ഹെർമൻ ഹെസ്സെ എന്ന ജർമൻ തത്ത്വചിന്തകന്റെ ‘സിദ്ധാർത്ഥ’ എന്ന ഒരു നോവലുണ്ട്. അതിലെ ഏറ്റവും പ്രധാന ആശയങ്ങളിൽ ഒന്നായി നോവലിസ്റ്റ് അവതരിപ്പിക്കുന്നത് ഒരു ബുദ്ധമത തത്വചിന്തയാണ്. അത് ഇപ്രകാരമാണ്. “If You See a Budha on the roadside, Kill him f irst.’ കേൾക്കുമ്പോൾ ഒരല്പം വിചിത്രമായി തോന്നിയേക്കാം. എന്നാൽ അതിനു കാരണമായി അവർ ഉയർത്തുന്ന വാദഗതി ഇതാണ്: “Because the real Budha resides with in You.’
പുറമേ നിന്നുള്ള ഒരു വ്യക്തിയെയും നമ്മൾ അതിരുവിട്ടു മാതൃകയാക്കുകയോ ഒരു പരിധിയിലധികം അനുകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. കാരണം യഥാർത്ഥത്തിലുള്ള ‘ബുദ്ധൻ’ ഒരുവന്റെ ഉള്ളിലാണ് എന്നതാണ് നോവലിസ്റ്റ് പറയാൻ ശ്രമിക്കുന്നത്. ഒരുവന്റെ ഉള്ളിലുള്ള ഇത്തിരി വെളിച്ചത്തെ തിരിച്ചറിഞ്ഞു അതിനെ പിന്തുടരാൻ ശ്രമിക്കുക എന്നതാണ് പുറത്തുള്ള തീപ്പന്തങ്ങളെ അന്ധമായി പിന്തുടരുന്നതിനേക്കാൾ നല്ലത് എന്ന് ചുരുക്കം.
അനുകരണം ഒരു കഴിവായും കലയായും മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. കലാ കായിക രാഷ്ട്രീയ സിനിമാ മേഖലയിലുള്ള വരെ അവരുടെ വേഷത്തിലും പെരുമാറ്റത്തിലും അനുകരിക്കുവാൻ ആയിട്ടുള്ള ഒരു ഭ്രമം ഏതൊരു സാധാരണക്കാരനും ഉണ്ട്. മോഹൻലാലിനെപ്പോലെ മീശ പിരിച്ചും നിവിൻപോളിയെ പോലെ താടിവച്ചും ലയണൽ മെസ്സിയെ പോലെ പച്ചകുത്തിയും മഞ്ജുവാര്യരെ പോലെ മുടി കെട്ടിയുമെല്ലാം നമ്മുടെ നമ്മുടെ ചെറുപ്പക്കാരന്മാരും ചെറുപ്പക്കാരികളും തങ്ങളാലാവുന്ന വിധം അവരെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം ഒരു കാലഘട്ടത്തിൽ മറ്റൊരാളെ അനുകരിക്കാതെ ഒരുവന് അവനായി തന്നെ തുടരാനായി സാധിക്കുക എന്നുള്ളത് ഏതൊരാളുടെയും മുന്നിലുള്ള ഒരു വെല്ലുവിളിയാണ്. അറിഞ്ഞോ അറിയാതെയോ മറ്റൊരാളെ അനുകരിക്കേണ്ടി വരുന്നു എന്നുള്ള പ്രലോഭനത്തെ അതിജീവിക്കുക എന്നുള്ളത് ഈ കാലത്തിലെ ഒരു സുകൃതമാണ്.
ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത ഒരു ചലച്ചിത്രമാണ് ‘അയാൾ ഞാനല്ല’. അതിലെ കഥ ഇപ്രകാരമാണ്: ഉത്തരേന്ത്യയിൽ ജോലി ചെയ്യുന്ന പ്രകാശൻ എന്ന ചെറുപ്പക്കാരൻ തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി കേരളത്തിലേക്ക് വരുന്നു. യാത്രയിൽ അദ്ദേഹത്തിന് ബാംഗ്ലൂർ നഗരത്തിൽ ഇറങ്ങേണ്ടതായി വരുന്നു. അവിടെ വച്ചു ആ ചെറുപ്പക്കാരനെ മലയാളത്തിലെ ഒരു പ്രമുഖ സിനിമ നടനായി മറ്റുള്ളവർ തെറ്റിദ്ധരിക്കുന്നു. അവർ അദ്ദേഹത്തിന്റെ അടുത്ത് വന്നു ഫോട്ടോ എടുക്കുന്നു, ഓട്ടോഗ്രാഫ് ഒപ്പിട്ടു വാങ്ങുന്നു. ഇതെല്ലാം ആദ്യം അയാളിൽ ഒരു അമ്പരപ്പ് ഉണ്ടാക്കുന്നു. എന്നാൽ പിന്നീട് അയാൾ അത് ആസ്വദിക്കാൻ തുടങ്ങുന്നു. സാവകാശം തൽക്കാലത്തേക്ക് ആണെങ്കിലും ഒരു സെലിബ്രിറ്റിയായി അയാൾ തന്റെ ജീവിതമാരംഭിക്കുന്നു. ആ ജീവിതം അയാൾ ആസ്വദിച്ചു തുടങ്ങുന്നു. വളരെ സാമ്പത്തിക ബാധ്യതയുള്ള പ്രകാശൻ തന്റെ ബാധ്യതകൾ നികത്തുവാൻ ഉള്ള ഒരു മാർഗമായി തന്റെ പുതിയ ഐഡന്റിറ്റിയെ പ്രയോജനപ്പെടുത്തുന്നു. പക്ഷേ വളരെ പെട്ടെന്ന് തന്നെ അയാൾക്ക് ആ ജീവിതം മടുത്തു തുടങ്ങുന്നു. സ്വന്തം വ്യക്തിത്വത്തിലേക്കു തിരിച്ചു പോകാൻ അയാൾ അതിയായി ആഗ്രഹിക്കുന്നു. ഒടുവിൽ ‘നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ അത് ഞാനല്ല’ എന്നു പറഞ്ഞു കൊണ്ട് സ്വന്തം വ്യക്തിത്വം പ്രകാശൻ വീണ്ടെടുക്കുന്നതിലൂടെയാണ് ചിത്രം അവസാനിക്കുന്നത്.
ഒരാൾക്ക്, താൻ മറ്റൊരാളല്ല എന്നു തിരിച്ചറിഞ്ഞു പെരുമാറുവാൻ തുടങ്ങുമ്പോൾ ആണ് ജീവിതം കുറെ കൂടി അർഥപൂർണമാകുന്നത് . സ്വയം അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുന്ന വ്യക്തിത്വങ്ങൾക്കുമാത്രമേ മറ്റുള്ളവരെയും അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയൂ. ആത്മീയ മേഖലകളിൽ പോലും അമിതമായ അനുകരണം ആവശ്യപ്പെടുന്ന ഈ കാലത്തിൽ ഒരാൾക്ക് അവനവനായി ജീവിക്കാൻ സാധിക്കുക എന്നത് ഗൗരവമേറിയ ഒരു നന്മയാണ്. നമ്മുടെ ജീവിതങ്ങൾ മറ്റാരുടെയോ ഫോട്ടോകോപ്പി ആയി മാറേണ്ടതല്ല. മറിച്ച് നമ്മളോരോരുത്തരും നമ്മളിൽ തന്നെ അതുല്യരാണ് എന്ന് തിരിച്ചറിയുക. ഈ തിരിച്ചറിവാണ് ജീവിത വിജയത്തിന്റെ ആദ്യ പടി.