ്ടയിൽ കുടുങ്ങിപ്പോയി. ത്രിവർണ പതാക വരച്ചവൻ അല്പം അടുത്തു നിന്നിട്ടു കാതിൽ പറഞ്ഞു. ദേശീയ പതാക വരയ്ക്കാൻ സമ്മതിച്ചില്ലെങ്കിൽ നീ പാക്കിസ്ഥാനിയാണ്. ആണോ ? പറയ്…. അവൻ എന്റെ മുഖത്തേക്കു നോക്കി നിൽക്കുകയാണ്. ഓട്ടോ ഡ്രൈവർ ഒന്നും മിണ്ടാതെ നിന്നു. ഇതെന്റെ രാജ്യം തന്നെ. പക്ഷേ, അയാൾ പറയുന്നതു കേട്ടില്ലെങ്കിൽ ഇവിടത്തുകാരനല്ലാതാകും. 100 രൂപ എടുത്തു കൊടുത്തു. കൂടെയുണ്ടായിരുന്നയാൾ ദേശീയ പതാക വരച്ച തൊപ്പി തലയിൽ വച്ചു. 80 രൂപ. പാക്കിസ്ഥാനിയാകാതിരിക്കാൻ ഞാൻ അതും കൊടുത്ത് അതിർത്തിയിലേക്കു നടന്നു. പിന്നിലേക്കു നോക്കി. അവർ ഒറ്റയ്ക്കു വരുന്നവരെ നോക്കി നിൽക്കുകയാണ്. ആളുകളെ ഭയപ്പെടുത്താനും എന്തു കാര്യം സാധിക്കാനുമുള്ള ആയുധമായി ദേശഭക്തിയെ ചിലർ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇവർക്കൊക്കെ ഇതിനുള്ള ധൈര്യം എവിടെനിന്നു കിട്ടി എന്നു ചോദിച്ച് വായനക്കാരുടെ സമയം പാഴാക്കുന്നില്ല.
വാഗാ അതിർത്തി കൊടി തോരണങ്ങളാൽ അലംകൃതമാണ്. ആരിലും ദേശ ഭക്തിയുണർത്തുന്ന പാട്ടുകൾ, ബിഎസ് എഫിന്റെ പരേഡുകൾ. തൊട്ടപ്പുറത്ത് ഗേറ്റിനപ്പുറത്ത് പാക്കിസ്ഥാനിൽ കോലാഹലങ്ങളോടെ ഇതേ ആർപ്പുവിളികൾ . എന്നോടു ചോദിച്ചതുപോലെ അവിടെയും ചോദിച്ചിട്ടുണ്ടാകാം, ചെറിയൊരു വ്യത്യാസത്തോടെ. ഇന്ത്യക്കാരനാണോയെന്ന്.
കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങൾക്കൊടുവിൽ ഇരുരാജ്യങ്ങളും പതാക താഴ്ത്തി. ഗേറ്റ് അടച്ചു . ആളുകൾ പിരിയുകയാണ്. തണുപ്പിനു കട്ടി കൂടി . ഇരുട്ടിനും. ആറു മണിയായതേയുള്ളു. കമ്പിളിക്ക് കുറച്ചുകൂടി കട്ടിയുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി. മടക്കയാത്രയിൽ വഴിയിലേക്കു നോക്കിയപ്പോൾ വെളിച്ചം തീരെയില്ല. ഓട്ടോയ്ക്ക് ഹെഡ്‌ലൈറ്റ് ഇല്ല.ഹൈവേയിലൂടെ ഇങ്ങനെ 30 കിലോമീറ്റർ പോകണം. ഓട്ടോയ്ക്ക് ഹെഡ് ലൈറ്റും പടുതയും തനിക്കൊരു കമ്പിളിയുടുപ്പും വാങ്ങാൻ അരിന്ദറിന് ആഗ്രഹമില്ലാഞ്ഞിട്ടാവില്ല. അയാളെപ്പോലെയുള്ള ദേശസ്‌നേഹികളായ മനുഷ്യർക്ക് അതൊന്നും അത്ര എളുപ്പമല്ല. ഞാൻ കൊടുത്ത 600 രൂപയിൽ നിന്ന് പെട്രോൾ വിലയും പോയിട്ട് എന്തു കിട്ടാനാണ്. അമൃത്സസറിലെ ഏതെങ്കിലും ഗലിയിലുള്ള വീട്ടിൽ റൊട്ടിക്കുള്ള ആട്ടയും സബ്ജിയുമെങ്കിലും കൊണ്ടുവരുന്ന അരിന്ദറിനെ കാത്തിരിക്കുന്ന കുറച്ചു പേരുണ്ടെന്ന് ഉറപ്പാണ്. അതാണ് ഈ ഓട്ടോയും ഡ്രൈവറും ഇങ്ങനെയായിപ്പോയത്.
അമൃത്സസറിൽ നിന്ന് ഡൽഹിയിലേക്കുള്ള തീവണ്ടിയിലിരിക്കുമ്പോഴും കാണാം. മലിനജല ഓടകൾക്കടുത്ത് പട്ടിണി പാവങ്ങളുടെ കോളനികൾ. ചെളിയിൽ കളിക്കുന്ന മെലിഞ്ഞ കൊച്ചു സുന്ദരികളും സുന്ദരന്മാരും.
യഥാർഥ ദേശസ്‌നേഹികളെ വേദനിപ്പിക്കുന്നതാണ് ആ കാഴ്ചകൾ. 2022 ലെങ്കിലും കണ്ണുള്ളവർ കാണട്ടെ.
ജോസ് ആൻഡ്രുസ്